Saranya V

Drama Tragedy

3  

Saranya V

Drama Tragedy

തിരമാലകൾക്കപ്പുറം

തിരമാലകൾക്കപ്പുറം

7 mins
218


എന്റെ ജീവിത കഥ: 


ഭാഗം - 1  


ആകാശത്തിലെ വെള്ള പട്ടു വിരിച്ച മേഘങ്ങൾക്ക് ഇടയിലൂടെ സ്വർണ തേരിൽ അവൾ പറന്നുയർന്നു. ആരോ അവളുടെ അരികിലേക്ക് വന്നു ചെറു പുഞ്ചിരിയോടെ തട്ടി വിളിച്ചു അമ്മു ...അമ്മു... പെട്ടന്ന് അവൾ ഞെട്ടി ഉണർന്നു കണ്ണുകൾ തിരുമ്മി തല ഉയർത്തി നോക്കി. ദേ നിൽക്കുന്നു അമ്മ, ശോ നല്ലൊരു സ്വപ്നം ആയിരുന്നു അത് നശിപ്പിക്കാനായിട്ട് അമ്മയുടെ ഒരു വിളി എന്നൊക്കെ പിറുപിറുത്തു കൊണ്ടവൾ കട്ടിലിൽ നിന്നും മെല്ലെ എണീറ്റ് ക്ലോക്കിലേക്ക് നോക്കി. സമയം 6 കഴിഞ്ഞു.


പാൽ മേടിക്കാൻ പോകാൻ ഉള്ള വിളിയാണ്. അപ്പുവേട്ടൻ അപ്പുറത്തു മൂടി പുതച്ചു കിടപ്പുണ്ട് എങ്കിലും അമ്മ എന്നെയേ വിളിക്കു. നാശം! ഉറക്ക പിച്ചിലെ ആ വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൾടെ അമ്മ അടുക്കളയിലേക്ക് പോയി... അവൾ ഉമ്മറത്തെ കിണ്ടിയിൽ നിന്നും അൽപം വെള്ളം എടുത്ത് മുഖം കഴുകി പാത്രവും എടുത്ത് അങ്ങയിലെ വീട്ടിലേക്ക് ഓടി... പിറകിൽ നിന്നും അമ്മയുടെ ഒച്ച കേൾക്കാം: 'എന്റെ കുട്ട്യേ പയ്യെ പോ, എവിടേലും തട്ടി വീഴും.'


അല്പ സമയത്തിനു ശേഷം അവൾ പാൽ പത്രവും ആയി തിരികെ എത്തി അമ്മയോട് പറഞ്ഞു: 'ഇന്ന് പാൽ ഇല്ല, അങ്ങയിലെ അമ്മിണി പശുവിനു എന്തോ സുഖമില്ലാന്നു.' 'ഓ, എങ്കിൽ ഇന്ന് എല്ലാരും കട്ടൻ കുടിച്ചാൽ മതി' എന്ന് അവളുടെ അമ്മ സുമിത്രയും. അപ്പോഴേക്കും അപ്പുവേട്ടനും ഉണർന്നു, കൂടെ അച്ഛനും. രാജീവനും സുമിത്രയ്ക്കും രണ്ടു മക്കൾ ആണ്. രണ്ടു പേരും തമ്മിൽ 3 വയസ്സിന്റെ പ്രായ വ്യത്യാസമേ ഉള്ളു എങ്കിലും അപ്പുവിന് നല്ല പക്വത ഉണ്ട്. അച്ഛൻ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ആ കുടുംബം സന്തോഷത്തോടെ കടന്നു പോയി ...


