Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Romance Crime Thriller


4.2  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 5

ഇന്നേക്ക് ഏഴാം നാൾ - 5

6 mins 281 6 mins 281

പത്തരമണിയായി. ഖദീജയ്ക്ക് പിണങ്ങാൻ ഇന്നത്തേക്കിനി മറ്റൊരു കാരണവും വേണ്ട. കേരള കേഡറിലേക്ക് ഒരു മാറ്റം ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും വരേണ്ടി വന്നു. 


സിനിമയിൽ മാത്രമല്ല കർണാടക രാഷ്ട്രീയത്തിലും മക്കൾ ഭരണമാണ് നടമാടുന്നത്. മൈസൂർ കൊട്ടാരം കാണാൻ കോയമ്പത്തൂർ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ നിന്നു വന്ന വിദ്യാർത്ഥിനികളുടെ സംഘത്തിൽ ഉണ്ടായിരുന്നൊരു പെൺകുട്ടിയെ കഞ്ചാവിന്റെ ലഹരിയിൽ, അധികാരത്തിന്റെ ഹുങ്ക് പ്രകടമാക്കി കൊണ്ടു പരസ്യമായി കടന്നു പിടിച്ചു ചുംബിച്ച പൊതുമരാമത്തു മന്ത്രിയുടെ മകനെ അന്നത്തെ രാത്രിയിൽ മുഴുവനും പോലീസ് വാനിനുള്ളിൽ ലോക്ക് ചെയ്തിട്ട് മൈസൂർ നഗരത്തിനു ചുറ്റും ഞാൻ പ്രദക്ഷിണം വച്ചു... 

പിറ്റേന്ന് പുലർച്ചയോടെ തിരികെ എസ്സ്. പി ഓഫീസിൽ എത്തിയപ്പോൾ മേശപ്പുറത്ത് എനിക്കുള്ള പാരിതോഷികം കടലാസ്സിൽ അച്ചടിച്ചു ഭരണസിരാകേന്ദ്രത്തേ അടക്കി വാഴുന്ന മുടിചൂടാമന്നന്മാർ സമ്മാനിച്ചിരുന്നു. 


സത്യത്തിൽ ഒരു ചേഞ്ച് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ അത് കേരളത്തിലേക്കായിരുന്നില്ല. എന്തായാലും കിട്ടിയത് കിട്ടി... മന്ത്രിയോടും മകനോടും കടിച്ചാൽ പൊട്ടാത്ത ഡയലോഗ് പറഞ്ഞു ചീപ്പ് ഷൈനിങ്ങിനു ഒന്നും ശ്രമിക്കാതെ കിട്ടിയ ഉപഹാരത്തിനു നന്ദിയും പറഞ്ഞു ഞാൻ ഗസ്റ്റ്‌ ഹൌസിലേക്ക് ചെന്നു സാധനങ്ങൾ എല്ലാം കെട്ടിപ്പെറുക്കി ഈ കാറിൽ കുത്തിനിറച്ചു നേരെ അറബിക്കടലിന്റെ റാണിയുടെ അരികിലേക്ക്, കൊച്ചിയിലേക്ക് വച്ചു പിടിച്ചു. ഈ കബീറിന്റെ മാത്രം സ്വന്തമായ ബീഗം ഖദീജയുടെ അരികിലേക്ക്. കുറേ നാളായി എന്നെ ഒറ്റയ്ക്ക് കിട്ടാറില്ല എന്നുള്ള അവളുടെ പരിഭവത്തിനു ഇതോടെ എന്തായാലും അറുതിയാകുമല്ലോ.


