ഫൈസൽ മെഹ്ഫിൽ

Drama Romance Tragedy

3  

ഫൈസൽ മെഹ്ഫിൽ

Drama Romance Tragedy

ഹേമന്തം

ഹേമന്തം

5 mins
411


ഭാഗം - 01


പോസ്റ്റിൽ വന്ന ഡിവോഴ്‌സ് നോട്ടീസ് പ്രണവിന്റെ കയ്യിൽ കിടന്നു വിറച്ചു. വെറും ഒരു വർഷമായിട്ടുളൂ എന്റെയും ശ്രീപ്രിയയുമായി വിവാഹം കഴിഞ്ഞിട്ട്. എന്റെ അമ്മാവന്റെ മകളാണ് ശ്രീ. അതായത് മുറപ്പെണ്ണ്.


അമ്മയും അമ്മാവനും ഇരട്ടകളായിരുന്നു. അതുകൊണ്ട് തന്നെ അവർ തമ്മിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സഹോദരീ സഹോദരബന്ധമായിരുന്നു നില നിന്നിരുന്നത്. ‌ഒരു പക്ഷെ ഒൻപത് മാസക്കാലം ഒരേ വയറിൽ ഒരേ സമയം അവരുടെ ജീവൻ തുടിച്ചിരുന്നത് കൊണ്ടാണോ എന്തോ അവർ എന്നും എല്ലാവർക്കും ഒരു വിസ്മയമായിരുന്നു.


പെണ്കുട്ടിയായതു കൊണ്ട് എന്റെ അമ്മയുടെ വിവാഹം ആദ്യം കഴിഞ്ഞു. അച്ഛൻ പേരുകേട്ട പാചകവിദഗ്തൻ ആയിരുന്നു. അമ്മ ടീച്ചറും. ഞാൻ പിറന്നു നാല് വർഷങ്ങൾ കഴിഞ്ഞാണ് അമ്മാവൻ വിവാഹം കഴിച്ചത്.


അമ്മയുടെ കൂട്ടുകാരിയെ ആയിരുന്നു അമ്മാവൻ വിവാഹം കഴിച്ചിരുന്നത്. ഒരു വർഷം കഴിയുന്നതിന് മുന്നേ തന്നെ അവർക്ക് ഒരു പെൺ കുഞ്ഞു പിറന്നു. ശ്രീപ്രിയ. അപ്പോൾ തന്നെ അമ്മയും അമ്മാവനും അവളെ എനിക്ക് സ്വന്തമെന്ന് നിശ്ചയിച്ചു.


പിച്ച വെച്ചു നടക്കുന്നതു മുതൽ അവൾ എന്റെ പിന്നാലെയുണ്ടായിരുന്നു. അവൾക്ക് നിഴലായി ഞാനും. ഹേമന്തങ്ങളും ഗ്രീഷ്മങ്ങളും വന്നും പോയുമിരുന്നു. 


കാലം ഞങ്ങളിൽ പല മാറ്റങ്ങളുമുണ്ടാക്കി. കൗമാരത്തിലെ ചാപല്യങ്ങൾ ഞങ്ങളിലുമുണ്ടായിരുന്നു. ഞങ്ങളുടെ പ്രണയങ്ങൾക്ക് പാടവരമ്പുകളും തോടുകളും മാവിൻ ചുവടുകളും അമ്പലത്തിനു മുന്നിലുള്ള ആൽത്തറയുമൊക്കെ നിശബ്ദ സാക്ഷികളായിരുന്നു.


അവൾ പട്ടു പാവാടയിൽ നിന്നും ധാവണിയിലേക്ക് മാറി ഒരു പൂർണ്ണ സ്ത്രീയായി. നുണക്കുഴി കാണിച്ചു ചിരിച്ചിരുന്നവൾ പിന്നീട് എന്നെ കാണുമ്പോൾ അവളുടെ കടകണ്ണുകൾ താഴ്ത്തി നാണത്തോടെ താഴെ നോക്കി മന്ദം മന്ദം നടന്നകലുകായിരുന്നു.