ഞാൻ അമ്മു. രാജീവിന്റെയും സുമിത്രയുടേം രണ്ടാമത്തെ മകൾ... അമ്മയ്ക്കും അച്ഛനും അല്പം സ്നേഹം കൂടുതലാണ് എന്നോട്... എന്തിനും ഏതിനും അമ്മയ്ക്ക് ഞാൻ കൂടെ വേണം, മറ്റൊന്നും കൊണ്ടല്ല ഞാൻ 3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ സ്കൂട്ടിയിൽ നിന്നും ഒന്ന് വീണിരുന്നു. അച്ഛന്റെ വാക്ക് കേട്ട് അമ്മ പഠിക്കാൻ ശ്രമിച്ചതാണ്. പാവം അതിനു ശേഷം നല്ല നടു വേദന ആണ് ... ഡോക്‌ടേഴ്‌സ് മാറി മാറി പരിശോധിച്ചു കുറെ മരുന്ന് കൊടുത്തത് മാത്രം മിച്ചം, കൈയിലെ  കാശും പോയി വേദന മാറിയതും ഇല്ല. പക്ഷെ ആ വേദന ഒന്നും പുറത്തു കാണിക്കാതെ ചിരിച്ച മുഖത്തോടു കുടി അമ്മ പറയും എനിക്ക് ഒന്നുല്ല കുട്ട്യേ നീ കൂടെ ഉണ്ടായാൽ മതി എന്ന്... അടുക്കളയിൽ അമ്മയും കൂടെ ഒരു പൊടി സഹായത്തിനു ഞാനും അതായിരുന്നു ഞങ്ങടെ വീട്. ദിനംപ്രതി അമ്മയുടെ വേദന കൂടി വന്നു, അച്ഛന്റെ ബുദ്ധിമുട്ടുകൾ ഓർത്തു പലപ്പോഴും അമ്മ വേദന കടിച്ചമർത്തി ജീവിച്ചു... ഇതിനു ഒരു പരിഹാരം കാണാൻ എന്ന അച്ഛന്റെ വാശിയ്ക്ക് മുന്നിൽ അമ്മയ്ക്ക് തോറ്റു കൊടുക്കേണ്ടി വന്നു. അങ്ങനെ അമൃത ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റിനെ കാണിച്ചു. ഓരോ ചെക്കപ്പിന് പോകുമ്പോഴും അച്ഛന്റെ മുഖത്തെ വേവലാതി എനിക്ക് കാണാമായിരുന്നു, ഒരു നിസ്സഹായ ആയി നോക്കി നില്ക്കാൻ മാത്രമേ എനിക്കും കഴ്ഞ്ഞുള്ളൂ. 


ഒടുവിൽ ഡോക്ടർ അത് പറഞ്ഞു: അമ്മയുടെ ഡിസ്ക്കിനു പ്രശനം ഉണ്ട്; ഓപ്പറേഷൻ ചെയ്താലും റെഡിയാകും എന്ന് ഉറപ്പില്ല... ഒരു ജീവശവം പോലെ അച്ഛൻ അത് കേട്ട് നിന്നു, അച്ഛന്റെ ഉള്ളിൽ എപ്പോഴും താൻ കാരണം ആണ് അവൾ വീണത് എന്ന ഒരു കുറ്റബോധം ഉണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്. കൈയിൽ ഉണ്ടായിരുന്ന കാശിന്റെ പകുതിയും അവിടെ ചിലവാക്കി കിട്ടിയ മരുന്നുകളും ആയി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു... മരുന്നുകൾ കഴിച്ചിട്ടും അമ്മയുടെ വേദന കുറവില്ലായിരുന്നു... ആ പഴയ സുമിത്ര മെല്ലെ മാഞ്ഞു തുടങ്ങി, കാലുകൾ വലിച്ചു വെച്ച് നടക്കണ അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി... അമ്മയ്യ്ക് റസ്റ്റ് കൊടുത്തു ഞാൻ അടുക്കള ഭരണം പൂർണമായും ഏറ്റെടുത്തു. അമ്മ പഠിപ്പിച്ച പാഠങ്ങൾ മറക്കാത്ത കൊണ്ടാകാം എന്റെ കയ്യിൽ അടുക്കള ഭരണം സുരക്ഷിതം ആയിരുന്നു. അച്ഛന്റെ കുറ്റബോധം കൊണ്ടാകാം അമ്മയുടെ അസുഖം മാറാൻ വേണ്ടി പല ഡോക്ടർസിനെയും അമ്മയെ കാണിച്ചു, കിട്ടുന്ന ശമ്പളം മുഴുവൻ അമ്മയ്ക്കായ് ചിലവാക്കി എന്നിട്ടും വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. അമ്മയുടെ നടത്തം പയ്യെ കുറഞ്ഞു വന്നു, ചുമരുകൾ ഉഉള്ളതിനാൽ മാത്രം ചുവടുകൾ വച്ച് തുടങ്ങി. വീട്ടിലെ ജോലികൾ ചെയ്യാൻ അച്ഛനും അപ്പുവേട്ടനും എനിക്ക് കൂട്ടായ് നിന്നു, അമ്മയുടെ കൂടെ കൂടുതൽ സമയം ചിലവഴിച്ചു അച്ഛനും.


