Hibon Chacko

Action Crime Thriller

4  

Hibon Chacko

Action Crime Thriller

brownER | Susp. thriller | 2

brownER | Susp. thriller | 2

4 mins
334


അപ്പോഴേക്കും പഴയസ്ഥാനത്ത് വീണ്ടും റാം പ്രത്യക്ഷനായത് അനുപമ ശ്രദ്ധിച്ചു .

“ഡീ... നീ അവനെ ഇങ്ങോട്ട് വിളിക്ക്...” അനുപമയ്ക്ക് മറുപടിയായി ബിസ്മി പരുങ്ങി;

“ഏ... അത്... വേണോ...” അലക്ഷ്യമായി, അനുപമയോടുചേർന്ന് ഹിരണ്യ പറഞ്ഞു; “അവനുകൂടി ഒന്ന്‌ കൊടുത്തിട്ടുപോയാലേ, അതിന്റെ കണക്കാകൂ!”

അനുപമ ഇടയ്ക്കുകയറി, അവനടുത്തേക്കുപോകുവാൻ തുനിഞ്ഞ ബിസ്മിയെ ചാടിക്കേറിപ്പിടിച്ചുനിർത്തിക്കൊണ്ട്; “അവനോട്.. എന്താണേലും... ഇവിടെവന്ന്.. പറയാൻ പറയ്...”

ബിസ്മി ദയനീയമായി ഇരുവരേയും മാറി-മാറി നോക്കിയശേഷം ഗത്യന്തരമില്ലാതെ തന്റെയടുത്തേക്കുവരുവാൻ റാമിനോട് ആംഗ്യം കാണിച്ചു. അവൻ മടിച്ചൊന്നുനിന്നു.


“എടീ... നീയവനോടൊന്നും പറഞ്ഞേക്കരുതേ, എല്ലാം എന്റെ തെറ്റാ..

ഇവിടുന്ന് പോകുമ്പോൾ ചെക്കനെ എനിക്കെന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുവാനുള്ളതാ..”

ദയനീയത വിടാതെ, മടിച്ചുമടിച്ച് റാം എത്തിയപ്പോഴേക്കും ബിസ്മി ഇങ്ങനെ അനുപമയോട് പറഞ്ഞുനിർത്തി. ഹിരണ്യ മന്ദഹാസത്തോടെ നിലകൊണ്ടു.

“എന്തായി കൂട്ടുകാരാ, എനിക്ക് ടിക്കറ്റ് കിട്ടുമോ!” അനുപമ, ബിസ്മിയെ ഒരു നുള്ളുനുള്ളിക്കൊണ്ട് റാമിനോട് ചോദിച്ചു. ഒരു ചമ്മൽ പ്രകടമാക്കിയശേഷം പഴയഭാവം വിടാതെ മന്ദം അവൻ പറഞ്ഞു; “ട്രെയിൻ വരാറായി, ഇവിടെ ജോലിക്ക് കേറിയിട്ട്

ആദ്യമായിട്ടല്ലേ ട്രെയിനിന് നാട്ടിലേക്ക് പോകുന്നത്! ഈ ട്രെയിനിൽ റിസ്കാ പോക്ക്... കാലുകുത്താൻ ഇടയുമില്ലായിരിക്കും, നല്ല ഇടിയും കിട്ടും!”

തന്നെമാത്രം സൂക്ഷിച്ചുനോക്കിനിൽക്കുന്ന അനുപമയോട്, ഒന്നുനിർത്തി അവൻ തുടർന്നു; “പതിനൊന്നുമണി കഴിഞ്ഞ് ഒരു ട്രെയിനുണ്ട് നാട്ടിലേക്ക്... കുറച്ച് ആഴ്ചകളായി ഇല്ലായിരുന്നു, ഇന്ന് ഓടുന്നുണ്ടത്! ഇടയ്ക്കിടയ്ക്ക് ഇങ്ങനെ, നിന്നും ഓടിയുമുള്ളൊരു സർവ്വീസായതിനാൽ

ആളൊന്നും അധികം കാണില്ല!”


 അപ്പോഴേക്കും പത്തുമണിയുടെ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തുകയാണെന്ന അറിയിപ്പ് എത്തി. ആളുകൾ കൂട്ടത്തോടെ കുതിച്ചുതുടങ്ങി. അനുപമയുൾപ്പെടെയുള്ളവർ ഒരുനിമിഷം ഈ കാഴ്ച നോക്കിനിന്നു.