ആദ്യമൊക്കെ അത് വിഷമമായെങ്കിലും പിന്നീട് അമ്മ പറഞ്ഞു അവൾ ഒരു പൂർണ്ണ സ്ത്രീ ആയെന്നും, ആൺകുട്ടികളുമയി അടുത്ത് ഇടപഴുകാൻ ഒരു പെണ്ണിന് പഴെ പോലെ സാധിക്കില്ല എന്നും..


ദിവസങ്ങൾ വിണ്ടും മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. ഉൽസവങ്ങളും പെരുന്നാളുമാകാൻ ഞാനും അവളും കാത്തിരുന്നു.


അവളുടെ നീണ്ട കാർകൂന്തലിൽ മുല്ലപ്പൂ ചൂടി, കടുംപച്ച ദാവണിയിൽ ദേവതയെപോലെ നിൽക്കുന്ന അവളെ കാണാൻ ഞാനും അവൾക്കായി ഞാൻ മേടിച്ച പച്ചയും ചുവപ്പും കുപ്പി വളകൾ എന്റെ കൈകൊണ്ട് അവളുടെ കൈകളിലേക്ക് ഇട്ടു കൊടുക്കാൻ അവളും കാത്തിരുന്നു...


എവിടുന്നും എതിർപ്പുകൾ ഇല്ലാത്തതിനാൽ ഞങ്ങളുടെ പ്രണയം അതിമനോഹരമായിരുന്നു. ഒരുപക്ഷേ ഞങ്ങളുടെ അനുരാഗത്തിൽ ആരെങ്കിലും കണ്ണുവെച്ചിട്ടുണ്ടായിരിക്കാം... അതായിരുക്കും ഒരേ മനസ്സായി പ്രണയിച്ച ഞങ്ങൾക്ക് കാലം ഇങ്ങനെയൊരു വിധി കാത്തുവെച്ചിരുന്നത്...


××××××××××××××××××××××××××××××××


പ്രണവ് കൃഷ്ണൻ എന്ന എന്റെയും ശ്രീപ്രിയ എന്ന ശ്രീയുടെയും ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയേണ്ടേ...?


ഞാൻ പറഞ്ഞല്ലോ എന്റെ അച്ഛൻ കൃഷ്ണൻ പേരുകേട്ട പാചക വിദഗ്ദ്ധനായിരുന്നെന്ന്. എന്റെ ഒഴിവ് സമയങ്ങളിൽ ഞാൻ അച്ഛന്റെ കൂടെ പാചകങ്ങൾക്ക് പോകുമായിരുന്നു. അച്ഛന്റെ കീഴിൽ കുറെ ജോലിക്കാർ ഉണ്ടായിരുന്നു. പാചകത്തിന് വേണ്ട കൂട്ടുകൾ പറഞ്ഞു കൊടുക്കുകയും നേതൃത്വം നൽകുകയും രുചി നോക്കുകയുമല്ലാതെ അച്ഛന് കാര്യമായ പണികൾ ഒന്നുമുണ്ടാകാറില്ല.


ആദ്യമൊക്കെ എനിക്ക് പാചകപ്പുര ഒരത്ഭുതമായിരുന്നു. പിന്നീട് ഓരോ കാര്യങ്ങളും കണ്ടുപഠിച്ചു, സഹായിച്ചു. എനിക്കും പാചകത്തിൽ അത്യാവശ്യം പാചക നൈപുണ്യമൊക്കെ വരാൻ തുടങ്ങി. അമ്മയെ വീട്ടിൽ സഹായിച്ചു അറിയുന്നതെല്ലാം പാചകം ചെയ്യും. 


അച്ഛനും അമ്മയ്ക്കും എന്നെ പഠിപ്പിക്കാനായിരുന്നു താത്പര്യം. അച്ഛന് ഞാൻ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായി വരേണ്ട എന്നായിരുന്നു.

ഞാൻ പഠിക്കുമ്പോഴും പാചകം എന്റെയുള്ളിൽ പുതിയ തലങ്ങൾ തേടി. 