ഭാഗം - 2 


കാലചക്രം കറങ്ങിക്കൊണ്ടേ ഇരുന്നു, ഒടുവിൽ എന്റെ ഒറ്റപ്പാലത്തെ സ്കൂൾ ജീവിതം +2 പഠനത്തോടെ തിരശീല വീണു. അപ്പോഴേക്കും അച്ഛന് മലപ്പുറത്തേക്ക് മറ്റൊരു ജോലി ശരിയായി. ശമ്പള കുടുതൽ കൊണ്ടും ഞങ്ങളുടെ പുനർ  വിദ്യാഭാസവും മനസിൽ കണ്ടുകൊണ്ട് പെരിന്തൽമണ്ണ എന്ന സ്ഥലത്തേക്ക് ഞങ്ങൾ താമസം മാറി. ഞങ്ങളെ ഒറ്റയ്യ്ക്ക് ആക്കാൻ മനസ് അനുവദിക്കാത്തത് കൊണ്ടാകാം ചെറിയ ഒരു വാടക വീട് എടുത്ത് ഞങ്ങളെയും ഒപ്പം കൂട്ടിയത്. മനസ്സ് കൊണ്ട് എനിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല എങ്കിലും മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടു ഞാൻ പൊരുത്തപെട്ട് തുടങ്ങി.


വലിയ പ്രശ്നങ്ങൾ ഇല്ലാതെ ജീവിതം മുന്നോട് നീങ്ങി. എനിക്ക് നല്ലൊരു കോളേജിൽ അഡ്‌മിഷൻ കിട്ടി... അപ്പോഴേക്കും അപ്പുവേട്ടൻ ഡിഗ്രി ഒക്കെ കഴിഞ്ഞു വലിയ ആളായി, സ്വന്തം കാലിൽ നില്ക്കാൻ കഴിയും എന്ന വിശ്വാസം കൊണ്ടാണോ അതോ അച്ഛന്റെ കഷ്ടപ്പാട് കൊണ്ടാണോ എന്ന് അറിയില്ല ജോലി ഒക്കെ അന്വഷിച്ചു തുടങ്ങി, അത് വെറുതെ ആയില്ല. ചെന്നൈ എന്ന മഹാനഗരത്തിലെ ഏതോ ഒരു കമ്പനിയിൽ ജോലി റെഡി ആയി എന്ന് പറഞ്ഞപ്പോൾ ശരിക്കും ഉള്ളിൽ പൊട്ടി കരയാൻ ആണ് തോന്നിയത്. അപ്പുവേട്ടൻ കൂടെ പോയാൽ അമ്മയും അച്ഛനും ഞാനും മാത്രം ആകും എന്ന പേടിയോ സങ്കടമോ അറിയില്ല, അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ പിടിച്ചു നിന്നു. ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് മനസില്ല മനസോടെ അച്ഛനും അമ്മയും പച്ചക്കൊടി വീശിയപ്പോൾ അവർക്കൊപ്പം നിൽക്കാനേ എനിക്കും കഴിഞ്ഞുള്ളു. അങ്ങനെ ചേട്ടൻ യാത്രയായ് പുതിയ ജീവിതത്തിലേക്ക്, മനസു കൊണ്ട് ഞങ്ങളും.


ഭാഗം - 3 


ദിവസങ്ങൾ മാസങ്ങളായും, മാസങ്ങൾ വർഷങ്ങളായും കടന്നു പോയി... 2 വർഷത്തിൽ ഇടയ്ക്ക് വന്നു പോകുന്ന ചേട്ടൻ, അച്ഛനും അമ്മയ്ക്കും കൂട്ടായ് ഇവിടെ ഞാനും. ആ ഇടയ്ക്ക് അച്ഛന്റെ സുഹൃത് പറഞ്ഞു അറിഞ്ഞു: വയനാട്ടിൽ പച്ചമരുന്ന് ചികിത്സ ഉണ്ട്, ഒന്ന് പരീക്ഷിച്ചു നോക്കാൻ. അമ്മയുടെ കാര്യം ആയതു കൊണ്ട് തന്നെ അച്ഛൻ മറ്റൊന്നും ആലോചിച്ചില്ല. എവിടെയൊക്കെയോ നിന്ന് കടം വാങ്ങിയ കാശും കിട്ടിയ ശമ്പളവും എല്ലാം നുള്ളിപ്പെറുക്കി വയനാട്ടിലേക്ക് ഞങ്ങൾ യാത്ര ആയി...


