RATHI P V

Drama Others

3.9  

RATHI P V

Drama Others

ചെമ്പി

ചെമ്പി

17 mins
431


ആളൊഴിഞ്ഞ നിരത്തിൽ മുട്ടിയുരുമ്മിയും ഓടിച്ചാടിയും അല്ലറചില്ലറ കുസൃതികൾ കാട്ടിയും നടക്കുന്നതിനിടെ തങ്ങളുടെ പിറകിൽ വന്ന ആപത്ത് മണത്തറിയാൻ ചെമ്പനും ചെമ്പിക്കും പറ്റിയില്ല. തങ്ങളുടെ പിറകെ വന്ന പട്ടിപിടുത്തക്കാരുടെ കൈയിൽ നിന്നും ചെമ്പിയെയും അവളുടെ വയറ്റിലുള്ള തന്റെ കുഞ്ഞുങ്ങളെയും രക്ഷിക്കൻ വേണ്ടി ചെമ്പൻ തന്റെ ഓട്ടത്തിന്റെ വേഗത ഒന്നു കുറച്ചു.


നിറവയറുമായി തിരിഞ്ഞു നോക്കി, ചെമ്പനെ വിളിച്ചു കരഞ്ഞ് കൊണ്ട് ഓടുകയാണ് ചെമ്പി. തിരിഞ്ഞു നോക്കാതെ ഓടി രക്ഷപ്പെടാൻ ചെമ്പൻ വിളിച്ചു പറയുന്നുമുണ്ട്. ചെമ്പി തന്റെ നിറവയറും താങ്ങി ഓടിക്കൊണ്ടിരുന്നു. ഈ ജീവൻ മരണ പോരാട്ടത്തിനിടയിലും സ്വവർഗ്ഗക്കാരോട് അപായ സൂചന നൽകാൻ ചെമ്പി മറന്നില്ല...


തന്റെ ഓട്ടത്തിന്റെ വേഗത കുറയുന്നത് ചെമ്പി പേടിയോടെ മനസ്സിലാക്കി... തൊട്ടുപിറകിൽ പട്ടിപ്പിടുത്തക്കാർ... കൂട്ടയോട്ടം പോലെ അവളുടെ പിന്നിലും മുന്നിലുമായി കുറെ പട്ടികളും. പെട്ടെന്നാണ് ഇടതുവശത്തെ തുറന്നിട്ട ഗേറ്റ് അവൾ കണ്ടത്. തുറന്നിട്ട ഗേറ്റിലൂടെ മതിലിന്റെ അങ്ങേയറ്റത്തായി കണ്ട പച്ചപ്പിലേക്ക്, ഒരു പക്ഷേ താൻ പിടിക്കപ്പെടാം എന്നറിഞ്ഞു കൊണ്ട് തന്നെ അവൾ ഓടി. അവിടെ ഒരു വാഴയുടെ ഒടിഞ്ഞു തൂങ്ങിയ ഉണങ്ങിയ ഇലയുടെ മറവിൽ നിന്ന്, ഒന്ന് തിരിഞ്ഞു നോക്കി. ഇല്ല, ആരും കണ്ടില്ല.


അവൾ അവിടെ നിന്ന് കിതച്ചു. രാവിലെ വാഴത്തടത്തിൽ വെള്ളമൊഴിച്ചതിന്റെ നേരിയ ഒരു നനവ് മണ്ണിലുണ്ടായിരുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് ആ തണുപ്പിൽ അവൾ മെല്ലെ തല ചായ്ച്ചു. നിറവയറിൽ നിന്ന് തന്റെ കുഞ്ഞുങ്ങളുടെ അസ്വസ്ഥതകൾ അവൾ അറിയുന്നുണ്ടായിരുന്നു. ക്ഷീണം കൊണ്ട് കിടന്ന കിടപ്പിൽ അവളൊന്നു മയങ്ങി. 


നീട്ടിയടിക്കുന്ന മണിയുടെയും തുടർന്നുള്ള കുട്ടികളുടെ ആരവവുമാണ് ചെമ്പിയെ മയക്കത്തിൽ നിന്നുണർത്തിയത്.


ചെമ്പി തന്റെ ചുറ്റുപാടുകളിലൂടെ ഒന്ന് കണ്ണോടിച്ചു. താനെത്തിപ്പെട്ടിരിക്കുന്നതൊരു സ്കൂളാണെന്ന് അവൾ അനുമാനിച്ചു.

ചെമ്പിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. വിശപ്പിനിടയിലും തന്റെ ചെമ്പന്റെ അവസ്ഥയോർത്ത് അവളൊന്ന് തേങ്ങി...

തന്റെയരികിലേക്ക് ആരോ വരുന്നതായി ചെമ്പിക്ക് തോന്നി... അവൾ കിടന്നിടത്തു നിന്ന് മെല്ലെ തലയൊന്നു ചെരിച്ചു നോക്കി. എഴുന്നേൽക്കണം എന്നുണ്ടായിരുന്നുവെങ്കിലും അവൾക്ക് വയ്യായിരുന്നു... പിൻകാലുകൾ ചുരുട്ടി വച്ച്, മുൻകാലുകൾ നീട്ടി അതിന്റെ മേൽ തല അല്പമൊന്ന് ചെരിച്ചു വച്ച് അവൾ അവിടെത്തന്നെ കിടന്നു.


പത്തോ പന്ത്രണ്ടോ വയസ് പ്രായം തോന്നിക്കുന്ന, നീലയും വെള്ളയും യൂണിഫോമിട്ട ഒരു കുട്ടി... തന്റെ ചോറ്റുപാത്രത്തിലെ ചോറ് ഒരു ഇലയിൽ ചെമ്പിയുടെ മുന്നിലേക്ക് വച്ച് അവളെത്തന്നെ നോക്കി നിൽക്കുന്നു. തനിക്ക് വേണ്ടപ്പെട്ടവരാരോ തന്റെ അടുക്കലേക്ക് വന്നത് പോലെ ഒരുണർവ്വ് ചെമ്പിക്ക് അനുഭവപ്പെട്ടു. അവൾ പതുക്കെ എണീറ്റു. ആ കുട്ടിയുടെ അടുത്തേക്ക് നടന്നു.


തന്റെ ഘ്രാണശക്തിയിൽ അവൾ അവനെ തിരിച്ചറിഞ്ഞിരിക്കുന്നു ... ജിത്തു... !!!! ഇത് തന്റെ ജിത്തുവാണെന്ന് ചെമ്പിക്ക് മനസ്സിലായി... നന്ദിസൂചകമായി, സ്നേഹ സൂചകമായി സന്തോഷത്തോടെ അവൾ വാലാട്ടി. അവനെ വലം വച്ച് ഒന്ന് കെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു ചെമ്പി ക്ക്. എന്നാൽ മണിയടി കേട്ടതും ജിത്തു ക്ലാസിലേക്കോടി... ചെമ്പി ഭക്ഷണം കഴിച്ചുകൊണ്ട് ജിത്തു പോകുന്നതും നോക്കിയിരുന്നു.


പെട്ടെന്നാണ് ഒരു തടിയൻ സാർ ബെല്ലടിച്ചിട്ടും ക്ലാസിൽ കയറാത്തതിന് തന്റെ കൈയ്യിലുള്ള ചൂരൽ കൊണ്ട് കുട്ടികളെ അടിക്കുന്നത് ചെമ്പിയുടെ കണ്ണിൽപ്പെട്ടത്. കറുത്ത് തടിച്ച ആ രൂപത്തിന് ഒരലങ്കാരമെന്നോണം ഒരടിയോളം മുന്നോട്ട് തള്ളി നിൽക്കുന്ന കുടവയർ, കൊമ്പൻ മീശ, ഇറുങ്ങിയ കണ്ണുകൾ… ആകെക്കൂടിയൊരു ഭീകര രൂപം തന്നെ...!!


അടികൊണ്ട് പുളഞ്ഞ കുട്ടികൾ അടി കിട്ടിയിടം കൈ കൊണ്ടമർത്തി ക്ലാസിലേക്കോടി. ചെമ്പി പതിയെ മയക്കത്തിലേക്കും. പാതിമയക്കത്തിൽ ചെമ്പി തന്റെ പഴയ കാല ഓർമ്മകളിലേക്ക് ചേക്കേറി.


ജനിച്ചിട്ട് ആഴ്ചകൾ പ്രായമായപ്പോഴാണ് ആരോ തന്നെ അമ്മയിൽ നിന്നും അകറ്റിയത്. പക്ഷേ എത്തിപ്പെട്ടിടത്തെ പരിചരണത്തിൽ തന്റെ ജീവൻ ഇന്നും നിലനിൽക്കുന്നു. എന്നെ അവർ മലഞ്ചെരിവിലുള്ള ഒരു ഹൈവേ റോഡിൽ കൊണ്ടിട്ടത് വല്ല പാണ്ടി ലോറിയും തട്ടിച്ചാവട്ടെ എന്നു കരുതിയാവാം. പാഞ്ഞുവരുന്ന ജീപ്പിനടിയിൽപ്പെടാൻ പോയപ്പോൾ, ജീപ്പ് വെട്ടിച്ച് ജീവൻ രക്ഷിച്ച ജീപ്പ് ഡ്രൈവർ, കുഞ്ഞായിരുന്ന എന്നെയെടുത്ത് ജിത്തുവിന്റ വീട്ടിന്റെ മുറ്റത്താക്കിയിട്ട് പോയി.വീട്ടുമുറ്റത്ത് നിന്ന് തന്റെ ദയനീയ ശബ്ദം കേട്ട ജിത്തുവും കുടുംബവും ഒരു കുഞ്ഞിനെയെന്ന പോലെ തന്നെ പരിപാലിച്ചു; ഒരു വീട്ടംഗമായിത്തന്നെ കണ്ടു. സ്വർഗം തന്നെയായിരുന്നു അവിടം.


