Hibon Chacko

Action Crime Thriller

2.9  

Hibon Chacko

Action Crime Thriller

s e c u r e സെക്യൂർ (ഭാഗം - 9)

s e c u r e സെക്യൂർ (ഭാഗം - 9)

3 mins
204


“ഏട്ടാ....”

ശരവേഗത്തിൽ ഇങ്ങനൊരു നിലവിളി അലക്സിന്റെ കാതിലൂടെ പാഞ്ഞുപോയി. അലറിക്കൊണ്ട് അവൻ ചാടിയെഴുന്നേറ്റുനിന്നു, ശക്തി ചോർന്ന വലതുകാലുമായി! അമർജിത്ത് അവനെനോക്കി മുഖംചുവപ്പിച്ചു നിന്നു. അലക്സ് തന്റെ പല്ലുകൾ പരസ്പരം ഞെരിച്ചു.


“ഏയ്‌ അമർ, ഇവനെ കളഞ്ഞേക്ക് ഇപ്പോൾത്തന്നെ. എന്തിനാ വെറുതെ വെച്ചുകൊണ്ടിരിക്കുന്നേ...”

 റോണി ധൃതിഭാവിച്ചു അമർജിത്തിനോടായി പറഞ്ഞു, അലക്സിനെ പഴയപടി എയിം ചെയ്തുനിൽക്കെ.

തന്റെ വലതുകൈയ്യിൽ താഴ്ത്തിപ്പിടിച്ചിരിക്കുന്ന ഗണ്ണിൽ പിടിമുറുക്കി അമർജിത്ത് മനഃപൂർവമെന്നവണ്ണം മന്ദഹസിച്ചു കൊണ്ട് അലക്സിനെ നോക്കിത്തന്നെ പറഞ്ഞു;

“അവൻ കൊലയാളിയല്ലേ...? കൊല്ലാൻവേണ്ടി വന്നു... ഇവനെങ്ങനാ കൊല്ലുന്നതെന്ന് ഞാനൊന്ന് കാണട്ടെ... രണ്ട് ഗൺപോയിന്റുകൾക്ക്മുൻപിലും അവന്റെ അമിതവിശ്വാസം...”

അമർജിത്ത് മുഴുമിപ്പിക്കുന്നതിനു മുൻപേ അലക്സ് തുടങ്ങി:

“വന്നാൽ... അതുപോലെതന്നെ പോകുവാനും എനിക്കറിയാം. ആ ഉറപ്പ് നന്നായുള്ളതു കൊണ്ടു തന്നെയാടാ ഞാനിവിടെ വന്നത്... അത് നിനക്കുപകരം പതിനായിരം പേരുണ്ടേലും...”

   

വേച്ചുനിന്നുകൊണ്ട് അലക്സ് റോണിയുടെ മുഖത്തേക്കുനോക്കി ഇങ്ങനെ പറഞ്ഞതും- ഗൺ എയിം ചെയ്തു നിൽക്കുന്ന റോണിക്കും, അലക്സിനും നടുവിലേക്ക്- റോണിയുടെ പാതിമറയ്ക്കുംവിധം അമർജിത്ത് ലാഘവംഭാവിച്ച് കയറിനിന്നു.

“ഊം... ബാക്കി...”

പരിഹാസം ഭാവിച്ച് അമർജിത്ത് പറഞ്ഞു.

അലക്സ്, റോണിയിൽനിന്നും കണ്ണുകളെടുക്കാതെ തുടർന്നു;

“നിനക്കുള്ള കുഴിയിൽത്തന്നെയാ നീയിപ്പോഴും... മിസ്റ്റർ റോണി... ഇതാണ് എന്റെ പ്ലാൻ ഓഫ് അറ്റാക്ക്... ഞാൻ അന്വേഷിച്ച് പ്രതിയെ കണ്ടുപിടിക്കും, പിന്നെ ശിക്ഷ വിധിക്കും.”

