അനന്തൻ 🖤

Drama Tragedy Others

4  

അനന്തൻ 🖤

Drama Tragedy Others

ഭ്രമണം

ഭ്രമണം

4 mins
329



കല്ലിടുമ്പ് കഴിഞ്ഞ് കുത്തനെയുള്ള കയറ്റം കയറി വന്നപ്പോഴേക്കും പഴയ മോഡൽ സ്‌പ്ലെണ്ടർ കിതച്ചും ചുമച്ചും ക്ഷീണമഭിനയിച്ചു. വണ്ടി മാറ്റണമെന്ന് പലപ്പോഴായി കരുതാറുണ്ടെങ്കിലും കൊടുത്ത് തീർക്കാനുള്ള കടവും, കുറിയും വീട് പണിയും ഓർക്കുമ്പോഴേ പതിയെ പിൻവലിയും. സ്കൂളിന് പിന്നിലെ ഇടവഴിക്കരികിൽ ബൈക്ക് ശ്രദ്ധയോടെ സ്റ്റാൻഡിലിട്ട് വച്ചു, ഇനിയങ്ങോട്ട് വണ്ടി പോവില്ല നടക്കണം.

 ചുളിഞ്ഞ ഷർട്ടൊന്ന് നേരെ പിടിച്ചിട്ടു, ഷൂവിൽ ചെറിയ ചളിയുണ്ട് ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി കുനിഞ്ഞു നിന്ന് തുപ്പല് വച്ച് തുടച്ചു.


ബാഗിൽ വിയർത്തിരിക്കുന്ന നോട്ടുകൾക്കിടയിൽ നിന്ന് ഒരു റസീപ്റ്റ് ബുക്കും നീല ടാഗും വലിച്ചെടുത്തു. ബുക്കിനിടയിൽ വലിയിൽ കുരുങ്ങി വന്ന അഞ്ഞൂറിന്റെ നോട്ട് കണ്ടതും ചങ്കൊന്ന് പിടച്ചു. തിരിച്ചും മറിച്ചും കീറിയിട്ടില്ലെന്ന് രണ്ട് വട്ടം ഉറപ്പിച്ചു, നോട്ടിലെ ഗാന്ധിയുടെ മുഖത്തൊരു തിളക്കം, പുറം വായു ശ്വസിച്ചത് കൊണ്ടായിരിക്കണം. ആശ്വാസത്തോടെ തിരികെ ബാഗിലേക്കിട്ടതും ഗാന്ധിയുടെ മുഖം ഇരുളുന്നതായും തന്നെ ദയനീയമായി നോക്കുന്നതായും അവനു തോന്നി .


ഇടവഴിയവസാനിക്കുന്നത്തിടത്ത് രണ്ട് വലിയ വീടുണ്ട്, അതിന്റെ പിറകിലായാണ് തനിക്ക് പോവേണ്ട വീട്, പക്ഷെ അവർക്ക് വീട്ടിലേക്ക് വഴിയില്ല .ഇടതു വശത്തെ വീടിനു സൈഡിലൂടെ ഇവരുടെ തൊടിയും കടന്ന് വേണം പോവാൻ. ഗേറ്റ് തുറക്കുമ്പോഴേ ക്ഷണിക്കപ്പെടാത്ത അതിഥിയെ കണ്ട പോലെ വീട്ടുകാരുടെ മുഖം ചുളിയും, രണ്ട് മൂന്ന് വട്ടം ഇതിലെ പോവരുത് കാണേണ്ടയാളോട് ഇടവഴി വരെ വരാൻ പറഞ്ഞേക്കണം എന്നവർ പറയാതെ പറഞ്ഞിരുന്നു.വീണ്ടും ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ എന്തോ ഒരു തരം വിമ്മിഷ്ടം, പിറകിലെ വീട്ടിലുള്ളവർ ലോണെടുത്തിട്ടുണ്ടെന്നും തിരിച്ചടക്കാറില്ലെന്നും ഇടവഴിയിൽ വരുന്നത് പോയിട്ട് ഫോൺ പോലും എടുക്കില്ലെന്നുമെല്ലാം ഇവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് തലയും താഴ്ത്തി മുന്നോട്ട് നടക്കും.


