ഇടം
ഇടം
1 min
6
നക്ഷത്രക്കുഞ്ഞുങ്ങൾ കണ്ണുചിമ്മുന്ന
രാത്രിയിൻ നിശ്ശബ്ദമാത്രയൊന്നിൽ
വിണ്ണിൽ നിന്നും വെണ്ണിലാവ്
വന്നിടുന്നിതാ നിൻ വാതിലിൽ
പൂമൊട്ടുകളാകുന്ന കനവുകളോരോന്നും
വിടരുമെന്നുള്ളതാം വിശ്വാസത്താൽ
വ്യഥകളെ അതിജീവിച്ചിഹലോകവീഥിയിൻ
പടവുകളോരോന്നായ് കയറുകയായ്
അകതാരിന്നുള്ളിലിപ്പോഴും ജ്വലിക്കുന്ന
പ്രതീക്ഷതൻ കൈത്തിരിനാളവുമായ്
കാത്തുനിൽക്കുന്നുണ്ട് നിന്നുടെ
മനസ്സിലിടമുണ്ടോയെന്ന സന്ദേഹവുമായ്
മാനവഹൃദയങ്ങളിലാകമാനം
മാനുഷികതയുടെ മഹത്വം തേടി
അലയുന്നു ഇന്നിൻ്റെ വീഥികളിൽ
തലചായ്ക്കുവാൻ ഇടവും തേടി
ഇടമില്ലാത്തൊരിടമാകുമീ ഭൂമിയിൽ
ഇടമുള്ളവരാകുന്നൊരീ നാമേവരും
ഇടം തേടുന്നോരാ സോദരർക്കായ്
ഇടമുള്ള ഹൃദയങ്ങൾ പകർന്നുനൽകാം...