എന്റെ ഡിഗ്രി രണ്ടാം വർഷ സമയത്താണ് അച്ഛൻ നെഞ്ച് വേദനമൂലം മരണപെടുന്നത്. അച്ഛന്റെ വിയോഗം എനിക്കും അമ്മക്കും അമ്മാവനുമെല്ലാം വലിയൊരു ആഘാതമായിരുന്നു സൃഷ്ടിച്ചത്.


ആ ദുഃഖത്തിൽ എന്റെ കോളേജ് പഠനമൊക്കെ മുടങ്ങി. അതിൽ നിന്ന് കരകയറി വന്നപ്പോഴേക്കും രണ്ടാം വർഷ പരീക്ഷയൊക്കെ കഴിഞ്ഞിരുന്നു. പിന്നെ പഠനത്തോട് എന്തോ ഒരു വിമുഖതയായിരുന്നു. കാലം നീങ്ങിക്കൊണ്ടേയിരുന്നു...


ശ്രീ അപ്പോൾ പ്ലസ് ടുവിലേക്ക് കടന്നു. അമ്മാവനും പ്രായമായി വരുന്നതിന്റെ പ്രയാസങ്ങൾ നന്നായി ബുദ്ധിമുട്ടിച്ചിരുന്നു.


എങ്ങിനെയെങ്കിലും നല്ലൊരു ജോലി കരസ്ഥമാക്കണം. ഡിഗ്രീ പൂർത്തീകരിക്കാത്തത് കൊണ്ട് നല്ലൊരു ജോലി കിട്ടുക എന്നത് പ്രയാസകരവുമാണ്.


പിന്നെയെന്ത് എന്ന് ആലോചിചിരിക്കുന്ന സമയത്താണ് പ്ലസ് ടുവിന് പഠിക്കുമ്പോൾ കൂടെയുണ്ടായിരുന്ന ഷാഹിദ് വിളിക്കുന്നത്. അവൻ മൂന്നാറിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യുകയാണ്. അവന്റെ ബാപ്പ ഗൾഫിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ്. കോഴ്‌സ് കഴിഞ്ഞാൽ ഇവനെയും അങ്ങോട്ട് കൊണ്ടുപോകും. പാചകം എനിക്ക് താല്പര്യമുള്ള മേഖല ആയതുകൊണ്ട് ആ കോഴ്‌സിന് ചേർന്നാലോ എന്നാലോചിച്ചു.


സാധ്യതകൾ വലുതായത് കൊണ്ടും വലിയ ഹോട്ടലുകളിൽ ജോലിചെയ്യാൻ പറ്റുമെന്ന വിശ്വാസമുള്ളത് കൊണ്ടും അമ്മയെയും അമ്മാവനെയും ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെ ഷാഹിദിന്റെ കൂടെ മൂന്നാറിലേക്ക് പോയി. അവൻ പഠിക്കുന്ന ഹോട്ടൽ മാനേജ്‌മെന്റ് കോളേജിൽ രണ്ടു വർഷ ഡിപ്ലോമ ഗ്രാഡുയേറ്റ് കോഴ്‌സിന് ചേർന്നു.


ഒരു പാചകകാരന്റെ രക്തമായത് കൊണ്ടാകാം നല്ല താൽപ്പര്യത്തോടെ പഠിച്ചു. എല്ലാ കോൻഡിനെന്റൽ ഫുഡ് പ്രൊഡക്ഷനും സാകൂതം മനസ്സിലാക്കി.


രണ്ടു വർഷങ്ങൾ പെട്ടെന്ന് കടന്നുപോയി. ഇതിനിടയിൽ ശ്രീ നല്ല മാർക്കോടെ പ്ലസ് ടൂ പാസ്സായി. അവളുടെ താല്പര്യപ്രകാരം ബി.ടെക് കംപ്യുട്ടർ സയൻസിന് എറണാകുളം കോളേജിൽ ചേർത്തു.


