Sreedevi P

Children Stories Drama

4.5  

Sreedevi P

Children Stories Drama

പടക്കം

പടക്കം

3 mins
286


മുംബൈയിൽ ജോലിയുള്ള അച്ഛൻ, അച്ഛൻറെ കൂടെ താമസിക്കുവാനായി അമ്മയേയും, എന്നേയും, അനുജത്തിയേയും കേരളത്തിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടു വന്നു. ചേച്ചി വലിയ ക്ളാസിലായതു കൊണ്ട് ചേച്ചിയെ കൊണ്ടു വന്നില്ല. അത് അമ്മക്ക് വലിയ സങ്കടമായി. സ്കൂൾ അവധിക്കാലത്ത് അവളെ കൊണ്ടു വരാം. അതു വരെ അവൾ അവളുടെ വലിയമ്മയുടേയും, അമ്മാമയുടേയും കൂടെ നില്കട്ടെ, എന്ന് അച്ഛൻ അമ്മയോട് പറഞ്ഞു. ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരുന്നു. അന്ന് എനിക്ക് ഏഴു വയസ്സാണ്.


ഞങ്ങളുടെ ഫ്ലോറിൽ കുറെ വീടുകളുണ്ട്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആളുകളെല്ലാം സന്തോഷത്തിലാറാടി, വൈകുന്നേരത്ത് അവരുടെ വീടിനു മുന്നിൽ ചിത്രങ്ങൾ വരച്ച് അതിനടുത്ത് വിളക്കുകൾ വെച്ചു. ഫ്ലോറിൻറെ മുകളിൽ പല വർണ്ണത്തിലുള്ള ഇലക്ട്രിക് ലൈറ്റുകൾ തെളിഞ്ഞു.


ചിലർ പടക്കം പൊട്ടിക്കാൻ തുടങ്ങി. ചിലർ മുറ്റത്തിറങ്ങി പടക്കം പൊട്ടിച്ചു. "എല്ലാവരും ദീപാവലി ആഘോഷിക്കയാണ്. നിങ്ങൾ കുറച്ചുകൂടി വലുതായാൽ നിങ്ങൾക്കും പടക്കം മേടിച്ചു തരാം," അച്ഛൻ പറഞ്ഞു.       


ഞാനും, അനുജത്തിയും സന്തോഷത്തോടെ നോക്കി നിന്നു. അമ്മയും, അച്ഛനും ഇടക്കിടെ വന്നു നോക്കും. കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ഛൻ ഞങ്ങളെ അകത്തേക്കു വിളിച്ചു, "അവിടെ നില്കണ്ട. പടക്കം മേലിലേക്ക് തെറിച്ചാലോ!" ഞങ്ങൾ അകത്തു വന്നിരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ പടക്കം പൊട്ടിക്കുന്നതു നിറുത്തി അവർ അകത്തേക്കു പോയി. 


ഞങ്ങളുടെ ഊണ് കഴിഞ്ഞ് അച്ഛനും, അമ്മയും വർത്തമാനം പറഞ്ഞിരിക്കുകയാണ്. അനുജത്തി പുസ്തകത്തിലെ ചിത്രങ്ങൾ നോക്കിയിരിക്കുകയാണ്. ഞാൻ അമ്മയോടു പറഞ്ഞു, "ഞാൻ ഫ്ലോറിൽ പോയി കുറച്ചു കളിച്ചിട്ടു വരാം." "അവിടെ വിളക്കുകളുണ്ട്," അമ്മ പറഞ്ഞു. "പത്തു മിനുട്ടു കൊണ്ടു വരണം. വിളക്കുകളുടെ അടുത്ത് പോകരുത്,” അച്ഛൻ പറഞ്ഞു. അതു സമ്മതിച്ച് ഞാൻ പോയി. 


എല്ലാ വിളക്കുകളുടേയും അടുത്ത് ചെന്ന് പൊട്ടിച്ച പടക്കത്തിൻറെ കഷണങ്ങൾ പെറുക്കിയെടുത്തു. എനിക്ക് അതൊരു രസമായി തോന്നി. ഒരു വിളക്കിൻറെ അടുത്തു ചെന്ന് പടക്ക കഷണം എടുത്തപ്പോൾ അതല്പം കട്ടി തോന്നി. ഇതു പൊട്ടിക്കാമെന്നു വിചാരിച്ച് ഞാനതു കയ്യിൽ വെച്ച് വിളക്കിൽ കാണിച്ചു. ഡീം………....!!!.........അതു പൊട്ടി. എൻറെ കയ്യിലെ ചെറു വിരലിനടുത്തുള്ള മോതിര വിരലിൽ പൊള്ളി. ഞാൻ നീറി പൊരിഞ്ഞ് ഫ്ലോറിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. ചിലർ എന്നെ കണ്ടു. അവർ പരസ്പരം പറഞ്ഞു. കുട്ടി ഓടി കളിക്കയാണ്.


