Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Romance Crime Thriller


3  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 3

ഇന്നേക്ക് ഏഴാം നാൾ - 3

4 mins 236 4 mins 236

ഏറെത്താമസിയാതെ പോസ്റ്റ്മോർട്ടം കഴിഞ്ഞ റബേക്കയുടെ മൃതദേഹം പോലീസ് ഭർത്താവായ ഗോവർധന് വിട്ട് നൽകി. ആംബുലൻസിൽ ഗോവർധനും അലോഷിയും മാത്രമാണ് റബേക്കയ്ക്ക് കൂട്ടിരുന്നത്. ചില്ലിട്ട പേടകത്തിനുള്ളിൽ പുഞ്ചിരിയോടെ ഉറങ്ങിക്കിടക്കുന്ന റബേക്കയുടെ മുഖത്തേക്ക് നീണ്ട കൺപീലികൾ അനക്കാതെ കൃഷ്ണമണികൾ അവളിൽ ഉറപ്പിച്ചു അയാൾ ഒരേ ഇരിപ്പ് ഇരുന്നു. 


എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ പുതുനാമ്പുകൾ തളിരിട്ട് വളർന്നു പൂവിടാൻ ഇടയായ പെണ്ണ്. ഈ പെണ്ണിനായി മരണത്തെയും ചിരിയോടെ സ്വീകരിച്ചു എന്നെ വെല്ലുവിളിച്ചൊരു പുരുഷൻ ഉണ്ടായിരുന്നു... ഇന്നവന്റെ മുൻപിൽ ഞാൻ വീണ്ടും പാരാജിതനായി കഴിഞ്ഞിരിക്കുന്നു... ക്രിസ്റ്റഫർ എനിക്ക് പൂർണ്ണമനസോടെ വിട്ട് തന്നതല്ല അവന്റെ ബീയേ...


"ബീ, നീ എന്നെ സ്നേഹിച്ചു തുടങ്ങി എന്നറിഞ്ഞത് കൊണ്ടു മാത്രം എനിക്ക് അവൻ നൽകിയ ഭിക്ഷയായിരുന്നു നീ...


...ബീ... എന്നെ വിട്ട് അവനരുകിലേക്ക് തന്നെ നീ വീണ്ടും തിരികെ പോകുന്നു... എന്തിന്?... ഞാൻ ചെയ്ത തെറ്റ് എന്താണ് ബീ... ബീ..."


ഗോവർധൻ അഭയാർത്ഥിയായി വിളിച്ചു. അയാൾ കൈനീട്ടി കണ്ണാടിയുടെ പുറത്തുകൂടി അവളുടെ മുഖത്തൊന്ന് തലോടി. ഗോവർധന്റെ മുഖത്ത് നിന്നും രക്തം കുതിച്ചു ചാടുമെന്നു അലോഷിക്ക് തോന്നി. അയാളുടെ കണ്ണുകൾ തുറിച്ചു. വിരലുകൾ വിറച്ചു. മുഖത്തെ പേശികൾ നിയന്ത്രണം വിട്ടു തുടിച്ചു കൊണ്ടേയിരുന്നു. ഗോവർദ്ധൻ കണ്ണുകൾ ഇറുകെപൂട്ടി. 


'എനിക്കിനി ജീവിക്കണമെന്നില്ല ബീ. ജീവിക്കാൻ വർധന് ഇനി കാരണങ്ങൾ ഒന്നും തന്നെയില്ല. എന്തിനാണ് ബീ എന്റെ ജീവിതത്തിലേക്ക് നീ കടന്നു വന്നത്? പണം, പ്രതാപം, ആർഭാടം ഒന്നും നിന്റെ സ്നേഹത്തിനു മുന്നിൽ എനിക്ക് ഒന്നുമല്ല. എന്നെ തനിച്ചാക്കാൻ നിനക്കെങ്ങനെ മനസ്സ് വന്നു ബീ? കൂടെ കൂട്ടായി വരാൻ ഒന്ന് വിളിച്ചു നോക്കാമായിരുന്നു എന്നെ.'