എന്റെ ആദ്യ പോസ്റ്റ് ബാംഗ്ലൂരിൽ ഒരു 3 സ്റ്റാർ ഹോട്ടലിലായിരുന്നു. അമ്മയെ അമ്മാവനെ ഏൽപ്പിച്ചു ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി. ഇതിനിടയിലും ഞാനും ശ്രീയും പ്രണയിച്ചു കൊണ്ടേയിരുന്നു.


വർഷങ്ങൾ ഇലപൊഴിയുംപോലെ പൊഴിഞ്ഞു കൊണ്ടിരുന്നു. ബാംഗ്ളൂരിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ഞാൻ ജോലിചെയ്തു.


ഈയിടക്കാണ് അമ്മയ്ക്ക് ആസ്തമയുടെ അസുഖം കൂടുന്നതും കിടപ്പിലായതും. അധികം വൈകാതെ എന്നെ ഈ ലോകത്ത് തനിച്ചാക്കി അമ്മ അച്ഛനെത്തേടിപ്പോയി.


ഞാൻ തകർന്നതിനെക്കാളും കൂടുതൽ തകർന്നത് അമ്മാവനായിരുന്നു. ഒപ്പം ജനിച്ചു വളർന്നവർ, സഹോദര ബന്ധത്തിനെക്കാൾ അവർ കൂട്ടുകാരായിരുന്നു എന്ന് പറയാം.


ശ്രീയുടെ എഞ്ചിനീയറിംഗ് പഠനം പൂർത്തിയായി, കൊച്ചിയിൽ തന്നെ ടെക്നോപാർക്കിലെ മൾട്ടി നാഷണൽ കമ്പനിയിൽ പ്രോഗ്രാമറായി അവൾക്ക് ക്യാംപസ് സെലക്ഷൻ കിട്ടി.


അമ്മയുടെ പെട്ടെന്നുള്ള മരണം മൂലം ഞാൻ അന്തർമുഖനായിരിക്കാൻ താല്പര്യപെട്ടു. ശ്രീയെപ്പോലും വിളിക്കുന്നതും കാണുന്നതും കുറഞ്ഞു വന്നു.


അമ്മപോയി മാസങ്ങൾ പിന്നിടുമ്പോഴേക്കും ഞാൻ പഴയ നിലയിലേക്ക് വന്നു കഴിഞ്ഞിരുന്നു. കൂടെ വന്നവൾ തനിച്ചുപോയത് അമ്മാവനെ ആകെ തളർത്തിയിരുന്നു.


പലപ്പോഴും അമ്മയുടെ ഫോട്ടോ കെട്ടിപ്പിടിച്ചുകരയുന്നത് വല്ലാത്ത നോവ് പടർത്തി. അമ്മാവന്റെ അവസ്ഥ കണക്കിലെടുത്തു ഞാൻ ബാംഗ്ലൂർ ജോലി വിട്ട് നാട്ടിൽ തന്നെ ജോലിനോക്കാൻ തീരുമാനിച്ചു.


വീട്ടിൽനിന്നും കൊച്ചിയിലേക്ക് കഷ്ടിച്ചു ഒരു മണിക്കൂർ ദൂരമുള്ളത് കൊണ്ട് അവിടെയുള്ള ഹോട്ടലുകളിൽ ജോലിക്ക് ട്രൈ ചെയ്തു. ഒരു പോസ്റ്റിന് കണക്കിലധികം അപേക്ഷകരുള്ളത് കൊണ്ട് ഹോട്ടൽ മാനേജ്‌മെന്റ് സാലറിയുടെ കാര്യത്തിൽ വളരെ കടുംപിടുത്തമായിരുന്നു, പല ഇന്റർവ്യൂകളും അറ്റൻഡ് ചെയ്യുമ്പോൾ. എന്റെ മുൻപരിചയം കണക്കിലെടുത്തു ഒരു ഹോട്ടലിൽ എനിക്ക് ജോലിക്ക് സെലക്ഷൻ കിട്ടി.


ഇടയ്ക്ക് ശ്രീയെ വിളിക്കുമെങ്കിലും പലപ്പോഴും അവൾ വർക്ക് ലോഡ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവളുടെ ജോലിയുടെ സ്വഭാവം അങ്ങിനെയാകുമെന്ന് സ്വയം കരുതി സമാധാനിച്ചു.


