പത്മ...
പത്മ...


ഇതെന്തൊരു പെണ്ണാണിവൾ...! ദൂരമിത്ര താണ്ടിയിട്ടും അൽപ്പം പോലും തളർന്നിട്ടില്ല..! വർദ്ധിച്ചു വരുന്ന ഒരു തരം ഊർജത്തോടെ അവൾ മുന്നോട്ടു നടക്കുകയാണ്...! പ്രായത്തിന്റേതാവാം... പതിനെട്ടും മുപ്പത്തിയാറും തമ്മിൽ അതിന്റേതായൊരു വ്യത്യാസമുണ്ടല്ലോ...?
തനിക്കു മുൻപേ ചുറുചുറുക്കോടെ ഓടിപ്പോകുന്ന ആ പെൺകുട്ടി അയാൾക്ക് അത്ഭുതമായിരുന്നു...! എളുപ്പം പിടികിട്ടാത്തൊരത്ഭുതം...!
'പത്മാ.. നിൽക്ക് പതിയെ പോകാം...' അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു...
തിരിഞ്ഞു പോലും നോക്കാതെ അതേ വേഗതയിൽ നടന്നുകൊണ്ട് അവൾ മറുപടി പറഞ്ഞു.' ഒന്നു വേഗം വാന്നേയ്... ഇരുട്ടായാൽ പിന്നെ അവറ്റകളുടെ പൊടി പോലും കിട്ടില്ല...'.. അവളെ തനിക്കൊപ്പം നടത്തുക എന്നതിനേക്കാൾ അവൾക്കൊപ്പമെത്തുക എന്നതാവും നല്ലത് എന്ന് അയാൾക്ക് മനസ്സിലായി... അവൾ പറഞ്ഞതു വച്ചാണെങ്കിൽ ഇനിയും ഒരു പത്തുമിനിട്ടോളം നടക്കേണ്ടി വരും... ആ നേരമത്രയും അയാൾ അവളെപ്പറ്റി ചിന്തിക്കുകയായിരുന്നു... നാളെ ഈ നേരത്ത് അവൾ മറ്റൊരാളുടെ കൂടെയായിരിക്കും... ഇത്ര വിശാലമായ, നിറഞ്ഞ വായുവില്ലാത്ത, പച്ചപ്പുകളും മഴമേഘങ്ങളുമില്ലാത്ത, ഏതെങ്കിലുമൊരു മുറിയിൽ, വിയർപ്പിന്റെ മുഷിഞ്ഞ നാറ്റം സഹിച്ച് തുപ്പൽ പുരണ്ട കടിപ്പാടുകളിൽ തുറിച്ചു നോക്കി, ചോരയും നീരും ഊറ്റിയെടുത്തിട്ടും പിന്നെയും ബാക്കിയിനിയെന്തെന്ന് അവളിൽ തപ്പുന്ന അടങ്ങാത്ത കാമ വൈകൃതങ്ങളുടെ കരങ്ങളിൽ ഞെരിഞ്ഞമർന്ന്...
അയാൾക്കതോർക്കുമ്പോഴേ വിറയലനുഭവപ്പെട്ടു... ഇതൊക്കെ അയാളേക്കാൾ മുൻപേ തന്നെ തന്റെ മുൻപിൽ ചുറുചുറുക്കോടെ ഓടിപ്പോകുന്ന ഈ പെൺകുട്ടിക്കറിയാമെന്നതും അതിലവൾക്ക് തെല്ലും ഭയമോ സങ്കടമോ ഇല്ല എന്നതും അയാളെ അമ്പരപ്പിക്കുന്നതായിരുന്നു... നാളെ എന്ത് എന്നത് അവളെ സംബന്ധിച്ച് ഒന്നുമല്ല...
'ശ് ... ഇനി ഒച്ചയുണ്ടാക്കാതെ വരണേ അല്ലെങ്കിൽ അവറ്റകൾ പൊയ്ക്കളയും...'
