Binu R

Children Stories Classics

3  

Binu R

Children Stories Classics

കൊച്ചുഗോവിന്ദനും ഓണത്തപ്പനും

കൊച്ചുഗോവിന്ദനും ഓണത്തപ്പനും

4 mins
239


ഓണാട്ടുകരയിലെ അമ്പലപ്പറമ്പിലെ കൊച്ചുകൂട്ടുകാരുടെയെല്ലാം കളിത്തോഴനായിരുന്നു കൊച്ചുഗോവിന്ദൻ. അമ്പലത്തിനടുത്തുള്ള അമ്പാടിവീട്ടിലെ ഉണ്ണിക്കുട്ടനാണ് ഇഷ്ടതോഴൻ. നേരം പുലരും മുമ്പേ അമ്പലത്തിൽ തൊഴാൻ വരുന്ന മുത്തശ്ശിക്കൊപ്പം ഉണ്ണിക്കുട്ടനുമുണ്ടാകും. എപ്പോഴെല്ലാം അമ്പലത്തിൽ വന്നാലും കൊച്ചുഗോവിന്ദനെ കണ്ടിട്ടെ മടക്കമുള്ളൂ. കാണാൻ വരുമ്പോൾ കൈയിൽ ഭഗവാന്റെ തൃമധുരവും രണ്ടു കദളിപ്പഴവും കാണും. മുത്തശ്ശിയുടെ കയ്യും വിടുവിപ്പിച്ചു ഓടി വന്ന് അതു തരും. അതു കഴിക്കുമ്പോൾ ഉണ്ണിക്കുട്ടനെ വാരിയെടുത്ത് ഉമ്മ വയ്ക്കണമെന്ന് തോന്നും. അത്രയ്ക്ക് ഓമനത്ത്വമുള്ളവനാണ് അവൻ. 


എന്റെ പേര്, കൊച്ചുഗോവിന്ദൻ. ഞാൻ ഒരാനക്കുട്ടനാണ് കേട്ടോ. എന്നെ ഓണാട്ടുകാരത്തപ്പനു വേണ്ടി നാലുകൊല്ലം മുമ്പ് ഈ കരക്കാർ കോന്നി ആനക്കൊട്ടിൽ വന്നാണ് വാങ്ങിക്കൊണ്ടുവന്നത്. 


എന്നെ കാട്ടിൽ നിന്നും കിട്ടുമ്പോൾ മാസങ്ങളുടെ പ്രായമേ ഉണ്ടായിരുന്നുള്ളു എന്ന് കണാരേട്ടൻ എപ്പോഴും പറയും. കണാരേട്ടൻ ആനക്കൊട്ടിലെ കാവലാളരുടെ കാരണവരാണ്... മൂപ്പർക്ക് എന്നോട് നല്ല സ്നേഹമായിരുന്നു. ഇളം പനമ്പട്ടകൾ ഇതൾ വിരിയിച്ചു വായിൽവച്ചു തരുമായിരുന്നു. എന്നും കുറേ പഴങ്ങളും കരിമ്പിൻ കഷണങ്ങളും കൊണ്ടുതരുമായിരുന്നു. കണാരേട്ടൻ ഇട്ട പേരാണ് കൊച്ചുഗോവിന്ദൻ. ഇവിടെ വന്നപ്പോഴും എല്ലാവരും അങ്ങനെ തന്നെ വിളിച്ചു, കൊച്ചു ഗോവിന്ദൻ. 


ചെറിയ ലോറിയിൽ കയറി ഇവിടെ വന്നിറങ്ങിയപ്പോൾ, ചുറ്റും കൂടിയ കുറേ ആൾക്കാരെ കണ്ടപ്പോൾ ആകെ പരിഭ്രമമായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ കുറേ നേരം വട്ടം ചുറ്റി നിന്നു...


അന്ന്, ഉണ്ണിക്കുട്ടന് അച്ഛൻ വാസുദേവന്റെ എളിയിൽ ഇരിക്കുന്ന പ്രായമായിരുന്നു... അവന്റെ അച്ഛൻ അമ്പലത്തിലെ സർവ്വാധികാരിയും ആണ്. അയാൾ എന്നും എനിക്കരികിൽ വരും, കൂടെ ഉണ്ണിക്കുട്ടനുമുണ്ടാകും. വരുമ്പോൾ ഒരു കുലപഴവും കുറേ കരിമ്പിൻ കഷണങ്ങളും കാണും. ഉണ്ണിക്കുട്ടനാണ് പഴങ്ങളും കരിമ്പും വായിൽ വച്ചു തരുന്നത്. ഞാൻ അവനെ തുമ്പി കൊണ്ടു ചേർത്തു പിടിക്കും. കരിമ്പിൻ കഷണങ്ങൾ തരുന്നതിനു മുമ്പ് അവനത് കടിച്ചു നോക്കും, എന്നിട്ട് പറയും... 