പ്രണയം എന്ന പദത്തിന്റെ നാനാർത്ഥങ്ങൾ തിരിച്ചറിഞ്ഞ കാലം മുതൽ അവൾ എനിക്ക് കൂട്ടിനുണ്ട്. എന്റെ ബീവി എന്ന പദത്തിലേക്ക് അവളെ ഞാൻ കൈപിടിച്ച് കൂടെ കൂട്ടിയിട്ടു ഇന്നേക്ക് പത്തു വർഷം പിന്നിട്ടിരിക്കുന്നു. ഇന്നും ഞങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെ തീവ്രത ഏറിയിട്ടേയുള്ളു. ദിനരാത്രങ്ങൾ പിന്നിടുമ്പോൾ വീര്യമേറുന്ന മുന്തിരി വീഞ്ഞിനെ പോലെ... ഖദീജയെന്ന ആ മുന്തിരിച്ചാറിന്റെ വീര്യം എന്നെ എന്നും മത്തുപിടപ്പിച്ചിരുന്നു … അവളുടെ പ്രണയം എന്നിൽ എന്നും വീഞ്ഞുപോലെ നുരഞ്ഞുപൊന്തി... അവളുടെ വാക്കുകൾ തുലാമഴ പോലെ എന്നും എനിക്ക് മീതേക്ക് തിമിർത്തു പെയ്‍തിരുന്നു. ഖദീജയുടെ സ്നേഹം തരിശായി കിടന്നിരുന്ന എന്റെ ജീവിതത്തിൽ പ്രതീക്ഷകളുടെ വിത്തുപാകി... മുളച്ചു തുടങ്ങിയ നാമ്പുകളെ  മുന്തിരി വള്ളികളായി മാറ്റി അവൾ എന്നിൽ പടർത്തി… ആ മുന്തിരി വള്ളികൾ തളിർത്തു പൂവിട്ടു കായ്ച്ചു. എന്നോടുള്ള അടങ്ങാത്ത അവളുടെ പ്രണയത്തേ വീര്യമേറിയ മുന്തിരി വീഞ്ഞായി മാറ്റി എനിക്ക് പകർന്നു നൽകാനായി തന്റെ ഹൃദയമാകുന്ന വീഞ്ഞകോപ്പയ്ക്കുള്ളിൽ നിറയെ പ്രണയമെന്ന വീര്യമേറിയ ആ മുന്തിരി വീഞ്ഞ് നിറച്ചു വച്ചു ബീഗം എന്നെ കാത്തിരുന്നു ... മണ്ണിനടിയിൽ അവൾ സൂക്ഷിച്ചുവച്ചിരുന്നു... പാകമായപ്പോൾ അവളെനിക്കത് പകർന്നു തന്നു ... പത്തു വർഷം കടന്നു പോയിട്ടും ആ വീഞ്ഞിനും, അവൾക്ക് എന്നോടുളള പ്രണയത്തിനും ഇന്നും വീര്യമേറുന്നതേയുള്ളൂ... കടും ചുവപ്പിൽ ചവർപ്പു കലർന്ന ആ വീഞ്ഞിന്റെ ലഹരിയെക്കാൾ നാണം നിറഞ്ഞു തുളുമ്പുന്ന ഖദീജയുടെ മിഴികളുടെ പിടപ്പ് എന്നെ ഓരോ നിമിഷവും മത്തു പിടിപ്പിക്കുന്നു... 


ഖദീജയുടെ ഓർമ്മകളിൽ അയാളുടെ മുഖമൊന്നു തെളിഞ്ഞു. പുതിയ നിയമനം തൃശൂർ ക്രൈം ബ്രാഞ്ചിൽ ACP ആയിട്ടാണ്. ജോയിൻ ചെയ്യാൻ മൂന്നു ദിവസത്തെ സമയമുണ്ട്. ഓഡിറ്റിങ് ആയതിനാൽ ബാങ്കിൽ നിന്ന് ലീവ് എടുക്കാൻ കഴിയില്ല എന്നാണ് രാവിലെ വിളിച്ചപ്പോൾ ഖദീജ പറഞ്ഞത്. അത് എന്തായാലും നന്നായി ആറു മാസങ്ങളായി എന്റെ ഉറക്കം കെടുത്തുന്ന ഒരു ചോദ്യമുണ്ട്. ആ ചോദ്യത്തിന് ഉത്തരം തേടാൻ സമയമായി.


