ഇതൾ
ഇതൾ
"നീ എന്തൊക്കെ പറഞ്ഞാലും ഞാൻ വരില്ല കാശി... "
ഇതളിന്റെ തീരുമാനം ഉറച്ചത് ആയിരുന്നു.
"നമ്മൾ വിവാഹം ചെയ്യില്ലേ പിന്നെ എന്താ..? "
കാശി സിഗററ്റ് ആഞ്ഞു വലിച്ചു കൊണ്ട് ചോദിച്ചു.
"വിവാഹം ചെയുമ്പോൾ അല്ലേ, അത് അപ്പോൾ ആലോചിക്കാം.. "
ഇതൾ അത് പറഞ്ഞ് എഴുന്നേറ്റ് പോകാൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു.
"അങ്ങനെ പോയാൽ ശരി ആവില്ലല്ലോ... രണ്ട് വർഷം ആയി നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. പിന്നെ നിനക്ക് വന്നാൽ എന്താ...? ഒറ്റ ദിവസം അല്ലേ ഞാൻ ചോദിക്കുന്നോള്ളൂ...? "
കാശി അവളുടെ കൈയിലെ പിടിത്തം ഒന്നുടെ മുറുക്കി കൊണ്ട് ചോദിച്ചു.
"ശരി ഞാൻ വരാം പക്ഷേ എന്നെ നീ ക്ഷണിച്ചത് പോലെ നിന്റെ അനിയത്തിയെ ആരെങ്കിലും ക്ഷണിച്ചാൽ നീ അവളെ അവനൊപ്പം യാത്ര ആക്കുമോ...? "
ഇതൾന്റെ ചോദ്യം കേട്ടതും അറിയാതെ കാശി അവളുടെ കൈയിലെ പിടിത്തം അയച്ചു. അവർക്ക് ഇടയിൽ അൽപനേരം മൗനം തളംകെട്ടി കിടന്നു.
" നീ എനിക്ക് ഒപ്പം വന്നില്ലെങ്കിൽ ഈ കാശിനാഥനെ നീ അങ്ങ് മറന്നേക്ക്... "
മൗനത്തെ കീറി മുറിച്ചു കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചു. അവളുടെ മിഴികൾ നിറഞ്ഞ് വന്നു.
കാശിയോട് തനിക്ക് ഉള്ളത് അടങ്ങാത്ത പ്രണയം ആണെന്ന് അവനും അറിയാം എന്നിട്ടും... ഇതൾ ഒരു നിമിഷം നിശബ്ദമായി എന്തോ ചിന്തിച്ചു.
"തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കും... നിനക്ക് എന്നോട് ആത്മാർത്ഥ പ്രണയം ആയിരുന്നെങ്കിൽ ഒരിക്കലും എനിക്ക് താല്പര
്യം ഇല്ലാത്ത കാര്യത്തിന് എന്നെ നീ നിർബന്ധിക്കില്ലായിരുന്നു.
എനിക്ക് നിന്നെ മറക്കാൻ ബുദ്ധിമുട്ട് ആയിരിക്കും പക്ഷേ ഇപ്പോഴേ ഭീഷണിയിലൂടെ കാര്യങ്ങൾ സാധിച്ചു എടുക്കുന്ന നിനക്ക് ഒപ്പം ജീവിക്കുക എന്നത് എനിക്ക് ചിന്തിക്കാൻ കൂടി പറ്റില്ല. അത്കൊണ്ട് ഈ ബന്ധം ഞാൻ തന്നെ വേണ്ട എന്ന് വെക്കുക ആണ്... "
അത്രയും പറഞ്ഞ് കൊണ്ട് ഇതൾ ആ കോഫീ ഷോപ്പിൽ നിന്നും ഇറങ്ങി പോയി... കാശി അവളെ ഒരുപാട് വിളിച്ചെങ്കിലും ഒന്ന് പിന്തിരിഞ്ഞു നോക്കാൻ പോലും അവൾ കൂട്ടാക്കിയില്ല.
ഓട്ടയിൽ കേറി വീട്ടിലേക്ക് ഉള്ള യാത്രക്ക് ഇടയിൽ അവൾ സങ്കടം കടിച്ചമർത്താൻ പാട് പെട്ടു. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത് നോക്കിയപ്പോൾ അവളുടെ കൂട്ടുകാരി ഗൗരി ആയിരുന്നു.
"ഡീ, നീ അറിഞ്ഞോ? കാശിക്ക് എതിരെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ഒരു പെണ്ണ് പരാതി കൊടുത്ത് അത്രേ. നീ പെട്ടെന്ന് ഹോസ്റ്റലിലേക്ക് വാ... "
ഗൗരി പറഞ്ഞത് കേട്ടപ്പോൾ ഇതൾന്റെ നെഞ്ച് പിടഞ്ഞു അവൾ മറുപടി ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. അപ്പോൾ അവളുടെ ഉള്ളിൽ അമ്മ പറഞ്ഞ കാര്യം ആണ് തെളിഞ്ഞു വന്നത്.
"നമുക്ക് ഒരു കാര്യം തെറ്റായി തോന്നിയാൽ അത് തെറ്റെന്ന് തന്നെ പറയുക, വേണ്ടാത്തതിനെ വേണ്ട എന്നും. മറ്റൊരാൾക്ക് വേണ്ടി നമുക്ക് ശരി അല്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നാൽ ഭാവിയിൽ അത് നമുക്ക് സമാധാനം നൽകില്ല... "
അവൾ ഫോൺ എടുത്ത് അമ്മയെ വിളിച്ചു ഒരു നന്ദി പറഞ്ഞു. തന്നെ നോ പറയേണ്ടിടത് പറയാൻ പഠിപ്പിച്ചതിന്.