വയനാട്ടിലെ ഓരോ ചുരങ്ങൾ ഇറങ്ങുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടി വന്നു, എങ്കിലും ഒരു പ്രാർത്ഥന മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അമ്മയുടെ അസുഖം മാറണം, രാജീവന്റെ ആ പഴയ സുമിത്ര ആയി എന്നെ ചുമ്മാ വഴക്ക് പറയണ എന്റെ അമ്മയായ് ഞങ്ങൾക്ക് തിരിച്ചു കിട്ടണേ എന്ന്... അവിടത്തെ ചികിത്സ അമ്മയ്ക്കു ചെറിയ മാറ്റങ്ങൾ വരുത്തി എന്നു മനസിലായത് കൊണ്ട് അതു തന്നെ തുടരാൻ ഞങ്ങൾ തീരുമാനിച്ചു... പിന്നെ ഇടയ്ക് വയനാട്ടിൽ പോകും, അമ്മയ്ക്കുള്ള ചകിത്സയ്ക്കായ് ഒന്നോ രണ്ടോ ദിവസം അവിടെ നിൽക്കും പിന്നെ തിരിച്ചെത്തും... വയനാടിന്റെ തണുപ്പും ഉള്ളിലെ സങ്കടവും ഒക്കെ അച്ഛൻ തീർത്തത് സിഗരറ്റ് വലിച്ചു ആയിരുന്നു. 


വയനാട്ടിലെ ഒരു തണുപ്പ്കാലത്തു അച്ഛന് പനിയും ക്ഷീണവും ഒക്കെ ആയി. കാലാവസ്ഥയുടെ ആകും എന്ന് കരുതി തള്ളി കളയാൻ മനസ്സു അനുവദിച്ചില്ല. അച്ഛനെയും കൂട്ടി അടുത്തുള്ള ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കണ്ടു, എന്തോ പന്തികേടുണ്ടെന്നു തോന്നിയത് കൊണ്ടാകാം നാട്ടിൽ പൊയ്ക്കോളൂ അവിടെ നല്ലചികിത്സ കിട്ടും എന്ന് പറഞ്ഞു, അത്യാവിശം പനിക്കുള്ള മരുന്നും തന്നു.


ഭാഗം - 4 


അച്ഛനെയും അമ്മയെയും കുട്ടി പിന്നെ നാട്ടിലേക്ക് ഒരു യാത്ര... ഉള്ളിൽ പലതും ഒരു മിന്നായം പോലെ മാറി മറയുന്നുണ്ട്. ഒരുപാടു ചോദ്യങ്ങൾ ഒന്നിനും ഉത്തരം കിട്ടുന്നില്ല. ഞാൻ ഒരു ബ്രാഹ്മണ കുലത്തിൽ പിറന്നത് കൊണ്ടാകാം ദൈവത്തെ പഴിക്കാനും മനസു അനുവദിച്ചില്ല. എല്ലാം വരുന്നിടത് വച്ച് കാണാം എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു നാട്ടിലെത്തി.


ഹോസ്പിറ്റൽ വരാന്തയിലൂടെ അച്ഛനോടൊപ്പം നടന്നപ്പോഴും ഒറ്റ പ്രാർത്ഥന മാത്രം, ഒന്നും വരുത്തരുതേ എന്ന്. ചെക്കപ്പ് എല്ലാം കഴ്ഞ്ഞു ഡോക്ടർ വിധിയെഴുതി അച്ഛന് "ഹൃദയത്തിൽ കാൻസർ " എന്ന അസുഖം ആണെത്രേ... കേട്ടപ്പോൾ ഉറക്കെ കരയാനാണ് എനിക്ക് തോന്നിയെങ്കിലും മനസിലെ കല്ലാക്കി പിടിച്ചു നിന്നു ... മരുന്നുകൾ ഒക്കെ വാങ്ങി വീട്ടിൽ തിരിച്ചെത്തി... ഞങ്ങളെയും കാത്തു അമ്മ ദൂരേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു, ചെന്നപ്പോൾ അമ്മയ്ക്ക് വലിയ ആശ്വാസം... കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഉറക്കെ കരഞ്ഞെങ്കിലും എല്ലാം ശരിയാകും എന്നു അമ്മ പറയുന്നുണ്ടായിരുന്നു. അമ്മയെ നോക്കി കണ്ണുകൾ കലങ്ങി അച്ഛനും, രണ്ടുപേരെയും മാറി മാറി നോക്കി ഞാനും കുറെ നേരം അങ്ങനെ നിന്ന് പോയി...


