രുദ്ര നാദം

Drama Inspirational

3.7  

രുദ്ര നാദം

Drama Inspirational

മൈ മെട്രോ ലൈഫ്

മൈ മെട്രോ ലൈഫ്

3 mins
11.4K


"മെട്രോ ശെരിക്കും എന്തിനാണ്. ഇതു കൊണ്ട് എനിക്കെന്തു പ്രയോജനം ആണുണ്ടായിട്ടുള്ളത്. ആകെ വന്നത് എടിഎമ്മിൽ നിന്നും പൈസ എടുക്കുമ്പോൾ മെട്രോ നഗരത്തിൽ നിന്നായതിനാൽ വരുന്ന അധികച്ചെലവ് ആണ്." ചുവന്ന സിഗ്നലിനായി കാത്തു നിന്നു കൊണ്ട് ബെന്നി ഓർത്തു.


"ഇന്ന് ഒരുപാട് വൈകി. എവിടെയോ എന്തോ പണി നടക്കുന്നത് കൊണ്ട് വണ്ടികൾ ഒക്കെ ഈ വഴിക്കാണ് വരുന്നത്. വികസിച്ചു വികസിച്ചു വീട്ടിൽ പോകാൻ പറ്റാതായി."


കിട്ടിയ ഗ്യാപിലൂടെയൊക്കെ അയാൾ കാർ പായിച്ചു. കുറേക്കഴിഞ്ഞപ്പോൾ ബ്ലോക്ക് ഒഴിവായി. പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ച് കാർ ഒരു പോക്കറ്റ് റോഡിലേക്ക് കയറി.


ഈ വഴിക്ക് പോയാൽ 8 കിലോമീറ്റർ കുറവുണ്ട്. അവന്റെ സ്ഥിരം റൂട്ട്. ബെന്നി എഫ് എം ഓണാക്കി. കേട്ടാൽ ചിരി വരുന്ന ഒരു പുതിയ മലയാളം ഐറ്റം സോങ് ആണ്. പക്ഷെ അവനു ദേഷ്യം ആണ് വന്നത്. എങ്കിലും ഇത് കേട്ട് തിയേറ്റർ ഇളകി മറിഞ്ഞല്ലോ എന്നവൻ ചിന്തിച്ചു. എഫ് എം നിർത്തി അവൻ ഫോൺ കണക്ട് ചെയ്തു. ഇളയ രാജയുടെ പഴയ കളക്ഷൻ പ്ലേ ചെയ്തു. ഠപ്പേന്നു ഒരു സൗണ്ട് കേട്ടു അവൻ പെട്ടെന്ന് വണ്ടി നിർത്തി. അവന്റെ ചങ്ക് പട പട അടിച്ചു. എന്താണെന്ന് ഒന്നും മനസ്സിലായില്ല. പാർക്ക് ലൈറ്റ് ഓണാക്കി അവൻ വണ്ടി ഒതുക്കി. പേടിയോടെ പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി. ഇരുട്ടാണ് ഒന്നും കാണാൻ ആകുന്നില്ല. അകത്തു നിന്നും ഫോൺ ഊരി ഫ്ലാഷ് ലൈറ്റ് ഓണാക്കി നോക്കി. ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ നിന്നും ഒരു ഞരക്കം പോലെ...


അവനു തൊണ്ടയിലെ വെള്ളം വറ്റുന്നത് പോലെ തോന്നി. പതിയെ മുമ്പോട്ട് നടന്ന് എത്തി വലിഞ്ഞു നോക്കി. "പട്ടിയോ പൂച്ചയോ വല്ലതും ആകണേ. അല്ല! ഒരാളാണ്! പെട്ടു... കൂടെ ആരുമില്ല..." ബെന്നി അടുത്തെത്തി. നേരെ മുഖത്തേക്ക് ടോർച്ച് തെളിച്ചു. ഉദ്ദേശ്യം 50 വയസ് ഉണ്ട്. രക്തം ഒന്നും കാണുന്നില്ല. പക്ഷെ ബോധം ഇല്ല. പരിക്ക് ഉള്ളിലാണെന്നു തോന്നുന്നു. കൈലി ആണ്. ഇവിടെ അടുത്താകും വീട്.


2 ഓപ്ഷൻ. രക്ഷിക്കാൻ ശ്രമിക്കാം. വീട്ടിലേക്ക് പോകാം...ഇല്ല. ഇതെന്റെ ആരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു?


പിന്നൊന്നും ചിന്തിച്ചില്ല. എങ്ങനെയോ പൊക്കിയെടുത്ത് ബാക്ക് സീറ്റിൽ കിടത്തി. വണ്ടി തിരിച്ചു കുതിച്ചു. തിരിച്ചു പോകുമ്പോൾ പഴയ ട്രാഫിക് ഇല്ല. മിനിട്ടുകൾക്കുള്ളിൽ ലിസി ഹോസ്പിറ്റലിൽ എത്തി.


കുറെ നേരം കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു. "പരിക്കൊന്നുമില്ല. ആക്‌സിഡന്റ് ഒന്നുമല്ല. മദ്യപിച്ചു വഴിയിൽ വീണതാണ്. ട്രിപ്പ് ഇട്ടിട്ടുണ്ട്. ഒബ്സർവേഷനിൽ ആണ്. ബിൽ അടച്ചു മരുന്നു വാങ്ങിക്കൊണ്ടു വരൂ."


ഇടിവെട്ടേറ്റത് പോലെ അവൻ നിന്നു. "സമയം 9 മണി. ഈ സമയം വീട്ടിലെത്തേണ്ടതായിരുന്നു.

ഇയാളെ ഞാൻ ഇടിച്ചു വീഴ്ത്തിയതല്ലേ? ശേ.. വെറുതേ ഓരോരോ മേനക്കേട്."