അടുത്തനിമിഷം അല്പം ഉത്തരവാദിത്തരൂപേണ ബിസ്മിയോടായി അവൻ തുടർന്നു;

“എന്റെ പരിചയക്കാരൻ സ്റ്റേഷൻമാസ്റ്റർ ഇന്ന് ലീവാ,ഇവിടെയാണേൽ നല്ലതിരക്കും! ഇത്രയും വിവരംകിട്ടിയത് ഭാഗ്യം!”

ബിസ്മി ഭാവഭേദമന്യേ അനുപമയെ നോക്കി.

“എന്തായാലും എനിക്ക് നാളെരാവിലെ വീട്ടിലെത്തണം. സ്പെഷ്യലെങ്കിൽ സ്പെഷ്യൽ...”

അനുപമയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി ബിസ്മി ചോദിച്ചു; “നീ ഉറപ്പിച്ചോ...!?”

ഉടനടിയെത്തി അനുപമയുടെ മറുപടി; “വേഗമതിന് ടിക്കറ്റ് എടുക്കണം!”

അടുത്തനിമിഷം റാമിനെയുംകൂട്ടി ബിസ്മി പാഞ്ഞു. മറ്റിരുവരും ചെറുമന്ദഹാസത്തോടെ പരസ്പരം നോക്കി.

11:35:47 PM --- ട്രെയിൻ

   ഓരോനിമിഷവും കഴിയുന്തോറും അനുപമയുടെ മുഖത്തെ പ്രസന്നത ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. തീർത്തും വിജനമായതും വേണ്ടത്ര വെളിച്ചത്തിന്റെ അഭാവംമൂലം ഇരുണ്ടുകിടക്കുന്നതുമായ പ്ലാറ്റ്ഫോമിലേക്ക് പിന്നെയും നോക്കിയിരിക്കുവാനവൾക്ക് കഴിഞ്ഞില്ല. അനുപമ ഫോണെടുത്ത് ബിസ്മിയെ വിളിച്ചു.

“എടീ, പതിനൊന്നരകഴിഞ്ഞിട്ടും ഞാനിവിടെത്തന്നെ പോസ്റ്റാ,,

ലേഡീസ് കമ്പാർട്ട്മെന്റ് ആണെങ്കിലും ഒരീച്ചപോലുമില്ല ഇതിനകത്ത്...

പോലീസുകാരുമില്ല... മൊത്തത്തിലൊരു പിശക്.

ട്രെയിനാണെങ്കിൽ എടുക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല...”

   നെറ്റിച്ചുളിച്ച്, പുറത്തേക്കുനോക്കിത്തന്നെ അവളിങ്ങനെ കോൾ അറ്റന്റ് ചെയ്ത ബിസ്മിയോട് പറഞ്ഞു. ചെവിയിലേക്കെത്തിയ വാചകങ്ങൾക്ക് അവൾ മറുപടി തുടർന്നു;

“ഓ, എന്നാൽ റാമിനെയൊന്ന് വിളിച്ചുനോക്ക് നീ...”

   കോൾ കട്ട്‌ചെയ്ത് ഒരു നിശ്വാസത്തോടെ തന്റെമുന്നിലെ ഒഴിഞ്ഞ സീറ്റിലേക്ക് നോക്കി അവൾ ഇരുകൈകളും താടയ്ക്കുകൊടുത്തിരുന്നുപോയി. നിമിഷങ്ങളറിയാതെ അവളുടനെ നിശബ്ദതയിൽനിന്നും അതിലേക്കുതന്നെ കൂപ്പുകുത്തിപ്പോയി. പെട്ടെന്നാണവളുടെ ഫോൺ റിങ്ങ് ചെയ്തത് -ബിസ്മി.

“എടീ, നിങ്ങളെ ഞാൻ പറഞ്ഞുവിട്ടത് ശരിയാ.

ന്യൂഇയർ ആയിട്ട് നിന്റെ മറ്റവന്റെ ബാക്കി പ്രോഗ്രാമുകളൊന്നും കളയേണ്ട എന്നുകരുതിയല്ലേ.

ട്രെയിൻ വേഗം എടുക്കുമെന്നും ഓർത്തു, ഒരാളെയെങ്കിലും ഇവിടെ കാണേണ്ടേ!”

