Madhavi Madhu

Drama Inspirational

4.4  

Madhavi Madhu

Drama Inspirational

കാലത്തിന്റെ കടന്നുകയറ്റം

കാലത്തിന്റെ കടന്നുകയറ്റം

3 mins
152


#FreeIndia


അനഘയുടെ കല്യാണം ഇന്നാണ്. തൊട്ടടുത്ത വീട്ടിലെ ശങ്കരേട്ടന്റെ മകൾ. സൗഗന്ധിക ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങ്. ഞാനും അമ്മയും അമ്മച്ചിയും അനിയനും പോയി. സദ്യ തീരാറായപ്പോഴാണ് ഞങ്ങൾ എത്തിയത്. 

അമ്മയ്ക്കു വലിയ നാണക്കേടായി. "ഒരു വീട്ടീന്നു നാല് പേരൊക്കെ സദ്യക്ക് മാത്രം പോകാന്ന് വച്ചാ!" അമ്മച്ചിക്കായിരുന്നു നിർബന്ധം. അത്ര അടുത്ത ആളുകളാണത്രെ.

ഇലയിൽ കറികളും നിറങ്ങളും ഓരോന്നായി നിറഞ്ഞു. വല്യമ്മച്ചി പറയുന്നത് ശരിയാണ്. വിളമ്പുന്നതിനു പോലും ഒരു ചന്തമുണ്ട്. അതും നോക്കിയിരിക്കുമ്പോഴാണ് ശങ്കരേട്ടൻ ഞങ്ങളുടെ അടുത്തെത്തിയത്. പന്തിയിലിരുന്ന ഓരോരുത്തരെയും നോക്കി ചിരിച്ചു കുശലം പറഞ്ഞു വരുകയായിരുന്നു.

"ഹാ, നേരത്തെ വന്നാരുന്നോ, എല്ലാരേം അങ്ങ് ശ്രെദ്ധിക്കാൻ പറ്റിയില്ല. നല്ല തിരക്കായിപ്പോയി. ചെറുക്കന്റെ വീട്ടുകാരെ ഒക്കെ നോക്കി അങ്ങനെ നിന്ന് പോയി."

"അതിനെന്താ ശങ്കരാ നമ്മടെ കൊച്ചിന്റെ കല്യാണം അല്ലെ? ഞങ്ങള് നേരത്തെ ഇങ്ങെത്തി," അമ്മച്ചി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"അല്ലാ... വല്യമ്മച്ചിക്കു ചോറ് വേണ്ടേ? എടാ മോനേ ജിഷ്ണു..." ശങ്കരേട്ടൻ വിളമ്പിക്കൊണ്ടുനിന്ന ഒരു പയ്യന്റെ അടുത്തേക്ക് തിടുക്കത്തിൽ പോയി. ഞങ്ങൾ കഴിച്ചു തീരാറായപ്പോഴേക്കും ജിഷ്ണു പൊതിയുംകൊണ്ടെത്തി.

"വേണ്ടാരുന്നു മോനേ... ഈ തെരക്കിന്റെ എടേല്," അമ്മച്ചി പറഞ്ഞു. ജിഷ്ണു ഒന്ന് ചിരിച്ചിട്ട് പെട്ടെന്ന് തന്നെ വേറെന്തിനോ ഓടിപ്പോയി.

അവിടുന്ന് എല്ലാവരെയും കണ്ട് ഫോട്ടോയും എടുത്തിറങ്ങിയപ്പോഴേക്കും മണി രണ്ടായി. 

"അമ്മച്ചി കഴിച്ചുകാണുവോടീ?" അമ്മച്ചി ചോദിച്ചു. 

"വല്യമ്മച്ചിയെ ജെസ്സിയെ ഏല്പിച്ചെക്കുവല്ലേ, അവൾ കൊടുത്തുകാണും." അമ്മ പറഞ്ഞു. പൊരിവെയിലത്തു പിന്നെയും അരമണിക്കൂർ ഓട്ടോ കാത്തു നിൽക്കേണ്ടി വന്നു.


വല്യമ്മച്ചിക്ക് 101 വയസുണ്ടെന്നാണ് അമ്മച്ചിയുടെ ഒരു കണക്ക്. അമ്മച്ചിയുടെ അമ്മയാണ് വല്യമ്മച്ചി. പപ്പയുടെ അമ്മയാണ് അമ്മച്ചി. കഴിഞ്ഞ കൊല്ലമാണ് അപ്പച്ചൻ മരിക്കുന്നതും അതോടെ ഞങ്ങൾ ചെന്നൈയിൽ നിന്ന് തിരിച്ചുവന്ന് ഇവിടെ താമസമാക്കിയതും. പപ്പയ്ക്ക് തിരിച്ചു വരാൻ പറ്റിയില്ല.


