അച്ഛൻ
അച്ഛൻ
അച്ഛൻ
ഫലവൃക്ഷമാണെനിക്ക്.
എന്റെ നെഞ്ചകത്ത്
പടർന്നു പന്തലിച്ചു തണൽ വിരിച്ചവൻ.
പാഠശാലയാണച്ഛൻ,
അക്ഷരങ്ങൾക്കപ്പുറത്തെ
അജ്ഞതയകറ്റിയോൻ.
കാലത്തെ എനിക്കായി ഗണിച്ചവൻ.
ജീവിത വഴിയിലെ ചതികളെ കാട്ടിത്ത ന്നോൻ.
കാവലാണച്ഛൻ,
പനിച്ചൂടിൽ വിറച്ചനാൾ നനച്ച തുണി,
നെറുകയിൽ വച്ച്
പൊള്ളുന്ന മനസ്സോടെ
രാവിനെ പകലാക്കിയോൻ.
പോരാളിയാണച്ഛൻ,
മാഘമാസത്തിലെ മഞ്ഞിൽ വിറച്ചിട്ടും
പശിമാറ്റാൻ കൈക്കോട്ടെടുത്തവൻ.
ഒട്ടിയ വയറിനെ ഒറ്റമുണ്ടുടുപ്പിച്ച്
പച്ചമണ്ണിൽ പൊന്ന് വിളയിച്ചവന്‍.
കൊണ്ട വെയിലിനും
സഹിച്ച ശൈത്യത്തിനും
കണക്കു വെക്കാത്തവൻ.
അത്ഭുത കടലാണച്ഛൻ,
ആഴങ്ങളിലെ അനന്തസത്യത്തെ
തീരത്തെ തിരയായി കാട്ടിയോൻ.
കണ്ണിണ നനയ്ക്കാതെ മനസ്സിനെ കരയിച്ച്
നിലയ്ക്കാത്ത ജീവന്റെ നൂലുതുന്നിയോൻ.
എന്റെ ശലഭജന്മത്തെ ശബളമാക്കുവാൻ
സഹനത്തിലൂടെയും
സമാധിയിലൂടെയും ജീവിച്ചവൻ.
അച്ഛൻ.....
എന്റെ മനസ്സിന്റെയോർമ്മപ്പുറങ്ങളിൽ
കനൽ ചൂടി നിൽക്കുന്നു.
പൊള്ളിയടർത്തുന്ന നോവായി
നെഞ്ചിൽ കത്തുന്നു.
കടപുഴകിയ ആ തണൽമരത്തിന്റെ തായ്‌വേര്
ഊർജ്ജരേണുക്കളായ് പടരുന്നെന്റെ
പെരുവിരൽതുമ്പുവരെ.
അച്ഛനാണിന്നു ഞാൻ,
ഇത്തിരിയെങ്കിലും അച്ഛനാകാൻ വേണ്ടി
ഒത്തിരി ഓടിത്തളർന്നു,
ഒട്ടിയവയർ അല്ലെങ്കിലും.
വിവരസാങ്കേതികതയുടെ
വിശാലലോകത്ത്,
താതനെ തിരയുന്നുണ്ണിയോട്
വിളിപ്പേരിനപ്പുറം
അച്ഛനാകുവാൻ കഴിഞ്ഞുവോ
എനിക്കെന്നു ഞാൻ ഭയക്കുന്നു.
