s e c u r e സെക്യൂർ (ഭാഗം- 6)
s e c u r e സെക്യൂർ (ഭാഗം- 6)
അവൻ അനുവാദം നൽകിയതോടെ, അവനഭിമുഖമായി ചെയറിലിരുന്ന് സലസിത സംസാരിച്ചുതുടങ്ങി:
“സാർ, പ്രധാനപ്പെട്ടൊരു ന്യൂസ് താരനുണ്ട് സാറിന്. ഇത് ചിലപ്പോൾ നമ്മുടെയെല്ലാം നിറത്തിന്റെ മാനം ഒരുപോലെ കാക്കും.”അമർജിത്ത് അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കിയിരുന്നു, തനിക്കർഹതപ്പെട്ടതെന്തോ കിട്ടാനുണ്ടെന്ന ഭാവത്തോടെ.
“...സർ, രണ്ടുദിവസം മുൻപ് എന്റെ ഭർത്താവിന്റെ സഹോദരിക്ക് ഒരു ഞരമ്പുരോഗിയിൽനിന്നും വളരെ മോശമായൊരു പെരുമാറ്റമുണ്ടായി. പൊതുസ്ഥലത്തായിരുന്നതിനാലും പൊതുവേ പ്രതികരണശേഷി കുറഞ്ഞവളുമായിരുന്ന അവൾ വിഷമിച്ചുപോയ സമയം അവൾക്ക്, പരിചയമില്ലാത്തൊരു സ്ത്രീ ഒരു നമ്പർ നൽകി...”
കോൺസ്റ്റബിളിന്റെ വാചകങ്ങൾ ഇത്രയുമായപ്പോഴേക്കും അമർജിത്ത് തന്റെ കീഴ്ചുണ്ട് മേൽപ്പല്ലുകളാൽ കടിച്ചിരുന്നു.
“...രാത്രികാലങ്ങളിൽ പന്ത്രണ്ടുമണിക്കുശേഷം ഈ നമ്പറിൽ സ്വന്തം ചേട്ടനാണെന്നു കരുതി വിളിച്ച് ഇത്തരം വ്യക്തികൾക്കെതിരെ പരാതി പറഞ്ഞാൽ ഫലമുണ്ടാകുമെന്ന് സ്വകാര്യമായി ആ സ്ത്രീ അവളോട് പറഞ്ഞു. പകച്ചു നിൽക്കുന്ന അവളുടെ കൈകളിലേക്ക് നമ്പർ നൽകി ആ സ്ത്രീ എവിടെയോ മറഞ്ഞു.”
സലസിത ഇത്രയും പറഞ്ഞുതീർന്നില്ല, ഉടനടി അമർജിത്ത് തന്റെ ചെയറിൽനിന്നും ചാടിയെഴുന്നേറ്റു. ശേഷം ഉച്ചത്തിൽ ചോദിച്ചു: “ആ നമ്പർ എവിടെ....?!”
ഒരു കടലാസുകഷണത്തിൽ എഴുതിയ പത്തക്കങ്ങൾ കോൺസ്റ്റബിൾ സലസിത എഴുന്നേറ്റുനിന്ന് അവനുനേർക്ക് നീട്ടി.
അത് കൈകളിൽ വാങ്ങിച്ചയുടൻ മുകളിലേക്കുനോക്കി ആർത്തുചിരിച്ചുകൊണ്ട് അമർജിത്ത് തന്റെ ചെയറിൽ ഇരുന്നു. ചിരികേട്ടെന്നവണ്ണം ക്യാമ്പിന് പുറത്തുണ്ടായിരുന്ന സർക്കിൾ ശിവറാം അകത്തേക്കെത്തി നോക്കി. അതു ശ്രദ്ധിച്ച അമർജിത്ത് അയാളോടായി പറഞ്ഞു:
“കേട്ടോ ശിവറാം. കൊലയാളി കേസുമായി എന്റെയടുത്തെത്തിയിരിക്കുന്നു.”
ശിവറാം, മനസ്സിലാക്കുവാനെന്നവണ്ണം അകത്തേക്കെത്തി. അമർജിത്തിന്റെ ഭാവമാറ്റംകണ്ട് ഇതിനിടയിൽ സലസിത പറഞ്ഞു:
“സർ, അവൾക്കോ ഒന്നും... കുഴപ്പമൊന്നും ഉണ്ടാകരുത്. അലേർട്ടായിരിക്കുവാൻ സർ തന്ന നിർദ്ദേശമനുസരിച്ച്
ഞാനിതുമായി ഇവിടെ വന്നതാണ്. ഇതാണ് നല്ലൊരു വേദി എന്നെനിക്ക് തോന്നിയതിനാലാണ് ഇവിടേക്ക് വന്നു ഇവ സാറിനോട് പറയുന്നത്.”