വീടെത്തിയപ്പോ വല്യമ്മച്ചി കൊടുത്തതൊന്നും കഴിക്കുന്നില്ലെന്ന് ജെസ്സിചേച്ചി പറഞ്ഞു. അവർ ഉടനെതന്നെ സ്ഥലം കാലിയാക്കുകയും ചെയ്തു.


അമ്മച്ചി പൊതിയുംകൊണ്ട് വല്യമ്മച്ചിയുടെ മുറിയിലേക്ക് ചെന്നു. "എന്താ ജെസ്സി തന്നപ്പോ ഒന്നും കഴിക്കാഞ്ഞേ. ദേ... ഇത് മാധവൻ നമ്പ്യാരുടെ മോന്റെ മോൾടെ കല്യാണച്ചോറാ, അമ്മച്ചിക്ക് പ്രേത്യേകം തന്നു വിട്ടു."

അമ്മ അടുക്കളയിൽ നിന്ന് വേഗം തന്നെ ഒരു പാത്രം കൊണ്ടുവന്നു ചോറും കറിയും അതിലേക്കാക്കി വല്യമ്മച്ചിയുടെ കയ്യിൽ കൊടുത്തു. ജെസ്സി നേരത്തേ വല്യമ്മച്ചിയെ കഴിക്കാൻ പാകത്തിന് എഴുന്നേല്പിച്ചിരുത്തിയിരുന്നു. വല്യമ്മച്ചിക്കു നടക്കാൻ പറ്റില്ല. ചെറുതായി ഓർമ്മക്കുറവും തുടങ്ങിയിട്ടുണ്ട്. ഈയിടയായി സംസാരവും കുറഞ്ഞുവരുന്നു.


വല്യമ്മച്ചീടെ മുഖം പെട്ടെന്നൊന്നു തെളിഞ്ഞു. മറിച്ചൊന്നും പറയാതെ തന്നെ കഴിക്കാൻ തുടങ്ങി.

"എന്താടി ജെസ്സി നേരത്തേ പോയേ?" വല്യമ്മച്ചി വിറങ്ങലിക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

"ഇന്ന് അവധിയല്ലേ അമ്മച്ചീ, സ്വാതന്ത്ര്യദിനമാണ്. പിന്നെ വെള്ളിയാഴ്ചയും. ജെസ്സി പിള്ളേരേം കൂട്ടി ഇന്നലെ തന്നെ അവൾടെ വീട്ടിൽ പോവാൻ ഇരുന്നതാ. അപ്പഴാ നമ്മള് വിളിച്ചേ." അമ്മച്ചി വല്യമ്മച്ചിയെ നോക്കി ഉറക്കെ പറഞ്ഞു.


വല്യമ്മച്ചി കുറച്ചുനേരം എന്തോ ആലോചിച്ചിരുന്നു. പിന്നെ പാത്രത്തിലേക്കു നോക്കികൊണ്ട് പറഞ്ഞു, "എന്റപ്പന്റെ കാലത്തൊക്കെ ഇവരെ കണ്ടാൽ മാറി നടക്കണമാർന്നു. അവരടെ ചോറുണ്ണുന്നത് വിചാരിക്കാൻ പോലും പറ്റില്ല. ക്രിസ്ത്യാനിയായിരുന്നെങ്കിലും താഴ്ന്നജാതിയല്ലേ..."


"എന്തായാലും നടന്നില്ലേ അമ്മച്ചീ, സ്വാതന്ത്ര്യം വന്നപ്പോ സമത്വവും വന്നു. അവരും മാറി. നമ്മളും മാറി," അമ്മ ഉത്സാഹത്തോടെ പറഞ്ഞു.


"എന്റെ കാലത്തും ഉണ്ടായിരുന്നു ക്ലാരെ, നമ്മടെ ആൾക്കാർക്ക് നമ്മടെ പള്ളിക്കൂടവും, അവർക്കു വേറെയും. ഞങ്ങൾടെ പഠിപ്പ് വേഗം കഴിയും. ആണുങ്ങള് കൊറച്ചു കൂടെ പഠിക്കും. അവരടെ ആൾക്കാർക്ക് അന്നും പണം ഉണ്ടാരുന്നു, അതുകൊണ്ട് പിന്നേം പഠിക്കും, നല്ല ജോലിക്കും പോകും," അമ്മച്ചി പറഞ്ഞു.