"ഹായ് നല്ല മധുരം..."


ഓണാട്ടുകരയിലെ അമ്പലപ്പറമ്പിലെത്തുന്ന കൊച്ചുകൂട്ടുകാരെല്ലാം എനിക്കരികിൽ വരും. ഓരോരുത്തരുടെ കൈയിലും ഒരു കഷ്ണം തേങ്ങയോ പഴമോ കരിമ്പിൻ കഷണമോ ഉണ്ടാകും. എനിക്കരികിൽ വന്ന് കൂട്ടം കൂടിയിരുന്നു കഥകൾ പറയുകയും പാട്ടുകൾ പാടുകയും ചെയ്യും. പാട്ടുകൾ പാടുമ്പോൾ അവരുടെ പാട്ടിനൊപ്പം ഞാൻ ചുവടുകൾ വയ്ക്കുകയും ചെവികൾ താളത്തിൽ ആട്ടുകയും തുമ്പിയെടുത്തു കുലുക്കുകയും ഒക്കെ ചെയ്യുമ്പോൾ കൂട്ടുകാർ ആർത്തു വിളിക്കും; അതു കാണുന്നത് എനിക്കും ഹരമാണ്. 


ദിവസത്തിൽ ഒരു പ്രാവശ്യം ദിനേശേട്ടൻ എന്നെയും കൊണ്ട് കരയാകെ ചുറ്റിയടിക്കും. അപ്പോൾ കെട്ടിയിരിക്കുന്ന ചങ്ങല അഴിച്ചു മുൻകാലിൽ മാത്രം ചുറ്റിവയ്ക്കും. താൻ ഇതുവരേക്കും ആരെയും ഓടിക്കാതെയും ഇളക്കങ്ങൾ കാട്ടാതെയും ഇരിക്കുന്നതു കൊണ്ട് ദിനേശേട്ടന് എന്നോട് ഭയങ്കര സ്നേഹമാണ്. 


'കൊച്ചേ ' എന്നേ തന്നെ വിളിക്കൂ... ചിലപ്പോൾ 'ഗോവിന്ദ 'എന്നൊരു വിളി വിളിക്കും. അതു കേൾക്കുമ്പോൾ അറിയാം താൻ എന്തോ ഇഷ്ടക്കേട് കാട്ടി എന്ന്. അത് മിക്കപ്പോഴും കുളിക്കാനായി പുഴയിൽ ചെല്ലുമ്പോഴായിരിക്കും. വെള്ളം കണ്ടാൽ പിന്നെ എങ്ങനെ അതിൽ കിടന്നു കളിക്കാം, പുളയ്ക്കാം എന്നൊരു ചിന്ത മാത്രമേ ഉണ്ടാവുള്ളൂ. ദിനേശേട്ടൻ, തന്നെ തേച്ചുരച്ചു കുളിപ്പിക്കാനുള്ള ചകിരിത്തൊണ്ടുമായി വരുമ്പോൾ തന്റെ കളി മതിയായിട്ടുണ്ടാവില്ല. അപ്പോഴാണ്, താക്കീത് പോലുള്ള ആ വിളി. "ഗോവിന്ദാ."


ദിനേശേട്ടൻ ആരാണെന്നോ...? ഞാൻ ഓണാട്ടുകരയിൽ വന്ന നാൾ മുതൽ എന്റെ കാര്യങ്ങളൊക്കെ നോക്കാനും വഴി നടത്താനും ഏല്പിച്ചിരിക്കുന്ന ആനക്കാരൻ... പാപ്പാൻ എന്നും പറയും. ചെറുപ്പമാണ്, എപ്പോഴും ചന്ദനക്കുറിയും അതിനു നടുക്ക് ഒരു കുങ്കുമക്കുറിയുമൊക്ക തൊട്ട് ഓണാട്ടുകരത്തപ്പന്റെ പാട്ടുകളുമൊക്കെ മൂളിയും പാടിയും നടക്കുന്ന ഒരു ചുള്ളൻ. 


എല്ലാ ഓണക്കാലത്തും കരക്കാരുടെ ഓണക്കളികളിൽ താനും കൂടാറുണ്ട്. കൂട്ടുകാരുടെ ഓട്ടമത്സരത്തിൽ എന്നെയും കൂട്ടും. പൂക്കളമത്സരത്തിൽ എത്താക്കൊമ്പത്തെ പൂക്കൾ പറിക്കാൻ എന്നെ ഏൽപ്പിക്കും. അവർ പറയുന്ന പൂക്കളെല്ലാം ഞാൻ കൊമ്പുകളോടെ ഒടിച്ചു കൊടുക്കും, ഒരു പൂ പോലും കൊഴിയാതെ. മറ്റു പൂവുകൾ പറിക്കാൻ പോകുമ്പോൾ അവരുടെ പൂക്കൊട്ടകൾ തന്റെ കൊമ്പിൽ തൂക്കിയിടും. അത് താഴെപ്പോകാതെ തുമ്പി കൊണ്ടു വളച്ചു തടുത്തു നിറുത്തും. 


