Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Dp dp's writings

Drama Romance


3  

Dp dp's writings

Drama Romance


ഏകചാരിണി

ഏകചാരിണി

5 mins 214 5 mins 214

തനിക്ക് മുൻപിൽ മുട്ടുകുത്തിയിരുന്നു കൊണ്ട് തന്റെ കൈകൾ കവരുന്ന നിധിനെ ശ്യാമ ഭയത്തോട് കൂടി നോക്കി... അവൾ കണ്ണുകൾ ഇറുകെ അടച്ചു... 


അതെ... ആ നിമിഷം കടന്നു വന്നിരിക്കുന്നു... തുറന്നു പറച്ചിലിന്റെ നിമിഷം... എന്താവും പറയുക...? പൂർണമായി ഒഴിഞ്ഞു മാറണമെന്നോ... അതോ...? 


ഉള്ളിൽ ആർത്തിരമ്പിയ സങ്കടക്കടലിന്റെ ചുഴിയിലേക്ക് ആണ്ടു പോകവേ അവൾ നിധിന്റെ ശബ്ദം കേട്ടു... 


"ശ്യാമ... "


ഒന്ന് മൂളാൻ ആഗ്രഹിച്ചെങ്കിലും ശബ്ദം മരവിച്ചിരുന്നു... അല്ലെങ്കിലും വെറും മുക്കലും മൂളലും മാത്രമായി അരോചകം സൃഷ്ടിക്കുന്ന തന്റെ ശബ്ദം ഈ നിമിഷത്തിന് ഇല്ലാതെയിരിക്കുന്നതാണ് നല്ലതെന്ന് തോന്നി... 


"ശ്യാമ... എന്നേ ഒന്ന് നോക്ക്... ശ്യാമ... "


അതെ... അന്നും ഇതേപോലെ തന്നെ ആയിരുന്നു പറഞ്ഞത്... ഇറുകെ അടച്ച കണ്ണുകളുമായി ആദ്യമായി ഒരു പുരുഷന് മുൻപിൽ വിധേയപ്പെട്ടു നിന്ന നിമിഷം... 


"സംസാരിക്കാൻ കഴിയില്ലെങ്കിലും... നിന്റെ ഓരോ മൂളലുകളും എനിക്ക് സംഗീതം പോലെയാണ് പെണ്ണെ... "


ആവേശത്തോടെ ഇറുകെ പുണരുമ്പോൾ തന്നിൽ നിന്നുയർന്ന കുറുകലുകൾ എല്ലാം തന്നെ നിധിന് ഹരമായിരുന്നു... പിന്നെ എപ്പോഴാണ് താൻ ഒഴിവാക്കപ്പെട്ടത്... ആദ്യത്തെ കുരുന്നിനു ശബ്ദം ഇല്ലാതെ പോയപ്പോഴോ...? 


ഓർമകളിൽ... കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു... ശാപം പിടിച്ച കണ്ണ്... അവൾക്ക് തന്റെ കണ്ണുകളോട് അരിശം തോന്നി... നിറഞ്ഞു കവിയുന്ന കണ്ണിനെ പരിഹസിച്ചു കൊണ്ട് ചുണ്ടുകൾ മനോഹരമായി ഒന്ന് വിടർത്തി പുഞ്ചിരിക്കാൻ ശ്രമിച്ചവൾ വിജയിച്ചു നിന്നു... സ്വന്തം അവയവങ്ങളോട് തന്നെ കലഹം സൃഷ്ടിക്കുന്ന ഒരുവളെ നീ തള്ളിപ്പറഞ്ഞോ എന്ന നിശ്ചയദാർഢ്യത്തോടെ അവൾ നിധിന്റെ മുഖത്തേക്ക് നോക്കി... 