ഉടനെ ചിരിയോടെ അമർജിത്ത് പറഞ്ഞു:
“ധൈര്യമായി തിരിച്ചു പൊയ്ക്കോ! ആരും ഒന്നും അറിഞ്ഞിട്ടില്ല എന്ന് കരുതിയാൽ മതി. ഇത് എനിക്ക് കിട്ടാനുള്ളത് കിട്ടിയതായി ഞാനും കരുതിക്കൊള്ളാം. ഓക്കെ. യു മെയ് ഗോ... എനിക്ക് സമയമായി!”
ഇത്രയും പറഞ്ഞുകേട്ടശേഷം പ്രോട്ടോകോൾ നിർവ്വഹിച്ചു സലസിത പുറത്തേക്ക് പോയി. ഈ നിമിഷങ്ങളിലത്രയും അമർജിത്ത് ചിരിയോടെ ശിവറാമിന്റെ മുഖത്തേക്ക് നോക്കിനിന്നു. ശേഷം തുടർന്നു:
“ഓരോ കൊല കഴിയുമ്പോഴും തെളിവുകൾ നമ്മളെ നിശ്ചലരാക്കി, നമ്മൾ ബലിയാടുകളാകുമ്പോൾ ഞാനെപ്പോഴും
പറയുമായിരുന്നില്ലേ ശിവറാം, ഒരു ഭ്രാന്തനെപ്പോലെ... അവൻ എനിക്കുള്ളതാ- ഈ കേസ് എന്റെ കൈയ്യിലേക്ക്തന്നെ
വരുമെന്ന്... എന്നിലെ ഭ്രാന്തനിപ്പോൾ തൃപ്തിയടഞ്ഞിരിക്കുന്നു. അവനിലേക്ക് നേരിട്ടെത്തുവാൻ നമുക്കൊരു പാലം
അവൻ തന്നെ ഇട്ടു തന്നിരിക്കുന്നു.”
ഇത് പറയുന്നതിനൊപ്പം തന്റെ കൈയിലിരുന്ന കടലാസുകഷണം അവൻ ശിവറാമിനുനേരെ ഉയർത്തിക്കാണിച്ചു.
കൃത്യമായൊരു വിവരണത്തിന് ഇനിയും സാധ്യതയുണ്ടെന്നവിധത്തിൽ മുഖവുമായി നിന്നു പോയ ശിവറാമിനോട് അവൻ തുടർന്നു പറഞ്ഞു;
“എല്ലാം വിശദമായി പറയാം ശിവറാം. തൽക്കാലം ഞാനൊന്ന് തൃപ്തനാകുവാനുള്ള വഴി തുടങ്ങട്ടെ.”
പുഞ്ചിരിയോടെ ഇത്രയും പറഞ്ഞുകൊണ്ട് ശിവറാമിന്റെ തോളിൽ തട്ടിയശേഷം അവൻ തന്റെ മൊബൈലെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു:
“എടാ റോണീ, ഞാനവനെ പിടിക്കുവാൻ പോകുവാ. കുറച്ചുകാര്യങ്ങൾ ആലോചിച്ചൊന്ന് എക്സിക്യൂട്ട് ചെയ്യണം. നിന്റെ അകമഴിഞ്ഞ ഹെൽപ്പെനിക്ക് വേണ്ടിവരും, ഷുവർ. അല്ലെൽത്തന്നെ, എന്റെ ആത്മമിത്രത്തോടല്ലേ... എന്റെ
ആത്മാവിനോടല്ലേ എനിക്ക് കൂട്ടുചേരുവാൻ പറ്റൂ.”
