StoryMirror Feed

Children Stories

3.9  

StoryMirror Feed

Children Stories

ജീവിക്കാം മറ്റുള്ളവർക്കായി

ജീവിക്കാം മറ്റുള്ളവർക്കായി

1 min
12.5K


വലിയ ധനികനായിരുന്നു ബ്രഹ്മാനന്ദൻ എന്ന വ്യാപാരി. പക്ഷെ, പറഞ്ഞിട്ടെന്താ? ആർക്കും ഒരു സഹായവും ചെയ്യാത്ത ദുഷ്ടനായിരുന്നു അയാൾ. അതുകൊണ്ടു തന്നെ എല്ലാർക്കും അയാളെ വെറുപ്പായിരുന്നു.


                              മറ്റുള്ളവർക്ക് തന്നെ ഇഷ്ടമില്ലെന്ന കാര്യം ബ്രഹ്മാനന്ദനെ ദുഃഖിതനാക്കി . ഒരു മനസ്സമാധാനവും കിട്ടാതായപ്പോൾ ബ്രഹ്മാനന്ദൻ കുറച്ചകലെ താമസിക്കുന്ന ഒരു സന്യാസിയെ ചെന്നു കണ്ടു. ബ്രഹ്മാനന്ദന്റെ സങ്കടം കേട്ടു കഴിഞ്ഞപ്പോൾ സന്യാസി പറഞ്ഞു: "വരൂ , നമുക്ക് കുറച്ച് നടക്കാം!"


ബ്രഹ്മാനന്ദൻ സന്യാസിയോടൊപ്പം നടന്ന് ഒരു പുഴക്കരയിൽ എത്തി. പുഴയിലേക്ക് ചൂണ്ടി സന്യാസി പറഞ്ഞു : "നോക്കു , ഈ പുഴയിലെ വെള്ളം ഒരിക്കലും പുഴ സ്വന്തമാക്കി വെക്കുന്നില്ല . അത് തന്നത്താൻ കുടിച്ച് വറ്റിക്കുന്നുമില്ല. പകരം ആർക്കും അതെടുക്കാവുന്ന രീതിയിൽ പരന്നൊഴുകുന്നു!"


                              സന്യാസി അടുത്തുള്ള മരം ചൂണ്ടികാണിച്ചിട്ട് വീണ്ടും പറഞ്ഞു : "ആ കാണുന്ന മരങ്ങളെ നോക്കൂ, അവയുടെ മധുരമുള്ള പഴങ്ങൾ ഒരിക്കലും അവ സ്വന്തമായി തിന്നാറില്ല. അത് മറ്റുള്ളവർക്കായി നൽകുന്നു. അതുപോലെ പൂക്കൾ സുഗന്ധം പരത്തുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ് . സൂര്യൻ ചൂടുണ്ടാക്കുന്നതും ചന്ദ്രൻ പ്രകാശിക്കുന്നതും അവർക്കു വേണ്ടിയല്ല!"

  

                               സന്യാസിയുടെ വാക്കുകൾ ശ്രദ്ധയോടെ ബ്രഹ്മാനന്ദൻ കേട്ടുനിന്നു. അപ്പോൾ സന്യാസി തുടർന്നു : "താങ്കൾ ധാരാളം പണം സമ്പാദിച്ചു. പക്ഷെ, അതിൽ നിന്നും ഒരു ചില്ലിക്കാശുപോലും ആർക്കും കൊടുത്തിട്ടില്ല . താങ്കൾ അവ മറ്റുള്ളവർക്ക് കൂടി നൽകി നോക്കൂ. അവർ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അപ്പോൾ സന്തോഷവും സമാധാനവും താനേ ഉണ്ടായിക്കൊള്ളും !"


                               സന്യാസിയുടെ വാക്കുകൾ കേട്ടപ്പോൾ ബ്രഹ്മാനന്ദന് തന്റെ തെറ്റു മനസ്സിലായി. അങ്ങനെ അയാൾ നല്ലവനായി ജീവിക്കാൻ തുടങ്ങി .


ഗുണപാഠം :: നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്കായിട്ടു കൂടി എന്തെങ്കിലും പ്രവർത്തിച്ചാൽ അവരുടെ സ്നേഹവും ബഹുമാനവും എന്നും നമ്മോടു കൂടെ ഉണ്ടാവും.


Rate this content
Log in