"ഞാൻ തുറന്നു പറയും മുൻപ് നീയെല്ലാം അറിഞ്ഞെന്ന് എനിക്കറിയാം... എങ്കിലും... "


നിധിൻ മുന്നോട്ട് എങ്ങനെ പറയണം എന്നറിയാതെ പതറി നിൽക്കുമ്പോൾ... ചങ്ക് കിടന്നു പിടച്ചിട്ടും പുറത്തേക്ക് പ്രകടിപ്പിക്കാതെ... നീയെന്നെ വഞ്ചിച്ചില്ലേ എന്ന് ഹൃദയം അലമുറയിട്ടുകൊണ്ട് കൈകളാൽ പ്രഹരിക്കാൻ സംജ്ഞ നൽകിയിട്ടും അവൾ അത് ഒതുക്കി പിടിച്ചു... സ്വതവേ ഒക്കെ ഒതുക്കി പിടിച്ചു നിൽക്കാനുള്ള അസാമാന്യമായ പാടവം അവൾക്കുണ്ടായിരുന്നു...


നാവിന്റെ ബന്ധനം ഭേദിച്ചു വാക്കുകൾ പുറത്തു ചാടാതെ പണ്ടേ തന്നെ അവളുടെ തൊണ്ടക്കുഴിയിൽ തന്നെ തൂങ്ങി മരിച്ചു മുരടിച്ചു പോയിരുന്നു... 


അവന്റെ കൈ എടുത്തവൾ തന്റെ താലിയിൽ പിടിപ്പിച്ചു... വലിച്ചു പൊട്ടിച്ചോ എന്ന മട്ടിൽ...


ഇറുകി അടച്ച കണ്ണുകളോടെ അവൾ താലിയിൽ തന്റെ കൈ അമർത്തി പിടിപ്പിക്കുമ്പോൾ പൊള്ളിയത് പോലെ നിധിൻ അവളുടെ കൈ തട്ടിയെറിഞ്ഞു... 


അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു... 


അയാൾ നിസ്സഹായൻ ആയിരുന്നുവോ...ആവോ..? 


തനിക്ക് മുൻപിൽ പൊട്ടിക്കരയുന്ന നിധിന്റെ മുഖം കാൺകെ അവളുടെ ഉള്ളിൽ വേദന നിറഞ്ഞു... തനിക്ക് മറ്റുകാര്യങ്ങളിൽ ഉളവായ വേദനയേക്കാൾ അവന്റെ കരയുന്ന മുഖം ആ നിമിഷത്തെ പീഢിപ്പിച്ചു... 


ആ നിമിഷം അവളിൽ ഒരമ്മയുടെ വാത്സല്യം മാത്രമാണ് നിറഞ്ഞു നിന്നത്... മതിയാകുവോളം പകർന്നു കൊടുക്കും മുൻപ് അകന്നു മാറിയ കുരുന്ന്, ഉപേക്ഷിച്ച അവളുടെ മാറിടം ചുരത്തി... അസഹനീയമായ വേദനയോടെ നെഞ്ച് പിടയ്ക്കുമ്പോൾ താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ മുൻഭാഗം മുലപ്പാലിൽ നനഞ്ഞു കുതിരുന്നത് അവളറിഞ്ഞു... 


നിധിൻ ഞെട്ടലോടെ മുഖം ഉയർത്തി അവളെ നോക്കി... 


അവന് മുഖം നൽകാൻ കഴിയാതെ അവൾ കിതച്ചു... വേദന പേശികളിലൂടെ പടർന്നു പന്തലിക്കാൻ തുടങ്ങിയിരുന്നു... ഇരുകൈകളും ഉയർത്താൻ കഴിയാത്ത വേദനയിൽ... മാറിടം മുലപ്പാൽ കെട്ടിനിന്നവളിൽ ആധിപത്യം സ്ഥാപിച്ചു... 


