Sreedevi P

Children Stories Inspirational

4.8  

Sreedevi P

Children Stories Inspirational

അച്ഛൻ

അച്ഛൻ

4 mins
441


ഞാൻ ജനിച്ച അന്ന് എന്നെ കണ്ടപ്പോൾ അച്ഛൻ വളരെയധികം സന്തോഷിച്ചു. എനിക്ക് അച്ഛൻറെ മുഖച്ഛായയാണ്. എന്നെ കണ്ട എല്ലാവരും പറഞ്ഞു, "ഇവൾ അച്ഛൻ തന്നെ!" "അച്ഛൻറെ നല്ല സ്വഭാവവും മകൾക്ക് ഉണ്ടാകും," എന്ന് അമ്മ അച്ഛനോട് പറഞ്ഞു. അതു കേട്ട് അച്ഛൻ കോൾമയിർ കൊണ്ടു. എന്നെ കളിപ്പിക്കാനും അച്ഛൻ മുമ്പിലാണ്. കൈ കൊട്ടി മുഖത്ത് ഓരോ ഭാവങ്ങൾ വരുത്തി ചിരിച്ച് അച്ഛൻ എന്നെ കളിപ്പിക്കും. എനിക്ക് ഇരുപത്തിയെട്ടാമത്തെ ദിവസമായപ്പോഴേക്കും ഞാൻ കൈ കാലുകൾ ഉയർത്താനും, കൈ കൊട്ടാനും തുടങ്ങി. അതു കണ്ട് അച്ഛൻ കൂടുതൽ ഉത്സാഹത്തോടെ എന്നെ കളിപ്പിക്കും, എന്നൊക്കെ അച്ഛൻ എന്നോട് പറഞ്ഞിട്ടണ്ട്.


കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാനും, അച്ഛനും കൂടി പന്തുരുട്ടികളിച്ചു. കുറച്ചു കൂടി വലുതായപ്പോൾ ഞാൻ സ്കൂളിൽ പോകുവാൻ തുടങ്ങി. ഞാൻ നന്നായി പഠിക്കുന്നുണ്ടോ, എനിക്ക് കൂട്ടുകാരുണ്ടോ, എന്നൊക്കെ അച്ഛൻ എന്നോട് ചോദിക്കാറുണ്ട്. "ഉണ്ട്," എന്ന് ഞാൻ പറയും. ചെയ്യരുതെന്ന് പറഞ്ഞ് ഞാൻ വീണ്ടും വികൃതി കാണിച്ചാൽ അച്ഛൻറെ കയ്യിൽ നിന്ന് നല്ല ചൂരപ്പഴം എനിക്ക് കിട്ടും. 


സ്കൂളിൽ നിന്നു വന്ന് ചായകുടിക്കൽ കഴിഞ്ഞാൽ ഞാൻ അച്ഛൻറെ കയ്യിൽ തൂങ്ങി പറമ്പിലും, പാടത്തുമൊക്കെ ഒന്നു റോന്തു ചുറ്റി വരും. അച്ഛൻറെ കയ്യിൽ തൂങ്ങി അങ്ങനെ നടക്കുന്നത് എന്തൊരു രസമാണെന്നോ, ഓർക്കുമ്പോൾ ഒന്നു കൂടി കുട്ടിയാകുവാൻ തോന്നുന്നു. 


അച്ഛൻ എന്നെ സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചു. സൈക്കിൾ ഓടിക്കുമ്പോൾ പലതവണ ഞാൻ വീണിട്ടുണ്ട്. ഓരോ തവണ വീഴുമ്പോഴും സാരമില്ല എന്നു പറഞ്ഞ് അച്ഛൻ എന്നെ എണീപ്പിക്കും. ഞാൻ കൂടുതൽ ഉത്സാഹത്തോടെ സൈക്കിൾ ചവിട്ടി. അങ്ങനെ ഞാൻ സൈക്കിളോടിക്കാൻ പഠിച്ചു. ഞാനും അച്ഛനും കൂടി സൈക്കിൾ ഓടിക്കും. ഞാൻ സൈക്കിൾ പറത്തി വിടും. അച്ഛൻ സാധാരണ നിലയിൽ ഓടിക്കും. അങ്ങനെ ഞാൻ ഒന്നാമതാകും. "ഞാൻ ഫസ്റ്റ്," എന്ന് ഞാൻ പറയും. അച്ഛൻ എന്നെ നോക്കി ചിരിക്കും. ഹാ!!! അന്നൊക്കെ ഉണ്ടായിരുന്ന സന്തോഷത്തിന് അതിരില്ല. 