അമ്മാവൻ ഉടനെ കാണണം എന്ന് പറഞ്ഞപ്പോൾ അടുത്ത വീക്കെൻഡിൽ തന്നെ നാട്ടിലേക്ക് പോയി. അമ്മാവന്റെ വീട്ടിൽ എത്തിയപ്പോൾ ശ്രീയും എത്തിയിട്ടുണ്ടായിരുന്നു.


ഐ. ടി കമ്പനിയിലെ ജോബ് കൊണ്ടായിരിക്കാം പഴയ നാട്ടിൽപുറത്തുകാരിയിൽ നിന്ന് അവൾ ഏറെ മുന്നോട്ട് പോയിരുന്നു.

അരക്ക് താഴോട്ടുണ്ടായിരുന്ന അവളുടെ മുടിയിപ്പോൾ തോളിൽ നിന്നും കുറച്ചു താഴോട്ടായി ചുരുങ്ങി.


"ആ... മോനെ ഉണ്ണീ (എന്നെ വീട്ടിൽ എല്ലാവരും വിളിക്കുന്ന പേരാണ്), അമ്മാവന് നിങ്ങളോട് രണ്ടാളോടും സംസാരിക്കാനുണ്ട്.


ഇപ്പോൾ നിങ്ങൾ രണ്ടുപേർക്കും സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണിയൊക്കെയായി. അതുകൊണ്ട് എന്റെ കണ്ണടയുന്നതിന് മുമ്പ് ശ്രീയെ നിന്റെ കയ്യിൽ ഏല്പിക്കണം എന്നാണ് എന്റെ ആഗ്രഹം...


ഇനിയും വൈകിക്കൂടാ... അതും കഴിഞ്ഞു എനിക്ക് എന്റെ ശാരദയുടെ (അമ്മയുടെ പേരാണ്) അടുത്തേക്ക് പോണം. മുഹൂർത്തം ഉടനെ നോക്കണം. ജാതകമൊക്കെ എന്നോ നോക്കിയതാണ്. നല്ല പൊരുത്തവുമാണ്...


എന്താണ് നിങ്ങളുടെ അഭിപ്രായം...?" അമ്മാവൻ ഞങ്ങൾ രണ്ടുപേരെയും നോക്കി.


"എനിക്ക് എതിരഭിപ്രായം ഒന്നുമില്ല അമ്മാവാ. എനിക്കപ്പോൾ നിങ്ങളൊക്കെ മാത്രമല്ലേയുള്ളൂ.. നിങ്ങൾ എന്ത് തീരുമാനിച്ചാലും എനിക്ക് സമ്മതമാണ്..."


"ശ്രീയൊന്നും പറഞ്ഞില്ല..." അമ്മാവൻ ശ്രീയുടെ നേരെ നോക്കി.


"അത് അച്ഛാ... കുറച്ചുകൂടെ കഴിഞ്ഞിട്ട് പോരെ കല്യാണം...? എനിക്ക് ജോലി സംബന്ധമായി കുറെ തിരക്കുകൾ ഉണ്ട്. പെട്ടെന്ന് ഒരു കല്യാണമൊക്കെ ആകുമ്പോൾ അതെന്റെ ജോലിയെ ബാധിക്കും..." ശ്രീ എന്തോ താല്പര്യമില്ലാതെ സംസാരിക്കുന്നപോലെ തോന്നി.


അവൾ പറഞ്ഞപോലെയുള്ള കാരണങ്ങളാകാം ചിലപ്പോൾ പെട്ടെന്നുള്ള ഒരു വിവാഹത്തിന് അവളെ പിന്തിരിപ്പിക്കുന്നത്.


