മഴവില്ല്
മഴവില്ല്
മഴയുടെ ശീൽക്കാര ശബ്ദം ഇരമ്പിയാർത്ത് ചെവിയിൽ പതിഞ്ഞപ്പോൾ, പുതപ്പിനടിയിലേക്ക് വീണ്ടും ചുരുണ്ടു കൂടി. ഹൊ ! എന്തൊരു തണുപ്പായിത്?
അടുക്കളയിൽ നിന്നും ഉറക്കത്തെ അലോരസപ്പെടുത്തുന്ന ശബ്ദ കോലാഹലം . ഇവൾക്ക് മഴയും തണുപ്പുമൊന്നുമില്ലെ? മനസ്സിൽ ഉയർന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുവാൻ കഴിയുമായിരുന്നില്ല. പാവം , പല തവണ എന്നോട് പറഞ്ഞിട്ടുണ്ട് .... രാവിലത്തെ അടുക്കള പെരുമാറ്റം ഗർഭാവസ്ഥതയെ കൂടുതൽ ക്ഷീണപ്പെടുത്തുന്നതായി. എന്നും രാവിലെ എഴുന്നേറ്റ് സഹായിക്കാമെന്ന മോഹ വാക്ക്ദാനങ്ങൾ നൽകുന്നത് വെള്ളത്തിൽ വരച്ച വര പോലെയാണെന്ന് അവൾക്ക് നന്നായറിയാം.
മടിയൻ മലയെത്ര നാൾ ചുമക്കുമൊ? അവളുടെ കളിയാക്കൽ ........
അവൾ, എൻെറ മീര. ഒരു വായാടി കോത. പാവമാണ് . ( അവൾ കേൾക്കേ ഞാൻ പറയാറില്ല)
പാവപ്പെട്ട കുടുംബത്തിലെ സ്നേഹനിധി. പഠിക്കാൻ താൽപര്യമുണ്ടായിട്ടും ആഗ്രഹിച്ച രീതിയിൽ ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞില്ല. പ്രതിസന്ധികൾ പല തവണ തളർത്താൻ ശ്രമിച്ചപ്പോഴും , അതിനെ തരണം ചെയ്ത് മുന്നേറാനുള്ള അവളുടെ തീക്ഷണമായ പോരാട്ടം ,ഇവിടെ വരെയെത്തിച്ചു. പതിവു തെറ്റിക്കാതെ , ഒരു കപ്പ് ചായയുമായി അല്പം ശാസന കലർന്ന കുറ്റപ്പെടുത്തൽ കേട്ട് കണ്ണ് തുറന്ന് നോക്കി. കുളിച്ചു സുന്ദരിയായ എൻെറ പാറു മുന്നിൽ .
മീര , ഇന്ന് അവധിയല്ലെ.... കുറച്ച് കഴിഞ്ഞ് എഴുന്നേറ്റാൽ മതിയായിരുന്നില്ലെ ?
ഒരുത്തരവാദിത്തവും ഇല്ലാത്ത പെണ്ണ് .... മീരയുടെ കുറ്റപ്പെടുത്തൽ വിണ്ടും.
ഓർമ്മകൾ വീണ്ടും മീരയുടെ പുറകെ - അച്ചനുമമ്മയും നഷ്ടപ്പെട്ടപ്പോൾ കുടുംബ ഭാരം തലയിലായവൾ. കൂടപിറപ്പുകളെ ലക്ഷ്യസ്ഥാനത്തിക്കാൻ കഷ്ടപ്പെുന്ന സമയത്താണ് മീരയെ പരിചയപ്പെട്ടത്. ആരോടും വലിയ ചങ്ങാത്തം കൂടാത്ത പ്രകൃതം. അവളുടെ നിഷ്കളങ്കത , ജീവിതമേൽപ്പിച്ച പാഠങ്ങൾ പ്രോൽസാഹനമായെടുത്ത് മുന്നേറാൻ പഠിപ്പിച്ച അവളുടെ മനസ്സിൻെറ ദൃഢനിശ്ചയം, എന്നെ അവളിലേക്ക് കൂടുതലടുപ്പിച്ചു. കടൽക്കരയിലെ കാറ്റ് മനസിനൽപ്പം ആശ്വാസമേകുന്നതിനാലാകണം സായാഹ്നങ്ങളിലുള്ള അവളുടെ സന്ദർശനം കടലിനെ പോലും ആകർഷിച്ചിരുന്നു.
വീട്ടിലെ സന്ദർശന വേളയിൽ അമ്മയോട് മീരയെ പറ്റി സംസാരിക്കാറുണ്ട്. അതായിരിക്കാം അമ്മ രഘുവേട്ടന് വേണ്ടി കല്ല്യാണമാലോചിച്ചതും. ജീവിതം ഏൽപ്പിച്ച നൊമ്പരം വേദനയായ് അവശേഷിച്ചതിനാലാകാം, കല്ല്യാണത്തിനുള്ള മാനസികാവസ്ഥയിൽ മീര പക്വത കെെവരിച്ചിരുന്നില്ല. അമ്മയുടെയും എൻെറയും സ്നേഹം, അവളെ അതിനായി തയ്യാറാക്കി .ഒരു ശുഭമുഹൂർത്തത്തിൽ രഘുവേട്ടൻ മീരയുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ സന്തോഷത്താൽ മതി മറന്നത് ഞാനായിരുന്നു.
വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന മീരയുടെ അഭാവം താങ്ങാൻ പറ്റുമായിരുന്നില്ല. ആരുമില്ലാത്ത അവൾക്ക് രഘുവേട്ടൻ ആശ്രയമായപ്പോൾ എൻെറ നഷ്ടം ഒന്നുമല്ലായെന്ന് മനസ്സിലാക്കി. അമ്മയെ പോലെ സ്നേഹനിധിയായ ഏട്ടത്തിയമ്മ. എട്ടത്തിയമ്മയെന്നതിലുപരിയെൻെറ ആത്മമിത്രം. ജീവിതാനുഭവങ്ങൾ മനസ്സിൻെറ പാഠപുസ്തകത്തിലൊളിപ്പിച്ച് , അതിൻെറ ഓരോ താളുകൾ ഇടക്കിടെ മറിച്ചു നോക്കാൻ അവൾ മറന്നിരുന്നില്ല . ആ താളുകളിലെ ചിത്രങ്ങളോരോന്നും ജീവിത ലക്ഷ്യത്തിലേക്ക് വഴിതിരിക്കാൻ പ്രചോദനമാവുകയായിരുന്നു. എന്നെ എൻെറ ലക്ഷ്യത്തിലെത്തിക്കാനും മീരയെന്ന മഴവില്ലിൻെറ സാന്നിദ്ധ്യം -- അവളിനി രഘുവേട്ടൻെറ സ്വന്തം .
