വാനം തെളിയുമ്പോൾ...
വാനം തെളിയുമ്പോൾ...

1 min

38
തോരാ മഴയിലിടയിലെപ്പോഴോ മാനം മെല്ലെത്തെളിഞ്ഞു
പുൽനാമ്പുകളിലെ കുഞ്ഞു തുള്ളികളിൽ സൂര്യന്റെ ഒരു തരി മെല്ലെത്തട്ടിത്തിളങ്ങി
ഒതുക്കു കല്ലുകളിലെ പായലിൻ മുകളിലൂടൊരു കുഞ്ഞുറുമ്പ് കൂട്ടരെക്കാണാതലഞ്ഞു
തിത്തിരിപ്പക്ഷിയും കാക്കയും തമ്മിൽ മുറ്റത്തു ശേഷിച്ച അരിമണികൾക്കായൊരു യുദ്ധം നടന്നു...
നിദ്രവിട്ടകന്നൊരു പൂച്ച ഗൗളി ദമ്പതികളിലൊന്നിനെ പിടികൂടി
വെറുതേ തട്ടിക്കളിച്ചു
ശേഷിച്ചൊരെണ്ണം പ്രാണനും ചേർത്തുപിടിച്ചെങ്ങോ ഒളിച്ചു...
ചുവന്ന തുമ്പികൾ കൂട്ടമായെത്തി
നെടുനീളൻ മഞ്ഞച്ചേരയൊരെണ്ണം വെയിൽ കാഞ്ഞു...
മഴയിൽ കൊഴിഞ്ഞ പൂക്കളെയാർദ്രമായ് വെയിൽ തലോടി...
നനഞ്ഞൊട്ടിയ മുടിയിഴകളെ വെയിലുണക്കി...
നീലാകാശത്തെ വെൺമേഘങ്ങൾക്കിടയിലൊരു സൂര്യൻ കുസൃതിയായ് ചിരിച്ചു...