NILA stories

Children Stories Drama

3  

NILA stories

Children Stories Drama

നഷ്ടബാല്യം

നഷ്ടബാല്യം

2 mins
267


എൻ്റെ ബാല്യകാലം അത്ര നല്ല ഓർമ്മകൾ ഒന്നും തന്നിട്ടില്ല. 


ശാപജന്മമായി കണ്ടിരുന്നതിനാലാവാം ബന്ധുക്കളിൽ പലരും എന്നെ കാണുമ്പോൾ ഇഷ്ടമില്ലാത്ത മുഖഭാവത്തോടെ നോക്കിയിരുന്നത്. എന്നാൽ എൻ്റെ ചിറ്റയുടെ മോൾക്കും അമ്മാവൻ്റെ മോനും എന്നെ വലിയ കാര്യമായിരുന്നു. എനിക്ക് അവരേയും ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു. അവർ എന്നോട് മിണ്ടുന്നതു പോലും വീട്ടിൽ ആർക്കും ഇഷ്ടാവില്ല. എന്നിട്ടും ഞങ്ങൾക്കിടയിൽ ഉള്ള സ്നേഹത്തിനു കുറവുണ്ടായില്ല...


എല്ലാവരും ബാല്യകാല സന്തോഷങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഞാൻ ഇങ്ങനെ ഒക്കെ എഴുതുന്നത് വായനക്കാർക്ക് ഇഷ്ടമാവില്ലായിരിക്കാം. എന്നാലും കിട്ടാത്തതും അനുഭവിക്കാത്തതുമായ കാര്യങ്ങൾ എഴുതുന്നതെങ്ങനെ...? 


ഇപ്പോൾ ആലോചിക്കുന്നുണ്ടാവും ഞാൻ എങ്ങനെ ശാപം കിട്ടിയവൾ ആയെന്ന്. അത് എനിക്കും നിശ്ചയില്ല്യ. എൻ്റെ ജനനത്തോടെ എൻ്റെ അമ്മ ഈ ലോകത്തു നിന്ന് ദൈവത്തിന്റെ അടുത്തേയ്ക്ക് പോയി. അത് ഞാൻ ജനിച്ചതു കൊണ്ടാണെന്നാണ് എല്ലാവരും പറയുന്നത്. എല്ലാവരും എന്നെക്കാണുമ്പോൾ ഓരോന്ന് പറയും: തള്ളേക്കൊല്ലി... അസത്ത്... അസുരവിത്ത്... പിന്നെ ഞാൻ കേട്ടിട്ടുള്ള വാക്കുകൾ ഒന്നും എഴുതാൻ ആവില്ല. ഇങ്ങനെയുള്ള വാക്കുകൾ കേൾക്കാതിരിക്കാൻ ഞാൻ ആരുടെയും മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രമിക്കും .


അങ്ങനെ ഒരിക്കൽ എന്തിനോ അച്ഛമ്മ എന്നെ ഒരുപാട് ചീത്ത പറഞ്ഞു. സങ്കടം സഹിക്കാഞ്ഞ് ഞാൻ പറമ്പിൽ പോയിരുന്നു കരഞ്ഞു. കാപ്പിയും കൈതയും ആണ് അവിടെ. ഒരു ഇടവഴിയും ഉണ്ട്; ആ ഇടവഴിയിൽ ഇരുന്നാൽ ആരും കാണില്ല. ഇടവഴിയാണേലും നടപ്പുവഴിയല്ല. 


 കരഞ്ഞു കരഞ്ഞ് അവിടെ കിടന്ന് ഉറങ്ങി പോയി. സമയം എത്രയായി എന്നൊന്നും അറീല. വലിയ ഒച്ചപ്പാടും ബഹളവും കേട്ടാണ് ഉണർന്നത്.  

ആരൊക്കെയോ എൻ്റെ പേര് ഉറക്കെ വിളിക്കുന്നുമുണ്ട്... എന്തു ചെയ്യണമെന്ന് അറിയാതായി... 


ഞാൻ എണീറ്റു വിറച്ചിട്ട് നടക്കാൻ പോലും വയ്യ. എന്തോ ഞാൻ മുറ്റത്തെത്തിയപ്പോൾ ആണ് അച്ഛമ്മ എന്നെ കണ്ടത്. ഹോ... അച്ഛമ്മ പല്ലിറുമിക്കൊണ്ട് എൻ്റെ നേരെ വന്നു. സത്യായും ഇപ്പോഴും എൻ്റെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട് അച്ഛമ്മയുടെ ആ മുഖഭാവം. 


അന്ന് അച്ഛമ്മയുടെ കയ്യിൽ കിട്ടിയ വടി ഒടിയും വരെ എന്നെ അടിച്ചു. 