അയാൾ അവളുടെ വാക്കുകളെ അനുസരിച്ചു... പൂച്ചയേപ്പോലെ പതുങ്ങാനുള്ള അവളുടെ കഴിവിൽ അവൾക്കു തന്നെ വല്ലാതെ അഭിമാനമുള്ളതുപോലെ... പൊന്തക്കാട്ടിനിടയിലൂടെ അവൾ അയാളെ കൈ പിടിച്ച് നടത്തിച്ചു... പുഴുവോ, രക്തമൂറ്റുന്ന അട്ടകളോ, പാമ്പോ ആ പൊന്തക്കാട്ടിനകത്തുണ്ടായേക്കാം എന്നയാൾക്ക് ഭയമുണ്ടായിരുന്നു... അയാളതവളോട് പറയാൻ തുടങ്ങിയപ്പോഴേക്കും അവൾ അയാളോട് മിണ്ടരുതെന്നാംഗ്യം കാണിച്ചു... പൊന്തക്കാടിന്റെ ഒരുവശത്തായ് അവർ കുന്തിച്ചിരുന്നു... ശേഷം ഇലപ്പടർപ്പുകൾ മെല്ലെ ശബ്ദമുണ്ടാക്കാതെ വകഞ്ഞു മാറ്റി..
'ദാ നോക്ക്...'
അവൾ രഹസ്യമായ് അയാളുടെ കാതിൽ പറഞ്ഞു... അയാൾ വകഞ്ഞു മാറ്റിയ ഇലപ്പടർപ്പുകൾക്കിടയിലൂടെ നോക്കി... അപ്പുറം ഒരു ചെറിയ മൈതാനമാണ്... അവിടെ നിറയെ മയിലുകൾ... ആൺമയിലുകളും പെൺമയിലുകളും. പെൺ മയിലുകൾ നിലത്തു നിന്നും എന്തൊക്കെയോ കൊത്തിപ്പെറുക്കുകയാണ്, അയാൾ ബാഗിൽ നിന്നും ക്യാമറയും ബൈനോക്കുലറുമെടുത്തു... ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ അവർ പുഴുക്കളെയും, ചെറിയ പ്രാണികളെയും, ചെറിയ ചെറിയ പാമ്പുകളെയുമെല്ലാം കൊത്തിത്തിന്നുന്നതായ് അയാൾക്ക് കാണാൻ സാധിച്ചു... ആൺമയിലുകൾ ചില ശബ്ദങ്ങളുണ്ടാക്കി ഇണകളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്... ശ്രുതിമധുരമായതൊന്നുമല്ല അവറ്റകളുടെ ശബ്ദം... പക്ഷെ ചിറകു വിരുത്തി ഗമയിലുള്ള ആൺമയിലുകളുടെ നിൽപ്പ്, അതൊന്നു കാണേണ്ടതു തന്നെയാണ്...
ആകാശത്ത് മഴക്കാറേറി വരുന്നുണ്ടായിരുന്നു... ചുറ്റുപാടും തണുപ്പു പരന്നു തുടങ്ങി... മഴ ഏതു നിമിഷവും പെയ്തേക്കാമെന്നു തോന്നുന്നു... കൂട്ടത്തിൽ മൂന്നുനാലാൺമയിലുകൾ പീലി വിടർത്തി നൃത്തം തുടങ്ങിക്കഴിഞ്ഞു... പച്ച നിറവും സ്വർണ നിറവും കലർന്ന പീലികളിൽ കഥ പറയുന്ന കണ്ണുകളൊളിപ്പിച്ച് അവ നൃത്തം ചവിട്ടുന്നത് കാണേണ്ട കാഴ്ച തന്നെയാണ്... പീലിക്കെട്ട് വിശറി പോലെ വിടർത്തി മുൻപോട്ടു കൊണ്ടുവന്നിട്ട് ഗംഭീര നൃത്തം തുടങ്ങുകയായി... തവിട്ടു നിറത്തിലുള്ള ചിറകുകൾ വശങ്ങളിൽ തൂക്കിയിട്ട് വിറപ്പിച്ച് നൃത്തം പൊടിപൊടിക്കുകയാണ്... അയാൾ അതിമവെട്ടാതെ നോക്കിയിരിക്കുകയും ക്യാമറയിൽ പകർത്തുകയും ചെയ്തു... പെൺമയിലുകളെ ആകർഷിക്കാനാണ് ഈ കഷ്ടപ്പാടത്രയും... പക്ഷെ പല പെൺമയിലുകളാവട്ടെ അതൊന്നും ശ്രദ്ധിക്കുന്നു കൂടിയില്ല... അഹങ്കാരികൾ, പീലികളില്ലാത്ത