കോളജിൽ നിന്നും മടങ്ങിയെത്തുമ്പോൾ പണ്ടൊക്കെ അരികലത്തിലേക്കു തല ഇട്ടിരുന്ന ഞാൻ ഇപ്പോൾ അമ്മയുടെയും അച്ഛന്റെയും മരുന്നുകളുടെ പാത്രം ആണ് നോക്കണേ... അവർ മരുന്ന് കഴിച്ചോ... ആഹാരം കഴിച്ചോ എന്നൊക്കെ തിരക്കി അറിഞ്ഞതിനു ശേഷം മാത്രം ആണ് മറ്റു കാര്യങ്ങൾ... പിന്നെ കുറെ സങ്കടം വരുമ്പോൾ ഒറ്റയ്ക്ക് ഇരുന്നു കരയും, അപ്പുവേട്ടനോട് പറഞ്ഞാലോ എന്ന് ആലോചിക്കും പക്ഷെ അന്യ നാട്ടിൽ ജോലി ചെയ്യുവല്ലേ, എന്തിനാ സങ്കട പെടുത്തണേ എന്ന് കരുതി പലതും ഉള്ളിൽ ഒതുക്കി കഴിഞ്ഞു...


ഭാഗം - 5 

 

ഓരോ ദിനങ്ങളും പഴയ ഓർമ്മകൾ അയവിറക്കി വന്ന സങ്കടങ്ങളെ കുറ്റപ്പെടുത്താതെ ജീവിച്ചു ശീലിച്ചു... ഡിഗ്രി പഠനം അവസാനിച്ചു, പരീക്ഷ മാത്രം ബാക്കി. അച്ഛന്റെ ഏറ്റവും വാലിയ ഒരു ആഗ്രഹം എന്നെ "എംബിഎ" പഠിപ്പിക്കുക എന്നത്, സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി ശീലം ഇല്ലാത്തതു കൊണ്ടും അച്ഛൻ അതിനു മുതിർന്നില്ല... ചേട്ടന് കിട്ടണ ശമ്പളം മരുന്നിനും വീട്ടിലെ ചിലവിനും മാത്രമായ് ഒതുങ്ങി.


അങ്ങനെ ഇരിക്കുമ്പോൾ ദേ വരുന്നു ഒരു കല്യാണ ആലോചന, അത് കൊണ്ട് വന്നത് അച്ഛന്റെ ചെറിയമ്മ ആയിപോയി അല്ലാരുന്നേ ഞാൻ ചിലപ്പോൾ അവരെ കൊന്നേനെ. അവരുടെ മുന്നിൽ വെച്ച് ഒന്നും മിണ്ടാൻ പറ്റാത്ത കൊണ്ട് മാറി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു, എങ്കിലും അവർ പറയണതൊക്കെ കേട്ടൂ. അച്ഛൻറ്‍റെ ചെറിയമ്മയുടെ ഏട്ടന്റെ മകൻ, നല്ല കാശുകാർ, വിദേശത്തു താമസം, അവർക്ക് ഒന്നും വേണ്ട നല്ലൊരു പെൺകുട്ടിയെ മാത്രം മതി എന്നൊക്കെ...