ഗോവർധൻ ഭ്രാന്തനെപ്പോലെ അലറി. താൻ ജീവനോടെ ഉണ്ടെന്ന തോന്നൽ ഗോവർദ്ധന് നഷ്ടപ്പെട്ടിരുന്നു. അയാളുടെ അരികിലിരുന്ന അലോഷി നിശബ്ദനായി നില കൊണ്ടു. റബേക്ക മരിച്ചു എന്ന് വിശ്വസിക്കാൻ അവനും എന്നെപോലെ സാധിച്ചിക്കുന്നില്ല. ഗോവർദ്ധന് വല്ലാത്ത തളർച്ച തോന്നി. അബുലൻസിന്റെ വേഗത കൂടി... 


അഞ്ചു വർഷങ്ങൾക്ക് മുൻപ് ആലത്തൂരേ ഗോവർധന്റെ കൈപിടിച്ചു, ചിരിച്ച മുഖത്തോടെ പടികയറി വന്ന ആ ഗസലിന്റെ വളപ്പിലേക്ക് റബേക്കയുടെ മൃതദേഹവുമേന്തിയ ആംബുലൻസ് കടക്കുമ്പോൾ അവിടമാകെ ജനസമുദ്രമായിക്കഴിഞ്ഞിരുന്നു. അങ്കണം നിറയെ നീണ്ട നിരയായി ആഡംബര കാറുകൾ, പോലീസ് വാഹനങ്ങൾ. 


ആംബുലൻസ് നിന്നതും ക്രിസ്റ്റഫർ മെമ്മോറിയൽ ഓർഫനേജിലെ കുട്ടികൾ ആ വാഹനത്തിനു ചുറ്റും ഓടിക്കൂടി. വളരെ പണിപ്പെട്ട് പോലീസും അലോഷിയും ചേർന്നു റബേക്കയുടെ മൃതദേഹം പുറത്തേക്ക് എടുത്തു. 


ഗസലിന്റെ പൂമുഖത്ത് വർഷങ്ങൾക്ക് ശേഷം റബേക്ക നീണ്ടു നിവർന്നു കിടന്നു. ഗോവർധന്റെ അച്ഛൻ വാസുദേവ മാരാരും അനിയത്തി ഋതുവും ഉൾപ്പെടെ ഉള്ളവർ അവളെ അവസാനമായി കാണാൻ വന്നു. ആരുടെ മുഖത്തും മിഴിനീർ ഇല്ലായിരുന്നു. 


ആ സമയം വിദേശനിർമ്മിതമായൊരു കാറിൽ കണ്ടോത് തരകൻ ജോർജ് മകൾ ഇസബെല്ലയ്ക്ക് ഒപ്പം വന്നിറങ്ങി. അലോഷി മിഴിനീർ തുടച്ചു ആൾക്കൂട്ടത്തിൽ ഒന്നു പരതി. ആർക്കോ വേണ്ടി... ആംബുലൻസ് മൈസൂർ നിന്നും പുറപ്പെട്ടപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് വിളിച്ചു അറിയിച്ചതാണ് ഇസബെല്ലയെ. എന്നിട്ടും. അലോഷിയുടെ മിഴികൾ വീണ്ടും ഗോവർധനെ തേടിയലഞ്ഞു. അലോഷിയെ നോക്കി കണ്ടോത് തരകൻ ജോർജ് വിശാലമായി ഒന്ന് ചിരിച്ചു. ആ കൊലച്ചിരി പ്രതീക്ഷിച്ചിരുന്നതിനാൽ അലോഷിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല. ഗോവർധൻ റബേക്കയുടെ ശരീരത്തിലേക്ക് വീണു പൊട്ടിക്കരയുന്ന ശബ്ദം ആ പൂമുഖമാകെ മാറ്റൊലികൊണ്ടു. 