ശ്വാസം നെഞ്ചിൽ തടഞ്ഞു നിൽക്കുമ്പോൾ അവരുടെ അടുത്തേക്ക് ഓടിയെത്തിയ നാല് വയസ്സുകാരി അവളുടെ മടിയിൽ കയറി ഇരുന്നുകൊണ്ട് കണ്ണുകൾ തുടച്ചു കൊടുത്തു... മെല്ലെ അവളുടെ നെഞ്ച് ഉഴിഞ്ഞു കൊടുത്തു... 


സന്തുഷ്ടമായ തങ്ങളുടെ കുടുംബജീവിതത്തിൽ നിറനിലാവ് പകർന്നെത്തിയ കുരുന്നുകൾക്ക് ശബ്ദമില്ലാതെ പോയതിന്റെ വേദനയിൽ നിധിൻ അവളെയും മോളെയും ചേർത്ത് പിടിച്ചു...


ഒന്നരമാസം മുൻപ് ജീവൻ പൊലിഞ്ഞു പോയ തന്റെ മകനെ ഓർക്കവേ അവന്റെ കണ്ണുകൾ നിറഞ്ഞു... 


ചേർത്ത് പിടിക്കാൻ വൈകിപ്പോയോ നിധിൻ എന്ന് ഹൃദയം അത് കാൺകെ അലമുറയിട്ട് ചോദിച്ചു കൊണ്ടിരുന്നു... 


നാല് മാസമായി സ്വന്തം വീട്ടിൽ തന്നെയാണ് ശ്യാമ... ഭർത്താവിന് ഒപ്പം തങ്ങളുടെ കിടപ്പറയിൽ മറ്റൊരുവൾ അന്തിയുറങ്ങുന്നു എന്ന് കേട്ടിട്ടും നിശബ്ദയായി നിന്നവൾ... ശബ്ദമില്ലാത്തവൾ എന്നും നിശബ്ദ തന്നെയാണ്. അവളുടെ അന്തഃസംഘർഷങ്ങൾ പുറത്തേക്ക് തള്ളാതെ ഒരഗ്നി പർവ്വതം പോലെ ഉള്ളിൽ പൂഴ്ത്തി വെയ്ക്കുന്നവൾ... 


മകളെ കണ്ണ് ചിമ്മി കാണിച്ചു പറഞ്ഞു വിട്ടിട്ട് അവൾ നിധിന്റെ മുഖത്ത് നോക്കി... പറയാൻ ഉള്ളത് പറഞ്ഞോളൂ എന്ന മട്ടിൽ... 


അവനും നെഞ്ച് എരിയാൻ തുടങ്ങിയിരുന്നു... ശ്യാമയുടെ ചുവന്നു തുടുത്ത മൂക്കിൻ തുമ്പിലേക്ക് അവൻ വേദനയോടെ നോക്കി... 


താൻ കടിച്ചു ചുവപ്പിച്ച മൂക്കിൻ തുമ്പ് ഇന്ന് തനിയെ ചുവന്നിരിക്കുന്നു... ഇതിന് മുൻപും ഇങ്ങനെ ചുവന്നിട്ടുണ്ടാകുമോ...? 


തന്നെ നോക്കിയിരിക്കുന്ന നിധിൻ അവളിൽ അസ്വസ്ഥത നിറച്ചു... തന്നെപ്പോലെ അച്ചുവിനെയും ഇങ്ങനെ നോക്കിയിരുന്നിട്ടുണ്ടാകും എന്ന ഓർമയിൽ അവന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കാൻ അവളുടെ ഉള്ളം തുടിച്ചു... 


സ്വയമടക്കിയവൾ അവന്റെ കൈയ്യിൽ തട്ടി... 


"അവളെ നമ്മുടെ ജീവിതത്തിലേക്ക് കൂട്ടട്ടെ... ശ്യാമേ... നീ... നീയനുവദിക്കുമോ...? "


മുഖം കുനിച്ചു തന്റെ മുൻപിൽ കുറ്റക്കാരനായി നിൽക്കുന്ന ശ്യാമിനെ കണ്ട് ഒരേസമയം അവൾക്ക് ദേഷ്യവും സങ്കടവും തോന്നി...