അച്ഛന്റെ അഭിപ്രായങ്ങൾക്ക് എതിർത്ത് ശീലമില്ലാത്ത കൊണ്ടും മറ്റുള്ളവർ നല്ല ബന്ധം ആണെന്ന് പറഞ്ഞത് കൊണ്ടും മനസില്ല മനസോടെ ഞാനും സമ്മതിച്ചു. പേരിനൊരു പെണ്ണ് കാണൽ, പിന്നെ നിശ്ചയം എല്ലാം പെട്ടെന്നായിരുന്നു ... മനസ്സിൽ നിറയെ സങ്കടങ്ങൾ ആയിരുന്നു, ഞാൻ പോയാൽ അമ്മയും അച്ഛനും തനിച്ചു ആകില്ലേ...എന്നൊക്കെ. പക്ഷെ അവരുടെ മുഖത്തെ സന്തോഷം കാണുമ്പൊൾ അത് മറ്റൊന്നിനേക്കാളും വലുതല്ല എന്ന് എനിക്ക് തോന്നി പോയി...


അധിക ദിവസങ്ങൾ കഴിയും മുന്നേ എന്റെ ഡിഗ്രി പരീക്ഷ എത്തി. പഠിച്ചതൊന്നും ഓർമയിൽ ഇല്ല എങ്കിലും അറിയണത് എഴുതാം എന്ന വിശ്വാസത്തിൽ ഓരോ പരീക്ഷയും എഴുതി. പരീക്ഷ കഴിഞ്ഞു എത്രയും പെട്ടന്ന് വീട്ടിൽ എത്തണം എന്ന് ആലോചിച്ചു മരത്തിന്റെ തണൽ പറ്റി വേഗത്തിൽ നടന്ന എന്നെ ആരോ വിളിക്കണ പോലെ എനിക്ക് തോന്നി, തോന്നിയതാണോ എന്ന് ഉറപ്പില്ലാത്തോണ്ട് പതിയെ തിരിഞ്ഞു നോക്കി. ദേ നിൽക്കുന്നു ഒരു ചേട്ടൻ, അദ്ദേഹം സംസാരിച്ചു തുടങ്ങി.


എന്റെ പേര് അമൽ, സെയിം ബാച്ച് തന്നെ ആണ് പക്ഷെ ഡിപ്പാർട്ട്മെന്റ് വേറെയാ, എനിക്ക് തന്നെ വലിയ ഇഷ്ടമാണ്, കല്യാണം കഴിച്ചാൽ കൊള്ളം എന്നുണ്ട്... ഇത്രയും കേട്ടപ്പോഴേക്കും എന്റെ കണ്ണിൽ ഇരുട്ട് കയറും പോലെ എനിക്ക് തോന്നി. എന്ത് പറയണം എന്ന് ആദ്യം പകച്ചെങ്കിലും ഞാൻ തുറന്നു പറഞ്ഞു. എന്റെ നിശ്ചയം കഴിഞ്ഞു എന്ന്. അമലിന്റെ മനസ്സിൽ എന്താണ് തോന്നിയതെന്ന് എനിക്ക് അറിയില്ല. എങ്കിൽ ശരി എന്ന് ഒറ്റയൊറ്റവാക്കിൽ ഉത്തരം പറഞ്ഞിട്ട് ഇടനാഴികയ്ക്ക് ഇടയിലൂടെ എങ്ങോട്ടോ നടന്നു നീങ്ങി ... ഞാൻ വീട്ടിലേക്കും.  


ഭാഗം - 6 


എന്നും എത്തുന്നതിനേക്കാൾ വേഗത്തിൽ അന്ന് ഞാൻ വീട്ടിൽ എത്തിയ പോലെ തോന്നി. മനസ്സിനകത്തു ആകെ ഒരു സങ്കടം, പണ്ടൊക്കെ പലരും എന്നെ വായിനോക്കി എന്നല്ലാതെ ആരും ഇത് വരെ മുഖത്തു നോക്കി തന്റെ ഇഷ്ടം പറഞ്ഞിട്ടില്ല, ഇതിപ്പോ ആദ്യം ആയി ഒരാൾ, ഓർത്തിട്ട് തന്നെ കയ്യും കാലും വിറക്കുന്നു... അൽപ നേരം അടുക്കളയിലെ കോണിൽ ചാരി നിന്നു ഓർമ്മകൾ അയവിറക്കി. ഇനി ഇങ്ങനെ നിന്നാൽ പറ്റില്ല എന്ന് തോന്നിയത് കൊണ്ടാകാം വേഗം പോയി ഒരു നീരാട്ടും നടത്തി അടുക്കളയിലേക്ക് കയറി അമ്മയ്ക്കും അച്ഛനും ആഹാരം കൊടുക്കണം, മരുന്ന് കഴിപ്പിക്കണം, പാത്രം കഴുകണം അങ്ങനെ പണികൾ ഏറെ ഉണ്ട്. അടുപ്പിലെ വിറകിന്റെ ജ്വാലയിൽ നിന്നും ഉയരുന്ന പുക പോലെ പകൽ നടന്നതെല്ലാം നിമിഷങ്ങൾ കൊണ്ട് മറന്നു അടുക്കളയിലെ ജോലിയിൽ ഞാൻ മുഴുകി.