നടക്കുമ്പോഴൊക്കെയും പൈസ തിരിച്ചടക്കാത്തതിനും വീട്ടിലേക്ക് സ്വന്തമായൊരു വഴി വെട്ടാത്തതിനും അവരെ മനസാൽ തെറി പറയും. ചെറിയ മുറുമുറുപ്പുമായി വീട്ടുക്കാരകത്തേക്ക് പോവുമെങ്കിലും താനാ തൊടി കടക്കും വരെയും കൂട്ടിലെ ഡോബർമാൻ കുരച്ചു കൊണ്ടേയിരിക്കും.


തൊടി ചാടിയെത്തുന്നത് ചെല്ലേണ്ട വീടിന്റെ അടുക്കളപുറത്താണ്. സൈഡിലായൊരു കുഞ്ഞ് തെങ്ങുണ്ട് അതിന്റെ ചുവട്ടിൽ കഴുകാനുള്ള പാത്രങ്ങളും കൂട്ടിയിട്ടിട്ടുണ്ട്.


ഭാഗ്യം വീട്ടിലാളുണ്ട്, പലപ്പോഴും പൂട്ടി കിടക്കുന്ന വാതിലും നോക്കി മാനത്തേക്ക് നോക്കി നിൽക്കാറാണ് പതിവ്. വരില്ലെന്നറിഞ്ഞിട്ടും പിന്നെയും കുറച്ചു സമയം കൂടെ കാത്തിരിക്കും.വെയിൽ മൂക്കുമ്പോഴേക്കും ബാക്കി സ്ഥലങ്ങളിൽ കൂടെ ഓടിയെത്തേണ്ടത്കൊണ്ട് പതിയെ പിൻവലിയും.


ഓടിട്ട പഴയൊരു വീടാണ്, കണ്ടിട്ട് അത്യാവശ്യം പഴക്കം തോന്നുണ്ട് പെയിന്റൊക്കെ നന്നായി കളർ മങ്ങിയിട്ടുണ്ട്. അടുക്കളപ്പുറത്തെ ഓടുകൾ പലതും പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു,മൊത്തം പനമ്പട്ട വച്ച് മറച്ചിരിക്കുകയാണ്.

ഇവർക്ക് ലോൺ ശരിയാക്കി കൊടുത്തതാരാണെന്നറിയില്ല. താനൊക്കെ ജോയിൻ ചെയ്യും മുന്നേ കുറെ കളക്ഷനും മുക്കി പോയതാണെന്നാണ് കേട്ടത്. അവനെയെന്നെങ്കിലും കണ്മുന്നിൽ കിട്ടിയിരുന്നെങ്കിൽ കഴുത്തു ഞെരിച്ചു കൊല്ലണമെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഇവിടെ മാത്രമല്ല പല വീട്ടിലും ഇത് തന്നെയാണ് അവസ്ഥ. ജോലിയില്ല, സ്ഥിരവരുമാനമില്ല ,കല്യാണമാണ്, പ്രസവമാണ് അങ്ങനെയങ്ങനെ, ചിലർ കണ്ണീരുമായി ദാരിദ്രത്തിന്റെ കഥ പറയും, മറ്റുചിലർ വീടും പൂട്ടി ഒളിച്ചിരിക്കും .


പിന്നെ വേറൊരു ചേച്ചിയുണ്ട് വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴേ പിന്നാമ്പുറം വഴി ഇറങ്ങിയോടും, ജോലിക്ക് കേറിയ സമയത്തൊക്കെ അത് കാണുമ്പോൾ ചിരി വരുമായിരുന്നു, പിന്നെ പിന്നെ മുകളിൽ നിന്നും പ്രഷർ കൂടി വന്നപ്പോ ആ ചിരിയും നിന്നു . മയത്തിലും ഒച്ചയിട്ടും പൈസ തിരിച്ചടച്ചില്ലെങ്കിലുള്ള ഭവിഷ്യത്തിനെ പറ്റി നിർത്താതെ സംസാരിക്കും അവരപ്പോഴും മുഖത്തൊരു പുളിങ്ങാചിരിയുമായി പൈസയില്ല അടുത്താഴ്ച വായെന്നും പറഞ്ഞോണ്ടിരിക്കും. ആ ദേഷ്യം മുഴുവൻ അന്ന് ബൈക്കിന്റെ ആക്‌സിലറേറ്ററിൽ തീർക്കും.