ജിത്തുവിന്റെ കൂടെ സ്കൂൾ ഗേറ്റ് വരെ ഞാനും പോകുമായിരുന്നു. വീടിനു മുന്നിൽ ഹൈവേ റോഡാണ്. ഹൈവേയിലെത്തിയാൽ എനിക്ക് പേടിയായിരുന്നു... ജിത്തുവിന്റെയും അനിയത്തിയുടെയും നടുവിലായാണ് പിന്നെ എന്റെ നടത്തം. വീടിന്റെ മുന്നിൽ വച്ചു തന്നെ റോഡ് ക്രോസ് ചെയ്ത് ആ ഓരം പറ്റി പോയാൽ ആദ്യം കാണുന്നത് ജിഷേച്ചിയുടെ തയ്യൽക്കട . അതു കഴിഞ്ഞ് കുറച്ചുകൂടെ മുന്നോട്ട് പോയാൽ ബസ്‌ സ്റ്റോപ്പ് ആയി. അവിടെ ഒരു അപ്പാപ്പൻ ഇരിക്കുന്നുണ്ടാവും, ജിത്തുവിന്റെ വരവും കാത്ത്. കണ്ണിൽ നിന്നും മറയുന്നതുവരെ അദ്ദേഹം, ഏട്ടനും അനിയത്തിയും സ്കൂളിൽ പോകുന്നത് നോക്കിയിരിക്കും.


വെളുത്ത മുണ്ടും ഷർട്ടും ആണ് വേഷം. പിന്നെ നെറ്റിയിലൊരു ഭസ്മക്കുറിയും. എന്നും കാണുന്നതിനാൽ ആ അപ്പാപ്പനോട് ഒരു റ്റാറ്റാ പറഞ്ഞിട്ടാണ് അവർ പോകുന്നത്. അവർ റ്റാറ്റാ പറയുമ്പോൾ ഞാനും ഒന്ന് വാലാട്ടും. വൈകുന്നേരം തിരിച്ചു വരുമ്പഴും അപ്പാപ്പൻ അവിടെയിരിക്കുന്നുണ്ടാവും. ജിത്തു മോൻ സ്കൂളിൽ പോകാത്ത ദിവസം അമ്മയാണ് പൊന്നിയെ സ്കൂളിൽ കൊണ്ടു വിടുന്നത്. ആ ദിവസങ്ങളിൽ അദ്ദേഹം വളരെ അസ്വസ്ഥനായി കാണപ്പെട്ടു…


പിന്നീടെപ്പൊഴോ ആണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അമേരിക്കയിലാണെന്നറിഞ്ഞത്. തമിഴ്നാട്ടുകാരനായ അദ്ദേഹം ജിത്തുവിന്റെ വീടിനടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ വകയായിട്ടുള്ള വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. ജിത്തുവിനെ കാണുമ്പോൾ അദ്ദേഹത്തിന്റെ മകനെപ്പോലെ തോന്നുമായിരുന്നുവത്രേ അദ്ദേഹത്തിന്.അതറിഞ്ഞതിനു ശേഷം ജിത്തുവും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് നൽകിയിരുന്നു. ജിത്തുവിന്റെ പിറന്നാൾ ദിനത്തിൽ നൽകിയ മിഠായി, ഈറനണിഞ്ഞ കണ്ണുകളോടെ വാങ്ങിയതും, ഓരോ മിഠായി ഞങ്ങൾ മൂന്നുപേർക്കും വായിലിട്ടു തന്നതും ഇന്നലെയെന്ന പോലെ ഓർമ്മ വരുന്നു!


ബസ് സ്റ്റോപ്പ് കഴിഞ്ഞാൽ ജോസേട്ടന്റെ കടയാണ്. അവിടുന്ന് പത്തിരുപത് മീറ്റർ കഴിഞ്ഞാൽ സ്കൂളായി. ഉച്ചയൂണിന് മണിയടിച്ചാൽ ജിത്തു ഓടിവരും. സ്കൂൾ വരാന്തയിൽ കാത്തിരിക്കുന്ന എനിക്ക് അവന്റെ പാതിച്ചോറ് തരും. ഊണ് കഴിഞ്ഞ് കുറച്ച് നേരം ഓടിക്കളിച്ച് അവൻ ക്ലാസിലേക്ക് പോകും. സ്കൂൾ വിടുന്നതുവരെ ഞാൻ ഗേറ്റിനടുത്തുള്ള മരത്തണലിൽ കിടന്നുറങ്ങും.


സ്കൂൾ വിട്ട് നേരെ ജിഷേച്ചിയുടെ കടയിലേക്കാണ് പോവുക... ജിത്തുവിന്റെ അമ്മ, വീടിന്റെ താക്കോൽ അവിടെ ഏൽപ്പിച്ചിട്ടാണ് ജോലിക്ക് പോകുന്നത്.റോഡ് മുറിച്ചുകടക്കുന്നതിനു മുൻപ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തി അനിയത്തിയുടെ കയ്യും പിടിച്ച് ജിത്തു നടക്കും. കൂടെത്തന്നെ ഞാനും.

വൈകുന്നേരങ്ങളിൽ ഞങ്ങൾ മൂന്നു പേരും മുറ്റത്ത് ഓടിച്ചാടി കളിക്കും. പന്ത് കളിയും ക്രിക്കറ്റ് കളിയും ഒക്കെ ഒരു ഹരമായിരുന്നു അന്ന്. ജിത്തുവിന്റെ അമ്മ വരുന്നതു വരെ കളിയാണ്. അമ്മ വന്ന് കഴിഞ്ഞാൽ പിന്നെ വീടിന്റെ പിറകിലുള്ള പുഴയിലേക്ക് പോകും. ആദ്യമൊക്കെ വെള്ളത്തിലിറങ്ങാൻ എനിക്ക് പേടിയായിരുന്നു. 


ഒരു മലയോര മേഖലയായിരുന്നു അവിടം. നിബിഢവനങ്ങളും നിരവധി അരുവികളും പുഴകളും,ചെറു വെള്ളച്ചാട്ടങ്ങളും കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശം. കുന്നിൻ ചരുവിലായൊരു വീട്. വീടിനു മുൻവശത്തു കൂടിയാണ് ഹൈവേ റോഡ് പോകുന്നത്... വീടിന്റെ പിറകിലായി വിശാലമായ തോട്ടം. തോട്ടത്തിൽ തെങ്ങും കവുങ്ങും മാത്രമല്ല, മാവ്, പ്ലാവ് ജാതിമരം തേക്ക്, പുളി, കുടമ്പുളി, അമ്പഴം എന്നു വേണ്ട ഒട്ടുമിക്ക വൃക്ഷങ്ങളും ആ സ്ഥലത്തിന്റെ ഉടമയായ തോമസ് സാറിന്റെ കരവിരുതിൽ വിരിഞ്ഞിരുന്നു. ജിത്തുവിന്റെ വാടക വീടാണ് അതെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ആ സ്ഥലത്തിനതിരുതിരിക്കുന്നത് ഒരു കൊച്ചരുവിയാണ്. മലയുടെ മുകളിൽ നിന്ന് ഉൽഭവിച്ച് പാറക്കെട്ടുകളിൽ തട്ടിത്തെറിച്ചു വരുന്ന ആ കൊച്ചരുവി കാണാൻ വളരെ മനോഹരമാണ്.


സമീപ പ്രദേശങ്ങളിലെ വീടുകളിലെവിടെയും കിണറുകൾ ഇല്ല. മലയുടെ മുകളിൽ പോയി അവിടെ ഉറവയിൽ ഒരിഞ്ചിന്റെ പൈപ്പ് ഇടും. കിലോമീറ്ററുകളോളം നീളമുള്ള പൈപ്പുകൾ വേണ്ടി വരും വീടുകളിലേക്ക് വെള്ളമെത്താൻ.

മഴക്കാലമായാലാണ് ബുദ്ധിമുട്ട് കൂടുതൽ. ശക്തമായ ഒഴുക്കുള്ളപ്പോൾ ഉറവയിൽ നിന്നും പൈപ്പ് തെന്നിമാറും. കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് പോയി വേണം അത് ശരിയാക്കാൻ. ജിത്തുവിന്റെ കൂടെ ഒന്ന് രണ്ട് തവണ വെള്ളം തിരിക്കാൻ പോയതൊക്കെ പാതിമയക്കത്തിലും ചെമ്പി ഓർത്തെടുത്തു. ഉരുണ്ട പാറക്കെട്ടുകൾക്കിടയിലൂടെ ഒരു സാഹസിക യാത്ര തന്നെ. ഇരുവശത്തും പടർന്ന് പന്തലിച്ചു നിൽക്കുന്നമുളങ്കാട്... എന്തൊരു തണുപ്പാണ് അതിലൂടെ പോകാൻ. 

തന്റെ സന്തോഷം തകിടം മറിയാൻ അധിക നാൾ വേണ്ടി വന്നില്ല. ആ അധ്യയനവർഷം കഴിയുന്നതിന് മുന്നേ ജിത്തുവിന്റെ അച്ഛന് സ്ഥലം മാറ്റം വന്നു.