ഭാഗം - 7 


പതിവു പോലെ തന്നെ വീട്ടിലെ കാര്യങ്ങൾ എല്ലാം ഭംഗിയായി, എന്റെ കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷം അച്ഛന്റെയും അമ്മയുടെയും മുഖത്ത് ഉണ്ട് എന്നാൽ ഒന്നും പുറത്തു കാണിക്കാതെ ആ ചങ്കുകൾ പിടയുക ആണെന്ന് എനിക്കറിയാമായിരുന്നു. അച്ഛന്റെ വേവലാതി കണ്ടാൽ അറിയാം ഇനിയുള്ള കാര്യങ്ങൾ എങ്ങനെ എന്നാകും ചിന്ത എന്ന്. കല്യാണം, സ്വർണം, മറ്റു ചിലവുകൾ അങ്ങനെ കുറെ കടമ്പകൾ ഉണ്ടല്ലോ... എന്റെ മനസിന്റെ ഏക ആശ്വാസം അപ്പുവേട്ടൻ ആയിരുന്നു ... അപ്പുവേട്ടൻ വന്നാൽ അച്ഛന്റെ സങ്കടം മാറും. പിന്നെ എല്ലാം ഏട്ടൻ നോക്കിക്കോളും... ദിവസങ്ങൾ എന്നത്തേക്കാളും വേഗത്തിൽ ഓടി പോകുന്നത് പോലെ എനിക്ക് തോന്നി. വിവാഹ തീയതി അടുത്ത് വരുന്നു ... എന്റെ മനസിൽ സങ്കടത്തിന്റെ കടൽ സുനാമി പോലെ ഇരച്ചു കയറാൻ തുടങ്ങി... ഈ വീട് വിട്ടു ഉറ്റവരെയും ഉടയവരെയും വിട്ട് മറ്റൊരു വീട്ടിലേക്ക്... അവർ എങ്ങനെ ഉള്ളവർ എന്ന് പോലും അറിയില്ല ... എന്തിനാ എന്നെ പറഞ്ഞു വിടുന്നെ, ഇവർക്കൊക്കെ ഞാൻ ഒരു ഭാരമാണോ എന്ന് വരെ ഒരു നിമിഷം ചിന്തിച്ചു പോയി ... പൊട്ട മനസ്സിൽ ആവിശ്യം ഇല്ലാത്ത കുറെയേറെ ചോദ്യങ്ങളും മിന്നി മറഞ്ഞു.


ഭാഗം - 8  


ഒടുവിൽ ആ ദിവസം എത്തി - "കല്യാണം." അച്ഛന്റെയും അമ്മയുടെയും സ്വപ്നം, കൂടപ്പിറപ്പിനെ സുരക്ഷിത കരങ്ങളിൽ ഏല്പിക്കാൻ റെഡിയായി അപ്പുവേട്ടനും... എല്ലാവരും എത്തിച്ചേർന്നു, പലർക്കും സന്തോഷത്തേക്കാൾ കൂടുതൽ സഹതാപം ആണോ മുഖത്തു എന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ... ചുവന്ന സാരിയിൽ ഞാൻ എന്നത്തേക്കാളും സുന്ദരി ആണെന്ന് പലരും പറഞ്ഞു... ആ വാക്കുകൾക്കൊന്നും എന്നെ സന്തോഷിപ്പിക്കാൻ ആയില്ല... പക്ഷെ അവർക്കു വേണ്ടി ഞാൻ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും കാത്തു സൂക്ഷിച്ചു ഉള്ളിൽ കത്തണ ഒരു മനസുമായി നിന്നു.