ഉമ്മറം വഴി ഒരു കൊച്ചു പെൺകുട്ടി വന്നതും ചിന്തയിൽ നിന്നൊക്കെ ഇറങ്ങി വന്നു, കരിമ്പനടിച്ച ഒരു പഴയ യൂണിഫോമാണ് വേഷം. 


അമ്മയെവിടെ മോളെ?


പെട്ടെന്ന് പരിചയമില്ലാത്തൊരാളെ കണ്ടതിന്റെ ഞെട്ടലിൽ കൊച്ച് പേടിച്ചു കൊണ്ട് വീടിനുള്ളിലേക്ക് വിരൽ ചൂണ്ടി.


മോള് പോയിട്ട് അമ്മയെ ഒന്ന് വിളിച്ചിട്ട് വരാവോ?


മറുപടിയൊന്നും പറയാതെ ആ കുട്ടി വാതിലും കടന്ന് ഓടിയപ്പോഴേക്കും റെസീപ്റ്റ് ബുക്കുമെടുത്തു പതിയെ തിണ്ണയിലേക്കിരുന്നു. നല്ല തണുപ്പുണ്ട്.

ഉമ്മറത്തേക്കൊരു സ്ത്രീ കടന്നു വരുന്നതും ആളെ മനസിലായപ്പോൾ മുഖത്തെന്തൊക്കെയോ മാറി മറയുന്നതും കണ്ടു. യാതൊന്നും ശ്രദ്ധിക്കാതെ ബുക്കിലേക്ക് മാത്രം കാഴ്ച പതിപ്പിച്ചു.


ചേച്ചി... വേഗം പൈസയെടുത്തോ.. ഇന്നിനി വേറെ എസ്ക്യൂസ്‌ ഒന്നും കേക്കണ്ട നാലാഴ്ചയായിട്ട് പെൻഡിങ്ങാണ്....


അതേയ്... മോനെ പൈസയൊന്നും ഇരിപ്പില്ല..


എന്ന് പറഞ്ഞാ എങ്ങനെയാ ലോൺ എടുക്കുമ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ പൈസ ചോദിക്കുമ്പോൾ മാത്രം ഓരോ ന്യായം പറയാൻ നാണമുണ്ടോ?


ശബ്ദം നന്നായി ഉയർന്നിരുന്നു.

നാണക്കേട് കാരണം അവരുടെ തല താഴുന്നതും ചെറുതായി കണ്ണീർ പൊടിയുന്നത് കണ്ടെങ്കിലും ശ്രദ്ധിക്കാതെ നിന്നു.പൈസ കിട്ടാതെ പോവുന്ന ദിവസങ്ങളിലൊക്കെയും മാനേജരുടെ വായിൽ നിന്ന് കേൾക്കുന്ന കണ്ണ് പൊട്ടുന്ന ചീത്തയെ പറ്റിയോർക്കുമ്പോൾ അറിയാതെ പറഞ്ഞു പോവുന്നതാണ് .


ശരിക്കും ഇല്ലാഞ്ഞിട്ടാ മോനെ... എനിക്കൊരു രണ്ടാഴ്ച സമയമെങ്കിലും തന്നാ ഞാൻ എങ്ങനെയെങ്കിലും പകുതിയെങ്കിലും അടച്ചു തീർത്തോളാം.


എങ്ങനെ അടക്കുമെന്നാ..? ഒരാഴ്ചയിൽ ഈ ചെറിയ പൈസ പോലും അടക്കാൻ പറ്റുന്നില്ലേൽ രണ്ടാഴ്ച കൊണ്ട് എങ്ങനെ അടക്കും?


