വൈറൽ സെൽഫി!
വൈറൽ സെൽഫി!


ജീവിതത്തെ എങ്ങിനെ ഒരു സെൽഫിയിലൊതുക്കാം
എന്നതാണെന്റെ വികല്പം.
ജീവിക്കുന്നു എന്നതിന് ഒരു പ്രമാണം വേണ്ടേ?
"സെൽഫിയില്ലാത്തവൻ പിണം" എന്നതാണ് പുതുതത്വം.
അതല്ലേ നിലവിലെ സത്യവും?
സെൽഫി വൈറൽ കൂടി ആയാൽ
ജീവിതം ജ്വലിക്കും. പൂത്തുലയും.
ഒന്നിൽനിന്നു മറ്റൊന്നിലേക്കു പടരുന്നഗ്നിനാളം പോലെ
ഒരുത്തനിൽനിന്നു മറ്റൊരുത്തനിലേക്കു, പടർന്നു
പടർന്നു ലോകം പരന്നങ്ങിനെ കിടക്കും... എന്റെ സെൽഫി, എന്റെ വൈറൽ സെൽഫി!!!
ഇത്തിരി ഉപ്പ്. ഇത്തിരി മുളക്. ഇത്തിരി പുളി. <
/p>
ഇവയൊത്തല്ലേ കിടിലനൊരു മസാലയാവൂ?
അതിനിത്തിരി "ഡ്രാമ" വേണമെങ്കിൽ അത് കൊടുത്താലെന്ത്?
കടലിറങ്ങി ഉമ്മവെക്കണോ, സ്രാവിനെ?
ഞാൻ തെയ്യാർ.
മുട്ടൻ കാട്ടാന കൊമ്പിൽ തലോടാനും!
പുലിമുകളിൽ കയറി പുതുയുഗ-അയ്യപ്പനാവാം!
കൈകളെ ചിറകാക്കി മലമുകളിൽനിന്ന്, ഉയരങ്ങളിൽനിന്ന് ചാടാനും മടിയില്ല...
അതിലെന്ത് വൈഷമ്യം?
മുൻകൂർ ജാമ്യം തരാം, ചേതമുള്ളവർ സെൽഫി നോക്കരുതേ!
ജീവിതമൊന്നായിരിക്കാം .
മരണമൊന്നായിരിക്കാം.
എങ്കിലോ, വൈറൽ സെൽഫിയത്...,
ജീവിതത്തിനും മരണത്തിനുമപ്പുറത്തല്ലേ!