Sreedevi P

Children Stories Drama

4.8  

Sreedevi P

Children Stories Drama

റാണിയും അമ്മയും

റാണിയും അമ്മയും

2 mins
580


ഒരു വൈകുന്നേരം അഞ്ചു മണിക്ക് എനിക്ക് തൊടി ചുറ്റിക്കറങ്ങണമെന്നു തോന്നി. (അന്ന് എനിക്ക് അഞ്ചു വയസ്സാണ് കേട്ടോ .) ഞാൻ മേലെ തൊടിയിലേക്കു കയറി. അവിടെ വേലി പൊളിഞ്ഞു കിടക്കുന്നു. ഞാൻ അതിൽക്കൂടെ അടുത്ത വീട്ടിലേക്കൊന്നു പോയി. ഓടി വരാം എന്നു കരുതി അവിടേക്ക് പോയതാണ്. എന്നെക്കണ്ട ഉടനെ, അവിടത്തെ കുഞ്ഞിലക്ഷ്മിയമ്മ ചട്ടി ചൂടാക്കി ദോശ മാവ് അതിലിട്ടു.

"ഇതു തിന്നു പോയാൽ മതിട്ടോ!" അവരെന്നോട് പറഞ്ഞു.

"വേണ്ട… വേണ്ട… എനിക്ക് വേണ്ട…”എന്നു ഞാൻ പറഞ്ഞപ്പോൾ, 

"ഇരിക്ക് ഇതു തിന്നിട്ടേ നിന്നെ ഞാൻ വിടുള്ളു," എന്നു പറഞ്ഞ് അവർ അകത്തേക്കു പോയി.


എന്നെക്കാണാഞ്ഞ് എൻറെ അമ്മ കരഞ്ഞു വിളിക്കാൻ തുടങ്ങി, "റാണി!...റാണി!!…റാണി!!!” 

ഞാൻ വീട്ടിലേക്ക് ഓടാൻ തുടങ്ങിയപ്പോൾ കുഞ്ഞിലക്ഷ്മിയമ്മ ദോശ എൻറെ കയ്യിൽ തന്ന്, “തിന്ന്...തിന്ന്…തിന്നിട്ടു പോയാൽ മതി," എന്നു പറഞ്ഞു. 

ചുട്ടിട്ട് എനിക്ക് തിന്നാൻ വയ്യ. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ വായിലിട്ടു പോക്കിതിന്നു. ചുട്ടിട്ടു ഞാൻ കീഴ്മേൽ മറിഞ്ഞു. അപ്പോഴേക്കും എൻറെ വീട്ടിൽ അമ്മയുടെ നിലവിളി കേട്ട് വീട്ടിലുള്ള എല്ലാവരും കരഞ്ഞ് എന്നെ വിളിക്കാൻ തുടങ്ങി. ഇതു കേട്ട് മറ്റുള്ള അയൽക്കാരും ഓടിയെത്തി. അവരും എന്നെ വിളിക്കാൻ തുടങ്ങി. 

"ദോശ തിന്നു എന്ന് പറയേണ്ട," കുഞ്ഞിലക്ഷ്മിയമ്മ പറഞ്ഞു. 


ഞാൻ ഓടി വീട്ടിലെത്തി. എന്നെ കണ്ടയുടനെ, അമ്മ എന്നെ പിടിച്ചു തല്ലാൻ തുടങ്ങി. "എവിടെ പോയി നീ???... നിന്നെ ഈ വീട്ടിലും തൊടിയിലും എല്ലാം തിരഞ്ഞു കണ്ടില്ല!! എൻറെ ശബ്ദം നീ കേട്ടില്ലേ? എന്നിട്ടും എന്താ വരാത്തത്? അമ്മാമ നിന്നെത്തിരയാൻ വേണ്ടി അടുത്തുള്ള കുണ്ടം കുളത്തിൽ മുങ്ങിത്തപ്പാൻ പോകുകയായിരുന്നു,” എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ അടിച്ചു കൊണ്ടിരുന്നു. അതു കണ്ട്, അവിടെയുണ്ടായിരുന്ന അടുത്ത വീട്ടിലെ സത്യവതിയോപ്പ അമ്മയിൽ നിന്നും എന്നെ പിടിച്ചു മാറ്റിയിട്ടു പറഞ്ഞു, "ഇനി തല്ലണ്ട! അവൾ ചത്തു പോകും."

അതു കേട്ട് അമ്മ എന്നെ വന്നു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, "പറയാതെ എങ്ങോട്ടും പോകരുതേ മോളേ!” അമ്മ ഏങ്ങലടിച്ചു കൊണ്ട് എന്നെ ഉമ്മകളാൽ നിറച്ചു. അമ്മയുടെ കണ്ണുനീർ എൻറെ തല മുതൽ കാലുവരെ ഒഴുകിക്കൊണ്ടിരുന്നു. 


അതിനിടയിലൂടെ കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു കൊണ്ടിരുന്നു, "അമ്മ തല്ലിയതൊന്നും എനിക്ക് വേദനിച്ചില്ല. ഇനി ഞാൻ പറയാതെ എവിടേയും പോകില്ല... പോകില്ല... പോകില്ല…”

അതു കണ്ടും കേട്ടും അവിടെ കൂടിയ ആളുകൾ പറഞ്ഞു, “അമ്മയും മകളും കരയേണ്ട!...കരയേണ്ട!


Rate this content
Log in