ധൃതിയിൽ ഇത്രയും പറഞ്ഞൊപ്പിച്ച അമർജിത്തിന്, തിരികെയുള്ള മറുപടി ഒരുനിമിഷം ശ്രദ്ധിക്കേണ്ടി വന്നു. ശേഷം അവൻ തുടർന്നു പറഞ്ഞു:
“എടാ, എല്ലാം ഞാൻ പറയാം... ഞാനങ്ങു വരട്ടെ! അതുവരെയൊന്ന് ക്ഷമിച്ചാൽ മാത്രം മതി. നിനക്കറിയാമല്ലോ, എന്റെ എഫിഷ്യൻസിയെ വെല്ലുവിളിച്ച്... എന്റെ അഭിമാനമാകെ ഉരിഞ്ഞുകളഞ്ഞ ഈ കേസ്- ഇതെനിക്ക് ഒറ്റക്കു തന്നെ തീർക്കണം. എസ്. പി. അമർജിത്ത് വിജയ് ഐ. പി. എസ്. ആയല്ല, ആത്മാഭിമാനത്തിനു മുറിവേറ്റ വെറും അമർജിത്ത് വിജയ് ആയി. എടാ, പോയ അഭിമാനം എനിക്കിനി തിരികെ കിട്ടിയില്ലേലും പ്രശ്നമില്ല... ഇത് ചെയ്തുകൂട്ടിയത് എനിക്കിട്ടാ,
എന്റെ മാനത്തിനേറ്റ മുറിവ് ഞാൻ സ്വകാര്യമായിത്തന്നെ ഉണക്കും. പക്ഷെ... പക്ഷെ അതിനെനിക്ക് നിന്നെ വേണം-
മറ്റാരെയും പകരംവെക്കുവാൻ എനിക്കില്ലാത്ത എന്റെ ഉറ്റമിത്രം റോണി തോമസ് ഐ. പി. എസ്. ഞാൻ വരുവാ നിന്റടുത്തേക്ക്...”
അമർജിത്ത് ഇത്രയും പറഞ്ഞു കോൾ കട്ട് ചെയ്തപ്പോഴേക്കും, ശിവറാം തലതാഴ്ത്തി വാചകങ്ങൾ ചികഞ്ഞു എല്ലാം മനസ്സിലാക്കുകയായിരുന്നു.
~
“ബിസിനസ്സ് സംസാരിക്കുവാനെന്നും പറഞ്ഞു വന്നിട്ട്... ഹ്... ഹ്... നിന്നെ ഞാൻ കാണിച്ചുതരാമെടാ...”
അലക്സിന്റെ കൈയിൽനിന്നും തലങ്ങും വിലങ്ങും പ്രഹരമേറ്റ് തന്റെ ക്യാബിനിലെ ഫ്ലോറിൽ വീണിരിക്കെ ഹരീന്ദ്രവർമ്മ വേദന കടിച്ചമർത്തി ഇങ്ങനെ അലറി.
അലക്സ് ഉടനെ ചുറ്റുമൊന്ന് നോക്കിയശേഷം അവിടെ കിടന്നിരുന്നൊരു ചെയർ എടുത്ത് അയാളുടെ തലയിൽ ശക്തിയോടെ അടിച്ചു. വായിലൂടെ രക്തം മെല്ലെ ഒലിപ്പിച്ച് വർമ്മ ചലനമറ്റതുപോലെ കിടന്നുപോയി. അലക്സ് അയാളെ തന്റെ കറുത്ത ഗ്ലൗസണിഞ്ഞ കൈകളുപയോഗിച്ച് വലിച്ചുകൊണ്ട് വശത്തായുള്ള ബെഡ്റൂമിലേക്ക് കൊണ്ടുപോയി, എടുത്ത് ബെഡ്‌ഡിൽ കിടത്തി. അയാൾ പാതിമരിച്ചെന്നപോലെ അവന്റെ മുഖത്തേക്കുനോക്കി കിടന്നു.
“ചില കാര്യങ്ങൾ സെക്യൂർ ആക്കുവാൻ എനിക്കിങ്ങനെയൊക്കെ ചെയ്തേ പറ്റൂ, സോറി മിസ്റ്റർ ഹരീന്ദ്രവർമ്മ. നുണയും പറഞ്ഞു ഞാനീ രാത്രിസമയം ഇവിടെ നിന്റെയടുക്കൽ വന്നത് നിന്നെ എന്നെന്നേക്കുമായി ഈ ലോകത്തിൽനിന്നും
വിറ്റഴിക്കുവാനാ... നീ എന്ന പ്രോഡക്റ്റ് ഇനിയും വിൽക്കാതിരിക്കുന്നതിൽ അർത്ഥമില്ല. ഊം... ഇതൊരു ബിസിനസ്സല്ലേ...?
ഇത് സംസാരിക്കുവാനാ ഞാൻ വന്നത്!”