റബേക്ക എലിസബത്ത് തരകൻ... നാളത്തെ പകൽ അവസാനിക്കുന്നതിനു മുൻപ് ഞാൻ നിന്റെ അരികിലെത്തും. എന്റെ മനസ്സിനെ അലട്ടിയിരുന്ന ഉത്തരം, കൂടിവായിക്കാൻ കഴിയാത്ത ഒരുപാട് ചോദ്യങ്ങളും; അവയ്ക്കുള്ള നേരായ ഉത്തരങ്ങളും തേടി ഞാൻ നിന്റെ അരികിൽ എത്തും . 


സ്വർണ്ണഫലകത്തിൽ "നൂർ " എന്ന് കറുത്ത അക്ഷരങ്ങൾ മിന്നി തിളങ്ങുന്നൊരു ആഡംബര ഫ്ലാറ്റ് സമുച്ഛയത്തിന്റെ കൂറ്റൻ ഗേറ്റ് കടന്നു കബീർ മുഹമ്മദിന്റെ കറുത്ത ഡസ്റ്റർ കാർ സെക്യൂരിറ്റി റൂമിനു അരികിലായുള്ള അയാളുടെ പാർക്കിംഗ് ലോട്ടിലേക്ക് ചെന്നു നിന്നു. ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും റംസാൻ നിലാവൊളിപോലെ അപാർട്മെന്റ് സമുച്ഛയത്തിന്റെ A ബ്ലോക്കിനരുകിലെ മെയിൻ എൻട്രസിനു മുൻപിൽ കെയർടേക്കറുമായി എന്തോ സംസാരിച്ചു നിൽക്കുന്ന വീര്യമേറിയ മുന്തിരി വീഞ്ഞിനെ, എന്റെ ബീഗം ഖദീജയെ ഞാൻ കണ്ടു. ചിരിയോടെ കാറിന്റെ ബാക്ക് ഡോർ ഓപ്പൺ ചെയ്തു ഞാൻ ബാഗുകൾ പുറത്തേക്ക് എടുത്തു വച്ചു. പെട്ടന്ന് എന്റെ അരികിൽ കൊലുസിന്റെ കിലുക്കം കേട്ടു. തിരിഞ്ഞു നോക്കാതെ ചിരിയോടെ ഡിക്കി ക്ലോസ് ചെയ്തു റിമോട്ട് കീ ഉപയോഗിച്ച് ഞാൻ കാർ ലോക്ക് ചെയ്തു 


അവൾക്ക് നേരെ തിരിഞ്ഞു കുസൃതിയോടെ ചോദിച്ചു.

"ഞാൻ വരാൻ ഒരുപാട് താമസിച്ചോ? "

"ഇല്ല....ഇന്ന് എന്തായാലും കുറച്ചു നേരത്തെയാണ് എന്ന് തോന്നുന്നു." 

അവൾ ചിരിയോടെ പറഞ്ഞു. 


"Marvelous... ഖദു എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം? വർഷങ്ങൾ കടന്നു പോകുന്തോറും നീ ചെറുപ്പമായി വരുന്നു... ഞാൻ വയസ്സനും.' 

മറുപടിയായി ഖദീജ ചിരിച്ചതേയുള്ളു.

"ഈ പോലീസുകാരന്മാർ മൊത്തത്തിൽ മുരടന്മാരാണ് എന്നുള്ള എന്റെ അഭിപ്രായം മാറാൻ കാരണം കബീറാണ്. എന്നാൽ പോയാലോ? ബാക്കി പഞ്ചാര ഫ്ലാറ്റിൽ ചെന്നിട്ട്. "


ഞാൻ നിലത്തു വച്ചിരുന്ന ബാഗുകൾ എടുത്തു കൊണ്ട് എന്റെ വലതു കൈത്തണ്ടയിൽ തന്റെ ഇടതു കൈ ചുറ്റി പിടിച്ചു ഖദീജ ഫ്ലാറ്റിനു നേർക്ക് നടന്നു. സമയം രണ്ടുമണി. പ്രണയം രതിയുമായി കൂടിക്കലർത്തി മുന്തിരി വീഞ്ഞിനേക്കാൾ വീര്യമേറിയ ലഹരിയായി എന്റെ സിരകളിലേക്ക് പകർന്ന് നൽകി ഖദു ഉറക്കമായി എന്ന് തോന്നുന്നു. ഞാൻ ഉറങ്ങിയിരുന്നില്ല. ആലോചിക്കുകയായിരുന്നു. പെട്ടെന്ന് ഖദീജ മുഖം എന്റെ കഴുത്തിനടിയിലേക്ക് ചേർത്ത് വച്ചു ചോദിച്ചു. 