'ന്റെ ബീ എനിക്കിനി ആരുണ്ട്...? ഇത്ര പെട്ടെന്ന് എന്നെ വിട്ടുപിരിയാൻ നിനക്ക് എങ്ങനെ കഴിഞ്ഞു...?'


അയാൾ വിങ്ങി... വിങ്ങിക്കരഞ്ഞു. അലോഷിയും ഋതുവും അയാൾക്ക് അരികിലേക്കു ചെന്നു ഗോവർധനെ പതിയെ പിടിച്ചു ഉയർത്തി വീടിനു അകത്തേക്കു കൂട്ടിക്കൊണ്ടു പോയി. 


'എന്നെക്കൂടെ കൊല്ലമായിരുന്നു ല്ല്യേ അമ്മാളു?' 


തന്നെ നോക്കി ഗോവർദ്ധൻ ആരാഞ്ഞ ചോദ്യം കേട്ട് ഋതുവിന്റെ മിഴികൾ നിറഞ്ഞു തുളുമ്പി. തരകൻ ജോർജും ഇസബെല്ലയും കുടകിൽ നടന്ന സംഭവങ്ങളെ പറ്റി വാസുദേവ മാരരോട് അന്വേഷിക്കുകയായിരുന്നു. അവർ ഇരുവരും ഇതുവരെയും റബേക്കയുടെ അടുത്തേക്ക് പോകുകയോ, അന്ത്യോപചാരം നൽകുകയോ ചെയ്തിട്ടില്ലെന്ന് പെട്ടന്ന് വാസുദേവമാരാർ ഓർത്തു. ഗോവർധൻ തിരികെ എത്തുന്നതിനു മുൻപായി അയാൾ അവരെ നിർബന്ധപൂർവ്വം റബേക്കയുടെ മൃതദേഹത്തിന് അരികിലേക്ക് കൂട്ടിക്കൊണ്ടു പോയി. റബേക്കയുടെ ശരീരത്തിന് അരികിൽ തരകൻ ജോർജ് വന്നപ്പോൾ അരികിലിരുന്ന സുധാദേവി അമർഷത്തോടെ വിങ്ങിക്കരഞ്ഞു. തരകൻ ജോർജ്ജ് ആരെയും നോക്കിയില്ല. റബേക്കയെ നോക്കി.


മകളാണ്... ഈ പേടകത്തിനുള്ളിൽ ജീവനില്ലാതെ ഉറങ്ങിക്കിടക്കുന്നത്. ആരുടെ മകൾ? എലിസബത്തിന്റെ മാത്രം മകൾ ... സ്‌നേഹിച്ചിരുന്നോ ഇവളെ ഞാൻ? ഇല്ല... വെറുത്തിരുന്നോ? അറിയില്ല. അയാൾ നെടുവീർപ്പിട്ടു. കുനിഞ്ഞു നിന്നു പതിയെ ഇടതു കൈകൊണ്ടു റബേക്കയുടെ നെറ്റിയിൽ ആർദ്രമായി തഴുകി. 