യുദ്ധകാലാടിസ്ഥാനത്തിലുള്ള വീടുമാറ്റവും സ്കൂൾ മാറ്റവും... തകർന്നു പോയത് ഞാനായിരുന്നു. ഒറ്റപ്പെടലിൽ നിന്നും ഒഴിവാക്കാനായ് അവർ എന്നെ തെരുവ് നായ്ക്കൾ ഏറെയുള്ള ഒരു കലുങ്കിനടുത്ത് കൊണ്ടു വിട്ട് മടങ്ങിയതും, കുറേ ദൂരം പിറകെത്തന്നെ ഞാൻ ഓടിയതും ഒരു കണ്ണീരോർമ്മയായ് ഇന്നും നെഞ്ചിൽ കൂടുകൂട്ടിയിരിക്കുന്നു. അതിനു ശേഷം ഇന്നാണ് ജിത്തുവിനെ കാണുന്നത്.


എന്നും ജിത്തു രാവിലെ ബിസ്കറ്റും ഉച്ചക്ക് ചോറും കൊണ്ട് ചെമ്പിയുടെ അടുത്തെത്തും. താൻ ചെമ്പിയാണെന്ന് ഏത് ഭാഷയിൽ അവനെയറിയിക്കുമെന്നറിയാതെ ചെമ്പി വിഷമിച്ചു.ചെമ്പിയുടെ ക്ഷീണം കണ്ടിട്ടാണോ എന്തോ ജിത്തു അടുത്ത ദിവസം രണ്ടു ചാക്കുമായിട്ടാണ് വന്നത്. ചെമ്പി കിടക്കുന്നിടത്ത് ചാക്ക് വിരിച്ച് താൻ കൊണ്ടുവന്ന ചോറും കൊടുത്ത് ജിത്തു ക്ലാസിലേക്ക് പോയി.ദിവസേനെ ക്ഷീണമേറിവരികയാണ് ചെമ്പി ക്ക്. ചെമ്പി അൽപം ഭക്ഷണം കഴിച്ച് ജിത്തു വിരിച്ച ചാക്കിൽ പോയി കിടന്ന്, നന്ദിപൂർവ്വം അവനെ തല ചെരിച്ചൊന്നു നോക്കി. മണിയടിച്ച ഒച്ച കേട്ടതും അവൻ ക്ലാസിലേക്കോടി. പെട്ടെന്ന് അതാ മുന്നിൽ പി.ടി.സർ...കുട്ടികളുടെ പേടിസ്വപ്നം.സാറിന്‍റെ കൈയ്യിലെ ചൂരലിന്റെ രുചി അറിയാത്തവർ ചുരുക്കമാണ്. ചെമ്പി നിത്യേനെ കാണുന്നതാണ് ഈ അടി മഹാമഹം.


ജിത്തു, സാറിന്റെ മുന്നിൽ സഡൻ ബ്രേക്ക് ഇട്ടു നിന്നു. രണ്ടു കയ്യും പിറകിൽ കെട്ടി തന്റെ കുംഭ മുന്നോട്ടൊന്ന് തളളിയുള്ള ആ നിൽപ് കണ്ടപ്പോൾ ജിത്തു പേടി കൊണ്ട് വിറച്ചു. അതിലേറെ വിഷമം ചെമ്പിക്കായിരുന്നു. താൻ കാരണം ജിത്തുവിന് പി.ടി. സാറിന്റെ അടികിട്ടുമല്ലോ എന്നോർത്ത്.


മാഷിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ ജിത്തുവിന് താൻ പിടിക്കപ്പെട്ടു എന്നുതോന്നി. അവൻ തല കുനിച്ച് മാഷിന്റെ മുന്നിൽ നിന്നു. ഓഫീസ് റൂമിൽ വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് നിർദ്ദേശം കൊടുത്ത് മാഷ് തിരിഞ്ഞു നടന്നു. മാഷിന്റെ കയ്യിൽ അപ്പോൾ ചൂരൽ ഉണ്ടായിരുന്നില്ല.അതായിരിക്കാം ഓഫീസിലേക്ക് വിളിപ്പിച്ചത്...കിട്ടാൻ പോകുന്ന അടിയുടെ രുചി മനസ്സിൽ കണ്ടുകൊണ്ട്, തന്റെ കൈ ചൂരൽ പ്രഹരമേൽക്കാൻ പാകപ്പെടുത്താനെന്നവണ്ണം വലം കൈ ഒന്നു നോക്കി, കൈയ്യുടെ ഉൾഭാഗം തന്റെ ട്രൗസറില്‍‌ നന്നായി ഉരച്ചു. അനന്തരം ഓഫീസ് റൂമിന്റെ മുന്നിൽ ഒരു നിമിഷം ശങ്കിച്ചു നിന്നു. അവൻ ഓഫീസ് റൂമിലേക്ക് ഒന്നെത്തിനോക്കി... എല്ലാ ടീച്ചർമാറും അവിടെ ഉണ്ട്...എല്ലാവരും ജിത്തുവിനെ അടിക്കുന്നത് കാണാൻ നില്കുന്നത് പോലെ !! ചെമ്പി വേദനയോടെ ആ രംഗങ്ങൾ നോക്കിക്കണ്ടു.


അവൻ മടിച്ചുമടിച്ച് ഓഫീസിലേക്ക് കയറി.ഹെഡ് മാസ്റ്റർ വരുന്നതുവരെ അവിടെ ഇരിക്കാൻ പി. ടി. സർ ഗൗരവത്തോടെ അവനോട് പറഞ്ഞു. ഹെഡ് മാസ്റ്ററുടെ അടുത്തെത്താൻ മാത്രം എന്ത് തെറ്റാണ് ജിത്തു ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും ചെമ്പിക്ക് പിടികിട്ടിയില്ല!


ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഹെഡ്മാസ്റ്റർ വന്നു. പേടിച്ചിരിക്കുന്ന ജിത്തുവിനെ നോക്കി ഒന്ന് മൂളി. അവൻ തലകുനിച്ച് എഴുന്നേറ്റു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.


പി. ടി. സാർ ജിത്തുവിനെ ഹെഡ് മാസ്റ്ററുടെ മുന്നിലേക്ക് നിർത്തി. ഹെഡ്മാസ്റ്റർ സംശയത്തോടെ പുരികങ്ങൾ ചുളിച്ചു കൊണ്ട് പി.ടി. സാറിനെ നോക്കി.


"സർ, ജിത്തുവിനേ അഭിനന്ദിക്കാൻ ആണ്‌ വിളിച്ചത് .ഈ സ്കൂളിൽ ആരും ചെയ്യാത്ത ഒരു പ്രവൃത്തിയാണ് ജിത്തു ചെയ്തത്. കുറച്ചു ദിവസമായി ഞാൻ ജിത്തുവിനെ ശ്രദ്ധിക്കുന്നു. പട്ടി പിടുത്തക്കാരിൽ നിന്നും രക്ഷപ്പെട്ടു വന്ന ഗർഭിണിയായ ഒരു പട്ടിക്ക് ജിത്തു താങ്ങും തണലുമായി.തന്റെ ഭക്ഷണം പകുത്ത് നൽകി അവൻ അതിനോട് കരുണ കാണിക്കുന്നു. നമ്മുടെ സ്കൂളിന്റെ അഭിമാനമാണിവൻ."


അപ്പോഴാണ് ജിത്തുവിന്റെ ശ്വാസം ഒന്ന് നേരെ വീണത്... ചെമ്പിയുടെയും! ഹെഡ് മാസ്റ്ററും അവിടെ കൂടിയിരിക്കുന്ന അധ്യാപികാധ്യാപകന്മാരും അവനെ ചേർത്തുപിടിച്ച് അനുമോദിച്ചു. ചെമ്പിക്ക് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്.


ഒരു മല പോലെ വന്നത് എലിപോലെ പോയ സന്തോഷത്തോടെ ചെമ്പി വാഴയുടെ തണുപ്പിൽ തല ചായ്ച്ചു. ചെമ്പി തന്റെ മക്കൾ പുറത്ത് വരുന്ന ദിവസവും കാത്തിരിപ്പാണ്. അറുപത്തി നാല് മുതൽ എഴുപത്തിരണ്ട് ദിവസങ്ങളാണ് പട്ടിയുടെ ഗർഭകാലം എന്ന് ചെമ്പി മനസ്സിലാക്കിയിരുന്നു. അവൾക്കാണെങ്കിൽ അന്ന് നല്ല ക്ഷീണവും ഉണ്ടായിരുന്നു.


അവളുടെ മനസ്സ് ചെമ്പനെ കാണാൻ വെമ്പൽ കൊണ്ടു. തന്റെ വയറ്റിൽ വളരുന്ന കുട്ടികളെ ചെമ്പൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു! അവരെക്കുറിച്ച് രണ്ടുപേരും എത്രമാത്രം സ്വപ്നങ്ങൾ കണ്ടിരിക്കുന്നു! ക്ഷീണം കൊണ്ട് അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞടഞ്ഞ് പോകുന്നുണ്ടായിരുന്നു.