   ബിസ്മിയുടെ വാചകങ്ങൾക്കുമറുപടിയായി അനുപമ ഇങ്ങനെ തുടങ്ങി. അപ്പോഴേക്കും പ്ലാറ്റ്ഫോമിലൂടെ ഒരാൾ കമ്പാർട്ടുമെന്റുകൾ വീക്ഷിച്ച് അവളെ കടന്നുപോയി.

“അവനെയിനി ബുദ്ധിമുട്ടിക്കേണ്ട. എന്നെപ്പോലെ ആരെയെങ്കിലും വീണ്ടും

അവനിതിന് പോസ്റ്റ്‌ ആക്കും!

എനിക്കാണേൽ പോയേ പറ്റൂ, ഇതൊന്ന് എപ്പോൾ എടുക്കുമെന്ന് അറിഞ്ഞാൽ മാത്രം മതി എനിക്കിപ്പോൾ,, മറ്റൊന്നുമില്ല!”

   കടന്നുപോയ അജ്ഞാതനെ ശ്രദ്ദിച്ചശേഷം ഒപ്പംവന്ന വാചകങ്ങൾക്ക് അവളിങ്ങനെ മറുപടി നൽകി.

“കമ്പാർട്ടുമെന്റൊക്കെ സ്റ്റേഷനടുത്തുതന്നെയാ..

പക്ഷെ എല്ലാം ആകെ മാറി, നിങ്ങള് പോയപ്പോഴുള്ളതുപോലെയേയല്ല!

എടീ ആർ. പി. എഫ്. കാരെ ഇപ്പോൾ ഇവിടെങ്ങും കാണാനില്ല..

കേറുമ്പോൾ ഒന്നുരണ്ടുപേർ ഉണ്ടായിരുന്നതല്ലേ...

സേഫ് അല്ലെടീ.. അപ്പുറത്തെ കമ്പാർട്ടുമെന്റിലോ മറ്റോ

ആരെങ്കിലും കാണുമോ ആവോ!”

   അടുത്തതായി ചെവിയിലേക്കെത്തിയ വാചകങ്ങൾക്ക് കഴുത്തും കണ്ണുകളും പരമാവധി വിൻഡോയിലൂടെ നീട്ടി ഇരുവശത്തേക്കും നോട്ടം പായിച്ചുകൊണ്ടായിരുന്നു അനുപമയുടെ മറുപടി. പെട്ടെന്നാണവൾ തന്റെ ഫോണിൽ മറ്റൊരുതരം റിങ്ങ് ശ്രദ്ധിച്ചത് -അച്ഛൻ, വീഡിയോ കോൾ!

   എന്തോപറഞ്ഞുവന്ന ബിസ്മിയോട് ഈ എസ്ക്യൂസ് പറഞ്ഞ് അവൾ വീഡിയോ കോൾ അറ്റന്റ് ചെയ്തു.

“മോളേ, എന്തായി... ട്രെയിൻ എവിടെവരെയായി?

നീ വിളിച്ചുകഴിഞ്ഞ് ഞങ്ങളിവിടെ അനൂപിനെ വിളിക്കുകയായിരുന്നു..”

അച്ഛൻ ഭാവഭേദമന്യേ തുടങ്ങി. “അവന്റെ ഫോൺ ഓഫ്‌ ആണ് ഞാൻ വിളിച്ചപ്പോൾ!

അച്ഛാ ട്രെയിൻ എടുത്തിട്ടില്ല ഇതുവരെ.. എന്താണെന്നറിയില്ല. ഇവിടെയെങ്ങും ആരെയും കാണാനുമില്ല! ഇറങ്ങി നോക്കാമെന്നുവെച്ചാൽ,... ട്രെയിൻ ചിലപ്പോൾ എടുക്കും, അങ്ങനെയാണേൽ ഞാൻ പെട്ടു!”  ഇരുകൈകൾക്കൊണ്ടും ഫോൺ തന്റെ മുഖത്തിനുനേരെ അവൾ മുറുക്കിപ്പിടിച്ചുകൊണ്ടിങ്ങനെ പറഞ്ഞു.

“ആഹ്.. എന്റെ മോളേ നീ ടെൻഷനാകേണ്ട..”

അച്ഛൻ ഇത്രയും പറഞ്ഞപ്പോഴേക്കും അമ്മ ഇടയ്ക്കുകയറി പ്രത്യക്ഷപ്പെട്ടു;

“എടീ, നീ ട്രെയിൻ ഡീറ്റെയിൽസ് ഒക്കെ ഇങ്ങോട്ട് അയക്ക്..