   

വേദന കടിച്ചമർത്തിയെന്നപോലെ ഇത്രയും പറഞ്ഞപ്പോഴേക്കും അലക്സ് തന്റെ വലതുകാലിന്റെ ബലമില്ലാത്ത അവസ്ഥയിൽ വലതുകൈ, വലതുകാൽമുട്ടിന്മേൽവെച്ച് ഒരുവിധം നിൽപ്പ് ഭദ്രമാക്കി. ശേഷം തുടർന്നു:

“ഉള്ള സമയംകൊണ്ട് ഞാനൊരു കാര്യം പറയാം... റോണീ, മനസ്സിന്റെ ആഴത്തിലുള്ള വൈരാഗ്യത്തിന്റെ വിത്തിനെ

നിന്റെ വർഗ്ഗക്കാർ വളർത്തിക്കൊണ്ടുപോരുമ്പോൾ കള്ളും പെണ്ണും മണ്ണും..., പെണ്ണ് നിനക്കൊക്കെ, നിന്റെ വർഗ്ഗത്തിനാകെ മധുരിക്കുന്നത്... എപ്പോഴുമൊരു മധുരമായിരിക്കുന്നത് എനിക്ക് നന്നായറിയാം...”

  ഇതിനിടയിൽ അലക്സിന്റെ വാചകങ്ങൾ ഓരോന്നായി രസിച്ചു കേൾക്കുകയായിരുന്നു അമർജിത്ത്.

“...നിന്റെ വർഗ്ഗത്തിനോട് ഒന്നും-ഒട്ടും പറഞ്ഞിട്ട് കാര്യമേയില്ല... നീ ഒന്നുമറിയാതെതന്നെ അവസാനിക്കും. നിന്റെയൊക്കെ ഭാര്യമാരെ നീയൊക്കെ കൂട്ടിക്കൊടുക്കുമോടാ...?”

   

അവസാനവാചകം അത്യന്തം അലർച്ചയോടെ അലക്സ്, റോണിയുടെ മുഖത്തേക്കുനോക്കിനിൽക്കത്തന്നെ പറഞ്ഞു.

 റോണി പല്ലുകൾ ഞെരിച്ചതും അമർജിത്ത് കലിപൂണ്ട് തന്റെ ഗൺ അലക്‌സിനുനേരെ ഉയർത്തുവാനോങ്ങിയതും, അമർജിത്തിന്റെ ഫോൺ റിങ് ചെയ്തു. അവനുടനെ മൊബൈൽ പോക്കറ്റിൽനിന്നും എടുത്തുപോയി, ഇന്ദ്രജയുടെ നമ്പറിനിട്ടിരിക്കുന്ന റിങ്ങായതിനാൽ.

“ഏട്ടാ...”

ഇടറിയ ശബ്ദത്തോടെ ഇന്ദ്രജ തുടങ്ങി. അമർജിത്ത് കാതുകൂർപ്പിച്ചുപോയി, മൊബൈൽ ചെവിയിലിരിക്കെ.

“...ഏട്ടാ... ആ കൊലയാളിയെ... ഏട്ടൻ കൊല്ലരുത്... അയാളെ, അയാളെ നിയമത്തിനേലും കൊടുത്താൽ മതി... ഏട്ടാ...”

തന്റെ ഭാര്യയുടെ ഇടറുന്ന ശബ്ദത്തിൽ ആഴ്ന്നുപോയതിനാൽ അലക്സ് രൗദ്രഭാവത്തോടെ നിൽക്കുന്നത് അവൻ മറന്നു.

“...ഏട്ടാ, ഏട്ടന്റെ ഉറ്റസുഹൃത്ത്... റോണി, അവൻ ചതിയനാ... സ്വന്തം കൂട്ടുകാരന്റെ ഭാര്യയെ പ്രാപിച്ചവൻ; ഏട്ടന്റെ ഇന്ദ്രയെ നശിപ്പിച്ചവൻ...”