"എന്നെ എപ്പോഴും ഓർക്കാറുണ്ടോ കബീർ?" 

ഞാൻ ഞെട്ടിപ്പോയി. ഖദീജ ഉറങ്ങിയിരുന്നു എന്നാണ് ഞാൻ കരുതിയിരുന്നത്. നിശബ്ദനായി ചിരിച്ചു കൊണ്ടു ഞാൻ അവളെ ആലിംഗനം ചെയ്തു. 

"ഓർക്കാതിരിക്കാൻ ഞാൻ നിന്നെ മറന്നിട്ടു വേണ്ടേ? ഓരോ നിമിഷവും എന്റെ ഹൃദയം മിടിക്കുന്നത് നിന്നെയോർത്താണ് ഖദു."

"പെട്ടെന്ന് ഒരു ദിവസം ഞാൻ മരിച്ചാലോ?" 

ഖദീജ വളെരെ നിഷ്കളങ്കമായി ചോദിച്ചു. പെട്ടെന്നുണ്ടായോരു ആവേശത്തിൽ ഞാൻ അവളെ ഇറുകെ പുണർന്നു പറഞ്ഞു. 

"നീ കൂട്ടിനില്ലാത്ത ഈ ലോകത്ത് ഞാൻ പിന്നീട് തനിയെ ജീവിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ബീവി? എനിക്ക് നീ മാത്രമല്ലെടീ ഉള്ളത്? "


പറഞ്ഞു നിർത്തിയതും പെട്ടെന്ന് എന്റെ തലച്ചോറിൽ കൂടി ഒരു മിന്നൽ പാഞ്ഞു. റബേക്കയുടെ കല്ലറയുടെ മീതെ മരിച്ചു കിടന്നിരുന്ന ഗോവർധന്റെ മുഖം എന്റെ മനസിലേക്ക് ഓടി വന്നു. ഖദീജയുടെ അപ്രതീക്ഷിതമായി ഉള്ള ആ ചോദ്യം ശ്രവിച്ചു അയാളുടെ മനസ്സ് ഒരു നിമിഷം പതറിയിരുന്നുവെങ്കിലും കുറച്ചു നാളായി തന്നെ അലട്ടിയിരുന്ന ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം ലഭിച്ച സന്തോഷത്തിൽ കബീർ ഖദീജയെ തന്റെ മാറോടു ചേർത്ത് പിടിച്ചു നെറുകയിൽ അരുമയായി ഉമ്മ വച്ചു. 


പതിയെ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കം വരാതെ കൂട്ടിയും കിഴിച്ചും,നേരം പുലരാനായി ചുവരിലെ ക്ലോക്കിന്റെ സൂചികളുടെ ചലനം നോക്കിയും ചിലവിട്ട ഒരുപാടു രാത്രികൾക്ക് ശേഷം കബീർ ഇന്നത്തെ രാത്രിയിൽ ഗാഢനിദ്രയിലാഴ്ന്നു. നാളത്തെ പകൽ അയാൾക്കായി കാത്തുവച്ചിരുന്ന ഒരായിരം ഉത്തരങ്ങൾ ചോദ്യങ്ങളായി മാറുമെന്നറിയാതെ... തനിക്ക് മുന്നിൽ ക്രിസ്റ്റഫർ മാത്തൻ തര്യൻ ഒരു മഹാമേരുവിനെ പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന കാര്യം കബീർ ആ നൊടി നിനച്ചു പോലുമില്ലായിരുന്നു...