അച്ഛൻ അവന്റെ കൂട്ടുകാരെ വിളിച്ച് പറഞ്ഞിട്ടുണ്ട്. നിനക്കുള്ളതുപോലെ മൂന്നുനാലുദിവസം അവനും ലീവ് കിട്ടിയെന്നാ

അവര് പറഞ്ഞത്. ഉടനെ അവനെക്കൊണ്ട് തിരിച്ചു വിളിപ്പിക്കാമെന്നും പറഞ്ഞു! കൂട്ടുകാരോടൊക്കെ ചോദിച്ചുംപെറുക്കിയും അവൻ ഇടയ്ക്കൂന്ന്

നിന്റെ ട്രെയിനിൽ കേറിക്കോളും.”


അനുപമ മറുപടി പറയാൻ ചുണ്ടുകൾ തുറന്നപ്പോഴേക്കും അച്ഛൻ ഇടയ്ക്കുകയറി; “മോളേ, മോളേ... നീ വേഗം അടുത്ത കമ്പാർട്ടുമെന്റിൽ ഒന്നിറങ്ങിനോക്ക്,, ആളുകൾ ഉണ്ടേൽ അവിടെയല്ലേ നല്ലത്!”

ഒന്നുനിശ്വസിച്ചശേഷം അവൾ മറുപടിയായി പറഞ്ഞു; “ആ ശരി അച്ഛാ, ഇനിയിപ്പോൾ അതേ വഴിയുള്ളൂ.”

ഇതിനിടയിൽ അച്ഛനും അമ്മയും തമ്മിൽ നടക്കുന്ന കാര്യമായ സംഭാഷണങ്ങളൊന്നും അവൾ ശ്രദ്ധിച്ചില്ല.

“ആ, പിന്നെ മോളേ... നീ ട്രെയിനിന്റെ ഡീറ്റെയിൽസ് അവനും ഇവിടേക്കും അയച്ചേക്ക് വേഗം! അവൻ വിളിക്കുമ്പോൾ പറഞ്ഞേൽപ്പിച്ചേക്കാം, നിന്നെ വിളിക്കാനും പറയാം.” അച്ഛന്റെയീ വാചകങ്ങൾക്ക് സമ്മതംഭാവിച്ച്, എഴുന്നേൽക്കുന്നതിനിടെ അനുപമ വീഡിയോ കോൾ കട്ട്ചെയ്തു.

   

ഒരുനിമിഷം ഇരുകൈകളും കൂട്ടിപ്പിടിച്ച് നിശബ്ദയായശേഷം അവൾ വേഗം തന്റെ കമ്പാർട്ടുമെന്റ് വിട്ട് പുറത്തിറങ്ങി. പ്ലാറ്റഫോം നിശ്ചലം, അത്യാവശ്യത്തിനുമാത്രം ലൈറ്റുകൾ. അതിലൊരെണ്ണം പൂർണ്ണമായും തെളിയുന്നില്ല. അവൾ പിന്നിലെ കമ്പാർട്ടുമെൻടിനടുത്ത് പോയി നോക്കി. അകത്തായി മൂന്നു മധ്യവയസ്‌ക്കരും അവരുടേതെന്ന് തോന്നിക്കുന്ന കുട്ടികളും കണ്ണിൽപ്പെട്ടയുടൻ അവൾ ഓടിച്ചെന്നു തന്റെ ലഗ്ഗെജുകൾ ഒരുവിധം എടുത്തുകൊണ്ടുവന്ന് പുതിയ കമ്പാർട്ടുമെന്റിൽ കയറി. അപ്പോഴാണവൾ കാണുന്നത് മദ്യപിച്ചെന്നവിധം ബോധംമറഞ്ഞു മൂന്ന് മധ്യവയസ്കർ ആ സ്ത്രീകൾക്കടുത്തായി കിടക്കുന്നു. അവർ ഭർത്താക്കന്മാർ ആണെന്നവിധമാണ് ആ സ്ത്രീകളുടെ ഭാവം എന്നവൾ ശ്രദ്ധിച്ചു.