 

ഇതുകേട്ടുനിന്നുപോയ അമർജിത്തിന്റെ വലതുകൈയ്യിൽ താഴ്ത്തിപ്പിടിച്ചിരുന്ന ഗൺ അയഞ്ഞു, കൈകളിൽനിന്നും. അവൻ അല്പം വലത്തേക്കു നീങ്ങിത്തിരിഞ്ഞുപോയി, ഇടതുചെവിയിൽ മൊബൈൽ പിടിച്ചിരിക്കെ. റോണി അലക്സിന് തൊട്ടുമുന്നിലേക്ക് കയറി നിന്നു- അവന്റെ നെറ്റിയിലേക്ക് ഗൺ എയിം ചെയ്തു തന്നെ.

ഇന്ദ്രജ വിങ്ങിക്കൊണ്ട് തുടരുകയായിരുന്നു:

“...ഏട്ടാ, ഞാൻ ആ കൊലയാളിയോട് ഫോണിൽ പറഞ്ഞതെല്ലാം സത്യമാ... നഗ്നമായ സത്യം... ഏട്ടന്റെ കൂട്ടുകാരന് ഏട്ടനറിയാത്തൊരു കണ്ണുണ്ട് ഏട്ടാ... ഏട്ടനോട് പറഞ്ഞ്... ഏട്ടനെ തെല്ലുനേരത്തേക്കുപോലും പിരിഞ്ഞിരിക്കുവാൻ എനിക്കാകില്ലാത്തോണ്ടാ... എന്നോട്... എന്നോട് ക്ഷമിക്കേട്ടാ... എന്റെ മനസ്സെന്നെ വേട്ടയാടി ജയിച്ചിരിക്കുന്നു...

അതുകൊണ്ട്... അതുകൊണ്ട് വിളിച്ചതാ ഞാൻ... എന്നോട്... ഏട്ടാ എന്നോട് സ്നേഹമുണ്ടേൽ... എട്ടനയാളെ കൊല്ലരുത്...

ആ... ആ ചതിയനെ കൊന്നുകളയ് ഏട്ടാ...”

   

അവസാനവാചകംപറഞ്ഞു ഇന്ദ്രജ മൊബൈലിലൂടെ അലറുന്നതുകേട്ട് അമർജിത്ത് തിരിഞ്ഞു റോണിയെ നോക്കിയതും അതു കണ്ടെന്നപോലെ റോണി തിരികെ നോക്കുവാൻ തുടങ്ങിയതും, അലക്സ് തന്റെ സർവ്വശക്തിയോടുംകൂടെ അരയിലെ കഠാരയെടുത്ത് റോണിയെ ചേർത്തുപിടിച്ചു ഇടതുകണ്ണിൽ കുത്തിയിറക്കിയതും റോണിയുടെ ഗണ്ണിലെ ബുള്ളറ്റ് അലക്സിന്റെ നെറ്റിയിൽ തറച്ചുകയറിയതും ഇന്ദ്രജയുടെ കോൾ കട്ടായതും ഒരുനിമിഷത്തിലെന്നപോലെ കഴിഞ്ഞു.

   

ഒരുനിമിഷം എസ്. പി. അമർജിത്ത് വിജയ് ഐ. പി. എസ്. ന്റെ കണ്ണുകൾ സ്വയം അടഞ്ഞുതുറന്നെന്നകണക്കെയായി. അവൻ മുന്നോട്ട് ചലിച്ചു- മൊബൈൽ നിലത്തേക്ക് വീണു പോയതറിയാതെ, അലക്‌സും റോണിയും പരസ്പരം എതിർദിശയിലേക്ക് വീഴുന്നതു കണ്ടു കൊണ്ട്.

   

അമർജിത്ത് ഇരുവരുടെയും അടുത്തെത്തി നിന്നപ്പോഴേക്കും ഇരുകാലുകളും പിടപ്പിച്ചശേഷം റോണിയുടെ ചലനമാകെ നിലച്ചു. അവൻ അലക്സിനെ നോക്കിപ്പോയി- നേടാനുള്ളതെന്തോ കണ്മുന്നിലുള്ളതു പോലെന്ന കണക്കെ, ചലനമറ്റു കിടക്കുന്ന അലക്സിന്റെ മുഖത്തൊരു പുഞ്ചിരി വിടരുവാനുള്ള ഭാവമായിരുന്നു.