ഗാർഡൻ ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തിൽ തിളങ്ങിക്കിടക്കുന്ന റബേക്കയുടെ കല്ലറയിലേക്ക് ഉറ്റു നോക്കി നിന്നിരുന്ന ആ യുവാവിന്റെ മിഴികൾ എന്തിനെന്നറിയാതെ ഈറനണിഞ്ഞിരുന്നു. 


"ഇച്ചായ ... ഞാൻ പോവ്വാട്ടോ ... ഇല്ല... ഇച്ചായാ എന്നു വിളിക്കില്ല... അറിയാതെ വിളിച്ചതാണ്... ക്രിസ്റ്റി... ഇനി ഒരിക്കലും ഞാൻ ഇങ്ങോട്ട് മടങ്ങി വരില്ല... എല്ലാർക്കും എല്ലാരും ഉണ്ട്, ക്രിസ്റ്റി തന്ന ഈ മിന്നു ഒരു ഭിക്ഷയാണ് എന്നെനിക്കറിയാം എന്നാലും എന്നും എന്റെ ഒപ്പം ക്രിസ്റ്റി കാണുമെന്നു ഞാൻ വെറുതെ കരുതി... വെറും കയ്യോടെയാണ് ഞാൻ ഇവിടുന്നു ഇറങ്ങിപ്പോകുന്നത്. ക്രിസ്റ്റിയുടേതായി ഒന്നും എനിക്ക് സ്വന്തമായി ഇല്ല. എനിക്ക് കൂട്ടിനു അടുത്ത ക്രിസ്സ്മസിനുള്ളിൽ ഒരാളെ തരുമെന്ന് ക്രിസ്റ്റി വെറും വാക്ക് പറഞ്ഞതാണ് എന്ന് എനിക്കറിയാം എന്നെ പറ്റിക്കാനായി... സാരല്ല്യ. ഞാൻ പോവ്വാ കേട്ടോ... സത്യം പറഞ്ഞാൽ ക്രിസ്റ്റിയെ തനിച്ചാക്കിയിട്ട് എനിക്ക് പോകാൻ കഴിയുന്നില്ല ... എന്തിനായിരുന്നു എന്നോട് ഇങ്ങനെ...? ഞാൻ ആർക്കും ഒരു തെറ്റും ചെയ്തിട്ടില്ല... ഇച്ചായാ... ഞാൻ അങ്ങനെ വിളിക്കു... വേണേൽ എന്നെ തല്ലിക്കോ, ഈ മുറിയിൽ നിന്ന് താഴേക്ക് തള്ളിയിട്ടോ എന്നാലും എന്റെ ഇച്ചായനാണ്... ഇച്ചായാ... ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? ഇച്ചായാ... ഞാൻ മരിച്ചാൽ എനിക്ക് അന്ത്യ ചുംബനമേകാൻ എങ്കിലും നിങ്ങൾ എന്റെ അടുക്കൽ എന്നെ തേടി വരില്ലേ? എന്റെ അനുവാദം ചോദിക്കാതെ എന്റെ നെറുകയിൽ മൃദുവായി ചുംബിക്കില്ലേ? ചിലപ്പോൾ ഞാൻ ആ ഉറക്കത്തിൽ നിന്നും ഉണർന്നു വന്നാലോ? ആ ഒരു നിമിഷം എങ്കിലും ആരും കേൾക്കാതെ എന്നോട് പറയില്ലേ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു അല്ലെങ്കിൽ ഇന്നും സ്നേഹിക്കുന്നുണ്ടെന്ന്..."


