ആദ്യ നാൾ
ആദ്യ നാൾ
നേരം പുലരുന്നതും ഇരുട്ടുന്നതും അറിയാത്ത കാലം, മനസും ശരീരവും മടുത്ത കാലം, ഒന്നും ഒരു അടുക്കും ചിട്ടയും ഇല്ലാത്ത കാലം. ഇരുട്ട് കയറിയ വീട്ടിൽ ഞാനും മറ്റാൾക്കാരും ബഹളം ഉണ്ടാക്കുന്നു, വീടിനു നേരെ ആക്രമിച്ചു കൊണ്ട് ആരോ തീയിടുന്നു, മൊത്തം ഒരു പുക മയം...
പതിയെ കണ്ണ് തുറന്നു. ഒന്നും ശരിക്കും സംഭവിച്ചത് അല്ലാ എന്ന് മനസിലായി; എന്റെ സ്വപ്നമാണെന്ന്. "ഓ നേരം വെളുത്തോ?" ജനലിലൂടെ വെട്ടം മുഖത്തു നേരെ വീഴുനില്ല, കർട്ടൻ ഉണ്ടല്ലോ. എന്റെ റൂമിലെ ക്ലോക്ക് കാണിച്ച സമയം എട്ട് മണി. സെക്കന്റ് സൂചി അനക്കം ഇല്ലാതെ നില്കുന്നു. കേടായ ടൈംപീസ്; "ഒരു ബാറ്ററി വാങ്ങി ഇട്ടില്ല" എന്ന് പറഞ്ഞു മൊബൈൽ നോക്കി. "ഓ, 10:30 കൃത്യം. നന്നായി ഇന്നലെ ഉറങ്ങാനും വൈകിയല്ലോ."
പല്ല് തെക്കാനും മറ്റും പോയപ്പോൾ പേസ്റ്റ് തീർന്നിരിക്കുന്നു. "അമ്മേ, ഈ വീട്ടിലെന്താ ഇങ്ങനെ? സമയം നോക്കാൻ ക്ലോക്കിൽ ബാറ്ററി ഇല്ല, പല്ലു തേക്കാൻ പേസ്റ്റ് ഇല്ല. എന്തര് കഷ്ടമാണ്!" അമ്മ ഒന്നും മിണ്ടിയില്ല. കൊറോണ കാരണം ഇതിലും പാടുപെടുന്ന സാഹചര്യങ്ങൾ നേരിടുന്ന ആളുകൾ ഉണ്ട് എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. ശേഷം ഉള്ള പേസ്റ്റ് അറുത്തു മുറിച്ചു എടുത്തിട്ട് അടുക്കളയിലേക്കു പോയി. ഷെൽഫിൽ ഇരിക്കുന്ന ബൂസ്റ്റ് പൊടി എടുത്ത് പാലിൽ കാച്ചി കുടിച്ചു. മൊബൈൽ കുത്തി കുത്തി ഇരുന്നപ്പോൾ മൊബൈലിന്റെ ചാർജ്ജും തീർന്നു.
ഫോൺ ചാർജിലിട്ടപ്പോൾ ഒരു വിളി കേട്ടു, വീടിന്റെ മുറ്റത്തുന്നു. "ചേച്ചി, ഇതു വരുന്നില്ല. എങ്ങനെയാ എന്ന് നോക്കാമോ?" അടുത്ത വീട്ടിലെ ഒരു നാലാം ക്ലാസ്സ് പയ്യന്റെ ഓൺലൈൻ ക്ലാസ്സ് ഗൂഗിൾ മീറ്റിൽ ആണ് പ്രശ്നം. അപ്പോഴാണ് ഞാൻ അറിയുന്നത് ഇന്ന് ജൂൺ 1 ആണെന്നും, ഇന്ന് സ്കൂൾ തുറക്കുന്ന ദിവസമാണെന്നും. അവനു അതു ശരിയാക്കി കൊടുത്തു. ഓപ്പൺ ആയപാടെ അവൻ ഒരൊറ്റ ഓട്ടം.
വാക്സിൻ എടുക്കാനുള്ള ശ്രമത്തിൽ ആണ് സകല ആളുകളും. ഞാൻ നോക്കുമ്പോൾ എല്ലാം ബുക്കിഡ് ഫുള്ളി. പിന്നെന്തു ചെയ്യാനാ...? എന്റെ പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി. അപ്പോഴതാ പള്ളിയിൽ നിന്നും ബാങ്ക് കേൾക്കുന്നു, നേരം ഉച്ച ആയിരിക്കുന്നു. വീണ്ടും വായന തുടർന്നു.
നേരം പെട്ടെന്നു പോകുന്നുണ്ട്. നേരം വെളുക്കുന്നതും ഇരുട്ടുന്നതും എത്ര വേഗം ആണ്... എന്ന് ചിന്തിച്ചു. മനസ്സിന് വല്ലാതെ മടുപ്പ് തോനുന്നു. സർക്കാർ എന്തായാലും കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഓരോ പദ്ധതിക്ക് തുടക്കം ഇട്ടത് തന്നെ വളരെ നല്ല കാര്യം.
ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം വാക്‌സിൻ കിട്ടുമോന്ന് നോക്കി ഓരോ നേരവും ഫോണിൽ കുത്താൻ തുടങ്ങി, എനിക്ക് മാത്രം കിട്ടില്ല. പദിവ് തന്നെ.
വൈകിട്ട് ചായ കുടിച്ചതിനു ശേഷം നാളത്തെ കാര്യം ഉമ്മാ ആലോചിച്ചു പക്ഷെ അതു എനിക്ക് മനസിലായില്ല. മാസ്ക് എടുത്തു വെയ്ക്കുന്നത് മാത്രമേ കണ്ടുള്ളു, ശേഷം അപ്പുറത്തെ മുരിങ്ങ കൊമ്പിൽ പറ്റിപ്പിടിച്ചു കയറുന്ന കണ്ടു.
ഞാൻ കളിയാക്കി ചോദിച്ചപ്പോൾ "മ്മ്മ്മ്... ചിരിക്കണ്ട ഇനി ഇദൊക്കെ ഉള്ളു..."
മുറ്റത്തെ മാവിൽ മാങ്ങാ കായിച്ചു കിടക്കുന്ന ഭംഗി ഞാൻ ആസ്വദിച്ചു. അപ്പോഴേക്കും സൂര്യൻ മറയാൻ തുടങ്ങി...