ഞാനീ മാല പണയം വച്ചിട്ടാണേലും തന്ന് തീർത്തോളാം.


ചേച്ചി മാല പണയം വെക്കേ, വിൽക്കേ എന്തെങ്കിലും ചെയ്, അതൊന്നും എനിക്കറിയേണ്ടാവശ്യമില്ല ഇന്നെന്തായാലും ഒരടവ് അടച്ചേ പറ്റൂ അല്ലാതെ ഒരു നിവർത്തിയുമില്ല.


മോനെന്തെങ്കിലും ചെയ്യാൻ പറ്റോ..? അടക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സത്യായിട്ടും ഗതികേട് കൊണ്ടാ, കൊച്ചിന്റച്ഛൻ ഇപ്പൊ വയ്യാതെ കിടക്കുവാ .മരുന്നിന് തന്നെ നല്ല ചിലവുണ്ട്. അതും വീട്ടുചിലവും എല്ലാം കൂടെ ഒക്കുന്നില്ല മോനെ, മോനിപ്പ്രാവശ്യം ഒന്നെന്തെങ്കിലും ചെയ് അടുത്ത വട്ടം ഞാനെങ്ങനെയെങ്കിലും തന്നോളം, എന്റെ മോളാണ് സത്യം.


സത്യം പറഞ്ഞാൽ അവരുടെ സംസാരം കാണുമ്പോഴേ മനസ്സിൽ പാവം തോന്നുന്നുണ്ടായിരുന്നു, ആദ്യമൊക്കെ ഇങ്ങനെയുള്ള വാക്കും വിശ്വസിച്ച് കയ്യിൽ നിന്നെടുത്തു പൈസ വെക്കും, പിന്നീടത് വാങ്ങാൻ പോകുമ്പോഴും അവരതേ പല്ലവി ആവർത്തിക്കും. പിടുത്തമെല്ലാം കഴിഞ്ഞ് കയ്യിൽ കിട്ടുന്നതിൽ നിന്ന് പിന്നെയും കുറേ ഉപയോഗമില്ലാതെ അങ്ങ് പോവും. 

കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കുന്ന പൈസ വെറുതെ ആർക്കോ വേണ്ടി പാഴായി പോവുമ്പോ ചങ്കിങ്ങനെ കിടന്ന് പിടയാറുണ്ട്.വീട്ടിലറിഞ്ഞാൽ കൊലപാതകം നടക്കും. വല്ലവനും ലോണെടുത്തതിന്റെ പൈസ നീയെന്തിനാ അടക്കണേ എന്ന് ചോദിച്ചായിരിക്കും ബഹളം .അതുണ്ടാവാതെ ഇരിക്കാൻ ആരോടെങ്കിലും കടം വാങ്ങി വീട്ടിൽ കൊടുക്കാനുള്ളത് കൃത്യമായിട്ട് കൊടുക്കും.അങ്ങനെയാണ് മറ്റുള്ളവരോടുള്ള സഹതാപമെല്ലാം പതിയെ അങ്ങ് ഇല്ലാണ്ടായത്.


ഞങ്ങളാരും പറ്റിച്ചിട്ട് ഓടിപ്പോവുന്നൊന്നുമില്ലല്ലോ തല്ക്കാലം ഒന്നഡ്ജസ്റ്റ് ചെയ് ഞാൻ നാളെ തരാം മറ്റന്നാൾ തരാം അടുത്താഴ്ച തരാം അങ്ങനെയങ്ങനെ... തിരിച്ചു ചോദിക്കുമ്പോൾ പലരും ദേഷ്യപ്പെടറാണ് പതിവ്.


തരാന്ന് പറഞ്ഞതല്ലേടോ പിന്നെന്തിനാ എപ്പോഴും ശല്യം ചെയ്യണേന്ന്...


നല്ല ജോലി... നല്ല വേഷം... കാണുന്നവരെ കുറ്റം പറയാൻ പറ്റില്ല അവരുടെയൊക്കെ വിചാരം നമ്മൾ പൈസ കൊണ്ട് അമ്മാനമാടുകയാണെന്നാണ്. ഒരാളുടെ പൈസയൊക്കെ അഡ്ജസ്റ്റ് ചെയ്‌തെന്ന് വച്ച് എന്ത് നഷ്ട്ടം വരാനാണ്...