മൊട്ടച്ചികൾ... ഇത്ര മനോഹരമായ നൃത്തം കണ്ടില്ലായെന്നു നടിച്ച് കണ്ട പാമ്പിനെയും പുഴുക്കളെയും കൊത്തിത്തിന്നുകൊണ്ട് നടക്കുന്നു... കൂട്ടത്തിൽ ഏറ്റവും മനോഹരമായ് നൃത്തം ചെയ്യുന്ന മൂന്നോ നാലോ പേരിൽ ചില പെൺ മയിലുകൾ ആകൃഷ്ടരായ്... അവ ഇണ ചേരുന്ന കാഴ്ചകളും ഇണയെ കിട്ടാതെ ഇണയുടെ അവഗണനയിൽ മനം നൊന്തിട്ടാവണം പുതിയ മേച്ചിൽപുറങ്ങളിലേക്ക് പറന്നു പോകുന്നവയെയും അയാൾ വീഡിയോയിൽ പകർത്തി.. ആ നേരമത്രയും അയാൾ പത്മയെ മറന്നു, കുര്യച്ചനെയും അയാളുമായ് ഏർപ്പെട്ടിരുന്ന കരാറും മറന്നു... കൽക്കത്ത നഗരത്തെയും, തെരുവോരങ്ങളെയും മറന്നു... സിതാരയെയും, ഭ്രാന്തിന്റെ ചുഴികളെയും, ചുഴികളിലുഴറി പിറവിയെടുക്കാതെ വന്നതിലും വേഗം മടങ്ങിയ അനേകം കുഞ്ഞുങ്ങളെയും കുഞ്ഞുടുപ്പുകളെയും മറന്നു... തെരുവു ഗായകന്റെ സംഗീതവും സാക്കീറിന്റെ ഹിന്ദുസ്ഥാനിയും തമ്മിൽ അവർ പോലുമറിയാതെ നടന്ന വഴക്കുകളെയും, ലൈറ്റ് ഹൗസിലെ കിഴവൻ കാവൽക്കാരനെയും മറന്നു... അയാളുടെ മനസ്സിലപ്പോൾ ശലോമോന്റെ കൊട്ടാര ഉദ്യാനങ്ങളിലൂടെ ഗമയിൽ നടന്നു നീങ്ങുന്ന മയിലുകൾ മാത്രമേയുണ്ടായിരുന്നുള്ളൂ...
മഴത്തുള്ളികൾ മുഖത്തു തട്ടിയപ്പോൾ മാത്രമാണ് അയാൾ സ്വപ്നങ്ങളിൽ നിന്നുണർന്നത്...
' അതേയ്, മയിലുകളൊക്കെ സ്ഥലം വിട്ടിട്ട് നേരം കുറേയായി, ഞാനിതെത്ര നേരമായ് സാറിനെ വിളിക്കുന്നു..? ഇനിയും നിന്നാലേ കോടമഞ്ഞിറങ്ങും പിന്നെ ആകെ മൂടലാ... താഴെയെത്തണമെങ്കിൽ പിന്നെ വല്ല്യ പാടാ... ചിലപ്പൊ മഴയും പെയ്യും.'
വന്ന പോലെ തന്നെ അങ്ങോട്ടും പത്മ മുൻപേ നടന്നു... അയാൾ അനുസരണയുള്ള കുട്ടിയേപ്പോലെ പിന്നാലെയും... അവൾ പറഞ്ഞതു ശരിയായിരുന്നു... കോടമഞ്ഞിറങ്ങിത്തുടങ്ങിയിരുന്നു...
താഴെ നഗരത്തിലെ കടകളിലെയും വീടുകളിലെയും ലൈറ്റുകളുടെ പ്രകാശം മഞ്ഞിനിടയിലൂടെ നേർത്തു കാണാമായിരുന്നു... നഗരം മഞ്ഞിൽ പുതഞ്ഞു കിടക്കുകയാണ്...
'പത്മാ...'
അയാൾ മെല്ലെ വിളിച്ചു...
അൽപ്പം മുൻപേയായിരുന്നുവെങ്കിലും അവളെന്നെ കേട്ടെന്നു തോന്നുന്നു...
മെല്ലെ നിന്നു... ഒരുപക്ഷെ അവൾ ആ വിളി പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിരിക്കാം എന്നയാൾക്ക് തോന്നി...
'നാളെ ഞാൻ പോകും... പറ്റിയാൽ വെളുപ്പിനേ തന്നെ...'
അവൾ ഒന്നും മിണ്ടിയില്ല.. ഒരു പക്ഷെ അവൾ തിരിച്ചൊന്നും ചോദിക്കരുത് എന്ന് അയാൾക്കുമുണ്ടായിരുന്നു...
