Nainu_ fathimA

Drama Romance Tragedy

4.3  

Nainu_ fathimA

Drama Romance Tragedy

മറന്നിട്ടില്ല

മറന്നിട്ടില്ല

3 mins
705



ജീവിതത്തിൽ എത്ര ഉയരങ്ങളിലെത്തിയാലും , എന്തൊക്കെ വെട്ടിപ്പിടിച്ചാലും , ആരെയൊക്കെ കണ്ടുമുട്ടിയാലും , ഹൃദയത്തിൽ നിന്നും ഒരിക്കലും പറിച്ചു മാറ്റാൻ കഴിയാത്ത ചില ഓർമ്മകളുണ്ട്...... പലർക്കും കളിയായി തോന്നുന്ന , എന്നാൽ നിത്യവും നമ്മുടെ ഹൃദയത്തെ നോവിക്കുന്ന സുഖമുള്ള ഓർമ്മകൾ......


ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ പ്രണയം പലർക്കും തമാശയായിരിക്കാം. കാരണം , 'സ്കൂൾ ജീവിതത്തിലെ ഒരു നേരംപോക്ക് ആണ് ഇതൊക്കെ' എന്ന് കരുതുന്നവരാണ് ഇന്ന് അധികവും. അവൻ ആദ്യം വന്ന് ഇഷ്ടം പറഞ്ഞപ്പോൾ അങ്ങനെ തന്നെയാണ് ഞാനും കരുതിയത്. ഏറ്റവും അടുത്ത സുഹൃത്ത് തന്നെ ഇഷ്ടം പറഞ്ഞതുകൊണ്ട് , അത് നിരസിച്ച് തുടർന്ന് മിണ്ടാതിരിക്കാൻ , എനിക്ക് തോന്നിയില്ല. പകരം , 'ആലോചിക്കാം ' എന്ന ഒറ്റവാക്കിൽ ഞാൻ അത് ഒതുക്കി. വീണ്ടും സൗഹൃദം തന്നെ മുന്നോട്ട് കൊണ്ടുപോയി. ഒരു മാസത്തോളം അവനൊരു ഉത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ല.


അവൻ്റെ സാന്നിദ്ധ്യം എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു….. അവനെ കാണാത്ത ദിവസങ്ങളിൽ ഉള്ളിൽ വല്ലാത്ത നീറ്റലും. അവൻ്റെ ഓരോ സന്തോഷവും ഇരട്ടിയായി എന്നിലേക്കും പടർന്നിരുന്നു. അവൻ്റെ ദു:ഖം എൻ്റെ ഹൃദയത്തെയും നോവിച്ചിരുന്നു. ഒരിക്കൽ ഞാൻ എന്നോട് തന്നെ ചോദിച്ചു , 'ഇതായിരിക്കുമോ പ്രണയം ?'...…ഒടുവിൽ അത് തന്നെയാണ് പ്രണയം എന്ന് എൻ്റെ മനസ്സു പറഞ്ഞു. ഒപ്പം കൂട്ടുകാരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ ഞാനും പറഞ്ഞു , ' എനിക്ക് ഇഷ്ടമാണ് …..'


പിന്നീട് പ്രണയത്തിൻ്റെ നാളുകൾ ആയിരുന്നിരിക്കും എന്ന് പലരും കരുതിയേക്കാം….. എന്നാൽ എനിക്ക് എല്ലാം പഴയതുപോലെ തന്നെയായിരുന്നു. കൈയ്യിൽ കൈകോർത്ത് നടക്കുവാനോ, വരാന്തയിൽ പ്രണയസല്ലാപങ്ങളിൽ ഏർപ്പെടാനോ അവനോ ഞാനോ മുതിർന്നിട്ടില്ല. എന്നോട് സംസാരിക്കുമ്പോൾ പോലും ഒരു നിശ്ചിത അകലവും നിയന്ത്രണവും അവൻ സ്വയം കണ്ടെത്തിയിരുന്നു. അവനിൽ ഞാൻ എറ്റവും ഇഷ്ടപ്പെട്ടത് അവൻ്റെ ആ സ്വഭാവവും പെരുമാറ്റ രീതികളുമായിരുന്നു. എന്നാൽ ഓരോ വാക്കിലും നോക്കിലും എന്നോടുള്ള പ്രണയം ഞാനറിഞ്ഞിരിന്നു എന്നതാണ് യാഥാർത്യം…..


അങ്ങനെ നിറഞ്ഞ സ്നേഹത്തോടെ , ഇടയിൽ നീർക്കുമിളയോളം പോലും ആയുസ്സില്ലാത്ത പിണക്കങ്ങളുമായി ഞങ്ങളുടെ പ്രണയം വളരുകയായിരുന്നു. പലരും എന്നോട് ചോദിച്ചിട്ടുണ്ട് , ' നിങ്ങൾ ഒന്ന് ഒരുമിച്ച് ചേർന്ന് നിൽക്കുന്നതോ നടക്കുന്നതോ പോലും കണ്ടിട്ടില്ലല്ലോ ' എന്ന്. അവരോട് ഒന്ന് പുഞ്ചിരിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞിട്ടുള്ളൂ. കാരണം , അതിനുള്ള ഉത്തരം ഞങ്ങൾക്കുമറിയില്ലായിരുന്നു. എന്നാൽ അത്തരത്തിൽ മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിച്ചതും !