ചെമ്പി മെല്ലെ എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ നടന്നു. അവളുടെ കാലുകൾ അവളെക്കൊണ്ടെത്തിച്ചത് ജിത്തുവിന്റെ വീട്ടിനു മുന്നിലായിരുന്നു. അവൾ പതുക്കെ ജിത്തുവിനെ വിളിച്ചു. പട്ടി കുരക്കുന്ന ശബ്ദം കേട്ടാണ് ജിത്തു ജാലകം തുറന്നത്. ജിത്തു ശബ്ദം കേട്ടിടത്തേക്ക് സൂക്ഷിച്ചു നോക്കി. മുറ്റത്തെ നന്ത്യാർവട്ടത്തിന്റെ താഴെയായി തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ട് ജിത്തുവിന് ശ്വാസം പോലും കഴിക്കാൻ പറ്റാതായി. 


തിളങ്ങുന്ന ഗോളങ്ങൾ ഒന്നനങ്ങിയോ ? ജിത്തു സൂക്ഷിച്ചു നോക്കി. അത് ഒരു പട്ടിയായിരുന്നു. അതേ ... സ്കൂളിൽ കണ്ട പട്ടിയായിരുന്നു അത്. ജിത്തു പുറത്തെ ലൈറ്റ് ഓൺ ചെയ്തു. പട്ടി ചെടികളുടെ ഇടയിൽ നിന്ന് അല്പം മുന്നോട്ട് വന്നു നിന്നു. അതിന്റെ നോട്ടം വളരെ ദയനീയമായിരുന്നു. ജിത്തുവിന് സങ്കടം തോന്നി. അതിന് വിശക്കുന്നുണ്ടാവുമെന്ന് അവൻ ഊഹിച്ചു. ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ ചെന്ന് ഒരു പാത്രത്തിൽ അല്പം ചോറും മീൻ കറിയും എടുത്ത് അവൻ പുറത്തേക്കിറങ്ങി. 

ചെമ്പി അവനെ നോക്കി നിന്നു. ഒരു പാടൊരുപാട് സങ്കടങ്ങൾ അവൾക്ക് പറയാനുണ്ടായിരുന്നു. ഞാൻ ചെമ്പിയാണെന്ന് അവൾക്ക് അവനെ പറഞ്ഞു മനസിലാക്കിക്കണം എന്നുണ്ടായിരുന്നു. പക്ഷേ ... എങ്ങനെ ?


ഒരു ഗദ്ഗദത്തിൽ അവളുടെ സങ്കടങ്ങൾ അവൾ, അവളിൽത്തന്നെയൊതുക്കി...മുറ്റത്തിന്റെ അതിരു തിരിക്കുന്ന സിമന്റ് തിണ്ടിൻമേൽ ജിത്തു ഇട്ടു കൊടുത്ത ചോറ് ചെമ്പിക്ക് കഴിക്കാനേ പറ്റിയില്ല. എന്തിനെന്നറിയാതെ ചെമ്പിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...


ജിത്തു ഇറയത്ത് നിന്നും മുറ്റത്തേക്കിറങ്ങുന്ന പടിമേൽ ഇരിക്കുകയായിരുന്നു. ചെമ്പി വാലാട്ടിക്കൊണ്ട് അവന്റെ കാൽക്കീഴിൽ കിടന്നു. ഇടക്കിടെ തലയുയർത്തി അവനെ നോക്കിക്കൊണ്ടിരുന്നു.ജിത്തു അകത്ത് പോയി ഒരു പഴയ സാരി എടുത്തുകൊണ്ട് വന്നു. അതിനെ നാലായി മടക്കി ഇറയത്ത് വിരിച്ചു കൊടുത്തു. 


"ചെമ്പി.. വാ ഇവിടെ കിടന്നോ."


ചെമ്പിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തന്നെ ജിത്തുവിനു മനസ്സിലായി... അവൾ പതുക്കെ എഴുന്നേറ്റ് ജിത്തു വിരിച്ച സാരിയിൽ കിടന്നു. ചെമ്പി കിടന്നതു കണ്ടപ്പോൾ,ജിത്തു അകത്ത് കയറി വാതിൽ അടച്ച് ലൈറ്റ് ഓഫ് ചെയ്തു. കട്ടപിടിച്ച ഇരുട്ടിനോടൊപ്പം അനാധത്വവും ഏകാന്തതയും ചെമ്പിയെ വിഴുങ്ങി. ഒരു നിമിഷം ചെമ്പി അങ്ങനെ കിടന്നു. ജിത്തു പോയപ്പോൾ അവൾക്ക് എന്തോ ഒരു അസ്വസ്ഥത.ഏകാന്തതയും ഭയവും ഇരുട്ടിന്റെ രൂപത്തിൽ അവളെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ ചെമ്പി മെല്ലെ എഴുന്നേറ്റ് അടച്ചിട്ട വാതിലിൽ മുട്ടി. ജിത്തു വീണ്ടും വാതിൽ തുറന്ന് പുറത്തിറങ്ങി,

ചെമ്പിയുടെ അടുത്തിരുന്നു...


ജിത്തു മെല്ലെ ചെമ്പിയുടെ പുറത്ത് തലോടി. ജിത്തുവിന്റെ തലോടലിൽ അവൾ ആ സ്നേഹവും കരുതലും അറിഞ്ഞു. പെട്ടെന്ന് തന്റെ വയറ്റിൽ ഒരു അഗ്നി പർവത സ്ഫോടനം നടക്കുന്നതു പോലെ ചെമ്പിക്ക് തോന്നി. വേദന കൊണ്ട് അവൾ പുളഞ്ഞു. ലോകം കീഴ്മേൽ മറിയുന്നതായി ചെമ്പിക്ക് തോന്നി. തടവിക്കൊടുക്കുമ്പോൾ ചെമ്പി അവന്റെ കാലിനടുത്തായി കിടന്നു. വേദനയുടെ തീവ്രതയിൽ കാലുകൾ നിലത്തുരച്ചു. തലനിലത്ത് മുട്ടിച്ച് മെല്ലെ ചെരിഞ്ഞു കിടന്നു. പിന്നെ മുൻകാലുകൾ മുകളിലേക്കാക്കി ഒന്നുരുണ്ടു. നാലുകാലുകളും മുകളിലേക്കാക്കി അവൾ പിടച്ചു കൊണ്ടിരുന്നു. വീണ്ടും അവൾ കമിഴ്ന്നു കിടന്നു. അവൾ വല്ലാതെ കിതക്കുന്നുമുണ്ട്.


താൻ മരിക്കാൻ പോവുകയാണെന്നവൾക്കു തോന്നി. ജിത്തു ഒരു പാത്രത്തിൽ കുറച്ച് വെള്ളം കൊണ്ടുവന്ന് ചെമ്പിയുടെ മുന്നിൽ വച്ചു. ചെമ്പി അതൊന്നു മണത്തു പോലും നോക്കിയില്ല. അത്രമാത്രം അവശയായിരുന്നു അവൾ.

ജിത്തു ചെമ്പിയുടെ ദേഹത്ത് സ്നേഹപൂർവ്വം തലോടാൻ തുടങ്ങി. വേദനകൊണ്ട് പുളയുകയാണ് ചെമ്പി. അപ്പഴേക്കും ജിത്തുവിന്റെ അച്ഛനും അമ്മയും അവിടെയെത്തിയിരുന്നു. അവർ അവളെ സ്നേഹപൂർവ്വം പരിചരിക്കാൻ തുടങ്ങി. ചെമ്പിക്ക് ആശ്വാസവും ധൈര്യവും കൈവന്നു.


ചെമ്പിയുടെ അകിടുകൾ വീർത്തു. ജനനേന്ദ്രിയങ്ങൾ കുമിള പോലെ വീർത്തു വന്നു. പച്ചനിറത്തിലുള്ള ദ്രാവകം പുറത്തേക്കൊലിക്കാൻ തുടങ്ങി. പ്രസവവേദന അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നുവെങ്കിലും ജിത്തുവിന്റെയും വീട്ടുകാരുടെയും സാന്നിധ്യം ചെമ്പിയെ വേദന സഹിക്കാൻ കരുത്തുറ്റവളാക്കി. അരമണിക്കൂറോളം കഴിഞ്ഞ് തന്റെ ആദ്യത്തെ കുട്ടി പുറത്ത് വന്നു. ഓരോ അരമണിക്കൂറിടവിട്ട് ഓരോ കുഞ്ഞ്...അങ്ങനെ ആറു കുഞ്ഞുങ്ങളും പുറത്തെത്തിയ ആ നിമിഷം... ആ അനുഭൂതി... നിറവയറും താങ്ങി ദിവസങ്ങളോളം നടന്ന് വയറൊഴിഞ്ഞപ്പോൾ ഉള്ള ആശ്വാസം... പറഞ്ഞറിയിക്കാൻ വയ്യാത്ത ആ അനുഭൂതി അവൾ ആസ്വദിച്ചറിയുകയായിരുന്നു. ആശ്വാസത്തോടെയുള്ള ദീർഘ നിശ്വാസത്തിനിടയിലും അവൾ വേദനയോടെ ചെമ്പനെയോർത്തു. പ്രസവവേദനയുടെ ക്ഷീണത്തിലും തന്റെ മക്കളെ മുലയൂട്ടിക്കൊണ്ട് ജിത്തുവിന്റെ കൈകളിൽ തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസത്തിൽ ചെമ്പി ഉറക്കമായി.


നീണ്ട മണിയടിയുടെയും കുട്ടികളുടെയും ആരവം കേട്ടാണ് ചെമ്പി ഉറക്കത്തിൽ നിന്നും ഞെട്ടിയത്. തനിക്കെന്തൊക്കെയോ മാറ്റങ്ങൾ വന്നതുപോലെ... അവൾ ചുറ്റിലും നോക്കി. ഒഴിഞ്ഞ വയറിൽ തോരണം തൂക്കിയതു പോലെ ആറു മക്കൾ പാലുകുടിക്കുന്നു. ഇന്നലെ ജിത്തുവും കുടുംബവും കൂടെ ഉണ്ടായിരുന്നതായി കണ്ടത് ഒരു മായക്കാഴ്ചയായിരുന്നു എന്ന് മനസിലാക്കാൻ ചെമ്പിക്ക് നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ.


