Find your balance with The Structure of Peace & grab 30% off on first 50 orders!!
Find your balance with The Structure of Peace & grab 30% off on first 50 orders!!

StoryMirror Feed

Children Stories

2.8  

StoryMirror Feed

Children Stories

അപ്പൂപ്പനും അമ്മൂമ്മയും ചാമ്പങ്ങയും

അപ്പൂപ്പനും അമ്മൂമ്മയും ചാമ്പങ്ങയും

1 min
497


 ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.

                       അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി.

ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു.


                       അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. "എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു കാണുവാൻ. നമുക്ക് ഇതാർക്കും കൊടുക്കേണ്ട. അടുത്ത വീടുകളിലെ കുട്ടികൾ വരുമ്പോൾ നമുക്കവരെ ഓടിക്കാം. "


                       ഇതുകേട്ട് അപ്പൂപ്പൻ പറഞ്ഞു. "ശരിയാ , ഇതാർക്കും കൊടുക്കേണ്ട. നമുക്കും കഴിക്കേണ്ട. എന്നും കണ്ടു കൊണ്ടിരിക്കും."


             അപ്പൂപ്പനും അമ്മൂമ്മയും ചാമ്പയ്ക്ക് കാവലിരുന്നു.അവർ ചാമ്പങ്ങ പറിക്കാൻ വന്ന കുട്ടികളെയെല്ലാം ഓടിച്ചു. അവർ പഴുത്തു ചുവന്ന ചാമ്പങ്ങ സന്തോഷത്തോടെ കണ്ടു കൊണ്ടിരുന്നു.


                   അങ്ങനെയിരിക്കെ അവരുടെ ചാമ്പങ്ങ രാത്രിയിൽ ആരോ പറിക്കുന്നുണ്ടെന്ന് അവർക്കു മനസിലായി. അവർ ആളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത് ഒരു മരപ്പട്ടിയാണെന്ന്‌ അവർക്ക് മനസിലായി.


                അപ്പൂപ്പനും അമ്മൂമ്മയും മരപ്പട്ടിയെ എങ്ങനെ പിടിക്കാം എന്ന് തല പുകഞ്ഞാലോചിച്ചു. അങ്ങനെ അമ്മൂമ്മക്കൊരു ഒരു ബുദ്ധി തോന്നി.


                  അമ്മൂമ്മ പറഞ്ഞു . "രാത്രി ആകുമ്പോൾ അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ ഇരിക്കണം. മരപ്പട്ടി വരുമ്പോൾ അതിനെ കുലുക്കി താഴേക്കിടണം. ഞാൻ ഒരു വടിയുമായി താഴെ ഇരിക്കാം. ഞാൻ അതിനെ അടിച്ചു കൊല്ലാം." അപ്പൂപ്പൻ സമ്മതിച്ചു.


               അങ്ങനെ രാത്രിയായി. അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ പുതച്ചു മൂടി ഇരുന്നു. അമ്മൂമ്മ ചാമ്പ മരത്തിന്റെ ചുവട്ടിലും ഇരുന്നു. കുറെ നേരമായിട്ടും മരപ്പട്ടി വന്നില്ല. അപ്പൂപ്പന് ഉറക്കം വന്നു തുടങ്ങി. അപ്പൂപ്പൻ അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി. ഉറങ്ങി മരത്തിൽ നിന്നു താഴേക്കു വീണു.

രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി.


              അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മക്ക്‌ തോന്നി."ഇത് മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി.


                  പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻ

തുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി.


ഗുണപാഠം :: നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും 


Rate this content
Log in