പരേതന്റെ കുറിപ്പുകൾ
പരേതന്റെ കുറിപ്പുകൾ
ദൈവമേ കൈതൊഴാം, ഞാനൊരു മാസ്കിട്ടതെന്തൊരതിശയം !
അല്ലെങ്കിൽ
ബസിലും ട്രെയിനിലും തുമ്മിയും തുപ്പിയും
അവരൊരു കൊറോണ വരുത്തിയേനെ !
ദൈവമേ കൈതൊഴാം
നീ എന്നെയറിയാത്തതെന്തൊരതിശയം !
അല്ലെങ്കിലീ ദീർഘയാത്രയിലെന്നെ നോക്കാതെ നീ വാട്ട്സാപ്പിലാഴത്തിൽ മുങ്ങിയേനേ
ദൈവമേ കൈതൊഴാം ,ഞാനൊരു
പെൺകിടാവല്ലാത്തതെന്തോരതിശയം !
അല്ലെങ്കിലവരുടൻ പിന്നാലെ വന്നെന്നെ
ഏതോ പുഴയിലൊഴുക്കിയേനേ!
ദൈവമേ കൈതൊഴാം ഞാനൊരു ടീച്ചറല്ലാത്തതെന്തോതിശയം അല്ലെങ്കിലവാരെന്റെ കണ്ണുവെട്ടിച്ചങ്ങ്
കോപ്പിയടിച്ചു ജയിച്ചേനേ.
ദൈവമേ കൈതൊഴാം ഞാനൊരു പാർട്ടീലുമില്ലാത്തതെന്തൊരതിശയം !
അല്ലെങ്കിലവരെന്നെകൊന്നിട്ട് കൊല്ലത്തിൽ രക്തസാക്ഷിദിനം കൊണ്ടാടുമേ !!!
ദൈവമേ കൈതൊഴാം ഈ സീബ്രാവരയിലൂടെന്നെ നീ
കൈപിടിച്ചെത്തിക്കു
അല്ലെങ്കിലവരെന്നെ തട്ടിത്തെറിപ്പിച്ച്
കൂളിംഗ് ഗ്ലാസിട്ടു പാഞ്ഞേനേ!
ദൈവമേ കൈതൊഴാം, ഞാനൊരു പടുകിഴവനല്ലാത്തതെന്തൊരതിശയം അല്ലെങ്കിലവരെന്നെയറിയാത്ത
വഴിയിൽ വിട്ടറിയാതെയങ്ങു മടങ്ങിയേനേ.
ദൈവമേ കൈതൊഴാം ഞാനൊരു പരേതനായതെന്തൊരതിശയം !!
അല്ലെങ്കിലവരെന്റെ പിന്നാലെ വന്നിട്ട്
തീയിട്ട് ചുട്ടങ്ങു കൊന്നേനേ !!!.