തന്നോട് ചോദിച്ചിട്ടാണോ ഇത്രയൊക്കെ ചെയ്തു കൂട്ടിയത് എന്ന് ഉച്ചത്തിൽ വിളിച്ചു കൂവാൻ തോന്നി... പക്ഷെ അവൾ നിയന്ത്രിച്ചുകൊണ്ട് അവന്റെ കൈവെള്ളയിൽ മുറുകെ പിടിച്ചു കണ്ണുകൾ ഇറുകെ അടച്ചുകൊണ്ട് ശ്വാസം നിയന്ത്രിച്ച് ഒന്ന് മിഴി ചിമ്മി... 


താൻ വേണ്ടെന്നു പറഞ്ഞാലും കൂടെ കൂട്ടും എന്നത് നിശ്ചയമാണ്... എല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണെന്ന് അറിഞ്ഞിട്ടും അവൾ നിന്ന് കൊടുത്തു... 


നിനക്കൊന്ന് മൂളിയെങ്കിലും പറഞ്ഞു കൂടെ എന്ന നിധിന്റെ ചോദ്യത്തിന് മുൻപിൽ അവൾ പതറി... 


താനൊന്ന് മൂളിയാൽ ചിതറിച്ച തന്റെ ശബ്ദം തന്നെക്കാൾ മുൻപ് നിധിൻ തിരിച്ചറിയും എന്ന ആധിയോടെ ഇഷ്ടമല്ലെങ്കിലും അവളവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി... 


അവിടെ നിറഞ്ഞു നിന്നത് മറ്റൊരുവളുടെ ഗന്ധമാണെന്ന് തിരിച്ചറിയവേ അവൾ ഞെട്ടലോടെ പിൻവാങ്ങി... തനിക്ക് മുൻപിൽ നിൽക്കുന്ന തന്റെ പ്രിയപ്പെട്ടവനിൽ ഇനിയെന്നും ഈ ഗന്ധം തന്നെയാകും മുന്നിൽ നിൽക്കുക എന്നോർത്തവൾ വേദനയോടെ പുഞ്ചിരിച്ചു... 


"അവൾ പുറത്തു നിൽപ്പുണ്ട്... വിളിക്കട്ടെ ഞാൻ... "


യാന്ത്രികമായി ഒന്ന് തലയാട്ടാൻ നിശ്ചയിച്ചെങ്കിലും അതിന് മുൻപ് ആ സാമിപ്യം അവളറിഞ്ഞിരുന്നു...


അതെ... ഇവൾക്ക് തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ തന്റെ അനുവാദം പോലും വേണ്ട... 


അധികാരത്തോടെ തന്റെ ഭർത്താവിനെ ചുറ്റി ചേർന്ന് നിൽക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ കാൺകെ... ഉള്ളം പിന്നെയും നീറി... ഞാൻ... എന്റെ... എന്നൊക്കെ പറഞ്ഞു കൊണ്ട് ഉള്ളം വിങ്ങി തുടുത്തു... 


നനഞ്ഞ തുണിയിൽ നിന്ന് വെള്ളം പിഴിഞ്ഞ് വേർതിരിച്ചെടുക്കുന്ന ലാഘവത്തോടെ എന്റെ ഹൃദയത്തിൽ നിന്ന് പ്രണയത്തെ പിഴിഞ്ഞെറിഞ്ഞു ഉണക്കാൻ തുടങ്ങിയിരുന്നു... കടുത്ത വരൾച്ചയിലേക്ക് ഹൃദയം കാലെടുത്തു വെച്ചു... ഇനിയെത്ര ആർത്തിരമ്പി മഴ പെയ്താലും ദാഹം ശമിക്കാത്ത വരൾച്ചയിലേക്ക്... 


ഹൃദയം നുറുങ്ങുമ്പോൾ കേട്ടു... അവളുടെ ശബ്ദം... 