സ്കൂൾ കുട്ടികൾ പട്ടിക്കുട്ടികളെ കണ്ടതും അങ്ങോട്ടോടി. ചെമ്പി കുട്ടികൾക്ക് നേരെ കുരച്ചു ചാടി. വികൃതിക്കുട്ടികൾ കല്ലെറിയാൻ തുടങ്ങി. ജിത്തു കുട്ടികളെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ഒറ്റയാൾപ്പട്ടാളം പരാജയപ്പെട്ടു. അവൻ പി.ടി.സാറിനെ വിളിക്കാൻ ഓടി. സാറിന്റെ ചൂരലിനു മുന്നിൽ തൽക്കാലാശ്വാസം കിട്ടിയ ചെമ്പി ഇനിയും അവിടെ തുടർന്നാൽ തനിക്കും കുട്ടികൾക്കും ആപത്താണന്ന് മനസ്സിലാക്കി, അവിടം വിടാൻ തന്നെ തീരുമാനിച്ചു.


എങ്ങോട്ട് പോകും? ആറുമക്കളെയും കൊണ്ട് ഒരമ്മ പെരുവഴിയിൽ! അമ്മക്ക് പിറകെ നടക്കാനായ പ്രായമായിരുന്നുവെങ്കിൽ അവർക്ക് എന്റെ പിറകെ വരാമായിരുന്നു. കണ്ണു പോലും കീറിയിട്ടില്ലാത്ത ഈ കുഞ്ഞുമക്കളെ എങ്ങനെ രക്ഷിക്കും. എങ്ങോട്ട് പോകും. ?


ചെമ്പി ഉത്തരമറിയാതെ ഒരു നിമിഷം പകച്ചു നിന്നു. അടുത്ത സെക്കന്റിൽ തന്നെ അവൾ തന്റെ ആദ്യ മക്കളിൽ ഒന്നിനെ വേദനയാക്കാതെ കടിച്ചെടുത്തു കൊണ്ട് ലക്ഷ്യമില്ലാതോടി...പേറ്റുനോവിൽ നിന്ന് വിമുക്തയാവുന്നതിനു മുന്നേ, പച്ച മുറിവ് ഉണങ്ങുന്നതിന് മുന്നേ, തന്റെ ക്ഷീണം മറന്ന് അവൾ ഓടി...ഇടയിൽ കുഞ്ഞിനെ താഴെ വച്ച് അതിന് പാലു കൊടുക്കാനും ചെമ്പി മറന്നില്ല. വീണ്ടും പലായനം തന്നെ. ഓട്ടത്തിനിടയിലും തന്റെ മറ്റുമക്കളെയോർത്ത് ചെമ്പിയുടെ മാറിടം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.


കുറച്ചകലെ പണിതീരാത്ത ഒരു വീട് അവളുടെ ശ്രദ്ധയിൽപ്പെട്ടു. ചെമ്മൺ പാതയുടെ ഇടതു വശത്തായി ഇല്ലിമുള കൊണ്ടുണ്ടാക്കിയ വേലിയും ഗേറ്റും. വേലിയിൽ ഒരു ചെറിയ ചൂടിക്കയർ കൊണ്ട് കെട്ടി വച്ചതാണ് ഗേറ്റ്... കുറച്ചു നാളത്തേക്ക് ആ സ്ഥലം താവളമാക്കാമെന്ന് ചെമ്പിക്ക് തോന്നി.


അകത്തേക്കെങ്ങനെ കടക്കും? ചെമ്പി കുഞ്ഞിനെ ഗേറ്റിനടുത്ത് വച്ചു. ഗേറ്റ് മെല്ലെ ഒന്ന് തള്ളി നോക്കി. അനങ്ങുന്നില്ല. എന്തു ചെയ്യും? ചെമ്പിയുടെ മുന്നിൽ വേറെ ഉപാധികൾ ഒന്നും തന്നെയില്ല. എങ്ങനെയും സുരക്ഷിത താവളത്തിൽ എത്തിയേ പറ്റൂ. ചെമ്പി കെട്ടിന്റെ ഒരു വശത്തെ ചൂടി കടിച്ചൊന്ന് വലിച്ചു. ഗേറ്റ് ഒരു വശത്തേക്ക് ചെരിഞ്ഞു. ഗേറ്റിന്റെ ഇടയിലൂടെ ചെമ്പി ഒന്ന് നടന്നു നോക്കി. കുഴപ്പമില്ലെന്നു കണ്ടപ്പോൾ കുഞ്ഞിനെയുമെടുത്ത് വീടിന്റെ മുറ്റത്തേക്ക് പോയി.


കാർപോർച്ചിലായി കുറച്ചു മണൽ കൂമ്പാരം കൂട്ടിയിട്ടിട്ടുണ്ട്. മണൽ പരന്നു പോകാതിരിക്കാനായി ചുറ്റിലും ഒരു വരി ചെത്തു കല്ലുവച്ചിരിക്കുന്നു. മണലിന്റെ ഒരു ഭാഗത്ത് നിന്ന് കുറച്ചു മണൽ കോരിയെടുത്തതു പോലെ. അവിടം ഒന്നുകൂടി മാന്തി കുട്ടിക്ക് കിടക്കാൻ പാകത്തിന് ഒരു കുഴിയുണ്ടാക്കി, ആ സ്ഥലത്ത് തന്റെ കുഞ്ഞിനെ കിടത്തി, ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി ചെമ്പി തിരിച്ചോടി. തന്റെ ജീവന്റെ ഭാഗമായ മറ്റ് അഞ്ച് കുഞ്ഞുങ്ങളുടെ ജീവൻ അവിടെ അനിശ്ചിതത്വത്തിൽ ആണെന്ന ചിന്തയിൽ ചെമ്പി ക്ഷീണം മറന്ന് ഓടി.


അഞ്ച് കുഞ്ഞുങ്ങളെയും തന്റെ പുതിയ താവളത്തിൽ എത്തിച്ചു കഴിഞ്ഞതിനു ശേഷമാണ് ചെമ്പി നേരെ ചൊവ്വേ ഒന്ന് ശ്വാസം കഴിച്ചത്. മക്കൾക്ക് പാലു കൊടുത്തു കൊണ്ട് വാത്സല്യ ജനകമായ നിർവൃതിയിലലിഞ്ഞലിഞ്ഞ് അവൾ ഉറങ്ങിപ്പോയി.

ഗാഢമായ ഉറക്കത്തിലും തന്റെ മക്കളെക്കുറിച്ചാണ് ചെമ്പിയുടെ ചിന്ത. നാളെ എന്നത് ചെമ്പിയെപ്പോലുള്ള തെരുവുപട്ടികൾക്ക് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ, വികൃതികളായ കുട്ടികൾ, മറ്റു നായ്ക്കൾ ഇവരുടെയൊക്കെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുക എന്നത് ഒരു വലിയ സാഹസം തന്നെയാണ്. ഇതിനു പുറമെയാണ്‌ ഭക്ഷണവും താമസവും എന്ന കടമ്പ.


ഏകദേശം രണ്ടു, മൂന്നാഴ്ചയായി ചെമ്പി അവിടെ വന്നിട്ട്. ദൈവമായിട്ട് കാണിച്ച ഒരു നല്ല സുരക്ഷിത താവളമായിട്ടാണ് ചെമ്പിക്കവിടം അനുഭവപ്പെട്ടത്. തന്റെ മക്കൾ ഇപ്പോൾ ചെറുതായിട്ട് ഓടാനും ചാടാനും ഒക്കെ തുടങ്ങിയിരിക്കുന്നു. തനിക്ക് വന്ന ആപത്ത് തന്റെ മക്കൾക്ക് വരാതിരിക്കാനാണ് ചെമ്പി രാവും പകലും കഷ്ടപ്പെടുന്നത്. ചെമ്പിയുടെ മക്കൾ ആ ഒഴിഞ്ഞ മുറ്റത്ത് പൊട്ടിയ ഒരു പ്ലാസ്റ്റിക് ബോൾ കൊണ്ട് കളിക്കുന്നതും നോക്കി ചെമ്പി പതുക്കെ തന്റെ കഴിഞ്ഞ കാലത്തിലേക്ക് ഊളിയിട്ടു.


ജിത്തുവും കുടുംബവും പോയതിനുശേഷം പട്ടിക്കൂട്ടത്തിൽ എത്തി എങ്കിലും ഇത്തിരിക്കുഞ്ഞനായ തനിക്ക് ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഒരു ബസ് സ്റ്റോപ്പിനടുത്തുള്ള കലുങ്കിലായിരുന്നു പിന്നീടുള്ള താമസം. പകൽ റോഡിലേ പോകുന്ന വാഹനങ്ങളുടെയും സ്കൂൾ കുട്ടികളുടെയും ശല്യമാണെങ്കിൽ രാത്രി കള്ളു കുടിയൻമാരുടെയും ചീട്ടുകളിക്കാരുടെയും ശല്യമാണ്. സമാധാനം തേടിയുള്ള അലച്ചിൽ ജാനുവേട്ടത്തിയുടെ വീട്ടിലാണ് അവസാനിച്ചത്. ആരോരുമില്ലാത്ത ജാനുവേട്ടത്തിയുടെ വീട്ടിൽ എത്തിയപ്പോൾ തന്റെ ദുരിതങ്ങൾ തീർന്നു എന്നു കരുതി. എന്നാൽ അവിടം കൊണ്ടും തീർന്നിരുന്നില്ല എന്റെ ദുരിതം.