ക്ളാസിൽ ഒന്നാമതായാൽ അച്ഛൻ എനിക്ക് സമ്മാനങ്ങൾ തരും. നല്ല ഭംഗിയുള്ള ഡ്രസ്സുകളാണ് സമ്മാനങ്ങളിൽ എനിക്ക് ഏറെ ഇഷ്ടം. 


ഞാൻ കോളേജിലെത്തി. കോളേജൊഴിവു സമയത്ത് എന്നെ പാചകം പഠിപ്പിക്കണമെന്ന് അച്ഛൻ അമ്മയോട് പറയും. അതിനു മുമ്പു തന്നെ അമ്മയിൽ നിന്ന് ഞാൻ കുറച്ചു പാചകം കൈവശമാക്കിയിരുന്നു. ഞാൻ കറികളും, പലഹാരങ്ങളുമുണ്ടാക്കി അച്ഛനു കൊടുക്കും. അച്ഛൻ അതി സന്തോഷത്തോടെ അതു കഴിക്കും. ഒരു ദിവസം ഞാൻ കറിക്കരിയുമ്പോൾ അച്ഛൻ അവിടേക്കു വന്നു. എന്നിട്ടെന്നോടു പറഞ്ഞു,"അങ്ങനെയല്ലെടി മോളെ അരിയുക," ഇങ്ങനെയാണെന്നു പറഞ്ഞ് അച്ഛുൻ കാണിച്ചു തന്നു. ഞാനും വിട്ടില്ല. അച്ഛനോടു തർക്കിക്കുന്നത് എനിക്കു വലിയ ഇഷ്ടമാണ്. ഞാൻ പറഞ്ഞു, "ഇങ്ങനെയാണച്ഛാ ഞാൻ പഠിച്ചിരിക്കുന്നത്." "എന്നാലിതുകൂടി പഠിക്ക് മോളെ," അച്ഛൻ പറഞ്ഞു. ഞാൻ അതും പഠിച്ചു. അങ്ങനെ ഞാൻ അച്ഛൻറെ നാട്ടിലേയും, അമ്മയുടെ നാട്ടിലേയും പാചകങ്ങൾ കരസ്ഥമാക്കി.


ഒരു ദിവസം കോളേജു ബസ്സിറങ്ങി ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ എനിക്ക് ഒരു വല്ലായ്മ തോന്നി. പനി വരുന്നതു പോലെ, അപ്പോഴേക്കും നല്ല മഴ പെയ്തു. അപ്പോഴതാ, കുടയും പിടിച്ചു കൊണ്ട് അച്ഛൻ വരുന്നു!! അച്ഛൻ വേഗത്തിൽ ഓടി എൻറെ അടുത്തെത്തി, അച്ഛൻറെ തോളിൽ കിടക്കുന്ന മുണ്ടെടുത്ത് അച്ഛൻ എൻറെ തല തുവർത്തി. അപ്പോഴെക്കും ഞാൻ വീഴാൻ പോയി. "എന്തു പറ്റി മോളെ?" അച്ഛൻ ചോദിച്ചു, വയ്യാത്ത കാര്യം ഞാൻ അച്ഛനോടു പറഞ്ഞു. അച്ഛൻറെ മുഖത്ത് പരിഭ്രാന്തി ഇരച്ചു കയറി. അച്ഛൻ എന്നെ ഞങ്ങളുടെ കുടുംബ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി. ഡോക്ടർ എനിക്ക് ഒരു ഇഞ്ചക്ഷൻ തന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ എനിക്ക് സമാധാനമായി. ഡോക്ടർ എന്നെയും, അച്ഛനെയും നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇനി പനി വരില്ല." അതു കേട്ടപ്പോഴാണ് അച്ഛൻറെ മുഖത്ത് കുറച്ച് തെളിച്ചം വീണത്. ഞങ്ങൾ ഉടനെ വീട്ടിൽ കാത്തിരിക്കുന്ന അമ്മയുടെ അടുത്തെത്തി.