എന്നെയും കൂടി കൊണ്ടുപോകുമോ എന്നൊരു ചോദ്യം അവളിൽ നിന്നുണ്ടായാൽ എന്തു ചെയ്യും എന്നയാൾക്ക് അറിയില്ലായിരുന്നു...
പക്ഷെ എന്തുകൊണ്ടോ അങ്ങനെയൊന്ന് അവൾ ചോദിച്ചതേയില്ല... ബാലിശം എന്നവൾക്ക് തോന്നിയിട്ടുണ്ടാകും... മാത്രമല്ല ഇവിടം വിട്ടെങ്ങും പോവണമെന്ന് അവൾക്കുണ്ടായിരുന്നുമില്ല...
തെല്ലു നിശബ്ദതക്ക് ശേഷം മെല്ലെ നടന്നുകൊണ്ട് അവൾ പറഞ്ഞു...
'ഞാനും.'
'എവിടേയ്ക്ക്...?' അയാൾ ചോദിച്ചു...
'എന്നെ ആവശ്യമുള്ളവരുടെ അടുത്തേക്ക്...' വല്ലാത്തൊരു ലാഘവത്തോടെ അവളതു പറഞ്ഞ് നടന്നകന്നപ്പോൾ അയാൾക്കെന്തോ വല്ലായ്മ തോന്നി...
'ആവശ്യമുള്ളവരോ...?' ആരൊക്കെ...?' തന്റെ ചോദ്യങ്ങൾ അവൾക്ക് അസ്സഹനീയമല്ലെന്നു മനസ്സിലാക്കിയ അയാൾ ചോദിച്ചു...
'ആവോ... അതെനിക്കറിയില്ല... ചാച്ചൻ വന്നു വിളിച്ചു കൊണ്ടു പൊയ്ക്കോളാമെന്നാ പറഞ്ഞിരിക്കുന്നേ...'
'ചാച്ചനോ...?' അയാൾ ചോദിച്ചു...
'ങാ... സാറിന്റെയടുത്തേക്ക് എന്നെ അയച്ചില്ലേ... കുര്യച്ചൻ... എന്റെ ചാച്ചനാ...'
കുര്യച്ചൻ... !
കുര്യച്ചനെപ്പറ്റി അയാൾക്ക് കൂടുതലറിവൊന്നുമുണ്ടായിരുന്നില്ല...
രണ്ടോ മൂന്നോ ദിവസത്തേക്ക് കൂട്ടിനൊരാൾ വേണമായിരുന്നു... സ്ഥലങ്ങളൊക്കെ കാണാനും പിന്നെ വെറുതെ സംസാരിക്കാനും... തനിച്ച് കുറച്ചു മണിക്കൂറുകൾ...! അയാൾക്കെന്തോ അത് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല...
അങ്ങനെയൊരാവശ്യം പറഞ്ഞപ്പോൾ ശങ്കരേട്ടനാണ് കുര്യച്ചനെ അയാൾക്ക് പരിചയപ്പെടുത്തിക്കൊടുത്തത്... മെലിഞ്ഞു നീണ്ട ഒരു മനുഷ്യൻ... 'സാറേ പുതിയ കുട്ടിയാ... മറ്റൊരാണിന്റെ നിഴൽ പോലും വീണിട്ടില്ല... കിളുന്താ... പതിനെട്ടായതേയുള്ളൂ...പക്ഷെ കാര്യങ്ങളെല്ലാം ഇവൾക്കറിയാം... ഇവളെ കിട്ടിയാൽ മൂന്നല്ല മുപ്പതു ദിവസം കഴിഞ്ഞാലും സാറിനിവളെ വിടാൻ തോന്നില്ല...'
ഒത്ത പൊക്കവും വണ്ണവുമായ് പ്രായത്തിലുമധികം വളർന്ന് ഒരു സ്ത്രീയായ് മാറിയ, വിടർന്ന കണ്ണുകളും നീണ്ട മുടിയുമുള്ള സുന്ദരിയായ ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി കുര്യച്ചൻ അയാളോടു പറഞ്ഞു...
'അയ്യോ അതല്ല... എനിക്ക് ഒരു കൂട്ടാ വേണ്ടത്... മൂന്നു ദിവസത്തേക്ക് കൂട്ടിനൊരാൾ... കൂടെ നടക്കാനും സംസാരിക്കാനും ഒക്കെ ഒരാൾ... '
കുര്യച്ചൻ തന്നെ തെറ്റിദ്ധരിച്ചു എന്നു മനസിലാക്കിയ അയാൾ തിരുത്താൻ ശ്രമിച്ചു...
