Nofiya K Kamar

Drama Romance Tragedy

4.9  

Nofiya K Kamar

Drama Romance Tragedy

ചുവപ്പിനെ സ്നേഹിച്ച പെൺകുട്ടി

ചുവപ്പിനെ സ്നേഹിച്ച പെൺകുട്ടി

3 mins
1.7K


വേനൽ ചൂടിൽ തന്നെയാണ് അവളും ആശുപത്രിയിൽ ചേക്കേറപ്പെട്ടത്. വിരസമായ പകലുകളിൽ നേരം പോകുവാൻ ജനലഴികൾക്കിടയിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയാണ് പതിവ് . ഇടയ്ക്കിടെയുള്ള തലകറക്കവും തളർച്ചയും അവളെയും അവളുടെ മനസ്സിനെയും ആകെ ബാധിച്ചിരുന്നു.


പുറത്തെ പച്ചപ്പും കാഴ്ചകളും മാത്രമായിരുന്നു അവൾക്ക് ആകെയൊരു ആശ്വാസം. തണലിനു വേണ്ടി ആകാശ ചിറകിൽ നിന്നും വൃക്ഷ ശിഖിരങ്ങളിലേക്കു 'ടേക്ക് ഓഫ്' ചെയ്യുന്ന പക്ഷികൾ... സന്ധ്യാ സമയം കൂടണയാൻ ധൃതി കൂട്ടുന്ന പറവക്കൂട്ടങ്ങൾ... ഇളം വെയിലിന്റെ തലോടലിനായി വട്ടമിട്ടു പറക്കുന്ന ചിത്രശലഭങ്ങൾ...


ജാലകങ്ങൾക്കിടയിലൂടെയാണെങ്കിൽ  കാഴ്ചകൾക്കും അവ നൽകുന്ന ആനന്ദത്തിനും പരിമിതികളില്ലായിരുന്നു...

ചികിത്സകൾ പുരോഗമിച്ചുകൊണ്ടിരുന്നു. പല തരം പരിശോധനാഫലങ്ങൾ... ആർക്കും ഒന്നും പിടികിട്ടിയില്ല... അവൾ അപ്പോൾ വളരെ വിഷാദത്തിലായിരുന്നു. ജാലകങ്ങൾക്കപ്പുറം നിൽക്കുന്ന ഗുൽമോഹർ ഇനിയും പൂക്കാത്തതെന്തേ?  


സാധാരണ വേനൽ കാലങ്ങളിലാണ് ഗുൽമോഹർ രക്തം വാരിവിതറി നയനാനന്ദമായ കാഴ്ച സമ്മാനിക്കാറ്. പക്ഷെ, ജാലകത്തിനപ്പുറമുള്ള ഗുൽമോഹർ മാത്രം ഇനിയും രക്തവർണ്ണമുള്ള പൂ ചാർത്തി നിൽക്കാത്തതെന്തേ ആവോ?...

അവൾ ഗുൽമോഹർ മരത്തെ നോക്കി നിൽക്കും പോലെ തന്നെ അവളെ മറ്റുള്ളവരും നോക്കി നിൽക്കാൻ തുടങ്ങി. പാവം...! വളരെ ചെറുപ്പം... പെൺകുട്ടി. കാഴ്ചയിലും സുന്ദരി... എന്നിട്ടും ഈ ചെറു പ്രായത്തിൽ... അവൾക്കു ചുറ്റും വിഷാദമായ കണ്ണുകളായിരുന്നു. കാണുന്നവർക്കു ചോദിക്കാനുള്ളത് മുഴുവൻ രോഗവിവരങ്ങളെയും പരിശോധനാഫലങ്ങളെയും പറ്റി മാത്രം... അവസാനം ഒരു ആശ്വാസ വചനവും 'സാരമില്ല, ചൂട് മൂലമായിരിക്കും'.


ശരിയാണ്. മരങ്ങളും കുന്നുകളും വെട്ടിയൊതുക്കി ഈ മനുഷ്യർ എന്തിനുള്ള പുറപ്പാടാണാവോ? 'കാലം തെറ്റി കാലം വരാൻ തുടങ്ങിയിരിക്കുന്നു'. ചൂട് വളരെ കഠിനം. എത്ര പേരാണ് ഓരോ ദിവസവും മരണപ്പെടുന്നത്. ദാഹജലം കിട്ടാതെ വരൾച്ചയിൽ പെട്ട് മരിക്കുന്നവർ, കുഴഞ്ഞു വീഴുന്നവർ, സൂര്യതാപമേൽക്കുന്നവർ... ഇത് ദൈവകോപം തന്നെ. എന്നാലും ഈ ഗുൽമോഹർ മാത്രം എന്തെ പൂവിടാത്തത്? അവളുടെ ചിന്തകൾ വീണ്ടും ഗുൽമോഹറിൽ ചെന്ന് നിന്നു.


ഗുൽമോഹർ അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ചുവപ്പു പുതച്ചു നിൽക്കുന്ന ഗുൽമോഹറിന്റെ സാന്നിധ്യത്തിലായിരുന്നു അവളുടെ ആദ്യ പ്രണയം മൊട്ടിട്ടത്. മരത്തെയും മരച്ചുവടിനെയും ചുവപ്പിൽ മൂടിയ ഒരു ഗുൽമോഹർ ചുവട്ടിൽ വെച്ചാണ് അവൻ അവളോട് ഇഷ്ടമാണെന്നു പറഞ്ഞതും, തിരിച്ചു തന്റെ ചുവന്നു തുടുത്ത രക്തം തുടിക്കുന്ന ഹൃദയം അവൾ അവനു സമ്മാനിച്ചതും...