മറാഠി ഭാഷ എനിക്കറിയില്ല. ഞാൻ അങ്ങനെ വിചാരിച്ചു. അവർ എന്നോട് ചിരിച്ച് വീടിനുള്ളിലേക്ക് പോയി. ഞാൻ കുറച്ചു കൂടി നീറി പൊരിഞ്ഞ് ഓടിയിട്ട് വീട്ടിലെത്തി, ബാത്ത്റൂമിലേക്ക് പോയി ആ വിരലിലേക്ക് വെള്ളം വീഴ്ത്തി കൊണ്ട് നിന്നു. "എന്താ അവിടെ നില്കുന്നത്? വന്നു കിടക്ക്," അമ്മ പറഞ്ഞു. ഞാൻ വന്നു കിടന്നു. വിരലു വേദനിച്ച് ഞാൻ കിടന്നു പുളഞ്ഞു… കൈ പിടിച്ച് വിരലു പിടിച്ച് ഞാൻ പിടഞ്ഞു കൊണ്ടിരുന്നു… "എന്താ ദേവി?" അമ്മ ചോദിച്ചു. "പുതക്കുകയാണമ്മേ," സാധാരണ മാതിരി ഞാൻ പറഞ്ഞു. ഞാൻ പുതപ്പു കൊണ്ടു മൂടി കിടന്നു. എൻറെ ശബ്ദം പുറത്തു വരാതിരിക്കാൻ ഞാൻ വായ അമർത്തി അടച്ച് കമിഴ്ന്നു കിടന്നു.        


അങ്ങനെ ഉറങ്ങിപ്പോയി. രാവിലെ പരപരാ വെളുത്തപ്പോൾ ഞാൻ ഉണർന്നെണീറ്റു. വേദനയുടെ ഉഗ്രത അല്പം കുറഞ്ഞിരിക്കുന്നു. എന്നാലും അതി ശക്തമായ നീറ്റലുണ്ട്. ഞാൻ ബ്രഷ് ചെയ്യുമ്പോൾ പൊള്ളിയ സ്ഥലത്ത് പച്ച വെള്ളം ആക്കികൊണ്ടിരുന്നു. 


കുറച്ചു കഴിഞ്ഞ് ഞാൻ അമ്മയുടെ അടുത്ത് ചെന്നു നിന്നു. അമ്മ ചപ്പാത്തി ഉണ്ടാക്കുകയാണ്. അമ്മ എന്നോട് പറഞ്ഞു, "ചപ്പാത്തി അച്ഛനു കൊടുത്തിട്ട് മോളു കഴിച്ചോ." 


ഞാൻ പ്ളെയിറ്റിൽ ചപ്പാത്തി കൊണ്ടു പോയി "അച്ഛന് എത്ര ചപ്പാത്തി വേണം?" എന്ന് ചോദിച്ചു. 

ചപ്പാത്തി കഴിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നോടു പറഞ്ഞു, "ഒന്നു മതി." 


ഞാൻ ഒരു ചപ്പാത്തി എടുത്ത് അച്ഛൻറെ പ്ളെയിറ്റിലേക്കിട്ടു. അതു കണ്ട് അച്ഛൻ ചോദിച്ചു, "നിൻറെ വിരലിന് എന്തു പറ്റി?" ഒന്നുമില്ല എന്നു പറഞ്ഞ് ഞാൻ അമ്മയുടെ അടുത്തേക്കോടി. അച്ഛൻ എൻറെ പിന്നാലെ വന്ന് എൻറെ കൈ നിവർത്തി. എൻറെ വിരലിലെ പൊള്ളൽ കണ്ട് വിഷമത്തോടെ ചോദിച്ചു, "പൊള്ളിയതെന്താ പറയാഞ്ഞത്?" 

"അച്ഛൻ ദേഷ്യപ്പെടുമെന്ന് ഞാൻ വിചാരിച്ചു," ഞാൻ പറഞ്ഞു. 

"മോള് വികൃതി കാണിച്ചാൽ നല്ല കുട്ടിയാവാൻ വേണ്ടിയല്ലേ അച്ഛൻ ദേഷ്യപ്പെടുന്നത്. ഇങ്ങനെയൊക്കെയായാൽ അച്ഛനോട് പറയണ്ടേ, ഇതു കണ്ടാൽ അച്ഛൻ ദേഷ്യപ്പെടില്ലല്ലോ!" അച്ഛൻ പറഞ്ഞു. 


അപ്പോഴേക്കും അമ്മയും, അനുജത്തിയും അവിടെ ഓടി എത്തി. 

"അമ്മയോടെന്താ പറയാഞ്ഞത്?" അമ്മ ചോദിച്ചു. 

"ഇതു കണ്ടാൽ അമ്മ കരയും അതുകൊണ്ടു ഞാൻ പറഞ്ഞില്ല," ഞാൻ പറഞ്ഞു. അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. 


"ഓപ്പേ… " എന്നു വിളിച്ച് അനുജത്തി എൻറെ കൈ പിടിച്ചു. അപ്പോഴേക്കും ബർണോൾ എടുത്ത് അച്ഛൻ എൻറെ വിരലിൽ പുരട്ടി. അല്പം ആശ്വാസമായി. പിന്നെ അമ്മ ഇടക്കിടെ ബർണോൾ എൻറെ വിരലിൽ പുരട്ടികൊണ്ടിരുന്നു. അങ്ങനെ ദിവസങ്ങൾ കൊണ്ട് എൻറെ വിരലിലെ പൊള്ളിയതു മാറി.


അപ്പോഴേക്കും അച്ഛൻ ചേച്ചിയെ കൊണ്ടു വന്നു.


ഞങ്ങൾ വീണ്ടും സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി. മാസങ്ങൾ പലതു കഴിഞ്ഞു. ഞങ്ങൾക്കു കളിക്കാൻ ഒരു കുഞ്ഞനുജനെ കൂടി കിട്ടി. അനുജനെ കിട്ടിയ സന്തോഷത്തിൽ എല്ലാവരുടെ മുഖത്തും സന്തോഷം തിരതല്ലി.


Rate this content
Log in