അലക്സ് ഇത്രയും പറഞ്ഞുനിർത്തിയതും അയാൾ ബെഡ്‌ഡിൽനിന്നും തന്റെ ഉള്ള ആരോഗ്യത്തോടെ എഴുന്നേൽക്കുവാൻ ഭാവിച്ചു. എന്നാൽ ചെയർ ഏൽപ്പിച്ച ക്ഷതം അയാളെ തളർത്തി, അവൻ മെല്ലെ അയാളെ ബെഡ്‌ഡിലേക്ക് ചേർത്തിട്ടു. ശേഷം പറഞ്ഞു,
“പിന്നേയ്... ഇതെന്റെ ആദ്യത്തെ ബിസിനസ്സാണ്. ഇതിൽ നല്ലൊരു ലാഭം കണ്ടാലേ എന്നെ വിശ്വസിച്ചു ഇനിയും ആളുകൾ എനിക്കായി ഇൻവെസ്റ്റ് ചെയ്യൂ... എന്നാലല്ലേ ഈ ബിസിനസ്സ്മാന്റെ മനസ്സിനൊരു ശാന്തത ലഭിക്കൂ... ഇതൊന്നും ഞാൻ പ്രത്യേകം പറയാതെതന്നെ നോർമ്മാഗ്രൂപ്പ് എം. ഡി. ക്ക് അറിയാമല്ലോ അല്ലേ...!”
ഉടനെ ഹരീന്ദ്രവർമ്മ എന്തോ പറയുവാൻ ശ്രമം തുടങ്ങി:
“ഹ്... ഹ്... ഹെന്തിനാ... ഹെന്തിനാ...? എന്നെയിങ്ങനെ...?”
പൂർത്തീകരിക്കുവാൻ വർമ്മ വിഷമിച്ചു. ഉടനെ മറുപടിയായി അലക്സ് പറഞ്ഞു:
“അതൊരിക്കലും നീയറിയുവാൻ പാടില്ല. ചില കാര്യങ്ങൾ അറിയേണ്ടപ്പോൾ അറിയണം. ഒന്നുമറിയാതെ നീ മരിക്കുവാൻ പോകുവാ അല്പസമയത്തിനകം.”
ഹരീന്ദ്രവർമ്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അലക്സ് നോക്കി നിന്നു- ചോദ്യങ്ങൾ ബാക്കിയുണ്ടോ എന്നറിയുന്നതിനെന്ന പോലെ.
“നിന്റെ ഭാര്യക്ക് എന്താ ബിസിനസ്സെന്നു നോക്കാറുണ്ടോടാ നീ...? അതുപോട്ടെ, മക്കൾക്കോ...?”
അല്പനിമിഷത്തിനകം അലക്സ് ഇങ്ങനെ പറഞ്ഞു നിർത്തിയശേഷം തുടർന്നു:
“ബിസിനസ്സെന്നും പറഞ്ഞു കാശുകാണിച്ചു പെണ്ണുകെട്ടും... സൂക്കേടൊക്കെ തീർത്ത് പിള്ളേരെയും ഉരുവാക്കി വിടും... പിന്നെ നിന്നെപ്പോലുള്ള ഓരോന്നും എന്തൊക്കെ ബിസിനസ്സാ ഏതൊക്കെ മീറ്റിങ്ങാ കൂടുന്നതെന്നൊക്കെ എനിക്ക്
വളരെ കൃത്യമായി അറിയാമെടാ...”
ഇത്രയും പറഞ്ഞപ്പോഴേക്കും അലക്സ് എന്തോ ഓർത്ത് സംശയിച്ചെന്നപോലെ നിന്നശേഷം സ്വയമെന്നവണ്ണം പറഞ്ഞു:
“...ചില ബിസിനസ്സ്മാൻമാർക്ക് ക്ഷണനേരംകൊണ്ട് ബിസിനസ്സ് ലഭിക്കുകയും പെട്ടെന്നത് മുന്നോട്ടു നടത്തുവാനും
സാധിക്കും... അല്ലേ!? അതെ... പരിചയസമ്പത്തിന്റെ ആനുകൂല്യമില്ലാതെതന്നെ...”
ശേഷം അവൻ വർമ്മയെ നോക്കി. അയാളാനിമിഷം ഒന്നുറക്കെക്കരയുവാൻ ശ്രമം നടത്തി. അലക്സ് ഉടനെ തന്റെ അരികിലിരുന്ന ഹോം-തീയേറ്റർ ഓൺചെയ്ത് ശബ്ദം പരമാവധി വർദ്ധിപ്പിച്ചു. മറ്റെല്ലാത്തിനേയും അമർത്തി അതിൽ നിന്നും ഗാനം തുടർന്നു.