അങ്ങനെയിരിക്കെയാണ്, ആ ഓണത്തിന് തലേ ദിവസം, ആ സംഭവം നടന്നത്. സന്ധ്യക്ക്‌ കൊച്ചു കൂട്ടുകാരെയെല്ലാം അവരോരുടെ അച്ഛനമ്മമാർ അവരോരുടെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടു പോയതിനു ശേഷം, ദിനേശേട്ടൻ കുളിക്കാനായി തോർത്തെടുത്തു തോളത്തുമിട്ട് തലയിൽ എണ്ണയും തേച്ചു സോപ്പുപെട്ടിയുമായി പുഴയിലേക്ക് പോയതിനു ശേഷം... ബാക്കി വന്ന പനമ്പട്ടയിൽ നിന്നും ഒന്ന് വലിച്ചെടുത്ത് ദേഹമൊട്ടാകെ വീശി നിൽക്കുമ്പോഴാണ് ഒരാൾ നടന്നു വരുന്നത് കണ്ടത്. അത് ഇവിടെയെങ്ങും കാണാത്ത ഒരു മനുഷ്യനായിരുന്നു. പക്ഷേ, സാധാരണ മനുഷ്യനെപ്പോലെ ആയിരുന്നില്ല. ശരീരം നിറയേ ആടയാഭരണങ്ങളൊക്കെയിട്ട്, ഒരു സ്വർണ്ണ കിരീടവും വച്ച്, ഓലക്കുടയും ചൂടി, കൊമ്പു പോലെ വളഞ്ഞ ചെരുപ്പൊക്കെയിട്ട് മഞ്ഞപ്പട്ടു കൊണ്ട് തറ്റുടുത്ത് ഒരാൾ. അയാൾ തനിക്കരികെ വന്നു. 


സാധാരണ കാണാറില്ലാത്ത വേഷഭൂഷാദികളെയൊക്കെ ധരിച്ച ഒരാളെ കണ്ടപ്പോൾ ആദ്യം, ഒന്നുച്ചത്തിൽ ചിന്നം വിളിക്കണം എന്ന് തോന്നി. പിന്നെ അത് വെറും 'പീ 'എന്ന ശബ്ദം ആക്കി മാറ്റി. 


താൻ അയാളോട് വെറുതേ ചോദിച്ചു...

"ഇതെന്താ ഇങ്ങനെ വേഷമൊക്കെ കെട്ടി? നിങ്ങളെ കണ്ടാൽ മനുഷ്യനെ പോലെ ഉണ്ട്. പക്ഷേ ഇങ്ങനെ തലയിൽ ഈ 'പറ'യുമൊക്കെ കമഴ്ത്തി വച്ച്... നിങ്ങളാരാ...?"


അയാൾ തിരിച്ചു പറഞ്ഞപ്പോൾ ആകെ തരിച്ചുപോയി. കാരണം ആനകളുടെ ഭാഷ മനുഷ്യന് മനസ്സിലാവില്ലല്ലോ... ! പക്ഷേ അയാൾ തന്റെ ചോദ്യത്തിന് മറുപടി പോലെ പറയുകയാണ്... 


"ഞാൻ മഹാബലി... വർഷത്തിൽ ഒരിക്കൽ എന്റെ നല്ലവരായ പ്രജകളെ കാണാൻ എത്താറുണ്ട്. തിരുവോണത്തിന്. അത് നാളെയാണ്. അത് നിനക്കറിയിയില്ലേ...? "


ഞാൻ പറഞ്ഞു... 

"നാളെ തിരുവോണമാണെന്നറിയാം. പക്ഷേ, ഇങ്ങനെയൊരാൾ വരാറുണ്ടെന്ന കാര്യം ആരും പറഞ്ഞു കേട്ടിട്ടില്ല. "


അയാൾ ഇരിക്കാൻ ഇടം തേടുന്നത് കണ്ടപ്പോൾ കുറച്ചു മാറി കിടന്നിരുന്ന ഒരു തെങ്ങിന്റെ ചെറിയ മുട്ടി, തട്ടിയുരുട്ടി അയാൾ നിന്നിരുന്നതിനടുത്ത് സ്റ്റൂള് പോലെ കുത്തി നിറുത്തി. പിന്നെ പനമ്പട്ടയുടെ ചില്ല കൊണ്ട് പൊടിയൊക്കെ തട്ടിക്കളഞ്ഞു... 