ഒരു പക്ഷെ, അന്ന് മുതലായിരിക്കണം അവൾ ഗുല്മോഹറിനെ സ്നേഹിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയത്. പൂത്തു നിൽക്കുന്ന ഗുൽമോഹർ അവൾക്കെന്നും ഒരു അഭിനിവേശമായിരുന്നു...


അതിൽപിന്നെ കാലങ്ങൾക്കിപ്പുറം കലാലയ വീഥികൾക്കിടയിൽ പൂത്തു നിന്ന മറ്റൊരു ഗുൽമോഹർ ചുവട്ടിൽ വെച്ചാണ് അവൾ അവനുമായി അവസാനം കണ്ടു സംസാരിച്ചത്. അന്നത്തെ സംസാരം പഠനശേഷം അവനുമൊത്തുള്ള വിവാഹജീവിതത്തെ പറ്റിയായിരുന്നു. ഉടനെ തന്നെ നല്ല ജോലി നേടി വീട്ടിൽ വന്നു പെണ്ണ് അന്വേഷിക്കാം എന്ന് അവൻ അവൾക്കു വാഗ്ദാനം നൽകിയപ്പോൾ മുകളിൽ നിന്നും അനുഗ്രഹാശിസ്സുകളോടെ തലയിൽ വീണ ചുവന്ന ഗുൽമോഹർ പൂക്കൾ... ഗുൽമോഹറിനെ സ്നേഹിക്കാൻ വീണ്ടും വീണ്ടുമോരോ കാരണങ്ങൾ...


അതിനു ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷമാണ് ഇടക്കിടെയുള്ള തലകറക്കം മൂലം അവൾ ആശുപത്രി കിടക്കയിൽ സുഖവാസത്തിനെത്തിയത്. പലതരം പരിശോധനകൾക്കായി രക്തം ഊറ്റിയെടുത്ത കൈത്തണ്ടകൾ... പക്ഷെ, രോഗ കാരണം മാത്രം കണ്ടെത്താനായില്ല. നാല് ദിവസമായി ആശുപത്രി വാസം തുടങ്ങിയിട്ട്. പലതരം ആശുപത്രി നിയമങ്ങൾകൊണ്ട് ഇനിയും ചില പരിശോധനാഫലങ്ങൾ കിട്ടിയിട്ടില്ല. രക്തപരിശോധനയ്ക്കു  സൂചികൾ കുത്തിയിറക്കിയ കൈത്തണ്ടയിൽ പിടിച്ച് അവൾ വീണ്ടും ജാലകത്തിനരികെ പോയി നിന്നു. 'എന്നാലും എന്റെ ഗുൽമോഹർ പൂക്കൾ' അവൾ ചുമ്മാ അടക്കം പറഞ്ഞു. സാധാരണ വേനൽക്കാലങ്ങളിൽ യഥാസമയം വിരിയുന്നതാണ് ഗുൽമോഹർ. ഇതിപ്പോ, എന്ത് പറ്റിയാവോ...


അന്ന് അവൾ ആശുപത്രി വിടുന്ന ദിവസമായിരുന്നു. പോകാൻ നേരവും അവൾ ഗുൽമോഹർ മരത്തെ നോക്കി... അത് പക്ഷെ അന്നും പൂത്തിട്ടുണ്ടായിരുന്നില്ല. 'ഞാൻ പോകുന്നതിനു മുമ്പേ പൂക്കും എന്ന് കരുതീട്ടോ' അവൾ വീണ്ടും ആത്മഗതം പറഞ്ഞു.


പെട്ടെന്നാണ് അവൾക്കു ശരീരം കുഴയുന്നു പോലെ തോന്നിയത്. അടുത്തുള്ള സ്റ്റൂൾ തട്ടിമറിച്ചു കൊണ്ട് അവളും നേരെ നിലംപതിച്ചു... നേഴ്സുമാരും ആളുകളും വേഗം ഓടിയെത്തി. അവളുടെ മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങിയിരുന്നു. നേരെ ICU ൽ തന്നെ പ്രവേശിപ്പിച്ചു. 'പൂക്കാത്ത ഗുല്മോഹറിന്റെ ചിന്ത അവളെ വിട്ടുമാറിയിരുന്നില്ല. ICU ൽ തന്നെ കാണാൻ വരുന്ന അമ്മയോട് അവൾ തിരക്കുമായിരുന്നു ഗുൽമോഹർ പൂത്തോ എന്ന്.


രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതാ ഗുൽമോഹർ പൂത്തിരിക്കുന്നു. അവളുടെ അമ്മ അവളോട് ആ വിവരം അറിയിച്ചു. അന്നേരം അവളുടെ മൂക്കിൽ നിന്നും രക്തം ചൊരിഞ്ഞു. വെള്ള വസ്ത്രമണിഞ്ഞ മാലാഖമാർ ഓടിയെത്തി. അവൾ 'ഗുൽമോഹർ... ഗുൽമോഹർ...' എന്ന് പിറുപിറുത്തുകൊണ്ടിരുന്നു.


പതിവ് പോലെത്തന്നെ ഈ ഗുൽമോഹറും അവളുടെ ജീവിതത്തിൽ സുപ്രധാന പങ്കു തന്നെയായാണ് വഹിച്ചത്. ചുവന്ന രക്താണുക്കളെ വെള്ളരക്താണുക്കൾ കാർന്നു തിന്നുന്നത് കൊണ്ടാണ് താൻ ചുവപ്പിനെ ഇത്രയേറെ സ്നേഹിച്ചിരുന്നതെന്ന സത്യം തിരിച്ചറിയാതെ അവൾ യാത്രയായ അന്ന് തന്നെയായിരുന്നു ജാലകത്തിനപ്പുറത്തു ഗുൽമോഹർ നിണമണിയിച്ചു നിന്നത്...


Rate this content
Log in

Similar malayalam story from Drama