"ഞാൻ പാവം ഒരു തെരുവ് പട്ടി മാത്രമായിരുന്നല്ലോ...പകൽ മുഴുവനും അലഞ്ഞു നടക്കും. നടക്കാനൊട്ടു നേരവുമില്ല...ഓടീറ്റൊട്ടു കാര്യവുമില്ല ..." പകല് മുഴുവൻ ഓടെടാ ഓട്ടം തന്നെ...


ഇതിന്റെ ഇടയിൽ എന്ത് തീറ്റയും കുടിയും... എന്തെങ്കിലും കഴിക്കാൻ കിട്ടുമെന്നു കരുതി ഏതെങ്കിലും വീട്ടിന്റെ അടുക്കളപ്പുറത്ത് ഒന്ന് പമ്മി നോക്കിയാലോ...അതാ വരുന്നു കല്ലേറ്...ഇനി വല്ല കല്യാണ മണ്ഡപത്തിന്റെയോ അന്നദാനത്തിന്റെയോ അടുത്തെങ്ങാനും പോയാൽ...പിന്നെ പറയണ്ട പുകിൽ... അങ്ങനെ നാട്ടുകാരുടെയും വീട്ടുകാരുടെയും വക കല്ലേറ്, ചൂട് വെള്ളം ഒഴിക്കൽ, വാല് വെട്ടൽ ഇത്യാദി കലകൾ ദുഃഖത്തോടെ ആസ്വദിച്ചു ജീവിതം തള്ളിനീക്കി കൊണ്ടിരിക്കുന്ന കാലഘട്ടം.


"ഉണ്ട ചോറിനു കൂറ് കാണിക്കുന്ന ഒരേ ഒരു ജന്തു" എന്ന പട്ടം മനുഷ്യർ തന്നെയാണ് എന്റെ വർഗ്ഗത്തിനു ചാർത്തി തന്നത്... എന്നിട്ടെന്താ..ഒരുരുള തരാൻ പോലും മടിയാണ്... 


അടുപ്പ് പുകഞ്ഞിട്ടുണ്ടെങ്കിൽ തോട്ടിൻ കരയിലെ ജാനു എട്ടത്തി എനിക്കൊരു പങ്ക് ചോറ് തരും...വല്ലപ്പോഴും ചോറിന്റെ കൂടെ മത്തിയുടെയോ ഉണക്ക മുള്ളൻറെയോ മുള്ളുണ്ടാവും. അന്ന് എനിക്ക് കുശാലായി. അല്ലാത്ത ദിവസം ശിവരാത്രി വ്രതവും.


ഊണും കഴിഞ്ഞു മുറ്റത്ത് ചന്ദ്രികയുടെ മങ്ങിയ വെളിച്ചത്തിൽ ഓലമേഞ്ഞ വീടിന്റെ മുറ്റത്തു ഞാൻ അങ്ങ് നീണ്ടു നിവർന്നു കിടക്കും...രാപ്പാടികളുടെ പാട്ടിന്റെ ഈണത്തിനൊത്തു മൂങ്ങയുടെ മൂളലും, കാഹളം വിളിയെന്ന പോലെ കുറുക്കന്റെ ഓലി ഇടലും, പിന്നെ കാറ്റിന്റെ ചൂളം വിളിയും. ഇടയിൽ ചീവിടുകളുടെ നാദസ്വര കച്ചേരിയും, എന്തിനധികം കരിയിലയുടെ അനക്കം വരെ ഞാൻ കാതോർത്തിരുന്ന് കേൾക്കും.. അതിനിടയിലാണ് ഏതോ വിപത്തിന്റെ മുന്നോടി എന്ന പോലെ കാലൻ കോഴിയുടെ കൂവൽ കേൾക്കാൻ തുടങ്ങിയത്.


എനിക്ക് പലപ്പോഴും സ്നേഹത്തോടെ ഒരു പിടി ചോറു തരുന്ന, മക്കളും മരുമക്കളുമുണ്ടായിട്ടും ഏകാന്തയായി കഴിയുന്ന ജാനു എട്ടത്തിയെ നോക്കേണ്ടത് എന്റെ കടമയായിത്തന്നെ ഞാൻ കണക്കാക്കിയിരുന്നു. എന്നും ഇരുട്ടുന്നതിനു മുന്നേ തന്നെ ജാനു ഏടത്തിയുടെ വീട്ടിൽ എത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു.


അങ്ങനെ ഇരിക്കെ പെട്ടന്നാണ് പ്രകൃതിയിലുള്ള മാറ്റം ഞാൻ അറിയാൻ തുടങ്ങിയത്. ഭൂമിയുടെ സന്തുലിതാവസ്ഥയിലെ മാറ്റം... പാറപൊട്ടിച്ചും മലകൾ തുരന്നും വയലുകൾ നികത്തിയും മനുഷ്യർ ചെയ്യുന്ന പ്രവൃത്തികൾ സ്വന്തം കടയ്ക്കു തന്നെ വയ്ക്കുന്ന കോടാലിയാണെന്ന് മനസ്സിലാക്കാൻ പറ്റാതെ പോയി മനുഷ്യർക്ക്, പലതരത്തിലുള്ള സൂചനകൾ പ്രകൃതി നൽകി എങ്കിലും വിദ്യാസമ്പന്നരും സ്വാർത്ഥരും അഹംഭാവികളും വിവേക ശൂന്യരുമായ, പെറ്റമ്മയെപ്പോലും നികൃഷ്ട ജീവികളായി കാണുന്ന ഇരുകാലികളായ മനുഷ്യർ അതൊന്നും ചെവി കൊണ്ടില്ല...


ദിവസം മുഴുവൻ അലഞ്ഞു തിരിഞ്ഞു രാത്രി ഞാൻ ഭൂമിദേവിയുടെ മാറിടത്തിൽ തളർന്നുറങ്ങുമ്പോൾ എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ പ്രകൃതിയിൽ നിന്നും നിർദ്ദേശങ്ങൾ കിട്ടി. എന്നാൽ എന്തിന്? എനിക്ക് ചോറ് തരുന്ന ജാനു ഏടത്തിയെ വിട്ടു ഞാൻ എങ്ങോട്ടു പോവാൻ?


പെട്ടെന്നാണ്  മഴ പെയ്യാൻ തുടങ്ങിയത്...നിർത്താതെ പെയ്യുന്ന മഴ.ഞാൻ ജാനുവേടത്തിയെ ഉമ്മറത്ത് നിന്നു പല പ്രാവശ്യം വിളിച്ചു. ജാനു ഏടത്തി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല... നനയാതിരിക്കാൻ ഓല കൊണ്ട് ഉണ്ടാക്കിയ വാതിൽ എനിക്ക് തള്ളിത്തുറന്നു തന്നു...വെള്ളം വീണു ജാനു ഏടത്തിയുടെ ചാണകം മെഴുകിയ നിലത്ത് കുഴികൾ കുത്താൻ തുടങ്ങിയിരുന്നു. പായയും പാത്രങ്ങളും തുണികളും എല്ലാം നനഞ്ഞൊലിക്കാൻ തുടങ്ങി...ഞങ്ങൾ രണ്ടു പേരും ഉറങ്ങാതെ നേരം വെളുപ്പിച്ചു...ഇടയ്ക്കിടെ ജാനു ഏടത്തി എന്നെ തലോടുന്നുണ്ടായിരുന്നു...രണ്ടുതുള്ളി ചുടുനീർ എന്റെ തലയിൽ വീണപ്പോഴാണ് ഞാൻ ജാനു ഏടത്തിയുടെ മുഖത്തേക്ക് നോക്കിയത്... അവർ കരയുകയായിരുന്നു... ഒരുവേള തന്നെ ഒറ്റക്കാക്കിപോയവരെ കുറിച്ചുള്ള ഓർമ്മകൾ ആയിരിക്കാം കണ്ണുനീരിന്റെ മൂല കാരണം...എന്റെ വാലാട്ടി ഞാൻ ജാനു ഏടത്തിയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.ജാനു ഏടത്തി പുതച്ച പുതപ്പിൽ എന്നെയും കൂടെ കൂട്ടി... എന്നെ ചേർത്ത് പിടിച്ചു കിടന്നു.


രാത്രിയുടെ മൂന്നാം യാമത്തിൽ ഗ്രാമം മുഴുവൻ ഗാഢനിദ്രയിൽ ആണ്ടിരിക്കുന്ന സമയം... എവിടെ നിന്നോ വന്ന മഴ വെള്ളപ്പാച്ചലിൽ ഗ്രാമവാസികൾ കണ്ണു തുറക്കും മുമ്പേ തന്നെ ഗ്രാമം മുഴുവൻ വെള്ളത്തിനടിയിലായി. അപ്പഴേക്കും ജാനു ഏടത്തിയുടെ ഓലക്കുടിലിന്റെ ഒരു ഭാഗം വീണിരുന്നു... പാത്രങ്ങളും തുണികളും ഓരോന്നായി ഒലിച്ചു പോകുന്നത് നിർവികാരയായി നോക്കി നിൽക്കാനേ ജാനു ഏടത്തിക്കും എനിക്കും കഴിഞ്ഞുള്ളു...