അയാൾക്ക് സന്തോഷമായി. അയാൾ ആ സ്റ്റൂളിലിരുന്നു. എന്നിട്ട് അയാൾ പറഞ്ഞു തുടങ്ങി. 


"ങ് അങ്ങനെയൊന്നുണ്ട്... പണ്ടൊരിക്കൽ ഞാൻ ഈ നാടിന്റെ രാജാവായിരുന്നു. എന്റെ നാട്ടിൽ കള്ളവും ഇല്ല, ചതിയുമില്ല, കുതികാൽ വെട്ടുമില്ല. എല്ലാവരും സമന്മാരായിരുന്നു. വറുതിയും പ്രളയവും ഉണ്ടായിരുന്നില്ല. കൃഷികളൊക്കെ ഇഷ്ടം പോലെ. സമ്പന്നമായ രാജ്യമായിരുന്നു എന്റേത്. അത് കണ്ടിട്ട് ദേവകൾക്ക് കുശുമ്പും കുന്നായ്മയുമൊക്കെ തോന്നിത്തുടങ്ങി. ഞാൻ അവരെക്കാട്ടിലൊക്കെ വലിയ ദേവനാകുമോ എന്നവർക്ക് പേടി. അവരൊക്കെ ഒത്തുകൂടി ആലോചിച്ചു.... എന്നെ ചവിട്ടിപ്പുറത്താക്കാൻ പദ്ധതിയും ഇട്ടു. 


അങ്ങനെ ഒരു മുണ്ടൻ സന്യാസി എന്നെ കാണാൻ വന്നു. അയാൾ യാഗം ചെയ്യാൻ മൂന്ന് അടി സ്ഥലം ചോദിച്ചു. ഞാൻ തരാമെന്നും ഏറ്റു. അത് കരാറാക്കണമെന്നായി, ഞാനതും സമ്മതിച്ചു. ഗുരുവിനെ വിളിച്ചു കാര്യം പറഞ്ഞു... ഗുരു പറഞ്ഞു, അത് ചതിയാണ്. അത് സമ്മതിക്കണ്ട, അയാളെ മടക്കി അയക്കണം... ഞാനത് സമ്മതിച്ചില്ല. വാക്കു പറഞ്ഞു പോയി എന്ന് ഞാൻ. ഗുരു കുറേ തടസ്സവാദങ്ങൾ പറഞ്ഞു. ഞാനപ്പോൾ അതൊന്നും കേട്ടില്ല. ഗുരുവിന്റെ കൈയിലിരുന്ന കിണ്ടി വാങ്ങി അതിൽ നിറയേ വെള്ളമെടുത്ത്, യാഗം തുടങ്ങേണ്ട മണ്ണിൽ അതു കൊണ്ട് കളം വരയ്ക്കാൻ ഒരുങ്ങിയപ്പോൾ, കിണ്ടിയുടെ വായിൽ തടസം. ഒരു ഈർക്കിൽ എടുത്ത് ഞാനത് കുത്തിക്കളഞ്ഞു. എന്നിട്ട് കരാറും ഉറപ്പിച്ചു. അപ്പോൾ എന്റെ അരികിൽ ഒരു കണ്ണും പൊത്തിപ്പിടിച്ചു ഗുരു നില്പുണ്ടായിരുന്നു. 


അപ്പോഴാണ് മുണ്ടൻ സന്യാസി വാനോളം ഉയർന്നത്. ഒരടിയിൽ തന്റെ രാജ്യം മുഴുവൻ അളന്നു, രണ്ടാമത്തെ അടിയിൽ മറ്റു രണ്ടു ലോകങ്ങളും അളന്നു. മൂന്നാമത്തെ അടി ( അളവ് - feet. ) വേണമെന്നായി. താൻ കുനിഞ്ഞിരുന്നു കൊണ്ടു പറഞ്ഞു, മൂന്നാമത്തെ അടി തന്റെ നെറുകയിൽ വച്ചുകൊള്ളൂ... അയാൾ എന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതിന് മുമ്പ് ഞാൻ പറഞ്ഞു, വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാം അവസരം വേണം. അയാൾ സമ്മതിച്ചു. അന്ന് ഞാൻ പാതാളത്തിലേക്ക് പോയ ദിവസമാണ് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം. "


അയാളുടെ കഥ കേട്ടു കഴിഞ്ഞപ്പോൾ കൊച്ചുഗോവിന്ദന് ഉച്ചത്തിലൊന്നു ചിന്നം വിളിക്കണമെന്നു കലശലായി തോന്നി. അങ്ങനെ തന്നെ ചെയ്തു. അതു കേട്ടതു കൊണ്ടാവും ദിനേശേട്ടൻ ധൃതിയിൽ നടന്നു വരുന്നുണ്ടായിരുന്നു... 


Rate this content
Log in