ബന്ധങ്ങൾ
ബന്ധങ്ങൾ
അതെ!
ബന്ധങ്ങൾ ബന്ധനങ്ങൾ തന്നേയാണ്....
സ്കൂളിലെ ക്ലാസ്സ് മുറിയിലേക്ക് കയറ്റിവിട്ടു വീട്ടുകാർ പോയപ്പോഴാണ് ആദ്യം അത് മനസ്സിലായത്…
പിന്നീട് വീട് വിട്ട് ഹോസ്റ്റലിലേക്ക് ചേക്കേറിയപ്പോൾ അതിന് ഇത്രയും തീവ്രതയുണ്ടെന്ന് തിരിച്ചറിഞ്ഞു…
ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കളിച്ചും ചിരിച്ചും കൂടെ ഉണ്ടായിരുന്നവർ, പൊട്ടിച്ചെറിയാൻ കഴിയാത്ത അത്രയും വലിയ ചങ്ങല കൊണ്ടാണ് തളച്ചതെന്ന് തെളിയിച്ചുകൊണ്ട് വിവാഹവും മുന്നിൽ വന്നു അട്ടഹസിച്ചു നിന്നു …
വീട്ടിലെ തലയണയും മെത്തയും ഉമ്മാന്റെ കെട്ടിപ്പിടിച്ചുള്ള കിടത്തവും … ഉപ്പാന്റെ വിയർപ്പിന്റെ സുഗന്ധവും ആ വിലങ്ങിന്റെ മുറുക്കം കൂട്ടി..
തമ്മിൽ ഉണ്ടാക്കിയിരുന്ന എല്ലാ മനോഹരങ്ങളായ ലോകമഹായുദ്ധങ്ങളും ഓർമ്മകളിൽ കണ്ണീർ കൊണ്ടൊരു തടവറ തീർത്തിരിക്കുന്നു ….
അന്നു ശ്രദ്ധിക്കാതെ പോയ ചോര പൊടിഞ്ഞ ഒരോ കുഞ്ഞു മുറിവുകളും, പിന്നെയും അനുഭവിക്കാൻ തോന്നുന്ന നീറ്റുന്ന മോഹങ്ങളായി മാറിയിരിക്കുന്നു....
ഓടി ചാടി നടന്ന നാട്ടിൻ്റെ "ഹരിതാഭവും പച്ചപ്പും" ഹൃദയത്തിൽ ഒരു തടവറ പണിത് കുടിൽ കെട്ടി താമസിച്ചിരിക്കുന്നു...
അതെ!
ബന്ധങ്ങൾ ബന്ധനങ്ങൾ തന്നേയാണ് ...
ഒരു ജാമ്യവും കിട്ടാൻ നാം അഗ്രഹിക്കാത്ത ബന്ധനത്തിന്റെ, സ്നേഹത്തിൻറെ തടവറ ..