മോനെ....


യാതൊരു വിധ ഭാവവ്യത്യാസവുമില്ലാതെ താഴേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ടതും അവർ പിന്നെയും വിളിച്ചു.


പറ്റില്ല ചേച്ചി... ഒരു രക്ഷേമില്ല ആരുടെ കയ്യീന്നാണേലും. കടം വാങ്ങിയിട്ടോ എങ്ങനാണേലും അടച്ചേ പറ്റൂ.


അവരുടെ മുഖത്തുണ്ടായിരുന്ന ചെറിയ പ്രതീക്ഷ പോലും അതോടെ അസ്തമിക്കുന്നതും വിഷമത്തോടെ മകളുടെ ചെവിയിലെന്തോ പറയുന്നതും മങ്ങിയ മുഖവുമായി ആ പെൺകുട്ടി അകത്തേക്ക് പോവുന്നതും കണ്ടു.

എന്തോ ഇപ്രാവശ്യം ആ പഴയ വേഗമില്ലായിരുന്നു.


അവരോടങ്ങനെയൊന്നും പറയണമെന്നുണ്ടായിരുന്നില്ല.വേറൊരു നിവർത്തിയും ഇല്ലാഞ്ഞിട്ടാണ്. തലയുയർത്തി നോക്കുമ്പോൾ മുന്നിലേക്ക് നീണ്ടു വരുന്ന കയ്യും അതിലൊരു കുഞ്ഞു പെട്ടിയും. പെൺകുട്ടിയുടെ കണ്ണൊക്കെ പെയ്യാൻ വെമ്പി നിൽക്കുന്നുണ്ട്.


ചങ്ക് വീണ്ടുമൊന്ന് പിടച്ചു.


മോള് കൂട്ടി വച്ചിരുന്നതാ... ചില്ലറയായിരിക്കും എന്നാലും ഒരഞ്ഞൂറൊക്കെ കാണും ബാക്കി ഞാൻ പിന്നെ തന്ന് തീർത്തോളാം.


പൈസ കിട്ടില്ലെന്നും ഒരു രണ്ട് മിനിറ്റ് കൂടെ കാത്തു നിന്ന ശേഷം തിരികെ പോവാമെന്നുമാണ് കരുതിയിരുന്നത്. മുന്നിലുള്ള പെൺകുട്ടിയുടെ എന്തൊക്കെയോ ആഗ്രഹങ്ങളാണ് മുന്നിലെ പെട്ടിയിൽ കിടന്ന് കിലുങ്ങുന്നത്, അവളിപ്പോഴും അതിൽ നിന്ന് കണ്ണെടുത്തിട്ടില്ല.


റെസീപ്റ്റ് ബുക്ക്‌ ബാഗിനുള്ളിലേക്ക് തന്നെ തിരിച്ചു വച്ചു തിണ്ണയിൽ നിന്ന് എണീറ്റു.


അവരുടെ മുഖത്തൊരു ചോദ്യ ഭാവം!


ഇതൊന്നും പറ്റില്ല, ഈ ചില്ലറയൊക്കെ ചേച്ചി തന്നെ കയ്യിൽ വച്ചോ, അടുത്താഴ്ച കൂടി ഞാൻ വരും പിന്നെയീ പരിപാടി നടക്കില്ല ഇങ്ങനെ എന്നും വന്നു സംസാരിക്കാനുള്ള വഴിയുണ്ടാക്കരുത്...


മുഖത്തെ ഗൗരവം അല്പം പോലും കുറയാതിരിക്കാൻ നന്നായി ശ്രദ്ധിച്ചിരുന്നു. 


ഉള്ളിൽ വേറെന്തൊക്കെയോ ആയിരുന്നെങ്കിലും പെട്ടെന്നെന്തോ അങ്ങനെ പറയാനാണ് തോന്നിയത്.


