STORYMIRROR

Anudeep K

Drama Romance

4  

Anudeep K

Drama Romance

ഭ്രാന്തന്റെ പ്രണയം

ഭ്രാന്തന്റെ പ്രണയം

2 mins
301


തോളിൽ നിന്ന് ഊർന്ന് വന്ന ബാഗ് ഒന്നുകൂടി കയറ്റി ഇട്ട് കൊണ്ട് അവൻ മുന്നോട്ട് നടന്നു.

റോഡിനു ഇരുവശവും ഉണ്ടായിരുന്ന വയലുകളുടെ അളവ് ഒത്തിരി ചുരുങ്ങിയിട്ടുണ്ട്, 

തന്നിലേയ്ക്ക് ഒതുങ്ങി ചെറുതാകുന്ന മനുഷ്യമനസ്സുകളെ പോലെ. വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലേയ്ക്ക് വരുന്നത്.

തന്നിലേയ്ക്ക് വീശിയടുക്കുന്ന കാറ്റിൽ പഴയ ഓർമ്മകളുടെ ഗന്ധം പടര്‍ന്നു.

മുന്നിലെ കാഴ്ച്ചയിൽ വീട്ടിലേയ്ക് ഉള്ള പടവുകൾ തെളിഞ്ഞു തുടങ്ങി....

ഒരു നിമിഷം കുളത്തിലേയ്ക്ക് നോക്കി നിന്ന അവൻ പയ്യെ കുളക്കടവിലെയ്ക്ക് ഇറങ്ങി ഇരുന്നു, ബാഗ് ആ പടവിലേയ്ക്ക് വച് കാലുകൾ വെള്ളത്തിലേയ്ക്ക് ഇറക്കി അല്പനേരം കണ്ണുകൾ അടച്ചിരുന്നു .

ആ സമയം അമ്പലത്തിലെ കോളാമ്പിയിൽ നിന്നുള്ള കീർത്തനങ്ങൾ അവനിലേയ്ക്ക് ഒഴുകിയെത്തി,

അമ്പലത്തില്‍ ഉത്സവം ആണ്.

വരിയൊത്താനകള്‍ ,നിരയൊത്ത് നാരികള്‍ ,മുത്തുകുടകള്‍ വെണ്‍ചാമരങ്ങള്‍ ,പഞ്ചവാദ്യങ്ങള്‍ 

വാളേന്തിയ കോമരങ്ങള്‍ 

എരിയുന്ന ഒരായിരം ദീപങ്ങള്‍ 

ആ ദീപങ്ങള്‍ക്ക് നടുവില്‍ തിരികള്‍ തെളിയിക്കുന്ന പെണ്‍കുട്ടിയെ അവന്റെ കണ്ണിലുടക്കി

അഞ്ജനമിഴികളില്‍ മിന്നുന്ന അവളുടെ പുഞ്ചിരിയില്‍ 

ആ ദീപങ്ങള്‍ക്ക് ഭംഗി ഏറിയതായി അവന് തോന്നി

ഓരോ ദിവസവും അവള്‍ക്കായി അമ്പലനടയില്‍ ഒരു പ്രതിഷ്ഠ എന്നോണം അവനും നില്‍പ്പായി.

തറവാടിന്റെ കിഴക്കെ തൊടിയിലെ ഇടവഴിയില്‍ ഇതളോരം ചേര്‍ന്ന് നില്‍ക്കുന്ന ചുവന്ന ചെമ്പരത്തി പൂക്കളോട് തന്റെ പ്രണയത്തെ കുറിച്ച് വാചാലനായി.

അവളോട് തന്റെ പ്രണയം പറയാന്‍ എന്നോണം ശ്രീകോവിലില്‍ അവളുടെ കാല്പാദങ്ങള്‍ക്ക് നേരെ അവനും നില്‍പ്പായി. അകലങ്ങളില്‍ നിന്ന് 

അവളെ പിന്തുടര്‍ന്ന കണ്ണുകളെ അവളും ശ്രദ്ധിച്ചിരുന്നു. 

അവളോടായി പറയാന്‍ വന്നത് മനസ്സിന്റെ ഒരു കോണില്‍ സ്നേഹത്തോടെ കുറിച്ചിട്ടു.

അവളുടെ കാല്‍പാദം പതിഞ്ഞ മണ്ണിനെ സ്പര്‍ശിച്ച് അവളിലേക്ക് കൂടുതല്‍ അടുക്കാന്‍ എന്നോണം ശാന്തമായ ഇടവഴിയിലുടെ 

അവനും അവളോടു കൂടെ നടന്ന് അകന്നു.

ഇടതൂര്‍ന്ന് നിന്ന ചെമ്പരത്തി പൂക്കള്‍ നാണത്താല്‍ ഇലകള്‍ക്ക്പുറകില്‍ മറഞ്ഞിരുന്നു.

തന്റെ സ്നേഹമെന്നോണം അവള്‍ക്കായി ചെമ്പരത്തി പൂക്കള്‍ അടര്‍ത്തി നല്‍കി അവന്‍ പറഞ്ഞു..

ഈ പ്രക്യതിയെയും എന്നെയും മനോഹരമാക്കുന്നത് നീയും ഈ പൂവും മാത്രമാണ്...

ഭ്രാന്തമായ പ്രണയത്തിന് ഒരു നിമിഷം മതിയെന്ന് അവള്‍ മനസ്സിലോര്‍ത്തു.