   

അടുത്തനിമിഷംതന്നെ അമർജിത്ത് റോണിയെ നോക്കി. അതിനടുത്ത നിമിഷം അവൻ, തന്റെ കൈയ്യിലിരിക്കുന്ന ഗണ്ണിലേക്ക് നോക്കിപ്പോയി. അത് നിലത്തേക്കെറിഞ്ഞശേഷം അവൻ റോണിയുടെ ഇടതുകണ്ണിൽ കയറിയിരിക്കുന്ന കഠാരയിൽ ആഞ്ഞുചവിട്ടി- റോണിയുടെ ജഡം ചെറുതായൊന്നു ചലിച്ചു. ഒരിക്കൽക്കൂടി അവനാ കഠാരയിൽ വലതുവശത്തേക്കായി ചവിട്ടിപ്പിടിച്ചു- തലച്ചോർ പിളരുവാനെന്ന ആഗ്രഹത്തോടെ- രക്തം കഠാരക്കു ചുറ്റിനുമായി പടർന്നൊഴുകിക്കൊണ്ടിരുന്നു.

   

അമർജിത്ത് വേച്ചു-വേച്ചു പിറകിലേക്ക് രണ്ടടി വെച്ചശേഷം വേച്ചു കൊണ്ടു തന്നെ അടുത്തു കണ്ട ചെയറിലേക്കിരുന്നു പോയി, തന്റെ തലയിൽ വലതുകൈ കൊടുത്തു കൊണ്ട്. നിശബ്ദമായി ഒന്നുരണ്ടു മിനിറ്റുകൾ കടന്നുപോയി. അപ്പോഴേക്കും തന്റെ മുന്നിൽ, താൻ എറിഞ്ഞിട്ട ഗൺ കിടക്കുന്നത് അവന്റെ കണ്ണുകൾ കണ്ടെത്തി. അവൻ ചാടിയെഴുന്നേറ്റ് അലറിക്കൊണ്ട് റോണിയുടെ ബോഡിയ്ക്കരുകിലേക്ക് ഓടിച്ചെന്നു, റോണിയുടെ ഗൺ പിടിച്ചെടുത്തു- അവന്റെ നെറ്റിയിലേക്ക് തുരുതുരെ വെടിയുതിർത്തു. ശേഷം ആ ഗൺ നിലത്തേക്ക് ആഞ്ഞിട്ടു.

   

നീട്ടിയുള്ള വർദ്ധിച്ച ശാസോശ്ചാസത്തോടെ ഒരുനിമിഷം അവനവിടെ നിന്നശേഷം തളർന്നെന്നകണക്കെ പിറകിലേക്ക് തിരിഞ്ഞുനടന്നു, വേച്ചു-വേച്ചു തന്റെ ഗണ്ണും താഴെനിന്നെടുത്തു ചെയറിൽ വലതുവശത്തേക്ക് ചായ്ഞ്ഞു ചാരിയിരുന്നു- വലതുകൈയ്യിൽ തളർത്തിപ്പിടിച്ചിരിക്കുന്ന തന്റെ ഗണ്ണുമായി. ഒന്നുരണ്ടു നിമിഷങ്ങൾ കഴിഞ്ഞില്ല, അവൻ വലിയ അലർച്ചയോടെ വിളിച്ചു നിലവിളിച്ചു- “മോളേ...”

   

നിലവിളി കരച്ചിലായി ഒതുങ്ങി- മെല്ലെ അവസാനിച്ചപ്പോഴേക്കും ചുറ്റുമുള്ള നിശബ്ദമായവയെല്ലാം ചേർന്ന് ‘സെക്യൂർ’ എന്ന് മന്ത്രിക്കുംപോലെ അമർജിത്തിന് തോന്നി. അവൻ തന്റെ കണ്ണുകൾ മുറുകെത്തുറന്നുപിടിച്ചു മുന്നിലെ വിദൂരതയിലേക്ക് നോക്കിയിരുന്നു, കൈയ്യിൽ അയഞ്ഞിരിക്കുന്ന തന്റെ ഗണ്ണുമായി.


അവസാനിച്ചു.


Rate this content
Log in

Similar malayalam story from Action