"എനിക്ക് നിധിനെ മാത്രം മതി ചേച്ചി... നിങ്ങളുടെ ബന്ധത്തിൽ ഞാൻ തലയിടില്ല... അതേപോലെ ഞങ്ങളുടെ ബന്ധത്തിലും... "


അതിലൊരു ആജ്ഞ ഉണ്ടായിരുന്നുവോ...? ഉണ്ടാകും... പുതുമണ്ണും പുതുപ്പെണ്ണും എന്നും പ്രണയമെന്ന അഹങ്കാരത്തിൽ വിലസിക്കുന്നവർ അല്ലേ... 


"ലീഗലി നിങ്ങൾ തന്നെ അല്ലേ ഭാര്യ... അപ്പോൾ പിന്നെ കൂടുതൽ സങ്കടപ്പെടേണ്ട കാര്യം ഇല്ലല്ലോ...?"


ഓഹ്... ഔദാര്യം... ശബ്ദം ഉണ്ടായിരുന്നെങ്കിൽ ഇവളുടെ വാക്കുകളെ കീറി മുറിക്കാമായിരുന്നില്ലേ... ഒരുമാത്ര സൃഷ്ടിച്ചവനോട് തന്നെ ദേഷ്യം തോന്നിപ്പോയി... 


"നിധിൻ വണ്ടിയിൽ നിന്ന് ചോക്ലേറ്റ് എടുത്തു മോൾക്ക് കൊടുക്കുമോ...? ഞാൻ ചേച്ചിയോട് ഒന്ന് സംസാരിക്കട്ടെ... "


നിധിൻ സമ്മതഭാവത്തിൽ പുറത്തേക്ക് പോകുമ്പോൾ അവൾ പുച്ഛത്തോടെ ശ്യാമയെ നോക്കി... 


നേരിട്ടുള്ള പിടിച്ചടക്കലിന്റെ ആദ്യ ഘട്ടത്തിന് എത്തിയതാണ് ഇവൾ എന്ന് ഹൃദയം പഠിപ്പിച്ചു കരുതലോടെ നിന്നു... 


"ഞാൻ പ്ലസ്‌ടുവിനു പഠിക്കുമ്പോൾ ആയിരുന്നു നിങ്ങളുടെ കല്യാണം... ഊമപ്പെണ്ണിനെ ഒറ്റ നോട്ടത്തിൽ കണ്ട് ഇഷ്ടമായ നിധിൻ... ഒക്കെത്തിനും കൂട്ടായി അച്ഛനും... കണ്ണടച്ച് തുറക്കും മുൻപ് എന്റെ പ്രണയം നഷ്ടമായി...!"


"നീ പ്രസവിച്ച രണ്ടെണ്ണവും ഊമകൾ ആയതോടെ നിധിൻ തളർന്നു... ആദർശം എത്ര പറഞ്ഞാലും സ്വന്തം മക്കളും ഊമകളായിപ്പോയാൽ എന്ത് ചെയ്യും...? ഭാഗ്യത്തിന് ഒരാള് പെട്ടന്ന് അങ്ങ് പോയി അല്ലേ... !"


കൈ നീട്ടി അവളുടെ മുഖത്തോരെണ്ണം കൊടുക്കാൻ തരിച്ചെങ്കിലും ശ്യാമ അനങ്ങിയില്ല. വീട്ടിൽ വന്നവരെ നിന്ദിക്കാൻ പാടില്ല... പോരാത്തതിന് പ്രായത്തിന്റെ തിളപ്പും... 


ഇവളെ തനിക്ക് മുൻപിലേക്ക് കൊണ്ടുവന്നത് തന്റെ പ്രാണൻ ആണെന്ന് ഓർക്കവേ ശ്യാമയുടെ ഹൃദയം പിടഞ്ഞു... പ്രണയഭൂമി ഇനിയും പൂർണമായി വറ്റി വരണ്ടിട്ടില്ല... 