ആ ചെമ്പരത്തി പൂവ് അവള്‍ വാങ്ങി തന്റെ മുടിയിഴയില്‍ ചൂടി നാണത്താല്‍ അവനായി ചെറു പുഞ്ചിരി നല്‍കി.

നിലാവുള്ള രാത്രിയില്‍ ആ അമ്പലമുറ്റത്ത് അവര്‍ തനിച്ചായി.

അവള്‍ അവനോടായി ചോദിച്ചു 

ഈ ഭ്രാന്തമായ പ്രണയത്തിന് കാരണം എന്താണ്

അവളിലേക്ക് ചേര്‍ന്ന് അവന്‍ മറുപടി നല്‍കി 

ഈ ചന്ദനക്കുറി 

ചന്ദക്കുറി അത്രക്ക് ഇഷ്ടാ...

അവള്‍ ആരാഞ്ഞു

ചന്ദനക്കുറിക്ക് ഇത്ര ഭംഗി ഉണ്ടെന്ന് അറിഞ്ഞത്  നിന്റെ നെറ്റിയില്‍ കണ്ടപ്പോള്‍ ആണ്...

നെറ്റിയില്‍ വിരലുകളാല്‍ പരതി അവള്‍ നാണത്താല്‍ തലകുനിച്ച് നിന്നു.

വാക്കുകള്‍ നിശ്ചലമായി..

ചെറുപുഞ്ചിരിയില്‍ അടുത്ത ഉത്സവത്തിന് കാണാമെന്നോണം അവള്‍ തിരിഞ്ഞ് അകലുമ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നത് അവന്‍ ശ്രദ്ധിച്ചിരുന്നു ആ നിമിഷം അവളുടെ കണ്ണുകളില്‍ തന്നോടുള്ള പ്രണയം അവന്‍ കാണുന്നുണ്ടായിരുന്നു.

നീളുന്ന നാളുകളില്‍ അവളോടൊത്തുള്ള നിമിഷങ്ങള്‍ തൊടിയിലെ ചെമ്പരത്തി  പൂക്കളൊടായി പറയുന്നത് പതിവായി.

വഴിയോരങ്ങളില്‍ ചിലര്‍ അവന്  ഭ്രാന്തെന്ന് കൂകി വിളിച്ചു.

ഗ്രാമത്തിലാകെ കോലോത്തെ വാര്യരുടെ മകന് ഭ്രാന്തെന്ന്കാട്ടു തീ പോലെ പടര്‍ന്നു.

വീട്ടുകാര്‍ ചങ്കുപ്പൊട്ടി കരഞ്ഞു .

അളുകള്‍ വേലികള്‍ക്കരികില്‍ ചെവിയോര്‍ത്തിരുന്നു.

അവളെ കുറിച്ചുള്ള ചിന്തകളില്‍ ഇതൊന്നും അവനെ തെല്ലും ചൊടിച്ചിരുന്നില്ല.

തറവാട്ടു വീട്ടിലെ ആരും ചെല്ലാത്ത ചെറിയ മുറിക്കുള്ളില്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് ഇരുട്ടിന്റെ അന്ധതയില്‍ തൊണ്ടപ്പൊട്ടും ഉച്ചത്തില്‍ നിലവിളിച്ചിട്ടും ആ വിളി ആരും കേട്ടില്ല.

ചങ്ങല കണ്ണികളാല്‍ കാല് നീറി പുകയുമ്പോഴും അവളുടെ ഓര്‍മകള്‍ അവന് കൂടുതല്‍ ജീവന്‍ നല്‍കി.

നിരനിരയായി പൊട്ടുന്ന കതിനകളുടെ ശബ്ദം അവനില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി.  

അമ്പലത്തിലെ ഉത്സവം..

തെല്ലും ഭയത്തോടെ അവനത് മനസ്സിലാക്കി.

നാളുകള്‍ക് ശേഷം ആ മുറിയിലെ ജനല്‍ പാളി മെല്ലെ തുറന്നു.

അന്നും അന്തിക്ക് അമ്പലമുറ്റത്ത് ചുറ്റുവിളക്കില്‍ തിരികള്‍ തെളിയിക്കാന്‍ അവള്‍ എത്തിയിരുന്നു.

അവളുടെ കണ്ണുകള്‍ അവനെ തേടുന്നത് ജനല്‍പാളികള്‍ക്ക് ഇടയിലൂടെ അവന്‍ നോക്കി നിന്നു.

അപ്പോഴും അവന്റെ കണ്ണുകള്‍ നിറഞ്ഞ് കാഴ്ചമറച്ചിരുന്നു.

താലമേന്തി പോകുന്ന അവളോടായി ചെമ്പരത്തി പൂക്കള്‍ രഹസ്യം പറയാന്‍ വെമ്പി.

ഭ്രാന്ത് പൂത്ത ഇടവഴിയില്‍ ഇതളോരം ചേര്‍ന്ന് നിന്ന ചെമ്പരത്തിപ്പൂക്കള്‍ ശമിക്കാത്ത കാറ്റില്‍ ഞെട്ടെറ്റു നിലത്തു വീണു.

ഒരായിരം ദീപങ്ങള്‍ തെളിയിച്ച് അവന്റെ വരവും കാത്ത് 

ആ അമ്പലനടയില്‍ അവളും നില്‍പ്പായി...

അപ്പോഴും അവന്റെ കാലിലെ ചങ്ങല കുരുക്കുകളില്‍ 

ചെമ്പരത്തി പൂക്കള്‍ മൊട്ടിട്ടിരുന്നു..

             


Rate this content
Log in

Similar malayalam story from Drama