മാന്ത്രികച്ചെണ്ട
മാന്ത്രികച്ചെണ്ട


ഒരിക്കൽ ഒരിടത്ത് വയസ്സനായ ഒരു ചെണ്ടക്കാരനുണ്ടായിരുന്നു. അയാളുടെ പേര് ചിണ്ടൻ എന്നായിരുന്നു. അയാൾക്ക് ആകെയുള്ളത് ഒരു പഴഞ്ചൻ ചെണ്ടയായിരുന്നു. ചിണ്ടൻ ചെണ്ട കോട്ടാൻ തുടങ്ങിയാൽ എല്ലാവരും കളിയാക്കും. അപ്പോൾ ചിണ്ടന് സങ്കടം വരും.എങ്കിലും ആഘോഷം വരുമ്പോൾ ചിണ്ടനും കൊട്ടാൻ പോകും.
ഒരിക്കൽ രാജാവ് ആ നാട്ടിൽ വരാൻ തീരുമാനിച്ചു. രാജാവിനെ സ്വീകരിക്കാൻ ഉഗ്രൻ ചെണ്ടമേളം വേണം - നാട്ടുകാർ തീരുമാനിച്ചു. ആ നാട്ടിൽ രണ്ടു ചെണ്ടക്കാർ കൂടിയുണ്ടായിരുന്നു - കിണ്ടുവും ടുണ്ടുവും. ചെണ്ട കൊട്ടി രാജാവിനെ സ്വീകരിക്കാൻ കിണ്ടുവിന്റേയും ടുണ്ടുവിന്റേയും കൂടെ ചിണ്ടനും പുറപ്പെട്ടു.
വഴിയിൽ അവർ വിശ്രമിക്കാനായി ഒരു മരച്ചുവട്ടിൽ ഇരിപ്പായി. ചിണ്ടൻ അങ്ങനെയിരുന്നു ഉറങ്ങിപ്പോയി. അപ്പോൾ കിണ്ടു ടുണ്ടുവിനോട് പറഞ്ഞു: "ഇതു തന്നെ തക്കം! നമുക്ക് മിണ്ടാതെ സ്ഥലം വിടാം ! ഈ കിളവന്റെ പഴഞ്ചൻ ചെണ്ടമേളം കേട്ടാൽ രാജാവിനു ദേഷ്യം വരും."
കിണ്ടുവും ടുണ്ടുവും സൂത്രത്തിൽ സ്ഥലം വിടാനൊരുങ്ങി. പക്ഷെ ഇതെല്ലാം മറ്റൊരാൾ കാണുന്നുണ്ടായിരുന്നു - മരത്തിനു മുകളിലെ വനദേവത!
പാവം ചിണ്ടനെ പറ്റിച്ചു കടക്കാൻ നോക്കുന്ന കിണ്ടുവിനേയും ടുണ്ടുവിനേയും ഒരു പാഠം പഠിപ്പിക്കാൻ ദേവത തീരുമാനിച്ചു. ദേവത എന്തു ചെയ്തെന്നോ? മന്ത്രം ചൊല്ലി രണ്ടുപേരെയും ഉറക്കി!
പിന്നെ ദേവത മാന്ത്രികാവടികൊണ്ട് ചിണ്ടന്റെ ചെണ്ടയിൽ ഒന്നു കൊട്ടി. 'ണ്ടിo!'. ആ ശബ്ദം കേട്ട് ചിണ്ടൻ ഉറക്കമുണർന്നു.
എല്ലാം മറന്നുറങ്ങുകയായിരുന്ന കൂട്ടുകാരെ വിളിച്ചുണർത്താൻ ചിണ്ടൻ കുറേ ശ്രമിച്ചു.പക്ഷേ , ദേവത മന്ത്രം ചൊല്ലി മയക്കിയ അവരുണ്ടോ ഉണരുന്നു! നിരാശനായ ചിണ്ടൻ ചെണ്ടയും ചുമലിലേറ്റി ഒറ്റയ്ക്ക് നടപ്പായി.
രാജാവ് ഗ്രാമത്തിന്റെ കവാടത്തിൽ എത്തിയിരുന്നു. ചെണ്ടക്കാരെ കാണാതെ പരിഭ്രമിച്ചു നിൽക്കുകയായിരുന്നു എല്ലാവരും. അപ്പോഴാണ് ചിണ്ടന്റെ വരവ്.
"ഹും , താൻ മാത്രമേ ഉള്ളോ? " അധികാരി ദേഷ്യപ്പെട്ടു. "കുറേപ്പേർ വന്നു ചെണ്ടമേളം കേമമാക്കണമെന്ന് പറഞ്ഞിരുന്നതല്ലേ? രാജാവിന് ദേഷ്യം വന്നാൽ തന്റെ കാര്യം പോക്കാ!"
അതു കേട്ട മറ്റൊരാൾ പറഞ്ഞു: "ആലോചിച്ചു നിൽക്കാനൊന്നും സമയമില്ല. വേഗം കോട്ടു തുടങ്ങു. രാജാവ് എത്തിക്കഴിഞ്ഞു." ചിണ്ടൻ രണ്ടും കല്പിച്ചു കൊട്ട് തുടങ്ങി. മാന്ത്രികവടികൊണ്ടു ദേവത കൊട്ടിയതല്ലേ ! മധുരമായ ശബ്ദമാണ് അതിൽനിന്നു പുറത്തു വന്നത്. അനേകം ചെണ്ടക്കാർ ഒന്നിച്ചു കൊട്ടുന്ന ഗംഭീരമേളം !
നാട്ടുകാർ അന്തംവിട്ടു നിന്നു. ചിണ്ടൻ എല്ലാം മറന്നു കൊട്ടോടുകൊട്ട്! അത്രയും നല്ല മേളം ആരും കേട്ടിരുന്നില്ല.
രാജാവ് അത്ഭുതത്തോടെ ചിണ്ടനെ അടുത്ത് വിളിച്ചു ധാരാളം സമ്മാനങ്ങൾ കൊടുത്തു!
ഗുണപാഠം :: ആരെയും നിസ്സാരരായി കണ്ടു കളിയാക്കരുത് .