നീ എന്തിനാടീ തിരിച്ചു വന്നത്...? ആ വഴി പോകായിരുന്നില്ലേ എന്നൊക്കെ പറഞ്ഞാണ് അടിക്കുന്നത്. ഞാൻ പറയുന്നുണ്ട് കാപ്പിച്ചോട്ടിൽ കിടന്ന് ഉറങ്ങിപ്പോയതാണെന്ന്... ഞാൻ പറയുന്നത് ആരു കേൾക്കാൻ...? 


ആ സമയം ആണ് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള അമ്മിണിചേച്ചി വന്നത്... അവർക്ക് എന്നോട് ഇത്തിരി സ്നേഹം ഒക്കെ ഉണ്ട്. കാറിക്കൂവിയുള്ള എൻ്റെ നിൽപ്പ് കണ്ടിട്ടാവണം അവർ പറഞ്ഞു: 

"എന്തിനാ അതിനെ ഇങ്ങനെ ശിക്ഷിക്കുന്നത്, ചെറിയകുട്ടിയല്ലേ...? അവൾ പറഞ്ഞില്ലേ ഉറങ്ങിപ്പോയതാണെന്ന്...? ഒന്നുമല്ലേലും ഇന്നിവളുടെ പിറന്നാളല്ലേ...? മതി, ഇനി തല്ലാതെ..." അമ്മിണിചേച്ചി അച്ഛമ്മയുടെ കയ്യിൽ നിന്നും ഒടിഞ്ഞ വടി പിടിച്ചു വാങ്ങി.


സത്യം പറയാലോ...? ആ സമയം അമ്മിണിചേച്ചി എൻ്റെ അമ്മായിരുന്നെങ്കിൽ എന്ന് ഓർത്തു പോയി. എനിക്ക് അമ്മ ഉണ്ടായിരുന്നാൽ എന്നെ ഇങ്ങനെ അടിക്കാൻ സമ്മതിക്കോ...? ഇല്ലല്ലോ...? എൻ്റെ പിറന്നാളാണെന്ന് അപ്പോൾ ആണറിയുന്നത്... എന്നെപ്പോലുള്ളവരുടെ പിറന്നാൾ ഇങ്ങനാവും ആഘോഷിക്കുക. പിറന്നാൾ ആണെന്നു കേട്ടതേ എൻ്റെ സങ്കടം ഇരട്ടിച്ചു. 


അമ്മിണിചേച്ചി എന്നെയും കൂട്ടി അവരുടെ വീട്ടിൽ പോയി അടികൊണ്ട് തിണർത്തഭാഗത്ത് എണ്ണ തേച്ചു തന്നു. മിഠായി തന്നു. അപ്പോൾ എനിക്ക് എന്തു സന്തോഷം ആയെന്നോ...? ഇതൊന്നും അല്ല ... പറയാൻ ഒരുപാട് ഉണ്ട്. അന്നു മുതൽ അവർ എനിക്ക് അമ്മയേപ്പോലെയാണ്. 


കാലം എത്ര കഴിഞ്ഞാലും കുഞ്ഞുമനസിനേറ്റ ആഘാതങ്ങൾ മനസ്സിൽ നിന്നും മായില്ല. ചില സന്തോഷങ്ങൾക്കൊപ്പം കൂടിയാലും പൂർണ്ണമായി ആ സന്തോഷം ഉൾക്കൊള്ളാൻ ആവില്ല. 


കാലം അങ്ങനാണ്. സ്നേഹത്തിൻ്റെയും കരുതലിൻ്റേയും വിശ്വാസത്തിൻ്റേയും അടിത്തറ മനസ്സിൽ പതിയേണ്ടുന്നതിനു പകരം നിസ്സഹായത, ഒറ്റപ്പെടൽ... അനാഥത്വവും വെറുക്കപ്പെടേണ്ടവൾ എന്ന ഇമേജും ആണ് മനസ്സിൽ പതിഞ്ഞു പോയത്.


അതു കൊണ്ടാവാം വായന എന്ന ലോകം ഞാൻ സ്വന്തമാക്കിയത്. അവിടെ ഭാവനയിൽ എൻ്റെ സുന്ദരമായ ബാല്യകാലം ആസ്വദിച്ച് ഓരോ അക്ഷരങ്ങളിലും സ്നേഹത്തിന്റെ ലഹരി നുണയുന്നതും.


ഇനിയും ഒരു ജന്മമുണ്ടെങ്കിൽ മരിച്ചു പോയ എൻ്റെ അമ്മയുടെ മോളായി ആ സ്നേഹവാത്സല്യമേറ്റുവാങ്ങി എല്ലാവരുടേയും കണ്ണിലുണ്ണിയായി മാറി സന്തോഷപൂർണ്ണമായ ബാല്യകാലം എനിക്ക് അനുഭവിക്കണം... 


Rate this content
Log in