പക്ഷെ കുര്യച്ചന് അതൊന്നും മനസിലായ മട്ടില്ല... അയാൾ തുടർന്നുകൊണ്ടേയിരുന്നു...
'എന്റെ സാറേ എനിക്ക് മനസ്സിലായി... സാറിനൊരു കൂട്ടു വേണം, കൂടെ നടക്കാനും സംസാരിക്കാനും പറ്റിയ ഒരാൾ... അത്രയല്ലേയുള്ളു... അതിന് ഇവളെക്കാൾ പറ്റിയൊരാൾ വേറെയില്ല, മിടുക്കിയാ...'
അയാൾ കുര്യച്ചനെ വീണ്ടും പറഞ്ഞു തിരുത്താൻ ശ്രമിച്ചു...
'അങ്ങനല്ല കുര്യച്ചാ... എനിക്ക് വേണ്ടത് ഒരാണിനെയാണ്... കാശ് എത്ര വേണമെങ്കിൽ തരാം...'
കുര്യച്ചനും ആ പെൺകുട്ടിയും കണ്ണുമിഴിച്ച് അയാളെ ഒന്നു നോക്കി...
'സാറേ, കാര്യം നാറിയ പണിയൊക്കെത്തന്നെയാ പക്ഷെ എത്ര കാശ് തരാമെന്നു പറഞ്ഞാലും കുര്യച്ചനെ മറ്റേപ്പണിക്കു കിട്ടുവേല...
സാറിനു വേണമെങ്കിപ്പറ ഇവളെ ഇപ്പൊ അങ്ങേൽപ്പിച്ചു തരാം... മൂന്നു ദിവസം രാവും പകലും... ആറായിരം രൂപാ തന്നാൽ മതി... അതും
ഇപ്പൊത്തരണം... പറ്റിയേലേൽ സ്ഥലം വിട്ടോ പറയുന്ന കാശിന് ഇവൾക്ക് വേണ്ടി ആണുങ്ങൾ ക്യൂ നിൽക്കുവാ...'
കടുപ്പിച്ച സ്വരത്തിൽ കുര്യച്ചൻ പറഞ്ഞു നിർത്തി...
താൻ പൂർണമായും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന് അയാൾക്ക് ബോധ്യമായി., സ്ഥലങ്ങളൊക്കെ ചുറ്റിക്കാണാനും തനിച്ചാവാതിരിക്കാനും ഒരു കൂട്ട്, ഗൈഡ് പോലെ, സുഹൃത്ത് പോലെ ഓരാൾ.,
പക്ഷെ....
ഇനി ഇവരെ തിരുത്തുക അസാധ്യം എന്ന് അയാൾക്ക് മനസ്സിലായി... അത് മാത്രമല്ല താൻ വേണ്ടായെന്നു വച്ചാൽ ഇന്നൊരു പകലോ രാത്രിയോ കൊണ്ട് ആ പെൺകുട്ടിയെ അവൾക്കു തന്നെ നഷ്ട്ടപ്പെട്ടേക്കാം എന്നു തോന്നിയതുകൊണ്ടും അയാൾ ചോദിച്ച കാശു കൊടുത്ത് അവളെ കൂടെ കൂട്ടി... അന്നു കണ്ടതാണ് കുര്യച്ചനെ.. ഇനി നാളെ വരും.. ഇവളെ കൊണ്ടുപോകാൻ...
ആ കുര്യച്ചൻ ഇവളുടെ ചാച്ചനോ..??
ചിന്തയിൽ നിന്നുണർന്നപ്പോഴേക്ക് അവൾ വളരെ ദൂരെയെത്തിയിരുന്നു...മഞ്ഞിൽ അവൾ നടന്നു നീങ്ങുന്നത് അവ്യക്തമായി കാണാമായിരുന്നു... അയാൾ ഓടി അവൾക്കൊപ്പമെത്തി...
കിതച്ചു കൊണ്ട് ചോദിച്ചു...
'ചാച്ചനോ... എന്നു വച്ചാൽ അച്ഛനോ...??'
'ഉം... അമ്മ മല്ലിക രണ്ടാമതു കെട്ടിയതാ ചാച്ചനെ...പിന്നെ അമ്മ മരിച്ചപ്പോൾ ചാച്ചൻ വേറെ കെട്ടി...
