STORYMIRROR

Firos Kunjikannan

Drama Others

3  

Firos Kunjikannan

Drama Others

മാർജാര പുരാണം

മാർജാര പുരാണം

2 mins
158

 

ഒരുമാസം മുൻപ് ഞാൻ റേഷൻ കാർഡിൽ ചില മാറ്റങ്ങൾ വരുത്താനായി നാട്ടിലെത്തി. ഞാൻ ഏട്ടന്റെ വീട്ടിലായിരുന്നു താമസം. ഞാൻ അവിടെ എത്തുന്നതിന്റെ ആഴ്ചകൾക്ക് മുൻപ് തന്നെഎവിടുന്നോ വന്ന ഒരഥിതി അവിടെ എത്തിയിരുന്നു. അത് മറ്റാരുമല്ല നമ്മുടെ കഥാനായകൻ താന്തോന്നിയായ മാർജാരൻ. 


എന്നെ കണ്ട ഉടനെ ആ മാർജാരനെ എവിടെയെങ്കിലും ചാക്കിൽ കെട്ടി കൊണ്ട് വിടാൻ ഏട്ടൻ പറഞ്ഞു. സത്യം പറയാലോ പണ്ട് മുതലേ ഈ ഒരു ജീവിയെ എനിക്കിഷ്ടമല്ലായിരുന്നു. മറ്റൊന്നും കൊണ്ടല്ല പാത്രത്തിന്റെ അടപ്പ് തട്ടി മാറ്റി അതിലുള്ളത് അടിച്ചു മാറ്റുന്ന രീതിയും,  ഭക്ഷണ പാത്രത്തിൽ മുഖം കുത്തുന്നതും, അവിടേക്ക് വരുന്ന മാർജാരൻമാരുമായിആദ്യം ശബ്ദംകൊണ്ടും പിന്നീട് ശരീരം കൊണ്ടും വഴക്കിട്ട് കവല ചട്ടമ്പിമാരെപ്പോലെ കടിപിടികൂടുന്നതും എനിക്കിഷ്ടമല്ലായിരുന്നു. അത് കൊണ്ട് തന്നെ അതിനെ എങ്ങിനെയെങ്കിലും ഇവിടുന്ന് തുരത്തി ഓടിക്കാൻ തീരുമാനിച്ചു. പുറത്ത് ജീവിക്കാൻ തീരെ ഇഷ്ടമല്ലാത്ത പലവട്ടം നുഴഞ്ഞു കേറ്റാക്കരേപോലെ ഗ്രിൽസിനുള്ളിലൂടെ അകത്തേക്ക് കേറാൻ ശ്രമിച്ചെങ്കിലും ഞാൻ തടഞ്ഞു.


മാർജാര സംഗീതം കേൾക്കുമ്പോൾ ഞാൻ വടിയും കുന്തവും എടുത്തിറങ്ങുമ്പോൾ തന്നെ അത് റോക്കറ്റിനെക്കാൾ വേഗത്തിൽ വിറക് പുരയുടെ മുകളിൽ കേറിഇരുന്നുകൊണ്ട് എന്നെ നോക്കി കളിയാക്കി കൊണ്ട് മാർജാര സംഗീതം മുഴക്കും. ഇത് കേൾക്കുമ്പോൾ ഞാൻ മുകളിലേക്ക് കൈയിലുള്ള വടി ആഞ്ഞു വീശും. അത്കണ്ട് ഭയന്ന് എവിടെയെങ്കിലും ഒളിച്ചിരിക്കും. ആ മാർജാരനെ അവിടുന്ന് തുരത്തി ഓടിക്കാൻ പലതും പയറ്റി നോക്കി ദയനീയമായി ഞാൻ പരാജയപ്പെട്ടു.


 അപ്പോഴാണ് ഞാൻ തുരത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാർജാരനെക്കാൾ മുൻപ് ഇവിടെയും പരിസരവും അടക്കി വാണിരുന്ന കറുത്ത മാർജാരന്റെ രംഗപ്രവേശനം. തന്റെ അധികാരപരിധി കൈയ്യേറിയ വെള്ളക്കാരനായ മാർജാരനെ തുരത്താൻ ആ കറുത്ത മാർജാരൻ പല്ലും നഖവും ഉപയോഗിച്ചു. വെളുത്ത മാർജാരനെ അവിടുന്ന് തുരത്തി ഓടിക്കാൻ ഞാൻ ആ കറുമ്പനെ സഹായിച്ചു. ഒടുവിൽ ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന് പറഞ്ഞത് പോലെ മാർജാരൻ ജയിച്ചു ഞാൻ തോറ്റു. റേഷൻ കാർഡിൽ മാറ്റങ്ങൾ വരുത്തി ഞാൻ തിരികെപോയി. പലപ്പോഴും ഞാൻ ആ മാർജാരനെ കുറിച്ച് ഓർക്കാറുണ്ട്. എത്ര ആട്ടിയോടിച്ചിട്ടും എവിടുന്നോ വന്ന ആ മാർജാരൻ അവിടം വിട്ട് പോകാതിരിക്കാൻ ആ വീടുമായി എന്തോ പൂർവ്വജന്മബന്ധം ഉണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.


ഒരാഴ്ച്ചയോളം വീട് പൂട്ടി ഏട്ടനും എച്ചിയും മകന്റെ അടുത്തേക്ക് പോയി. ഒരാഴ്ചയ്ക്ക് ശേഷം അവർ തിരിച്ചു വന്നു.

പിന്നാലെ ഞാനും. ഞാൻ എല്ലായിടത്തും ആ മാർജാരനെ തേടി നടന്നു. മാർജാരനെ മാത്രം കണ്ടില്ല. അതിനെ ഒരുപാട് ഉപദ്രവിച്ചെങ്കിലും കാണാതായപ്പോൾ എന്തോ ഒരു വിഷമം. ചിലർ അങ്ങിനെയാ ഒന്നും പറയാതെ ജീവിതത്തിലേക്ക് കേറി വരും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകും.



Rate this content
Log in

Similar malayalam story from Drama