Mekha Nadhan

Drama Tragedy

3.3  

Mekha Nadhan

Drama Tragedy

കുറിഞ്ഞി...

കുറിഞ്ഞി...

2 mins
967


കാലത്ത് ചായ എടുത്ത് തിണ്ണയിൽ ഇരിക്കുമ്പോൾ ഒരു വിളി ഉണ്ട് ... മ്യാവൂ ... എന്റെ കുറിഞ്ഞി. വാതിൽപ്പടി വരെ വന്ന് എത്തി നോക്കി നിൽക്കും. പുറത്തേക്ക് ഇറങ്ങാൻ എന്റെ അനുവാദം വേണം കള്ളിക്ക്. കൈ നീട്ടി കോരി എടുത്തെന്റെ ചാരത്ത് നിർത്തുമ്പോൾ സ്നേഹത്തോടെ മുട്ടിയുരുമ്മി നിൽക്കും അവൾ. ഇതൊരു പതിവായി തുടങ്ങിയിട്ടു കേവലം ഒൻപത് ദിവസങ്ങളേ ആയുള്ളു. ഒരു സ്നേഹോപഹാരം പോലെ കിട്ടിയതാണു കുറിഞ്ഞിയെ. വളരെ വേഗത്തിൽ തന്നെ എന്നോടിണങ്ങി അവൾ. 


എവിടെ പമ്മി നിന്നാലും കുറിഞ്ഞീ എന്ന ഒറ്റ വിളിയിൽ ഓടിയെത്തുന്നവൾ, പല്ലുകൾ ബലം വച്ചത് കാലിൽ മെല്ലെ കടിച്ച് അറിയിച്ചവൾ, കുറുമ്പ് കാണിച്ച് പിന്നാലെ മുട്ടിയുരുമ്മി നടന്നവൾ, ഞാൻ കൂടെ ഇല്ലാതെ വാതിൽപ്പടി കടക്കാത്തവൾ. എല്ലാം കൊണ്ടും ഞാൻ ഒരു പാട് ഇഷ്ടപ്പെട്ട, കുഞ്ഞിക്കണ്ണുകളുടെ ഉടമ. പക്ഷേ രണ്ടു ദിവസമായി കുറിഞ്ഞിയെ കാണാനില്ല. 


വീട്ടിൽ ആരുമില്ലാത്ത കുറച്ച് സമയം കൊണ്ടവൾ അപ്രതൃക്ഷയായി. തിരഞ്ഞ് തിരഞ്ഞ്, കുറിഞ്ഞീ എന്ന് വിളിച്ച് വിളിച്ച് നടന്ന രണ്ടു ദിവസങ്ങൾ. ദൈവത്തെ അങ്ങനെ വിളിച്ച് ശല്യം ചെയ്യാതെ ഇരുന്ന ഞാൻ ഒന്നും സംഭവിച്ചിരിക്കരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച് പോയി. 


പക്ഷേ ... അടുക്കള കോലായിൽ ഒരു വിറക് കൂനയിൽ ... അടഞ്ഞ രണ്ടു കുഞ്ഞിക്കണ്ണുകളുമായി ഒരു ശിരസ്സ് മാത്രമായി കുറിഞ്ഞി കിടന്നിരുന്നു. ദുർഗന്ധം മൂലം ചെന്ന് നോക്കിയ അമ്മ കരഞ്ഞു. വാർത്ത അറിഞ്ഞെങ്കിലും ആ കാഴ്ച്ച കാണാൻ എനിക്ക് പറ്റുമായിരുന്നില്ല. ഉമ്മറത്തെ ചായ അന്നെനിക്ക് മധുരിച്ചില്ല. മനസ്സിൽ ഒരു വിങ്ങൽ. കണ്ണുകൾ എന്നോട് കരുണ കാണിച്ചില്ല. രണ്ടിറ്റ് ഞാൻ അറിയാതെ കവിൾ നനച്ചു. 


കണ്ടൻ പൂച്ചയുടെ ക്രൂരത എനിക്ക് അസഹ്യമായി. പ്രാണൻ പോകുന്ന വേദനയിൽ കുറിഞ്ഞിയെ വായിലാക്കുന്ന കാഴ്ച്ച ... അത് തികട്ടി വന്നു കൊണ്ടേ ഇരുന്നു. ആ വേദനയിൽ എന്നെ ഒരു നിമിഷം അവൾ ഓർത്തു കാണില്ലേ... ഞാൻ ഓടി വന്ന് ജീവൻ രക്ഷിക്കുമെന്ന് അവൾ വിചാരിച്ചിരിക്കില്ലേ ... ചിന്തകൾ വണ്ടുകൾ പോലെ വട്ടമിട്ടു മൂളിപ്പറക്കാൻ തുടങ്ങി.


തൊടിയിലെ മതിലിൻ ചുവട്ടിൽ ചുണ്ടു നനച്ച് ഒരു കണ്ടൻ നിൽപ്പുണ്ടോ ? ചിന്തകൾ ആട്ടിപ്പായിച്ച് ഒന്നു കൂടി നോക്കി. തോന്നലല്ല ... ഒരു നിമിഷം എന്റെ പല്ലുകൾ മുറുകി. എന്തിനോ വേണ്ടി രക്തം ചൂടാവുന്നു. കണ്ണുകൾ ഒന്ന് കൂടി ബലമായി തുറന്നു വച്ചു. ആ കണ്ടൻ പൂച്ചയുടെ വായിൽ പ്രാണ വേദന അനുഭവിച്ചു പിടഞ്ഞ കുറിഞ്ഞിയുടെ മുഖം ഓടിയെത്തി.


 േ o... 


ലക്ഷ്യം തെറ്റാത്ത ഒരു കരിങ്കല്ല് കണ്ടന്റെ വയറിൽ തന്നെ പതിച്ചു. ഇത് വരെ ഉണ്ടായിരുന്ന എന്റെ പ്രതികാര ദാഹം എല്ലാം ചേർന്ന ഒരേറ്... പ്രാണ വേദനയിൽ കണ്ടൻ പിടഞ്ഞു. ഇത് വരെ കേൾക്കാത്ത ശബ്ദങ്ങളിൽ അവൻ കരയുന്നു. ആ കരച്ചിലുകൾ ഒക്കെയും എന്റെ കാതുകളിൽ പതിയുന്നത് ഞാൻ ആസ്വദിച്ചു ... ലക്ഷ്യം തെറ്റാതെ, കരച്ചിൽ കൂടാനായി, ഒരു കരിങ്കൽ ചീളു കൂടി ഞാനെടുത്തു. കൈ ഓങ്ങിയ നേരം ...


മതിലിന്റെ മുകൾ ചാടി മറ്റൊരു കണ്ടൻ പാഞ്ഞു ...


കൈ താഴ്ന്നു. ആരെയാണ് ഞാൻ ശിക്ഷിച്ചത് ? യഥാർത്ഥ പ്രതിയോ ? അതോ നിരപരാധിയെയോ ? തിരിച്ചറിയാനാവുന്നില്ല. കണ്ടന്റെ കരച്ചിൽ ഇപ്പോൾ അസഹ്യമായി. കാലുകളിൽ നിന്നും ഒരു വിറയൽ ... അത് ശിരസ്സിലെത്തിയതും കരിങ്കല്ല് കൈയിൽ നിന്നും താഴേക്ക് വീണു. ചെവി കൊട്ടിയടച്ച്, തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു ...


Rate this content
Log in

More malayalam story from Mekha Nadhan

Similar malayalam story from Drama