കതിർമണ്ഡപത്തിലെ എരിഞ്ഞമരുന്ന വിളിക്കിലെ തിരി നാളങ്ങൾ എന്നിലേക്ക് അമരുന്നതായ് എനിക്ക് തോന്നി. മനസിലെ സങ്കടങ്ങൾക്കെല്ലാം വിട പറഞ്ഞു മറ്റൊരുത്തന്റെ വധു ആകാൻ നിമിഷ നേരങ്ങൾ വേണ്ടി വന്നില്ല... അരുൺ എന്റെ കഴുത്തിൽ താലി ചാർത്തിയ നിമിഷം ദൈവങ്ങളെക്കാൾ എന്റെ മനസ്സിൽ ഓടിയെത്തിയത് അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ ആയിരുന്നു. കണ്ണുകൾ നിറഞ്ഞത് കൊണ്ടാകാം ഒന്നും കാണാൻ കഴിയുന്നില്ല, ചുറ്റും ഒരു പുകമറ പോലെ. ആരും കാണാതെ ആ കണ്ണുനീർത്തുള്ളിയെ എന്നിലേക്ക് ഒളിപ്പിച്ചു ചിരിച്ചു കൊണ്ട് ഞാൻ നിന്നു ... ഒരു പാവയെ പോലെ.


ഭാഗം - 9 


ചടങ്ങുകൾ ഭംഗിയായി കഴിഞ്ഞു, യാത്ര അയപ്പിന്റെ നേരം എത്തിച്ചേർന്നു. മനസിലെ സങ്കടങ്ങൾ ഒരു പെരുമഴയായ് പുറത്തു വന്ന പോലെ ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു... കൂടെ അച്ഛനും. എന്റെ കലങ്ങിയ കണ്ണുകളിൽ നോക്കി അമ്മയുടെ സാരിത്തുമ്പ്‌ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു: "എന്തിനാ എന്റെ കുട്ട്യേ സങ്കട പെടുന്നത്... ഒന്ന് വിളിച്ചാൽ ഞങ്ങൾ ഓടി വരില്ലേ?" "പിന്നെ എന്റെ അമ്മു എന്തിനാ കരയണേ..." ഇതെല്ലം കേട്ടു കൊണ്ട് കൂടെ അച്ഛനും. ഞാൻ ചുറ്റും കണ്ണോടിച്ചു, എവിടെ എന്റെ അപ്പുവേട്ടൻ. ആ വിളിയുടെ ശബ്ദം അല്പം കൂടിയത് കൊണ്ടാകാം എല്ലാവരും എന്നെ തന്നെ നോക്കി ...


ഇടയ്ക്ക് നിന്ന് ആരോ വിളിച്ചു പറഞ്ഞു: "ദേ അവൻ അവിടെ മാറി നിന്ന് കരയുന്നു എന്ന്." ആൾക്കൂട്ടത്തെ തള്ളി മാറ്റി ഓടിച്ചെന്നു അപ്പുവേട്ടന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു ഉറക്കെ കരഞ്ഞു... അതിനിടയിൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചു... സങ്കടം കൊണ്ടാകാം ഒന്നുംപുറത്തേക്ക് വന്നില്ല.എന്നെ തോളോട് ചേർത്ത് കാറിൽ യാത്ര അയക്കും വരെ എന്റെ കണ്ണിലേക്ക് നോക്കി നിന്നു ... കുടപിറപ്പിനെ മറ്റൊരു കൈകളിൽ ഏല്പിച്ച സന്തോഷം ഞാൻ ആ കണ്ണുകളിൽ കണ്ടില്ല, അവൾ കൂടെ ഇല്ലല്ലോ എന്ന സങ്കടം മാത്രം ആയിരുന്നു അത്. പതിയെ നീങ്ങിയ വാഹത്തിന്റെ ഗ്ലാസ്സിലൂടെ പിന്നിലോട്ട് നോക്കി ഇരുന്നപ്പോൾ എല്ലാവരും എന്നെ വിട്ട് അകലുകയാണോ എന്ന് തോന്നി പോയി... കൈകൾ വീശി കണ്ണുകൾ തുടച്ചു എന്നെ അനുഗ്രഹിക്കുന്ന അച്ഛനും അമ്മയും കണ്ണുകളിൽ നിറഞ്ഞു നിന്നു ...


Rate this content
Log in

Similar malayalam story from Drama