കോളേജിൽ ഫീസ് കൊടുക്കണ്ട സമയമായി. അച്ഛമ്മക്ക് കലശലായ വയറു വേദന, അച്ഛൻറെ കയ്യിൽ പൈസ ഇല്ല. അച്ഛൻ ചിന്തയിലാണ്ടു. നിറയെ പഴുത്ത മാങ്ങകളുള്ള രണ്ടു മാവുകൾ തൊടിയിൽ നില്ക്കുന്നത് അപ്പോഴാണ് അച്ഛൻറെ ശ്രദ്ധയിൽ പെട്ടത്. അച്ഛൻ മാവുകളിൽ കയറി മാങ്ങകൾ പൊട്ടിച്ചു. ആയിരത്തോളം മാങ്ങകൾ കിട്ടിക്കാണും. അച്ഛൻ അത് കടയിൽ കൊണ്ടു പോയി വിറ്റു പൈസ കൊണ്ടു വന്നു. എനിക്കു ഫീസടക്കാനും, അച്ഛമ്മയെ ഡോക്ടറെ കാണിക്കാനുമുള്ള രൂപ കിട്ടി. വീട്ടിൽ എന്തു പ്രശ്നം വന്നാലും കുടുബ നാഥനായ എൻറെ അച്ഛൻ അതൊക്കെ പരിഹരിക്കും.


എൻറെ കോളേജ് കഴിഞ്ഞു. എനിക്ക് നല്ല റിസൾട്ട് കിട്ടി. ഇനിയും എത്ര വേണമെങ്കിലും അച്ഛൻ എന്നെ പഠിപ്പിക്കും.


ഒരു ഉച്ചക്ക് അടുത്ത വീട്ടിൽ നിന്ന് കുട്ടികളുടേയും, അവരുടെ അമ്മയുടേയും നിലവിളികൾ കേട്ടു. അച്ഛൻ അവിടേക്ക് ഓടി ചെന്നു. കുട്ടികളുടെ അച്ഛൻറെ കാലിൽ സൂചി തറഞ്ഞു നില്ക്കുന്നുണ്ട്. അവരൊക്കെ എടുക്കാൻ നോക്കിയിട്ട് കിട്ടിയില്ല എന്നു പറഞ്ഞു. സൂചി മുക്കാൽ ഭാഗം ഉള്ളിലേക്കു പോയിരിക്കുന്നു. അച്ഛനും എടുക്കാൻ നോക്കി കിട്ടിയില്ല. അച്ഛൻ ചെരിഞ്ഞു നിന്ന് കടിച്ച് വലിച്ചു. സൂചി പോന്നു. അച്ഛൻ ആ സൂചി കഴുകി അവിടത്തെ വീട്ടുകാരിയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു, "നിങ്ങൾ ഈ സൂചി നൂലുണ്ടയിൽ കോർത്ത് സൂചിയിൽ നൂലിട്ടു വെക്കു." അവിടത്തെ അമ്മ അങ്ങനെ ചെയ്തു. ആ വീട്ടുകാരനും, വീട്ടുകാരിയും അച്ഛനെ തൊഴതു കൊണ്ടു പറഞ്ഞു, "നിങ്ങൾ ഞങ്ങളെ രക്ഷിച്ചു." അച്ഛൻ പറഞ്ഞു, "ദൈവം രക്ഷിച്ചു, ഞാൻ ഒരു നിമിത്തം മാത്രം." അവർ നന്ദിയോടെ അച്ഛനെ നോക്കി. അവരെ നോക്കിയിട്ട് അച്ഛൻ വീട്ടിലേക്കു മടങ്ങി.