അവൻ പേഴ്സ് എടുത്തു. എടിഎം കാർഡ് കാണുന്നില്ല. "അയ്യോ എടിഎം കാർഡ് എവിടെ?"


വൈകുന്നേരം എടിഎം കൗണ്ടറിൽ നിന്നിറങ്ങി ഷർട്ടിന്റെ പോക്കറ്റിൽ ആണിട്ടത്. എങ്കിൽ അത് എവിടെയോ പോയി...ശോ. നാശം പിടിക്കാൻ.


ക്യാഷ് ആയിട്ട് 4000 രൂപ പേഴ്സിലുണ്ട്.


2 ഓപ്ഷൻ. ബില്ല് അടച്ചിട്ട് ഇയാളെ വീട്ടിലേക്ക് കൊണ്ടു പോകാം. മിണ്ടാതെ വീട്ടിലേക്ക് മുങ്ങാം...

ഈ പ്രായത്തിൽ ഉള്ള ഒരാളെ ഇവിടെ ഇങ്ങനെ ഉപേക്ഷിച്ച് പോകുന്നതെങ്ങനെയാണ്‌? വളരെ മോശം ആണ്... അല്ലെങ്കിൽ വേണ്ട. കുടിച്ചു വഴിയിൽ കിടന്നവൻ അല്ലെ. ഇവനെ എന്തിനു ചുമക്കണം? പെട്ടെന്ന് വീട്ടിൽ ചെല്ലാം. ഇപ്പൊ എടിഎം കാർഡ് അല്ലെ പോയുള്ളൂ. ഇവിടെ ഇനി നിന്നാൽ ഉള്ള കാശും കൂടി പോയിക്കിട്ടും.


അവൻ പെട്ടെന്ന് പുറത്തേക്ക് നടന്നു. സി സി ടി വി യിൽ ഒന്നും പെടാതെ ഇരിക്കാൻ മുഖം താഴ്ത്തിയാണ് നടന്നത്.

കാറിനടുത്തു ചെന്നപ്പോൾ അകത്തു നിന്നൊരു പ്രകാശം. "എന്താ ഇത്? മൊബൈൽ ആണ്. ഓ ഇത് എടുത്തില്ലായിരുന്നോ? ആരോ വിളിച്ചപ്പോൾ ഡിസ്‌പ്ലേ തെളിഞ്ഞതാണ്."


അവൻ ഡോർ തുറന്ന് അകത്തിരുന്നു. ഫോണിൽ നോക്കി. 25 മിസ്ഡ് കാൾ. ആരാണ് വിളിച്ചതെന്നു നോക്കുന്നതിനു മുമ്പേ വീണ്ടും കോൾ വന്നു.


മമ്മിയാണ്.


"ഹലോ.."


"മോനെ എന്താടാ ഫോണ് എടുക്കാത്തത്? നീ എന്താ വരാത്തത്?" മമ്മിയുടെ വാക്കുകളിൽ ടെൻഷൻ ഉള്ളതായി അവൻ ശ്രദ്ധിച്ചു.


"മമ്മി ഞാൻ ഇവിടുന്നു ഇറങ്ങുകയാണ്. വർക്ക്  കുറച്ചു അധികം ഉണ്ടായിരുന്നു." അവൻ പറഞ്ഞു. മറുപടി ഒന്നും കേൾക്കാത്തതിനാൽ അവൻ കാതോർത്തു. മമ്മി കരയുന്നുണ്ടോ?


"മമ്മീ എന്താ? എന്തു പറ്റി."


"മോനെ... പപ്പയെ ഇന്ന് വൈകിട്ട് ബസിടിച്ചു... ആരൊക്കെയോ ആശുപത്രിയിലെത്തിച്ചു... തിരിച്ചറിഞ്ഞത് കുറച്ചു മുമ്പാ...

നിന്നെ വിളിച്ചിട്ട് നീ എടുക്കുന്നുമില്ല." മമ്മി പറഞ്ഞതു കേട്ട് അവൻ സ്തബ്ധനായി.


"മമ്മീ ഇപ്പൊ എവിടാ? പപ്പയ്ക്ക് എങ്ങനെ ഉണ്ട്?"


"ഞങ്ങൾ മെഡിക്കൽ കോളേജിലാണ്. പപ്പയ്ക്ക്...ഒന്നും പറയാറായിട്ടില്ല...നീ വേഗം വാ." അവനു തല കറങ്ങുന്നത് പോലെ തോന്നി.


"മനസ്സിൽ നൻമ ഉള്ള ആരോ എന്റെ പപ്പയെ സഹായിച്ചു. ഞാനോ?"


കുറച്ചു നേരം അവൻ ഒന്നും ചെയ്യാൻ ആകാതെ ഇരുന്നു. പിന്നീടവൻ കാറിൽ നിന്നിറങ്ങി ഹോസ്പിറ്റലിനകത്തേക്ക് നടന്നു.

"സാർ.."


ആരോ വിളിച്ചത് കേട്ട് അവൻ നിന്നു. വിളി കേട്ട ഭാഗത്തേക്ക് അവൻ നോക്കി. ഒരു അറ്റൻഡർ ആണ്.


"സാറിന്റെയാണോ ഈ എടിഎം കാർഡ്?"


അവനതു വാങ്ങി. അതിലെ പേര് നോക്കി. ബെന്നി ജോസ്.


"അതേ.. താങ്ക്സ്."


ആ കാർഡ് കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട് അവൻ ഐ സി യു ലക്ഷ്യമാക്കി വേഗത്തിൽ നടന്നു...


Rate this content
Log in

More malayalam story from രുദ്ര നാദം

Similar malayalam story from Drama