മൂന്നു വർഷങ്ങൾ ഞങ്ങളെ കടന്നു പോയപ്പോഴും ഞങ്ങളുടെ പ്രണയത്തിൻ്റെ ആഴം കൂടിയിട്ടേ ഉണ്ടായിരുന്നുള്ളൂ..... ഇതിനിടയിൽ രണ്ടുപേരുടെയും വീട്ടിൽ എല്ലാം അറിഞ്ഞ് ഉണ്ടായ പുകിലൊക്കെ പത്താം ക്ലാസ്സിലെ നല്ലൊരു ശതമാനം റിസൾട്ടിലൂടെ ഞങ്ങൾ തന്നെ ഒതുക്കി. ചുരുക്കി പറഞ്ഞാൽ മിക്ക മാതാപിതാക്കളും ആശങ്കപ്പെടുന്നതു പോലെ ഞങ്ങളുടെ പ്രണയം ഒരിക്കലും ഞങ്ങളുടെ പഠനത്തെ ബാധിച്ചിരുന്നില്ല .ഒരു പക്ഷേ പഠിക്കാൻ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് അവൻ തന്നെയാണ്.


പ്ലസ് വൺ ആയപ്പോൾ തമ്മിൽ പിരിയേണ്ടി വരുമോ എന്ന ആശങ്കയിൽ, അല്ലെങ്കിൽ പിരിയാൻ കഴിയില്ല എന്ന തീരുമാനം കൊണ്ട് ഞങ്ങൾ അതേ സ്കൂളിൽ തുടർന്നു പഠിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇന്ന് അവൻ എന്നെ ദേഷ്യത്തോടെയല്ലാതെ , കുത്തുവാക്കുകളില്ലാതെ , പഴയ പോലെ ഒന്ന് നോക്കിയിട്ട് തന്നെ രണ്ട് വർഷം കഴിയുന്നു…. അതിന് പിന്നിലെ കാരണം വിശദീകരിച്ചു എഴുതാൻ കഴിയില്ല. കാരണം അവൻ എന്നെ തള്ളിപ്പറഞ്ഞതിന് ഒരേയൊരു കാരണമെ ഉള്ളു… " തെറ്റിദ്ധാരണ "


ആറു മാസത്തോളും ആരോടും മിണ്ടാനോ മനസ്സു തുറന്നൊന്ന് ചിരിക്കാനോ , അവൻ്റെ വേർപാട് എന്നെ അനുവദിച്ചില്ല. കാലം എല്ലാ മുറിവുകളും മായ്ക്കുമെന്ന് പറയുന്നത് പകുതി ശെരിയാണ്… കാലം ഇന്ന് എൻ്റെ ഹൃദയത്തിലെ ആ മുറിവിനെ സുഖമുള്ള ഓർമ്മയായ് മാറ്റിയിരിക്കുകയാണ്… 


ഇന്ന് എൻ്റെ മുന്നിലുടെ അവൻ്റെ പെണ്ണിനോട് സംസാരിച്ചുകൊണ്ട് നടക്കുമ്പോഴും അവൻ്റെ കണ്ണിൽ ഞാൻ കാണുന്നത് , പണ്ട് എന്നിലേക്ക് പാളി വീഴുന്ന കുസൃതി നിറഞ്ഞ ആ നോട്ടം തന്നെയാണ്. പക്ഷേ പഴയ പോലെ അവനെ കാണാനോ സ്നേഹിക്കുവാനോ എനിക്ക് കഴിയുന്നില്ല….. വെറുക്കാനും കഴിയുന്നില്ല… അപ്പോൾ അവന് എന്നോട് തോന്നിയത് പ്രണയമായിരുന്നില്ലേ ? ഇന്നും എൻ്റെ മനസ്സ് അവൻ്റെ ഓർമ്മകളിൽ വിങ്ങുന്നു എങ്കിൽ എനിക്ക് മാത്രമായിരുന്നോ പ്രണയം ? ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട് എൻ്റെ മനസ്സിൽ.


പ്രണയം ഇങ്ങനെയുമുണ്ട്…. അല്ലേ ? സ്കൂൾ ജീവിതത്തിലെ സാധാരണ സംഭവമായി എൻ്റെ പ്രണയത്തെ , അല്ല , നഷ്ട പ്രണയത്തെ എനിക്ക് കാണാൻ കഴിയില്ല. ഹൃദയത്തിൻ്റെ ഏതെങ്കിലും ഒരു കോണിൽ എന്നും ഞാൻ ആ പഴയ എട്ടാം ക്ലാസ്സുകാരി തന്നെയായിരിക്കും… ആയുസ്സ് ഒടുങ്ങുമ്പോൾ എന്നോടൊപ്പം ആ പൊടിപിടിച്ച ഓർമ്മകളും മണ്ണിൽ അലിയട്ടെ…!

ജീവിതത്തിൽ സ്വന്തമെന്ന് കരുതിയത് ഇന്ന് എൻ്റെ കൂടെയില്ല. പക്ഷേ അവനോട് ദേഷ്യമോ വെറുപ്പോ ഇല്ല…. പുറമേ എനിക്കും ഉണ്ട് വാശി. അകമേ… അറിയില്ല !!!




Rate this content
Log in

Similar malayalam story from Drama