റബേക്ക മാനസിക വിക്ഷോഭം താങ്ങാതെ ഉറക്കെ വിങ്ങി വിങ്ങികരഞ്ഞു. ഏദൻതോട്ടത്തിലെ പൂന്തോട്ടത്തിൽ നിറയെ പൂത്തുനിന്നിരുന്ന വാടാമല്ലി പൂക്കളെ അലസമായി വീക്ഷിച്ചു കൊണ്ടു ജനലരുകിൽ നിന്നിരുന്ന ക്രിസ്റ്റഫറിന്റെ ഹൃദയത്തിൽ നിന്നും ഒരു നിലവിളി ഉയരുന്നുണ്ടായിരുന്നു. എന്നാൽ അയാളുടെ നാവ് പൊന്തുന്നില്ലായിരുന്നു... അയാൾ കരയുകയായിരുന്നു, എന്നാൽ ഒരു തുള്ളി ജലകണം പോലും അയാളുടെ ഇമകളെ നനച്ചില്ല. ക്രിസ്റ്റഫർ തിരിഞ്ഞു നിന്ന് തന്നെ നോക്കി വിതുമ്പിക്കരയുന്ന റബേക്കയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അൽപ്പം കഴിഞ്ഞു അവളുടെ അരികിലേക്ക് നടന്നു ചെന്നു. അയാൾ അടുത്തെത്തിയതും റബേക്ക പതിയെ പറഞ്ഞു.


"ഞാൻ പോവ്വാ കേട്ടോ... ഇനി വരില്ല... കാണില്ല... പള്ളിയിലും വരില്ല... ഹോസ്പിറ്റലിലും വരില്ല... ഇച്ചായന് എന്നെ കാണണം എന്നുണ്ടെങ്കിൽ എന്താ ചെയ്യാൻ പോകണേ?"


ക്രിസ്റ്റഫറിന്റെ മിഴികൾ അറിയാതെ നിറഞ്ഞു തുളുമ്പി. അയാൾ നെടുവീർപ്പയച്ചു. റബേക്ക ക്രിസ്റ്റഫറിന്റെ വലതു കൈത്തലം കവർന്നെടുത്ത് തന്റെ നനഞ്ഞ കവിളിലേക്ക് ചേർത്തുപിടിച്ചു. തന്റെ ഹൃദയത്തിനുള്ളിൽ ആയിരം വാൾമുനകൾ ഒരുമിച്ചു ആരോ കുത്തിയിറക്കിയപോലെ അയാൾ വിമ്മിഷ്ടപ്പെട്ടു. റബേക്ക മുഖം ഉയർത്തി ക്രിസ്റ്റിയുടെ മുഖത്തേക്ക് നോക്കി. കണ്ണുകൾ പെട്ടെന്ന് കോർത്തു. അയാൾ അവളുടെ കൈകൾക്ക് ഉള്ളിൽ നിന്നും തന്റെ കൈത്തലം വലിച്ചെടുത്ത് അവളുടെ ഇരു ചുമലിലും കൈ വച്ചു. പിണങ്ങി നിൽക്കുന്ന റബേക്കയുടെ മുഖത്തേക്ക് ക്രിസ്റ്റി സൂക്ഷിച്ചു നോക്കി. അവൾ മിഴികൾ താഴ്ത്തി നിന്നു. അയാൾ അവളെ പതിയെ ആശ്ലേഷിച്ചു. റബേക്കയുടെ കവിളിൽ ചുണ്ടുകൾ ചേർത്തതും അവൾ തളർന്നപോലെ ക്രിസ്റ്റിയുടെ ദേഹത്തേക്ക് അമർന്നു നിന്നു. ക്രിസ്റ്റി അവളുടെ മുഖം തന്റെ നേർക്ക് ബലമായി പിടിച്ചുയർത്തി. അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി സാന്ദ്രമായി വിളിച്ചു. 


"ബീ..."


അയാൾ അലിവൂറുന്ന സ്വരത്തിൽ അവളെ വിളിച്ചു.


"ബീ... എന്റെ ആദ്യചുംബനം ഞാൻ നൽകിയത് നിനക്കാണ്... എന്റെ അന്ത്യചുംബനവും നിനക്ക് മാത്രം അവകാശപ്പെട്ടതാണ്... എന്റെ ആയുസ്സിന്റെ പുസ്തകത്തിൽ നിന്ന് ഇന്ന്... ഈ നിമിഷം എന്റെ മണവാട്ടി പടിയിറങ്ങുകയാണ്... ഇറങ്ങിയേ പറ്റു... ഈ ഞാൻ ജീവനോടെ ഉള്ളപ്പോൾ നിനക്ക് ഇനി മറ്റൊരു കൂട്ട് വേണോ ബീ..."