രാപകൽ വ്യത്യാസമില്ലാതെ പെയ്യുന്ന മഴയത്ത് ജലപാനം ഇല്ലാതെ രണ്ടു ദിവസം കഴിഞ്ഞു... പട്ടിണി നമ്മുടെ കൂടെപിറപ്പ് ആയതുകൊണ്ട് രണ്ടു ദിവസം ഭക്ഷണം കഴിക്കാത്തത് ഞങ്ങളെ ബാധിച്ചിരുന്നില്ല... മരം കോച്ചുന്ന തണുപ്പത്ത് തണുത്തു വിറങ്ങലിച്ച്... മരണം മുഖാമുഖം കണ്ട് ഞങ്ങൾ കാലനെ കാത്തിരുന്നു... രണ്ടു പേരും അവരവരുടെ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു... മനുഷ്യരുടെയും മൃഗങ്ങളുടെയും വിശപ്പിന്റെ രുചി ഒന്ന് തന്നെ. ദൈവവും ഒന്ന് തന്നെയെന്ന തിരിച്ചറിവിന്റെ നിമിഷങ്ങൾ... ജാനു ഏടത്തി മൽസ്യാവതാരകഥയെ കുറിച്ചുള്ള പാട്ടു ഒരു കുഞ്ഞിനോടെന്ന പോലെ എനിക്ക് പാടിത്തന്നു.


അത്ഭുതമെന്നു  പറയട്ടെ; അടുത്ത ദിവസം രാവിലേ അതാ വരുന്നു ദൈവദൂതരെ പോലെ അവർ... മോട്ടോർ ഘടിപ്പിച്ച മൽസ്യബന്ധന വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ... ജീവിതത്തിലേക്കുള്ള പ്രത്യാശയുടെ കിരണങ്ങൾ ഞങ്ങളെ തൊട്ടുവിളിച്ചു.മഴക്കാലത്ത് മുഴുപ്പട്ടിണിയോടെ കഴിയുന്നവരാണ് രക്ഷകരായി വരുന്നത്. അതുകൊണ്ടു തന്നെ വിശപ്പിന്റെ വേദന മറന്ന് മനസ്സിന്റെ വേദനയും നിസ്വാർത്ഥമായ സ്നേഹവും അവിടെ ഞാൻ കണ്ടു.


"പേടിക്കേണ്ട. ഞങ്ങളുണ്ട് കൂടെ"എന്നവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.


ഞങ്ങൾ വീടിന്റെ ശേഷിച്ച ചെറിയ ഒരു മൺകൂനക്കു മുകളിൽ ഇരിക്കുകയായിരുന്നു. ബോട്ട് ഞങ്ങളുടെ അടുത്തെത്തുന്നതിനു മുന്നേ ഞങ്ങൾ ഇരുന്ന മൺകൂനയും വെള്ളത്തിലേക്ക് അലിഞ്ഞു ചേർന്നു.


നീന്താൻ പോലും പറ്റുന്നില്ല..അയ്യോ ജാനു ഏടത്തി...ഭാഗ്യത്തിന് ബോട്ടിൽ ഉള്ളവർ ജാനു ഏട്ടത്തിയെ പിടിച്ചു കയറ്റി.അത്രമാത്രമേ എനിക്കും ഓർമ്മ ഉണ്ടായിരുന്നുള്ളൂ...


ബോധം വന്നപ്പോൾ എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല..എന്നാൽ ജാനു ഏടത്തി എന്റെ കൂടെ ഇല്ല എന്ന നഗ്ന സത്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു...


എത്ര ദിവസം ഞാൻ ബോധമില്ലാതെ കിടന്നു എന്നൊന്നും എനിക്കറിയില്ല... ഞാൻ ചുറ്റിലും നോക്കി... തെളിഞ്ഞ അന്തരീക്ഷം... എല്ലായിടത്തും സന്നദ്ധപ്രവർത്തകർ ഓടി നടക്കുന്നു... വീടുകൾ വൃത്തിയാക്കുന്നു.മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നു... എന്റെ വയ്യായ്ക കണ്ടു ഒരു ചേട്ടൻ എന്നെ അവിടുത്തൊരു ദുരിതാശ്വാസ ക്യാമ്പിലെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി... അവർ എനിക്ക് മരുന്ന് കുത്തിവച്ചു. വയറു നിറയെ ആഹാരവും തന്നു. എനിക്ക് വിശപ്പിന്റെ അസുഖമല്ലാതെ വേറെ ഒന്നും ഇല്ല എന്ന് ഞാൻ ഏതു ഭാഷയിൽ ഇവരോട് പറയും...എല്ലാം കണ്ടറിഞ്ഞ് പോലെ അവർ എനിക്ക് പാലും ബിസ്കറ്റും ഒക്കെ നൽകി.ആ സമയത്തും എന്റെ കണ്ണുകൾ ജാനു ഏടത്തിയെ തേടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു...


അത്ഭുതം എന്നു പറയട്ടെ പ്രളയത്തിനു മുന്നേ കണ്ട ജനങ്ങളെയല്ല പിന്നീട് കണ്ടത്.പണ്ട് മനസിലും വീട്ടിലും കെട്ടിയ മതിലുകളൊക്കെ ഒലിച്ചു പോയി. വലിയവനും ചെറിയവനും ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും മൃഗങ്ങളും എന്തിനു ഈ ചാവാലി പട്ടിപോലും ഒരുമിച്ച് ഇരുന്നു ഉണ്ണുന്ന കാഴ്ച കണ്ടു എന്റെ കണ്ണ് നിറഞ്ഞു.എല്ലാവരുടെ കണ്ണുകളിലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും തിളക്കം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.


അച്ഛനമ്മമാരെ ഉപേക്ഷിച്ച മക്കളും ഉപേക്ഷിക്കപ്പെട്ടവരും ഒരുമിച്ചു കെട്ടിപ്പിടിച്ചു കരയുന്ന കാഴ്ച നാൽക്കാലിയായ എന്നെ വരെ കരയിച്ചു... കോടീശ്വരനും ഊര് തെണ്ടിനടക്കുന്നവനും ഒരേ കൂരക്കീഴിൽ...


എല്ലാ മനുഷ്യരിലും നന്മ ഉണ്ടെന്നു മനസിലാക്കാൻ എനിക്ക് അന്ന് കഴിഞ്ഞു... ലോകമെമ്പാടുമുള്ള സഹോദരി സഹോദരന്മാർ സഹായഹസ്തങ്ങൾ നീട്ടി... നമ്മുടെ കേരളത്തെ പിടിച്ചുയർത്താൻ... നാട്ടുകാരും പട്ടാളക്കാരും മത്സ്യത്തൊഴിലാളികളും എല്ലാവരും കൂടെ ഒറ്റക്കെട്ടായി കേരളത്തെ ഒരു വലിയ ദുരന്തത്തിന്റെ മുഖത്തു നിന്നും കൈ പിടിച്ചു രക്ഷിച്ചു... അതിനു ശേഷം ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഭക്ഷണവും മരുന്നും വീട്ടു സാധനങ്ങളും ഒക്കെ കേരളത്തിൽ എത്തി... ഐക്യമത്യം മഹാബലം തന്നെ.


എന്നാൽ സങ്കടപ്പെടുത്തുന്ന കുറച്ചു കാര്യങ്ങൾ കൂടെ ഞാനറിഞ്ഞു... പലരും അയച്ച പല സാധനങ്ങളും റെയിൽവേ സ്റ്റേഷനിലും മറ്റും കെട്ടിക്കിടക്കുന്ന അവസ്ഥ... ഒരു നേരത്തെ ഭക്ഷണത്തിന്റെ വില അറിഞ്ഞവരാണ് നമ്മൾ... എന്നിട്ടും...

എന്റെ ചങ്ക് പൊട്ടുന്നു ആലോചിക്കുമ്പോൾ...


എന്റെ ക്ഷീണം ഒരു വിധം മാറിയിരുന്നു... പിന്നെ ഞാൻ ക്യാമ്പിൽ തുടർന്നില്ല.കാരണം എനിക്ക് തരുന്ന ഭക്ഷണം ഒരാൾക്കെങ്കിലും കൊടുക്കാനായാൽ അതല്ലേ നല്ലത്? മാത്രമല്ല എന്റെ ജാനു ഏടത്തി... ഓരോ നുള്ളു ഭക്ഷണത്തിലും എന്റെ ജാനു ഏടത്തിയുടെ മുഖം ഓർമ വരുന്നു... എങ്ങനെയെങ്കിലും എനിക്ക് എന്റെ ജാനു ഏടത്തിയെ കണ്ടെത്തിയെ പറ്റൂ. ജാനുവേട്ടത്തിക്കു വേണ്ടിയുള്ള അലച്ചിലിൽ ദിവസങ്ങൾ പോയതറിഞ്ഞില്ല...


പ്രളയവും അതിന്റെ അതിജീവനവും ബാക്കി നിൽക്കെ ജനങ്ങൾ പഴയതൊക്കെ മറക്കാൻ തുടങ്ങിയിരുന്നു... അവർ വെട്ടലും കുത്തലും കൊല്ലലും വീണ്ടും തുടങ്ങി! പീഢനവും ദൈവങ്ങളെ പങ്കുവെക്കലും എല്ലാം തുടങ്ങി. മനുഷ്യർ രാഷ്ട്രീയം മറന്നു ജാതി മത ചിന്ത മറന്നു ഒരേ മനസോടെ രാജ്യത്തിന്റെ നന്മക്കു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന കാലം എന്ന് വരും?