ആ സ്ത്രീയാ എനിക്കെല്ലാം പഠിപ്പിച്ചു തന്നത്...'
'എല്ലാമെന്നു വച്ചാൽ..??' അയാൾ ഉള്ളിൽ തികട്ടി വന്ന ചോദ്യത്തിന്റെ ഒരറ്റം മാത്രം ചോദിച്ചു...
'അതൊക്കെത്തന്നെ... എന്നെ ആവശ്യമുള്ളവർക്ക് വേണ്ടതെന്തെല്ലാം എന്നും അതെങ്ങനെയൊക്കെയാണെന്നും...'
ഒരു കൂസലുമില്ലാതെ പറഞ്ഞു തീർത്ത് അവൾ മഞ്ഞു പാളികളെ വകഞ്ഞു മാറ്റി നടന്നു..
പിന്നീടയാൾക്ക് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല....
അത്രമേൽ നിശ്ശബ്ദനായ് അയാൾ മഞ്ഞു പാളികൾക്കിടയിൽ അവൾ മറയുന്നതു നോക്കി നിന്നു...
റൂമിൽ വന്നു കയറി ഭക്ഷണവും കഴിച്ച് പതിവു പോലെ അവൾ നിലത്തും അയാൾ കട്ടിലിലുമായി കിടന്നു...
അത്രയും നേരം അവർ തമ്മിൽ തമ്മിലെന്തെങ്കിലും ഒന്നു മിണ്ടിയതേയില്ല...
റൂമിൽ എപ്പോഴോ കയറിക്കൂടിയ മഞ്ഞ് കനത്തു കിടന്നു...
'നിനക്ക് വിഷമം തോന്നുന്നില്ലേ...?'
രാത്രിയുടെ ഏതോ യാമങ്ങൾക്കിടയിൽ അയാൾ അവളോട് ചോദിച്ചു...
'എന്തിന്..?'
അവൾ തിരിച്ചു ചോദിച്ചു... അവൾ അപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല...
'എന്തിന്..?' ആ ചോദ്യത്തിന് അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല...
അയാൾ തിരിഞ്ഞു കിടന്നു...
മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ അയാൾക്കൊപ്പം അവളുമുണർന്നു... അയാൾക്ക് കാപ്പിയിട്ടു കൊടുക്കുകയും കൊണ്ടു പോകാനുള്ളതെല്ലാം ബാഗിലാക്കുകയും ചെയ്തു... ശേഷം വീടു പൂട്ടി അവരിറങ്ങി...
നേർത്ത ചാറ്റലുണ്ടായിരുന്നു...
അവർ നനഞ്ഞു... റെയിൽവേ സ്റ്റേഷനിലെത്തിയതും ട്രെയിൻ വന്നതുമൊന്നും അയാൾ അറിഞ്ഞതേയില്ല...
അയാളെ വിളിച്ച് അവളാണ് ട്രെയിൻ വന്ന കാര്യം പറഞ്ഞതും കമ്പാർട്ടുമെന്റിനുള്ളിലേക്ക് ബാഗുകൾ എടുത്തു വച്ചതും...
കമ്പാർട്ടുമെന്റിലേക്ക് കയറിയ അയാൾ വാതിൽക്കൽ നിന്ന് അവളെ നോക്കി... തിളങ്ങുന്ന കണ്ണുകളോടെ അവൾ അയാളെ നോക്കിച്ചിരിച്ചു... അയാൾക്കെന്തോ ചിരിക്കുവാനായില്ല... ട്രെയിൻ മെല്ലെയകന്നു...
അവൾ കൈവീശിക്കാണിച്ചു...
അയാൾ അവളെ നോക്കി നിന്നതേയുള്ളൂ...
തന്നെപ്പറ്റിയെന്തെങ്കിലും അറിയാൻ ശ്രമിക്കാത്തതിനും എന്നെക്കൂടി കൂടെ കൊണ്ടു പോകുമോ എന്ന് ചോദിക്കാത്തതിനും സർവ്വോപരി മിഴിക്കോണിലെ നനവ് അയാൾ കാണാതൊളിപ്പിച്ചതിനും ഒരായുസ്സിന്റെ കടപ്പാട് അയാൾക്കവളോട് തോന്നി...
ട്രെയിൻ അകന്നകന്നു പോകെ അങ്ങ് ദൂരെ മഞ്ഞിൽ അവൾ അലിഞ്ഞലിഞ്ഞില്ലാതായ്ത്തീരുന്നതയാൾ കണ്ടു...