തക്കാളി ചമ്മന്തി
തക്കാളി ചമ്മന്തി
"അമ്മേ.. നാളെ ദോശയുടെ കൂടെ തക്കാളി ചമ്മന്തി ഉണ്ടാക്കി തരാമോ?"
തൻ്റെ ഫോണിൽ ഫുഡ് വ്ലോഗ് കണ്ട് കൊണ്ട് അവൻ അമ്മയോട് ചോദിച്ചു.
തൻ്റെ മുഴുവൻ സ്നേഹവും വാത്സല്യവും ചേർത്ത് രാത്രി ഭക്ഷണത്തിൻ്റെ പണിപ്പുരയിൽ മല്ലിട്ടുകൊണ്ടിരിക്കുന്ന അമ്മയും "പിന്നെന്താ.. ഉണ്ടാക്കി തരാല്ലോ" എന്ന് അടുക്കളയിൽ നിന്നും വിളിച്ച് പറയുകയും ചെയ്തു.
ഈ സംഭാഷണം കേട്ട് ഫ്രിഡ്ജിൻ്റെ അടിത്തട്ടിൽ സ്വല്പം തണുത്ത് ഒരു കോണിൽ മാറിയിരുന്ന കിഴങ്ങ് ഞെട്ടലോടെ തക്കാളിയെ നോക്കി.ഇന്ന് രാത്രി കൂടെയേ രണ്ടാളും ഒരുമിച്ച് കാണുകയുള്ളല്ലോ എന്ന് കിഴങ്ങ് നൊമ്പരത്തോടെ ഓർത്തു. ഒരാഴ്ച്ച ആയി തൻ്റെ കൂടെ ഉണ്ട്... കൂടെ ഉള്ള മറ്റുള്ളവർ താൻ ചൊറിച്ചിൽ ഉണ്ടാക്കും എന്നും പറഞ്ഞ് തന്നെ അടുപ്പിക്കാതിരുന്നപ്പോൾ അലിവോടെ തൻ്റെ അടുതെത്തിയ ഒരേ ഒരാൾ ആണ് ഈ തക്കാളി.. തക്കാളി പോയിക്കഴിഞ്ഞാൽ താൻ വീണ്ടും തനിച്ചാവുമല്ലോ എന്ന് ഓർത്ത് കിഴങ്ങിൻ്റെ കണ്ണ് നിറഞ്ഞു. ഒരുപക്ഷേ ഒറ്റപ്പെടലിനെക്കാൾ ഒരിക്കലും ഒന്നിക്കാൻ കഴിയാത്ത എങ്കിലും പറയാൻ കഴിയാതെ പോയ ഇഷ്ടാമാവും ഈ വേദനയുടെ കാരണം എന്ന് കിഴങ്ങ് ഓർത്തു.
ഈ സമയത്ത് തന്നെ എന്താ വിഷമിച്ച് ഇരിക്കുന്നത് എന്നും ചോദിച്ച് തക്കാളി എത്തി. മുഖത്തെ ഭാവം ഒരു തരത്തിലും പുറത്ത് കാണിക്കാതെ ഒന്നുമില്ല എന്ന് കളവ് പറഞ്ഞ് കിഴങ്ങ് ഒഴിഞ്ഞുമാറി.
"നീ അറിഞ്ഞില്ലേ ഞാൻ നാളെ പോവുകയാണ്." വളരെ കഷ്ടപ്പെട്ട് മുഖത്ത് വരുത്തിയ ഒരു ചിരിയോടെ തക്കാളി കൂട്ടിച്ചേർത്തു.
കിഴങ്ങിൻ്റെ മൗനം മനസ്സിലാവാതെ തക്കാളി വീണ്ടും ചോദിച്ചു " നിനക്ക് ഒന്നും പറയാൻ ഇല്ലേ?"
"എല്ലാവരും ഒരിക്കൽ പോവുമല്ലോ."കിഴങ്ങും അവസാനം പറഞ്ഞൊപ്പിച്ചു.
പലതും തനിക്ക് മാത്രമായിരുന്നു തോന്നിയത് എന്നും അല്ലെങ്കിലും നമ്മൾ കാണുന്ന പോലെ നമ്മളെയും കാണാൻ അവർക്കും സാധിക്കില്ലല്ലോ എന്നും മനസ്സിൽ പറഞ്ഞ് ഒരു ചെറു ചിരിയോടെ തക്കാളി തിരിഞ്ഞ് നടന്നു.
അതിനുശേഷം ഫ്രിഡ്ജിലെ ഏറ്റവും ചെറിയ തണുപ്പായ 10 °C ഇലും മരവിച്ച് ഉറഞ്ഞ് പോയ കിഴങ്ങിനെ പിന്നീട് ആരും ശ്രദ്ധിച്ചില്ല.