മനുഷ്യർ എത്ര കിട്ടിയാലും കൊണ്ടാലും പഠിക്കില്ല തന്നെ. എന്നാൽ എല്ലാവരും ഒരു പോലെ ദുഷ്ടൻമാർ അല്ല എന്നെനിക്കറിയാം... എന്റെ ജാനു ഏടത്തിയെ പോലെ സ്നേഹസമ്പന്നരും നിഷ്കളങ്കരുമായ എത്രയോ ആളുകൾ ഇവിടെയുണ്ട്... വിവേകാനന്ദസ്വാമികൾ പറഞ്ഞത് പോലെ കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ എന്നു തോന്നിപ്പോയ നാളുകൾ! കൂടുതൽ ആലോചിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. എന്റെ വളർത്തമ്മയായി കാണുന്ന ജാനുവേടത്തിക്കു വേണ്ടി തലങ്ങും വിലങ്ങും ഓടിയും നീന്തിയും തിരഞ്ഞു നോക്കി. നിരാശയായിരുന്നു ഫലം.


സ്നേഹവും സാഹോദര്യവും മറന്നു ആരുടെയോ ചരട് വലിക്കുമുന്നിൽ ആടി കൊല്ലും കൊലയും ചെയ്യുന്ന വിഡ്ഢികളായ ഈ ഇരുകാലികൾ ഇനിയും പ്രകൃതിയെ ഹനിക്കുന്ന പ്രവർത്തികൾ തുടർന്നാൽ, ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാവാനുള്ള സാഹചര്യത്തിനാണ് വേദി ഒരുക്കുന്നതെന്ന് മനസ്സിലാക്കാനുളള വിവേക ബുദ്ധി പോലും മനുഷ്യർക്കില്ലാതെ പോയി.


ജാനു ഏട്ടത്തിയെ തേടിയുള്ള യാത്ര ദിവസങ്ങളോളം, മാസങ്ങളോളം തുടർന്നു.  


കുറെ പട്ടിക്കുട്ടൻമാർ പിറകെ നടക്കാൻ തുടങ്ങിയപ്പോളാണ് ഒരു പെൺനായയായി എന്നതിരിച്ചറിവ് തനിക്ക് വന്നത്. ഏകദേശം പത്തുദിവസത്തോളം അവർ തമ്മിൽ കടി പിടികൂടി എന്റെ പിറകെ വന്നു. അങ്ങനെ പത്താം ദിവസമാണ് കൂട്ടത്തിൽ പ്രബലനും സുമുഖനമായ ചെമ്പനുമായി ഞാൻ ചങ്ങാത്തത്തിലായത്.


പിന്നീടങ്ങോട്ട് സുരക്ഷിതത്വത്തിന്റെ നാളുകൾ ആയിരുന്നു. ആഹ്ലാദം കൊണ്ട് മതിമറന്ന ദിനങ്ങൾ. കൊച്ചു കൊച്ചു കുറുമ്പുകൾ കാട്ടി നാടായ നാടുമുഴുവൻ ചെമ്പനുമൊത്ത് അലഞ്ഞു. തന്റെ വയറ്റിൽ ജീവന്റെ തുടിപ്പുകൾ കണ്ടപ്പോൾ ഏറെ സന്താഷിച്ചത് ചെമ്പനാണ്.തന്റെ പൊന്നോമന മക്കളെ കൺനിറയെ കാണാൻ പിന്നീട് ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു, ചെമ്പൻ. പാവം... അന്നു വന്ന പട്ടി പിടുത്തക്കാരുടെ കൈയ്യിൽ പെട്ടോ എന്തോ? അല്ലെങ്കിൽ ഈ ഭൂമിയിൽ എവിടെയുണ്ടെങ്കിലും തേടി വന്നേനെ. ചെമ്പിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി മണ്ണിലലിഞ്ഞുചേർന്നു.ഇനിയുള്ള ജീവിതം തന്റെ കുട്ടികൾക്കുവേണ്ടിയാണ്. ചെമ്പിയുടെ കണ്ണുനീർ കണ്ട മക്കൾ അടുത്തു വന്നു. ആശ്വാസത്തോടെ ചെമ്പി അവരെ ചേർത്തുപിടിച്ചു.


ചെമ്പിയുടെ കറുത്ത ദിനങ്ങൾ അവസാനിക്കുന്നില്ലന്ന് തോന്നുമാറാണ് ഒഴിഞ്ഞ കെട്ടിടത്തിന്റെ ബാക്കി പണിക്കായി പണിക്കാർ വന്നത്. അവർ വന്നതും ചെമ്പിയെയും കൂട്ടരെയും അവിടുന്നോടിച്ചു.ചെമ്പിയും മക്കളും നാലുപാടും ചിതറി ഓടി. സുരക്ഷിതമായ ഒരു താവളം നഷ്ടപ്പെട്ടതിന്റെ വിഷമം ചെമ്പിയെ വേട്ടയാടി. വീണ്ടും അനിശ്ചിതത്വത്തിലേക്ക്...


ചെമ്പി തന്റെ കുഞ്ഞുങ്ങളിൽ ഒന്നിനെ കടിച്ച് പിടിച്ച് പുതിയ താവളം തേടി നടന്നു. കുറച്ചകലെയുള്ള ഒരു വീട്ടിന്റെ മതിലിനടുത്തായി ചെമ്പി ഒരു കുഞ്ഞിനെ കിടത്തി , തിരിച്ചെത്തിയ ചെമ്പി ഞെട്ടിപ്പോയി... ബാക്കി അഞ്ചു കുഞ്ഞുങ്ങളെയും കാണാനില്ല!


കരള് പൊട്ടുന്ന വേദനയോടെ ചെമ്പി തന്റെ മക്കളെത്തേടി നടന്നു. വീടിനു ചുറ്റും രണ്ടു മുന്നു തവണ നോക്കി. കാട്ടിലും മേട്ടിലും ചെമ്പി ഭ്രാന്തിയെ പോലെ അലഞ്ഞു...


ചെമ്പി തിരിച്ച് നടക്കാൻ തുടങ്ങി. അവൾ അതുവരെ സുരക്ഷിത താവളമായിരുന്ന വീടിനെ അവസാനമായി ഒന്ന് നോക്കി. ചെമ്പിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവിടെ ജിത്തുവും പൊന്നിയും അച്ഛനുമമ്മയും പണിക്കാരോട് വർത്തമാനം പറഞ്ഞ് നിൽക്കുന്നു.


ജിത്തുവിന്റെ വീടാണതെന്ന് ചെമ്പിക്ക് മനസ്സിലായി. ദൈവത്തിന്റെ കളികൾ ആർക്കും മുൻകൂട്ടി അറിയാൻ പറ്റില്ല. തങ്ങളുടെ തെറ്റുന്ന കണക്കുകൂട്ടലുകളിൽ ദൈവത്തിന്റെ ഓരോ ശരികൾ ഉണ്ടെന്ന് ചെമ്പിയറിഞ്ഞു. തന്റെ കൂടെയുള്ള ഈ കുഞ്ഞിനെ ജിത്തുവിനെ ഏൽപ്പിച്ച് സമാധാനത്തോടെ പോകാം.


ചെമ്പി തന്റെ കുഞ്ഞിനെയുമെടുത്ത് ജിത്തുവും പൊന്നിയും കളിക്കുന്ന സ്ഥലത്തേക്ക് വന്നു. 


"അമ്മേ, സ്കൂളിൽ ഉണ്ടായിരുന്ന പട്ടിയും കുഞ്ഞും."


ജിത്തു സന്തോഷം കൊണ്ട് മതിമറന്നു. ചെമ്പി ജിത്തുവിന്റെ മുന്നിൽ തന്നെ കുഞ്ഞിനെ കൊണ്ടു വച്ചു. അവൻ  കുഞ്ഞിനെ തന്റെ കൈയിലെടുത്തു. ചെമ്പി ജിത്തുവിന് ചുറ്റും ഒന്ന് നടന്നു. പിന്നെ അവനെ വട്ടം പിടിച്ചു...ജിത്തുവും കുടുംബവും ഒരേ സ്വരത്തിൽ പറഞ്ഞു:


"ചെമ്പി "


"ഇത് നമ്മുടെ ചെമ്പിയാണെന്ന് തോന്നുന്നു. ചെമ്പി കാണിക്കുന്നത് പോലെ ഇതാ ഈ പട്ടി നിന്നെ വട്ടം പിടിക്കുന്നു". അമ്മ പറഞ്ഞു. ചെമ്പിയെ ഒന്ന് തലോടി.


തന്റെ കുഞ്ഞിനെ സുരക്ഷിതകരങ്ങളിൽ ഏൽപിച്ച ചെമ്പി നിറകണ്ണുകളോടെ തന്റെ മറ്റു മക്കളെ തേടിയിറങ്ങി. ജിത്തുവും കുടുംബവും ജിത്തുവിന്റെ കൈയ്യിലുള്ള കുഞ്ഞിനെ ഹൃദയത്തോട് ചേർത്ത്, സ്നേഹപൂർവ്വം വിളിച്ചു...


" ചെമ്പി


"അതു കേട്ട് ചെമ്പി ഒന്ന് തിരിഞ്ഞു നോക്കി... നിറകണ്ണുകളോടെ നടന്നുനീങ്ങി...


Rate this content
Log in

More malayalam story from RATHI P V

Similar malayalam story from Drama