അവൾ കണ്ണുകൾ ഇറുകെ അടച്ച സമയം കഴുത്തിലെ താലി പൊട്ടി മാറുന്നത് അറിഞ്ഞു... ഭയത്തോടെ നോക്കുമ്പോൾ, ചിരിച്ചു കൊണ്ട് ആ പെൺകുട്ടി... 


എല്ല് ഉന്തിയ നീണ്ട കഴുത്ത് വെട്ടിച്ചുകൊണ്ട് അവളുടെ വക്രിച്ചുള്ള ചിരി കണ്ടപ്പോൾ സഹതാപം മാത്രമാണ് തോന്നിയത്... 


പൊട്ടിച്ചെടുത്ത താലിയിൽ അവൾ വിജയം കണ്ടെത്തുകയാണ്. സ്വയം പൊട്ടിച്ചെറിയാൻ കഴിയാതെ താൻ ശ്വാസം മുട്ടുകയായിരുന്നെന്ന് അവൾക്കറിയില്ലല്ലോ...! 


ശബ്ദമില്ലാതെ കരഞ്ഞ തങ്ങളുടെ കുഞ്ഞിനെ കണ്ട് തന്നിൽ നിന്ന് ഓടിമാറിയ നിധിൻ പടർത്തിയ നോവ്... പേറ്റു നോവ് ഇനിയും മാറാത്ത വടുക്കളിൽ ഇപ്പോഴും രക്തം പൊടിക്കുന്നത് ഇവൾക്കറിയില്ലല്ലോ... 


താലി കൈയ്യിൽ പിടിച്ചു നിൽക്കുന്ന അവളെ നോക്കിക്കൊണ്ടാണ് നിധിൻ അകത്തേക്ക് വന്നത്... 


"അച്ചു... എന്താ ഇത്...? "


നിഥിന്റെ വെപ്രാളം കാൺകെ ഒന്ന് പൊട്ടിച്ചിരിക്കാൻ ശ്യാമയ്ക്ക് തോന്നി... താലിക്ക് ഇത്ര വില കല്പിക്കുന്നവൻ ശരീരത്തിനും അത് നൽകാഞ്ഞത് എന്താണെന്ന് തോന്നി... 


"ചേച്ചി തന്നതാ നിധിൻ... "


ഹാ... അഭിനയത്തിന്റെ ആദ്യ അധ്യായം... തന്നെ നോക്കി കണ്ണിറുക്കുന്ന കുറുമ്പിയോട് ഒരു ദേഷ്യവും ഈ നിമിഷം തോന്നുന്നില്ലല്ലോ ഭഗവാനെ... 


നിധിൻ അവിശ്വാസത്തോടെ അവളെ നോക്കി പിന്നെ ശ്യാമയെയും... അൽപ്പം മുൻപ് കണ്ണുനീരിൽ മുങ്ങി നിന്നവൾ നിറഞ്ഞ പുഞ്ചിരി തൂകി നിൽക്കുന്നത് കാൺകെ നിധിൻ അമ്പരന്നു... 


"ശ്യാമേ... നീ... നിനക്ക് സമ്മതമാണോ... ഇതിന്...? "


സമ്മതമല്ലെങ്കിലും ഇവൾ നിന്റെ ഉടലിനോട് ചേർന്നില്ലേ... എന്ന് ഹൃദയം ഉറക്കെ ചോദിച്ചു... ചോദ്യങ്ങൾ ഒന്നിലേറെ എത്തി തൊണ്ടക്കുഴിയിൽ നിന്ന് തിരക്ക് കൂട്ടി...  


ശബ്ദം ഇല്ലാത്തവൾക്ക് എന്ത് ചോദ്യങ്ങൾ... ഉത്തരങ്ങൾ... അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു... ഹാളിൽ സോഫയിൽ പിടിച്ചിരുത്തിക്കൊണ്ട് ഏട്ടനെ ഒന്ന് നോക്കി... ആ നോട്ടത്തിന് അർത്ഥം മനസ്സിലായത് പോലെ അയാൾ അകത്തേക്ക് പോയി. 