"മോളെ ശ്രീ, ഞാൻ നിന്നെ ഏൽപ്പിക്കുന്നത് ഇന്നലെ കണ്ട ഒരാളുടെ കയ്യിലല്ല. കുട്ടിക്കാലം മുതലേ അവൻ നിന്റെയും നീ അവന്റെയുമാണ്. ഞാനും എന്റെ പെങ്ങളും പണ്ടേ എടുത്ത തീരുമാനമാണ് ഇത്. അവൻ ഇപ്പോൾ തനിച്ചാണ്. ഒരു തുണ അവന് ഇപ്പോൾ ആവശ്യവുമാണ്. അതികൊണ്ട് ഇനിയൊരു എതിരഭിപ്രായം വേണ്ട... ഞാൻ ഇത് അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്താൻ പോകുന്നു."


അമ്മാവൻ പറഞ്ഞ പോലെ പിന്നെ കാര്യങ്ങൾ എല്ലാം പെട്ടെന്നായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ തന്നെ ഞാൻ ശ്രീയുടെ കഴുത്തിൽ താലി ചാർത്തി അവളെ എന്റേതാക്കി.


പക്ഷെ, അവളുടെ മുഖത്ത് ഒരു നിസ്സംഗത ഞാൻ ശ്രദ്ധിച്ചു. പതിയെ മാറുമെന്ന് ഞാനും കരുതി.


ഇന്ന് ഞങ്ങളുടെ ആദ്യരാത്രി.


ഓർമ്മവെച്ച നാളുമുതൽ നിഴലുപോലെ കൂടെയുണ്ടായിരുന്നവൾ എല്ലാ അർത്ഥത്തിലും എന്റെ സ്വന്തമാകാൻ പോകുന്ന ദിവസം...


പാട്ടുസാരിയുമെടുത്ത് നാണത്തോടെ കയ്യിൽ പാലുമായി വരുന്ന അവളെ കാണാൻ ഞാൻ അക്ഷമയോടെ കാത്തിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ടു അവൾ വന്നത് ടു പീസ് ഡ്രെസ്സിലായിരുന്നു.


"ഉണ്ണിയേട്ടാ, എനിക്കൊരു കാര്യം പറയാനുണ്ട്."


"പറഞ്ഞോളൂ ശ്രീ..."


"ഒരു ദാമ്പത്യജീവിതം തുടങ്ങുന്നതിന് എനിക്ക് കുറച്ചു സമയം തരണം. പെട്ടെന്നുള്ള വിവാഹമായത് കൊണ്ട് എനിക്ക് ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല..." അവൾ എങ്ങോ നോക്കി സംസാരിച്ചു.


"ഓക്കേ ശ്രീ... ഞാൻ നിന്നെ നിർബന്ധിപ്പിക്കുന്നില്ല. നിനക്ക് എപ്പോ തോന്നുന്നുവോ അപ്പോൾ നമ്മൾക്ക് ജീവിച്ചു തുടങ്ങാം..."


"താങ്ക്സ്..." അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു. പിന്നെ മുറിവിട്ട് പുറത്തുപോയി.


ആ പോക്ക് ഒരു അകൽച്ച സൃഷ്ടിക്കാനായിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.


എറണാകുളത്തെ ഫ്ലാറ്റിൽ ജീവിക്കുമ്പോഴും ഞങ്ങൾ ഇരു മനസ്സുകളും വെവ്വേറെ റൂമുകളിൽ ഒതുങ്ങിക്കൂടി...


താലികെട്ടിയവൾ കൂടെയുണ്ടായിട്ടും ആരോരുമില്ലാത്തവനെപോലെ വിഷമങ്ങൾ ആരോടും പറയാൻ കഴിയാതെ ഞാൻ സ്വയം ഉരുകി കഴിഞ്ഞു.


അവൾ ഒരു ദിവസം എന്നെ പണ്ട് വിളിച്ചിരുന്നപോലെ "ഉണ്ണിയേട്ടാ" എന്ന് വിളിച്ചു എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചു അവളുടെ നുണക്കുഴി കാണിച്ചു ചിരിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു...


പക്ഷേ, സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും രണ്ടാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധിക സമയം വേണ്ടിവന്നില്ല.


(തുടരും)


Rate this content
Log in

More malayalam story from ഫൈസൽ മെഹ്ഫിൽ

Similar malayalam story from Drama