"ഞാനും അനഘചേച്ചിയും കുഞ്ഞിലേ ഇവിടെ ആയിരുന്നപ്പോ ഒരേ സ്കൂളിൽ അല്ലേ അമ്മച്ചീ പഠിച്ചേ... ഞങ്ങൾ തമ്മിൽ ഒരു വയസ്സിന്റെ വെത്യാസം അല്ലെ ഉള്ളു..

അതൊക്കെ എന്നേ മാറി", എനിക്ക് കേട്ട് നില്ക്കാൻ തോന്നിയില്ല.


"അത് പറഞ്ഞപ്പോഴാ, ഞാൻ ഇവിടെ കെട്ടി വന്ന കാലത്ത് ഇവിടെ കിണർ ഇല്ല. പൈപ്പിലെ വെള്ളം കൊള്ളില്ല. അവരുടെ വീട്ടിലെ കിണറിന്നായിരുന്നു തല നനക്കാൻ വെള്ളം കോരിയിരുന്നത്. പക്ഷേ സന്ധ്യക്ക്‌ വിളക്ക് വച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾ അവിടെ കേറാൻ പാടില്ലായിരുന്നു."


"ഇപ്പോഴോ?" അശ്വിൻ ചോദിച്ചു.


"ഇപ്പൊ നമ്മുക്ക് നമ്മുടെ കിണർ ഉണ്ട്. പിന്നെ ആ തലമുറ ഒക്കെ കടന്നുപോയി. എഎല്ലാവർക്കും അടുത്തിടപഴകാനും തുല്യരാവാനും കാലം ഇടം കൊടുക്കുമെന്നല്ലേ നമ്മൾ ഇപ്പൊ കേട്ടതെല്ലാം കൊണ്ട് മനസിലാക്കേണ്ടത്. ഇപ്പൊ ആ വീട്ടിൽ താമസിക്കുന്നവർ സ്നേഹത്തോടെയല്ലാതെ നമ്മളോട് ഒരിക്കലും പെരുമാറിയിട്ടില്ല. എന്താവശ്യത്തിനും ഏതുസമയത്തും നമുക്ക് ഓടിയെത്താൻ ആ കുടുംബം അവിടെയുണ്ട്. കാലത്തിനു കഴിയാതായിട്ട് ഒന്നുമില്ല മക്കളെ."

"ഈ കാലതാമസം കൂടെ ഇല്ലായിരുന്നെങ്കിൽ എത്ര നന്നായേനെ! ഒരു നൂറ്റാണ്ടു നീളുന്ന കഥയല്ലേ ഇത്," ഞാൻ പറഞ്ഞു. 

അമ്മയും അമ്മച്ചിയും വല്യമ്മച്ചിയും, വാതിലിനടുത്തുനിന്ന അശ്വിനും ഒരുപോലെ തലയാട്ടി.


അപ്പോഴാണ് എനിക്ക് അനന്യയുടെ ഫോൺ വന്നത്. സന്ധ്യക്ക് അവളുടെ ബർത്ഡേ പാർട്ടി. രാത്രി കൂട്ടുകാരികൾ എല്ലാവരും അവളുടെ വീട്ടിൽ തങ്ങാൻ പറയാൻ വിളിച്ചതാണ്. ഞാൻ അമ്മയോട് കാര്യം പറഞ്ഞു.

"പറ്റില്ല. പാർട്ടിക്ക് വേണമെങ്കിൽ പൊയ്ക്കോ. അശ്വിൻ കൊണ്ടാക്കും. 8 മണിക്ക് മുൻപ് വീട്ടിൽ തിരിച്ചെത്തണം. രാത്രി പെൺകുട്ടികൾ അങ്ങനെ വീടിനു പുറത്തു നിക്കണ്ട. അതൊന്നും ഈ കുടുംബത്തിൽ പാടില്ല."

"അപ്പൊ ഇന്നലെ അശ്വിൻ പോയതോ?"

"ഛീ.. എന്താടീ പറഞ്ഞെ," ക്ലാര ചീറിക്കൊണ്ടുവന്നു

ഇതുവരെ സ്വാതന്ത്ര്യവും സമത്വവും പറഞ്ഞ അമ്മ തന്നെ ആണോ ഇത് എന്നോർത്തു ഞാൻ അമ്മയെ ഒന്ന് നോക്കി.

അശ്വിൻ ഇതെല്ലാം കേട്ടുകൊണ്ട് കലിതുള്ളി നിൽക്കുന്ന അമ്മയെ നോക്കി പറഞ്ഞു, "കുറച്ചു കൂടെ നീ വെയിറ്റ് ചെയ്യേണ്ടി വരുമെന്നു തോനുന്നു അന്നേ, കാലം എല്ലാം റെഡി ആക്കാൻ."


Rate this content
Log in

Similar malayalam story from Drama