ജാനുവേച്ചി
ജാനുവേച്ചി


ഐക്കര ജാനകീന്ന് അറിയപ്പെട്ട ഞങ്ങടെ ജാനുവേച്ചി. ഇത്രേം ചങ്കൂറ്റം ഞങ്ങടെ നാട്ടില് വേറെ ആൾക്കില്ല അന്നും ഇന്നും എന്നും. അച്ചനും അമ്മേം നേരത്തേ മരിച്ചു. സ്വന്തമെന്നു പറയാൻ ഒരമ്മാവൻ മാത്രം, ദാമോദരൻ. കൊടിയ ദാരിദ്ര്യം. ഏഴ് മക്കളെ പോറ്റാൻ ദാമുവേട്ടന് കഴിവില്ലായിരുന്നെങ്കിലും ജാനുവേച്ചിയെ പ്രത്യേകം നോക്കി.
"ജാനൂ... എടീ... നീയെവിട്യായിരുന്ന്?"
" ഇവിടെ തന്നെ ണ്ടായി... "
" വീണ്ടും മരത്തിന്മേ കേറിയാ?"
" ഉം... "
" നിനക്കൊരാലോചന വന്നേക്കണ്..."
" ആരാന്നു വെച്ചാ പറഞ്ഞ് തൊലക്ക് "
" മേലാട്ടിലേ ചെക്കനാ... ശങ്കുണ്ണി "
" ഉം... "
കല്യാണം നടന്നു. ശങ്കുണ്ണിക്ക് വേറെ കെട്ട്യോളുണ്ടായിരുന്നു. തൊഴിച്ച് കൊന്നതാ. മുഴുക്കുടിയൻ.
ആഴ്ചകൾ പാഞ്ഞു പോയി... ഇടിവണ്ടി വന്നു. ശങ്കുനേം കൂട്ടി കൊണ്ടോയി ജയിലിലേക്ക് . ജാനുവേച്ചി പിന്നെ അതിയാനേ കണ്ടിട്ടേയില്ല. അന്ന് ജാനു ചേച്ചിക്ക് ഒമ്പതു മാസായിരുന്നു. ഇടമറ്റത്തിന് നടന്നു. എന്നിട്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു.
"ലക്ഷ്മിയേച്ചി... ഇത്തിരി വെള്ളം."
" ഞാൻ ഇപ്പ വരാട്ടോ..." അരനാഴിക കഴിഞ്ഞ് വന്നിട്ട് പറഞ്ഞൂ.
" ഞാൻ പെറ്റ്... ഉലക്ക എടുത്തേ. "
ഞാൻ ഉലക്ക കൊടുത്തു. ജാനുവേച്ചി പന കീറി ഉരലിലിട്ട് ചതച്ച് പന കുറുക്കി കുടിച്ചു. കേട്ടാൽ എളുപ്പമാ പക്ഷേ ചെയ്യാൻ പണിയാ. ഒന്നോർക്കണേ അപ്പ പ്രസവിച്ചിട്ട് പന കുറുക്കി കുടിക്ക്യാ എന്നു വെച്ചാ വല്യ കാര്യാ. പറഞ്ഞില്ലേ കല്ലിന്റെ കട്ടിയുള്ള സ്ത്രീയാ ജാനുവേച്ചി.
ഞങ്ങടെ ഓർമ്മേന്ന് ഇന്നും മാഞ്ഞിട്ടില്ല ജാനുവേച്ചി.