ലല്ലിമോൾക്ക് മഞ്ഞയാണിഷ്ടം. പിടിവാശിക്കാരിയാ...
ലല്ലിമോൾക്ക് മഞ്ഞയാണിഷ്ടം. പിടിവാശിക്കാരിയാ...
മുൻവശത്ത് ഒരു കാർ വന്നുനിർത്തുന്ന ശബ്ദമാണ് ദാസനെ താൻ ചെയ്‌തുകൊണ്ടിരുന്ന ജോലിയിൽ നിന്ന് പെട്ടെന്ന് ഉണർത്തിയത് . കൊച്ചുമകൾക്കുള്ള പിറന്നാൾ സമ്മാനം തയ്യാറാക്കുകയായിരുന്നു ദാസൻ . തൂവെള്ള തുണിയിൽ മഞ്ഞപ്പൂക്കളുള്ള ഉടുപ്പ് .മഞ്ഞ അവളുടെ ഇഷ്ടപ്പെട്ട നിറമാണ്. എല്ലാ പിറന്നാളിനും അവൾക്ക് മഞ്ഞ നിറത്തിലുള്ള ഉടുപ്പ് തന്നെ വേണം.പിടിവാശിക്കാരിയാണ് തൻറെ ലല്ലിമോൾ . ഇതിപ്പോൾ ഏഴാമത്തെ ഉടുപ്പാണ്.ഓരോ വർഷവും ഉടുപ്പിൻറെ നീളം കൂടി വരികയാണ്. എത്ര പെട്ടെന്നാണ് മക്കൾ വലുതാകുന്നത് . തൻറെ മകൻ വിനയ് വളരുന്നത് ആസ്വദിക്കാനുള്ള ഭാഗ്യം തനിക്കില്ലാതായിരുന്നതിലാനാലാകാം, അവൻറെ മകൾ കാണിക്കുന്ന ഓരോ കുസൃതിയിലും ദാസൻ അതിയായ ആനന്ദം കണ്ടെത്തിയിരുന്നു. രാജ്യത്തിന് വേണ്ടി അതിർത്തിയിൽ പൊരുതി തീർന്നിരുന്നു ദാസൻറെ ജീവിതത്തിൻെറ നല്ലൊരു ഭാഗം. എല്ലാം കഴിഞ്ഞു, റിട്ടയർ ചെയ്ത് നാട്ടിൽ വന്നപ്പോൾ ദാസന് തൻറെ പ്രിയ സഖിയേയും നഷ്ടമായി - നളിനി. വീട്ടിലെ അമ്മിണിപ്പശു പ്രസവിച്ചതും, മകൻ വിനയ് ആദ്യമായി "'അമ്മ" എന്ന് വിളിച്ചതും, മേലേപ്പറമ്പിലെ ഉണ്ണിയുടെ കല്യാണം കഴിഞ്ഞതും - അങ്ങനെ സകല കാര്യങ്ങളും അവൾ കത്തുകളിലൂടെ പറയുമായിരുന്നു- തൻറെ നളിനി. എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് അവളായിരുന്നു. മകന് വേണ്ടി നല്ലൊരു വിവാഹം ആലോചിച്ചതും അവൾ മുൻകൈ എടുത്തായിരുന്നു. എല്ലാ ബാധ്യതകളും തീർത്തു ഇനിയെങ്കിലും നമുക്കൊരുമിച്ചു ജീവിക്കണം എന്ന് പറഞ്ഞു അയച്ച കത്ത് ഇപ്പോഴും ദാസൻറെ തകരപ്പെട്ടിയിലിരിപ്പുണ്ട്. "ഒരു മാസം കൂടി കാത്തിരിക്കാമായിരുന്നില്ലേ നളിനീ നിനക്ക് " എന്നും ചോദിച്ചു ദാസൻ ആ കത്തിലേക്കും നോക്കി നളിനിയുടെ ഓർമ്മകളിൽ മുഴുകിയ ഒരുപാട് രാത്രികളുണ്ടായിട്ടുണ്ട്.