പറഞ്ഞു തീരുന്നതിനു മുൻപ് അയാൾ വിതുമ്പിപ്പോയി...


'ദുഷ്ടനാ... നിങ്ങൾ... ശരിക്കുമൊരു... ദുഷ്ടനാണ്... എന്റെ ഹിയറിങ് എയ്ഡ് തല്ലിപൊട്ടിച്ചിട്ട് എന്തൊക്കെയോ പറയുന്നു. എനിക്ക് ഒന്നും കേൾക്കാൻ കഴിയില്ല എന്നറിയില്ലേ? എന്താ പറഞ്ഞത് എന്നു പതുക്കെ നിർത്തി നിർത്തി പറയുമോ... ഇനി എന്റെ ശല്യം ഇല്ലാലോ... ഒന്നുടെ പറ ഇച്ചായാ... ഒന്നുടെ... പറഞ്ഞെ ..."


ക്രിസ്റ്റഫറിന് കരച്ചിൽ വന്നു. അവളുടെ മിഴിനീരിൽ നനഞ്ഞു കുതിർന്ന തന്റെ നെഞ്ചിലേക്ക് റബേക്കയെ ഇറുകെ ചേർത്തു പിടിച്ചു അവളുടെ നനഞ്ഞ ഇരുകവിൾത്തടങ്ങളിലും അമർത്തി ചുംബിച്ചു കൊണ്ടു അയാൾ പതിയെ നിർത്തി നിർത്തി ഇങ്ങനെ പറഞ്ഞു.


"നീ എന്നും എന്റെ മണവാട്ടി മാത്രമാണ്, ഞാൻ എന്നും നിന്റെ മാത്രം ഇച്ചായനും... ബീ... എന്നും ഞാൻ നിന്റെയാണ്... സമാധാനം ആയിട്ട് പൊയ്ക്കോ... ഞാൻ നിന്റെ കൂടെയുണ്ട്..."


റബേക്ക അയാളുടെ ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ചു നോക്കി മനസിലാക്കാൻ ശ്രമിച്ചു, ക്രിസ്റ്റി എന്താണ് തന്നോട് പറയുന്നത് എന്നു...


റബേക്കയുടെ കല്ലറയുടെ മുകളിലായികാണപ്പെട്ട മാർബിൾ ഫലകത്തിൽ അവളുടെ ചിരിക്കുന്ന ചിത്രത്തിന് താഴെ എഴുതി വച്ചിരിക്കുന്ന വാക്കുകളിലേക്കു അയാൾ കണ്ണ് ചിമ്മാതെ നോക്കി നിന്നു.


"ക്രിസ്റ്റഫറിന്റെ മണവാട്ടി ഇവിടെ ശാന്തയായി ഉറങ്ങുന്നു. ആരും അവളെ ശല്യപെടുത്തുന്നത് എനിക്ക് ഇഷ്ടം അല്ല."


ഗോവർദ്ധൻ...


"നീ എന്നും എന്റെ മണവാട്ടി മാത്രമാണ് ബീ... നമ്മുക്കിടയിൽ മറ്റാരും വേണ്ട... നീയും ഞാനും മാത്രം... എന്റെ തെറ്റാണ് എല്ലാം..."


അയാളുടെ വാക്കുകൾ വല്ലാതെ ചിലമ്പിച്ചിരുന്നു... അയാളുടെ മിഴികൾ റബേക്കയുടെ കല്ലറയുടെ അരികിലായി സ്ഥിതി ചെയ്യുന്ന ഗോവർദ്ധന്റെ അസ്ഥിത്തറയിലേക്ക് നീണ്ടു ചെന്നു... ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെ ഓർമ്മയിൽ ഖദീജയേ ഇറുകെ പുണർന്നു കിടന്നിരുന്ന കബീർ ഉറക്കത്തിൽ അറിയാതെ പുലമ്പി... "റബേക്ക..."


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance