മരണം...
മരണം...


മനുഷ്യനെന്നും ഭയത്തോടെ മാത്രം വീക്ഷിച്ചിട്ടുള്ള ഒരു പ്രതിഭാസം...
അനിശ്ചിതവും സുനിശ്ചിതവുമായ ഒരേയൊരു സമസ്യ...
എപ്പോഴാണ് എന്നതിനെപ്പറ്റി അറിയില്ലെങ്കിലും എന്നെങ്കിലും
ഉറപ്പായും നമ്മിലേക്ക് എത്തിച്ചേരും എന്നുറപ്പുള്ള,
ഉറച്ചു വിശ്വസിക്കാൻ കഴിയുന്ന ഒന്ന്.
എന്നാൽ മരണത്തിനപ്പുറവും ജീവിക്കുന്ന
അഥവാ ജീവൻ വിട്ടുപിരിയാൻ കൂട്ടാക്കാത്ത ചിലർ എന്ന നിലയിൽ
അല്ലെങ്കിൽ, പ്രകൃതിയിലെ ഏറ്റവും വലിയ ഭീകരതാരങ്ങൾ എന്ന നിലയിൽ
പ്രേതങ്ങളെകാൾ വാഴ്ത്തപ്പെട്ട മറ്റാരും ഉണ്ടായിട്ടില്ല.
എല്ലാവരുടെയും കഥ മരണത്തോടെ അവസാനിക്കുമ്പോൾ,
ഇവർ മരണത്തോടെയാണ് ജനിക്കുന്നത്...
മരണം ഗർഭംധരിച്ചു ശവക്കല്ലറകൾ പ്രസവിക്കുന്ന ഈ നവജാതർക്ക് ,
അരൂപികളും , അശരീരികളും ആയി,
രൂപാന്തരം പ്രാപിക്കുമ്പോൾ ഉണ്ടാകുന്ന
അമ്പരപ്പും ഭയവും ഉറപ്പായും ഉണ്ടാവാതിരിക്കില്ല.
എത്തിപ്പെട്ടത് എവിടെയെന്നറിയാതെ അമ്പരക്കുന്ന ഒരു ബാല്യവും,
അശരീരി ആയതിനാൽ പ്രകൃതിയോടലിഞ്ഞു പ്രകൃതിക്കുള്ളിൽ ജീവിക്കുന്ന
ദുശ്ശാഠ്യമുള്ള യൗവനവും അപക്വതയുടെ കൗമാരവും
ആഗ്രഹ പൂർത്തീകരണത്തിനൊടുവിൽ മോക്ഷലബ്ധി
എന്ന അടങ്ങാത്ത ദാഹവും എല്ലാം ഉൾക്കൊള്ളുന്ന ഒരു ജീവിതം ഉണ്ടാവാം.
എന്നാൽ, അവിടെനിന്നും പഴയതുപോലെ
നമ്മളോട് സംസാരിക്കുവാൻ എന്തു മാർഗ്ഗം ആയിരിക്കും കണ്ടുപിടിക്കുക...???
ശരീരം ഇല്ലാത്തതിനാൽ,
ശബ്ദവും
അസ്ഥിത്വം ഇല്ലാത്തതിനാൽ,
വെളിച്ചവും
അവരെ തുണക്കില്ല എന്നതുറപ്പ്.
എന്റെ അനുമാനത്തിൽ,
ശരീരമാവശ്യമില്ലാത്ത ഇവർ ഒരു പാരലൽ-യൂണിവേഴ്സിൽ ആയിരിക്കാം
മരണശേഷം എത്തപ്പെടുന്നത്.