 അല്പം അകലത്തിലായി, അവർക്കെതിരെ ഒരു സീറ്റിൽ അവളിരുന്നു, ലെഗ്ഗേജുമായി. ശേഷം, അവരെ ഒരിക്കൽക്കൂടിയൊന്ന് ശ്രദ്ധിച്ച് അവൾ ഫോണെടുത്ത് ട്രെയിനിന്റെ ഡീറ്റൈൽസും മറ്റും അച്ഛനും അനൂപിനും അയച്ചുകൊടുത്തു. അപ്പോഴേക്കും ഹിരണ്യയുടെ കോൾ എത്തി;

“ഞാൻ കമ്പാർട്ടുമെന്റ് മാറി ഡീ. ഇവിടെ സന്യാസികളെപ്പോലെ വേഷം ധരിച്ച കുറച്ചുപേരുണ്ട്, ഫാമിലിയാണെന്നുതോന്നുന്നു.. പിള്ളേരൊക്കെയുണ്ട്! അത്ര വലിയ വശപ്പിശകൊന്നുമില്ല, മറ്റേ കമ്പാർട്ടുമെന്റിനെക്കാൾ ഭേദം, ആശ്വാസം.”

ഹിരണ്യയുടെ വാചകങ്ങൾക്ക് അവളിങ്ങനെ ശബ്ദം താഴ്ത്തി മറുപടി നൽകി.


“അനിയൻ ചിലപ്പോൾ ഇടയ്ക്കുവെച്ച് ഇതിൽ കേറും. അവന് ലീവ്കിട്ടിയെന്നുംപറഞ്ഞു, വീട്ടിൽനിന്നും വിളിച്ചിരുന്നു.”  ഒന്നുനിർത്തി, വീണ്ടുംവന്ന ഹിരണ്യയുടെ വാചകങ്ങൾക്ക് അനുപമ പഴയപടി മറുപടി തുടർന്നു;

“അത്രക്ക് ആശ്വസിക്കാൻ വരട്ടെ! ആരെയും വേറെ ഇവിടെങ്ങും കാണാനില്ല ഇപ്പോഴും. ട്രെയിൻ എടുത്താലേ ഏതാണ്ടൊരു സമാധാനം ആകൂ!

ആഹ്... പരുങ്ങേണ്ട,, അവിടെ തകർത്തോ... ഞാൻ വിളിക്കുമ്പോൾ എടുത്താൽ മതി. നിങ്ങളുകൂടി അവിടെ ടെൻഷൻ അടിച്ചിട്ട് എന്താക്കാനാ,, അവളോടും പറഞ്ഞേക്ക്.”

ഇത്രയും പറഞ്ഞശേഷം വളരെ നേരിയ മന്ദഹാസത്തോടെ അനുപമ കോൾ കട്ട് ചെയ്തു.

 ഒരിക്കൽക്കൂടി ആ മധ്യവയസ്കരെ നോക്കിയശേഷം ഇരുകാലുകളും വേഗത്തിൽ വിറപ്പിച്ചുകൊണ്ട് അവൾ ഫോണിൽ അഭയം പ്രാപിച്ചു, അനൂപ് മെസ്സേജ് സീൻ ചെയ്യുന്നതുംകാത്ത്.

12:16:08 AM --- കമ്പാർട്ടുമെന്റ്

   അപ്രതീക്ഷിതമായി ട്രെയിൻ പൊടുന്നനെ ഹോൺ മുഴക്കി, ശേഷം മെല്ലെ ചലിച്ചുതുടങ്ങി. തന്റെ കർമ്മം നിർവ്വഹിക്കുവാൻ പ്രത്യക്ഷനായ ഒരു പ്രേതത്തെപ്പോലെ, ഒരാൾ പച്ച ലൈറ്റ് മിന്നിച്ച് സ്റ്റേഷനു മുന്നിലായി നിൽക്കുന്നത് അനുപമ കണ്ടു. വെളിച്ചംകുറഞ്ഞ ഒരു സ്ഥലത്തുനിന്നും ഒരാൾ ആ ബോഗിയിലേക്ക് അനായാസം കയറി. തലയിൽ വിന്റർക്യാപ് വെച്ചിരുന്ന അവൻ അകത്തേക്ക് നടന്നുതുടങ്ങി. ട്രെയിൻ അല്പം വേഗത കൈവരിച്ചു. തെല്ലൊരാശ്വാസത്തിൻപുറത്തിരുന്നിരുന്ന അനുപമയെ പിന്നിട്ടപ്പോഴേക്കും അവനൊന്നുനിന്നു. ശേഷം അവളെ തിരിഞ്ഞുനോക്കി, പിന്നെ പതിയെ അവൾക്കഭിമുഖമായി ഇരുന്നു.

(തുടരും......)



Rate this content
Log in

Similar malayalam story from Action