ഒരിക്കൽ അച്ഛൻറെ ഒരു കൂട്ടുകാരൻ തെങ്ങിൻ മുകളിൽ നിന്ന് ഉരസി…ഉരസി… നിലത്തു വീണു. അച്ഛൻ അടുത്ത വീട്ടിലെ ആളുകളെ കൂടി വിളിച്ച് അവരെ ഹോസ്പിറ്റലിലെത്തിച്ചു. കുറേ ദിവസത്തിനു ശേഷം കൂട്ടുകാരൻ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലെത്തി. ശരീരത്തിലെ മുറിവുകളെല്ലാം മാറിയെങ്കിലും ബുദ്ധിക്കല്പം മങ്ങലേറ്റു. അച്ഛൻ ദിവസവും കുറച്ചു നേരം കൂട്ടുകാരൻറെ അടുത്ത് പോയിരുന്ന് അവരുടെ കുട്ടിക്കാലം മുതല്ക് ഇതു വരെയുള്ള കാര്യങ്ങൾ പറയും. ഒരു ദിവസം അച്ഛൻ പറയുന്നതിനിടയിൽ "കൂട്ടുകാരാ," എന്നു വിളിച്ചു കൊണ്ട് അവർ അച്ഛനെ കെട്ടിപ്പിടിച്ചു. കൂട്ടുകാരൻറെ ബുദ്ധി തിരിച്ചു വന്നതിൽ സന്തോഷിച്ച് ചാരിതാര്‍ത്ഥ്യത്തോടെ അച്ഛൻ അവരെ നോക്കി.  


ഞങ്ങളുടെ വീടിനടുത്ത് നല്ല വെള്ളൊഴുക്കുള്ള ഒരു തോടുണ്ട്. മഴക്കാലം വന്നാൽ പാടവും തോടും ഒന്നാകും. ആ വഴിയിലൂടെ വരുന്ന ആളുകൾ ചിലപ്പോൾ വഴി മനസ്സിലാവാതെ തോട്ടിൽ വീഴും. അച്ഛനറിഞ്ഞാൽ ഉടനെ ഓടി ചെന്ന് തോട്ടിൽ ചാടി അവരെ രക്ഷിക്കും. ആളുകൾ ആ വഴിയിലൂടെ വരുന്നത് അച്ഛൻ കണ്ടാൽ "തോട്ടിൽ വീഴുമെന്ന്" പറഞ്ഞ് അവരെ വഴി തിരിച്ചു വിടും.


മഴക്കാലത്ത് മഴകോട്ടുകൾ തയ്ച്ച് അച്ഛൻ ആളുകൾക്ക് കൊടുക്കും.


പറമ്പിലും, പാടത്തും അഹോരാത്രം പണിയെടുക്കുന്ന കർഷകനാണ് എൻറെ ഹീറോ അച്ഛൻ. വിളഞ്ഞു കിട്ടുന്നതിൽ ഒരു ഭാഗം, പച്ചക്കറികളും, പഴങ്ങളും, ധാന്യങ്ങളുമായി അച്ഛൻ പാവങ്ങൾക്ക് കൊടുക്കും. 


അങ്ങനെ എന്തെല്ലാം കാര്യങ്ങൾ കുടുംബ നാഥനായ എൻറെ ഹീറോ, എൻറെ അച്ഛൻ ചെയ്യുന്നു. #എന്റെഅച്ഛൻഎന്റെഹീറോ


എനിക്ക് ബേങ്കിൽ ജോലി കിട്ടി. അതിനിടെ എൻറെ വിവാഹവും അച്ഛൻ നടത്തി. എന്നെ ഞാനാക്കിയ എൻറെ അച്ഛനെ ഞാൻ കൈ കൂപ്പി വണങ്ങുന്നു. 


"എൻറെ അച്ഛാ...!!! അച്ഛാ…!!"


Rate this content
Log in