ഒരുനിമിഷം അവൻ അയാളുടെ ചെവിയിലേക്ക് ചെന്ന് ഉച്ചത്തിൽ പറഞ്ഞു:
“എന്നെ കാണിച്ചു തരാൻ പോയിട്ട് ഇനി നീ ഉണ്ടാവുക പോലുമില്ല. സി. സി. ടി. വി. മണ്ണാങ്കട്ടകൊണ്ടൊന്നും തീരുന്നൊരു കേസാവില്ല ഇതെന്ന് എനിക്കുറപ്പുള്ളതു കൊണ്ടല്ലേ മുഖം മറയ്ക്കാതെ ഞാനിവിടെ എത്തിയത്!? ആലോചിച്ചേ നീ....
തല പോയാല്പിന്നെ ഉടലിനെന്ത് ചെയ്യാനാകുമെടാ...? ആഹ്... ഇതൊന്നും പറഞ്ഞാൽ നിന്റെ തലയിൽ കേറില്ല. കേറുമോ...?
എന്തായാലും നിനക്ക് നഷ്ടം വരാതെ ഞാനീ ബിസിനസ്സ് ഇപ്പോൾത്തന്നെ ലാഭത്തിലാക്കിയേക്കാം.”
ഇത്രയും പറഞ്ഞുകൊണ്ട് അലക്സ്, അയാളുടെ മർമഭാഗത്ത് ഞൊടിയിടകൊണ്ട് തന്റെ അരയിൽ ഒളിപ്പിച്ചിരുന്ന മൂർച്ചയേറിയ കഠാര കുത്തിയിറക്കി. വായിൽനിന്നും വീണ്ടും രക്തം ഒഴുക്കി, ക്ഷണനേരംകൊണ്ട് ഹരീന്ദ്രവർമ്മയുടെ കണ്ണുകൾ മിഴിയപ്പെട്ടു. അതുകണ്ടയുടൻ അവൻ കഠാര വലിച്ചൂരി അയാളുടെ നെഞ്ചിൽ ആഞ്ഞുതറച്ചു- അയാൾ നിലച്ചു, നിശ്ചലനായി.
അല്പനിമിഷങ്ങൾക്കകം രക്തം കഠാരയിൽനിന്നും, വർമ്മയുടെ വസ്ത്രങ്ങളിലേക്ക് പടർത്തി തന്റെ അരയിലേക്ക് അലക്സ് മറച്ചു. ഹോം-തീയേറ്ററിൽനിന്നും ഗാനം തുടർന്നുകൊണ്ടിരിക്കവേ താൻ ധരിച്ചിരിക്കുന്ന കറുപ്പ് നിറമുള്ള ഷൂസ് മുതൽ കറുപ്പ് ജാക്കറ്റുവരെ അവനൊന്നു നോക്കി. പൊടുന്നനെതന്നെ തന്റെ പല്ലുകൾ കടിച്ചുകൊണ്ട് അവൻ ഹോം-തീയേറ്റർ ഓഫ് ചെയ്തു. ഒരുപിടി ചില്ലി പൗഡർ റൂമിലേക്കാകെ തന്റെ പോക്കറ്റിൽനിന്നും വാരിയെറിഞ്ഞശേഷം സ്വയം നിയന്ത്രിച്ചെന്നതുപോലെ അലക്സ് ചലനമറ്റു നിന്നു.
“ഏട്ടാ...”
ഇങ്ങനൊരു ശബ്ദം അവനറിയാതെ മനസ്സിൽ മുഴങ്ങിയെന്നവണ്ണം അലക്സിന്റെ കണ്ണുകൾ കുറച്ചുകൂടി മിഴിഞ്ഞു തുറന്നു പോയി. അവൻ തിരികെ വേഗത്തിൽ നടന്നു, താനറിയാതെതന്നെ തന്റെ മനസ്സ്, വിജനതയിലൂടെ വേഗത്തിൽ മുന്നോട്ടു കുതിക്കുവാൻ പ്രാപ്തമായതുമൂലം. പൂർണ്ണത നിഷേധിക്കപ്പെട്ട ഒരു മനസ്സെന്നപോലെ എന്തിനെയോ തേടുവാനെന്ന വ്യാജേന നോർമ്മാ ഗ്രൂപ്പിൽനിന്നും അലക്സ് ഇരുട്ടിലേക്ക് ഇറങ്ങിനടന്നു- അതൊരു കുതിപ്പായി തുടർന്നു.
തുടരും...
