കവിത
കവിത


ആളിക്കത്തുന്ന തീപ്പന്തമാണ് കവിത.
അകലെനിന്ന് കാണുമ്പോൾ,
നിർദ്ദോഷമാമൊരു നിലാപ്പൂവായി തോന്നാം.
തൊട്ടടുത്തെത്തുമ്പോൾ മാത്രമാണതിന്
മനസ്സിനെ ചുട്ടുപൊള്ളിക്കാനാവുമെന്നു നാം തിരിച്ചറിയൂ.
ആർത്തു നിലവിളിച്ചോടുന്ന പുഴയാണ് കവിത.
സൗമ്യമായടിത്തട്ട് കാണുന്ന നീരായി തോന്നിടാം.
ആറ്റിലിക്കിറങ്ങുമ്പോൾ മാത്രമേ ചുഴിയുമാഴങ്ങളും
ഇഴുത്തുവലിച്ചു നിന്നെ കൊണ്ടുപോവുന്നത് നീ അറിയുക.
പൂത്തുലഞ്ഞു നിൽക്കുന്ന കാടാണ് കവിത.
ദൂരെനിന്നു ദൃശ്യമാവുന്ന മയക്കുമാ വർണ്ണവും വശ്യസുഗന്ധവും
നിന്നെ ആയാസരഹിതമായ് കീഴ്പെടുത്താം.
അഹങ്കരിക്കുന്ന ഇരുട്ടും അലട്ടുന്ന വനരോദനങ്ങളും
നിന്നെ ചൂഴുന്നതോ, നീ അകത്തേക്ക് കടന്നുചെല്ലുമ്പോഴും!
കൊടുംചൂടും, പ്രചണ്ഡവാതവും,
പേമാരിയും, കമ്പനങ്ങളും
ആർത്തനാദങ്ങളും, മിഴിനീരിന് പെരുവെള്ളവും
കടലോരക്കാഴ്ചകളെപ്പോലെ കേവലം തീരത്തു നിന്ന്
കാണുവാനാണ് നീ ഇഷ്ടപ്പെടുന്നതെങ്കിൽ,
ശരി, അത് നിന്റെ ഇഷ്ടം തന്നെ.
നിന്റെ സ്വന്തം താല്പര്യം!
എങ്കിൽ... എങ്കിൽ നീ
കവിതകൾ വായിക്കരുതേ,
വായിക്കാൻ ശ്രമിക്കരുതേ.
ഒരിക്കൽ പോലും!