ഒരുമാസം മുൻപ് അനിയത്തി കരഞ്ഞുകൊണ്ട് വലിച്ചെറിഞ്ഞ അതെ പേപ്പർ അയാൾ അവളുടെ കൈയിലേക്ക് വെച്ച് കൊടുത്തു... യാതൊരു സങ്കോചവും കൂടാതെ ഒപ്പിട്ട് കൊടുത്തു കൊണ്ട് അവൾ മുറിയിൽ കയറി കതകടച്ചു... മനസ്സിന്റെ വാതിൽ എന്നന്നേക്കുമായി കൊട്ടിയടച്ചത് പോലെ... 


അലറി വിളിച്ചു കരയാൻ ശബ്ദം ഇല്ലാതെ പോയത് ഒരേ സമയം അനുഗ്രഹവും ശാപവുമായി... കരഞ്ഞാൽ തീരുന്ന സങ്കടം മാത്രമേ പെണ്ണിനുള്ളൂ... കഴുത്തിലെ താലി പൊട്ടിച്ചെറിയാതെ ചേർത്ത് പിടിക്കുന്നത് അതിന്റെ പവിത്രത ഒന്ന് കൊണ്ട് മാത്രമാണ്... 


മകൻ നഷ്‌ടമായ വേദനയിൽ... മാറിടം മുലപ്പാൽ കെട്ടിനിന്ന് ശ്വാസം മുട്ടിച്ച നിമിഷങ്ങളിൽ... താലി കെട്ടിയവൻ മറ്റൊരു പെണ്ണിനോടൊപ്പം കഴിയുന്നെന്ന വാർത്ത കേട്ട നിമിഷം പൊട്ടിച്ചെറിയാൻ ആഗ്രഹിച്ച കുരുക്ക്... 


ശബ്ദമില്ലാതെ പോയതുകൊണ്ട് തന്റെ ചങ്ക് പൊട്ടുന്നില്ലെന്നാണോ...? നിങ്ങളെ ഞാനെത്ര സ്നേഹിച്ചിരുന്നു... ശബ്ദം ഇല്ലാതെ പോയത് എന്റെ തെറ്റായിരുന്നുവോ...?


പറയുവാൻ വെമ്പുന്ന വാക്കുകളെ മൗനത്തിന്റെ മുനമ്പിൽ ഉടക്കിയിടാൻ ഭഗവാൻ അനുഗ്രഹിച്ചതിൽ ചില നിമിഷം സന്തോഷം പകരും.  


പറയാതെ പോകുന്ന വാക്കുകൾ എന്റെ നിദ്രകളിൽ അലോസരം തീർത്തുകൊണ്ട് ആഴങ്ങളിൽ എന്നേ തള്ളിയിടുകയാണ്...


പൊട്ടിച്ചെടുത്ത താലിക്ക് മുൻപിൽ നിശബ്ദയായി നിൽക്കേണ്ടി വന്നവളുടെ... വഞ്ചിക്കപ്പെട്ടവളുടെ കനലുകൾ ഉള്ളിൽ ആഴത്തിൽ പടർന്നുകൊണ്ടിരുന്നു... 


അതെ... ആ പ്രണയഭൂമിയെ വരണ്ട കാറ്റുകൾ വീണ്ടും വിണ്ടുകീറിച്ചു കൊണ്ട് കടന്നു പൊയ്ക്കൊണ്ടിരുന്നു... കാലവർഷം ശക്തി പ്രാപിക്കട്ടെ... ആ ഭൂമി വീണ്ടും പ്രണയോത്സാഹത്തിൽ തളിർക്കുവാൻ വേണ്ടിയെങ്കിലും ഒരു പ്രളയം ജനിക്കട്ടെ... 


Rate this content
Log in

More malayalam story from Dp dp's writings

Similar malayalam story from Drama