അവരുടെ മുഖത്തൊരു ആശ്വാസഭാവം, പെൺകുട്ടിയുടെ മുഖത്തെ കാർമേഘമെല്ലാം വിട്ടൊഴിഞ്ഞിട്ടുണ്ട് അവളകത്തേക്ക് തന്നെയോടി. ഇനിയാർക്കും കൊടുക്കില്ലെന്ന പോലെ കുഞ്ഞ് പെട്ടി നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. 


ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വന്നെങ്കിലും ആ സ്ത്രീ കാണാതെ ഒളിപ്പിച്ചു. പാന്റിലെ പൊടി തട്ടി ബാഗുമായി തിരിഞ്ഞു നടന്നു. അതിരു കടന്ന് പഴയ തൊടിയത്തിയപ്പോഴേ കൂട്ടിൽ നിന്ന് കുര കേട്ടു തുടങ്ങി... നാശം.


 പെട്ടെന്ന് എഴുന്നെറ്റ് വന്നെങ്കിലും വൈകുന്നേരം ചീത്ത വിളി കേൾക്കാൻ വയ്യാത്തത്കൊണ്ട് പേഴ്സിൽ ആകെയുണ്ടായിരുന്ന നോട്ടുകളെടുത്ത് എണ്ണി നോക്കി, ഭക്ഷണം കഴിച്ചിട്ടില്ല ആകെയുള്ള പൈസയാണ്, നല്ല വിശപ്പ്.

മനസില്ലാമനസോടെയാണെങ്കിലും അതെടുത്തു ബാഗിലേക്കിട്ടു.റെസീപ്റ്റ് കീറിയെടുത്തു തൊടിയിലേക്ക് തന്നെയെറിഞ്ഞു.


ഗേറ്റിന് അടുത്തെത്താറായതും നല്ല ബഹളം, വിരുന്നുകാരായിരിക്കണം, മുറ്റത്തു രണ്ടു വലിയ കാർ കിടക്കുന്നുണ്ട്.

അടുക്കളയിൽ നിന്ന് നല്ല മണം,ഇറച്ചീടെയോ മീനിന്റെയോ എന്തിന്റെയൊക്കെയോ.

 ഇരുണ്ട മുഖങ്ങൾക്കിടയിലൂടെ വീണ്ടും തലതാഴ്ത്തി മുന്നോട്ട് നടന്നു. പുറകിൽ നല്ല പിറു പിറുക്കലുകൾ കേട്ടു, വഴിയടക്കുന്നതിനെ പറ്റിയായിരിക്കണം, ശ്രദ്ധിക്കാൻ മിനക്കെട്ടില്ല.


സ്‌പ്ലെൻഡറിന്റടുത്തെത്തിയും ദേഹത്തേക്കൊന്നുകൂടി നോക്കി, വീണ്ടും ചുളിവ് വീണിട്ടുണ്ട് ഷൂവിൽ വല്ലാത്ത ചളിയും തുടക്കാൻ തോന്നിയില്ല ,

ഹെൽമെറ്റടുത്തു കയ്യിലൂടെ തൂക്കിയിട്ടു സ്റ്റാർട്ടാവാൻ ആദ്യമൊരു മടി കാണിച്ചെങ്കിലും നാലാമത്തെ ശ്രമത്തിൽ ചെറിയൊരു മുരൾച്ചയോടെ അതും സ്റ്റാർട്ടായി.ബാഗിനുള്ളിലെ തിങ്ങി നിറഞ്ഞ നോട്ടുകൾക്കിടയിലൂടെ റെസസീപ്റ്റ് ബുക്കും ടാഗും വീണ്ടും ഊർന്നിറങ്ങി,ശ്വാസം മുട്ടുന്ന നോട്ടുകളുമായി കല്ലിടുമ്പിറങ്ങി ആ ബൈക്കും മറ്റു വണ്ടികൾക്കിടയിലൂടെ മറ്റെങ്ങോട്ടോ അപ്രത്യക്ഷമായി.


Rate this content
Log in

More malayalam story from അനന്തൻ 🖤

Similar malayalam story from Drama