ഭാര്യ മരിച്ച, തൻറെ ആലസ്യമാർന്ന ജീവിതത്തിലേക്ക് വീണ്ടും സന്തോഷത്തിൻറെ രശ്മികൾ പടർത്തിയത് ലല്ലിയുടെ ജനനമായിരുന്നു. മരവിച്ച തന്റെ ഹൃദയത്തിൽ അവളുടെ കുഞ്ഞിക്കാലുകൾ സ്നേഹത്തിൻറെ വിത്തുകൾ നട്ടു . ദാസൻ വീണ്ടും സ്നേഹിക്കാൻ തുടങ്ങി. അവളുടെ കളി താമാശകളിൽ അവളുടെ അപ്പൂപ്പനായി ദാസനും തൻറെ പ്രായം മറന്നു. ആദ്യമായി ലല്ലി അവളുടെ കിങ്ങിണി സ്വരത്തിൽ "അപ്പൂപ്പാ" എന്ന് വിളിച്ചതായിരുന്നു ദാസൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷമാർന്ന നിമിഷങ്ങൾ. അവളിലൂടെ തനിക്ക് തൻറെ നഷ്ട്ടപ്പെട്ട യൗവ്വനം തിരിച്ചു കിട്ടുന്നതായി തോന്നിയിരുന്നു. ഏഴാമത്തെ പിറന്നാളാണിന്ന്. വിനയിൻറെ കാർ തുറന്ന് അവളോടി വരുമ്പോഴേക്കും അവൾക്കുള്ള സമ്മാനം വർണ്ണക്കടലാസിലാക്കണം. ദാസൻ പെട്ടെന്ന് തന്നെ താൻ തുന്നിയ പുത്തനുടുപ്പ് പൊതിഞ്ഞു- അതും അവളുടെ പ്രിയപ്പെട്ട മഞ്ഞ വർണ്ണക്കടലാസിൽ..
"അവരുടെ കാറിൻറെ ശബ്ദമാണല്ലോ...പോയി നോക്കട്ടെ"
ദാസൻ സമ്മാനവുമായി മുറിയിൽ നിന്നിറങ്ങി മുൻവശത്തേക്ക് നടന്നു. കഴിഞ്ഞ പിറന്നാളിന് കണ്ടതാണ്.അവളൊരുപാട് വലുതായിക്കാണുമോ? ഈ ഉടുപ്പ് അവൾക്ക് പാകമുണ്ടാകുമോ? ദാസൻറെ മനസ്സിൽ ചോദ്യങ്ങൾ കുന്നുകൂടി. ദാസൻ നടന്ന് വൃദ്ധസദനത്തിൻറെ മുൻവശത്തെത്തി . അവിടെ കാർ കാണാഞ്ഞപ്പോൾ അറ്റെൻഡറോട് ദാസൻ, "എൻറെ മകൻ വന്നായിരുന്നോ? ഇന്ന് വരുമെന്ന് പറഞ്ഞതാണല്ലോ... ഇനി വല്ല ട്രാഫിക്കോ മറ്റോ..എന്നും ലല്ലിയുടെ പിറന്നാളിന് കാലത്തു പത്തു മണിക്ക് തന്നെ വരുമെന്ന് പറഞ്ഞിട്ട് വിനയിനെ കാണുന്നില്ലല്ലോ..."
അറ്റൻഡർ : " ഇല്ലല്ലോ ദാസേട്ടാ...മുറിയിൽ വിശ്രമിച്ചോളൂ . അവർ വന്നാൽ ഞാൻ അറിയിക്കാം..."
ദാസൻ തൻറെ മുറിയിലേക്ക് നടന്നു..
അറ്റൻഡർ ( പുതിയ ജോലിക്കാരനോട് ) : "നാല് വര്ഷം മുൻപ് കൊണ്ടാക്കിപ്പോയതാ മകനും മരുമോളും. പാവം.. കൊച്ചുമോളുടെ എല്ലാ പിറന്നാളിനും അവരെ ചോദിക്കും.. മനുഷ്യരുടെ ഓരോ അവസ്ഥയേ ..."
ദാസൻ മുറിയിലെത്തി.നാലു വർഷത്തെ സമ്മാനപ്പൊതികളോടൊപ്പം ഇതും വച്ചു ... എല്ലാം മഞ്ഞക്കടലാസിൽ പൊതിഞ്ഞ സമ്മാനപ്പൊതികൾ.."ലാലിമോൾക്ക് മഞ്ഞയാണിഷ്ടം ..പിടിവാശിക്കാരിയാ ..."