പെട്ടെന്നു വീടിനകത്തു നിന്നും ഗോവർധൻ ഇറങ്ങി വന്നു. റബേക്കയ്ക്ക് പ്രിയപ്പെട്ട വസ്ത്രം ധരിച്ചു... ആകാശനീല നിറത്തിലുള്ള ഷർട്ടും കറുത്തകരയുള്ള മുണ്ടും ധരിച്ചു തളർന്ന മുഖവുമായി അയാൾ റബേക്കയുടെ അരികിലേക്കു അലോഷിക്കൊപ്പം കടന്നു വന്നു. ഗോവർധനെ കണ്ടതും ഇസബെല്ലാ തരകൻ ജോർജിനെ പിടിച്ചു വലിച്ചു കൊണ്ടു മുന്നോട്ട് നടന്നു. ഗോവർധൻ റബേക്കയുടെ അരികിലേക്ക് ചെന്നു തളർന്നിരുന്നു. കൈനീട്ടി അവളുടെ നെറ്റിയിലൊന്നു തഴുകി. തണുത്തു മരവിച്ച നെറ്റിത്തടം. മുഖം താഴ്ത്തുമ്പോൾ അയാൾ വിതുമ്പിക്കരഞ്ഞു. ഗോവർധന്റെ വിറയ്ക്കുന്ന ചുണ്ടുകൾ റബേക്കയുടെ നെറുകയിൽ ദുർബലമായി അമർന്നു. പലതവണ. അയാളുടെ ശരീരം ഏതോ ഓർമ്മയിൽ പിടഞ്ഞുണർന്നു. ഹൃദയം അതിവേഗത്തിൽ പട പടാ മിടിച്ചു. മുഖം കൈകളിൽ പൊതിഞ്ഞു പിടിച്ചു തല താഴ്ത്തി അയാൾ പൊട്ടിക്കരഞ്ഞു. മനസ്സ് വീണ്ടും കലുഷമായി. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് വിരഹത്തിന്റെ അതിശക്തമായ കരച്ചിൽ തിരതല്ലി ഉയർന്നു വരുന്നുവെന്നു ഗോവർധൻ അറിഞ്ഞു. 


'എന്റെ എല്ലാ തെറ്റും ക്ഷമിച്ചേക്കണേ ബീ... നിന്നെ വിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു... അത്രത്തോളം നിന്നെ ഞാൻ സ്നേഹിക്കുന്നു...'


ഗോവർധൻ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. 


'സമയമായി വർധൻ... '


അലോഷി ഗോവർദ്ധന്റെ കാതോരം സാവകാശം പറഞ്ഞു. 


റബേക്കയുടെ ശരീരം ഗോവർധനൊപ്പം അലോഷിയും കൂടെ ചേർന്നായിരുന്നു ചുമന്നത്. പള്ളിയിലേക്ക് അല്ലായിരുന്നു ആ യാത്ര... വീണ്ടും ഏദൻതോട്ടത്തിലേക്ക്... ആ അന്തരീക്ഷത്തിലേക്ക് പെയ്തു കൊണ്ടിരുന്ന ചെറിയൊരു ചാറ്റൽ മഴയിൽ വീണ്ടും തന്റെ ഉടലിനെ നനച്ചുകൊണ്ടവൾ എന്റെ ചുമലിൽ താങ്ങി അവസാനമായി ഗസലിന്റെ പടിയിറങ്ങിപ്പോയി. മഴത്തുള്ളികൾ അവന്റെ മിഴിനീരിനെ അലിയിച്ചു മണ്ണിലേക്ക് ഒഴുകിയിറങ്ങി. നിയമപരമായി റബേക്ക ഇന്നും തര്യത്തെ ക്രിസ്റ്റഫറിന്റെ മണവാട്ടിയാണ് എന്ന സത്യം ആർക്കുമറിയില്ല കാരണം കുറച്ചു വർഷങ്ങളായി സമൂഹത്തിനു മുൻപിൽ അവൾ ആലത്തൂരെ ഗോവർധൻ മാരാരുടെ ഭാര്യയും ക്രിസ്റ്റഫറിന്റെ വിധവയുമായിരുന്നു... 


റബേക്കയുടെ വിൽപത്രത്തിൽ അവൾ ഗോവർധനോട് ആവശ്യപ്പെട്ടത് ഏദൻതോട്ടത്തിൽ ക്രിസ്റ്റഫർ ഉറങ്ങുന്ന മണ്ണിനു അരികിലായ് തനിക്കൊരു ഇടമായിരുന്നു. ഗോവർധൻ എന്നത്തേയും പോലെ ബീയോടുള്ള തന്റെ വാക്ക് പാലിച്ചു. ക്രിസ്റ്റഫർ മാത്തൻ തര്യന്റെ ശവകുടീരത്തിനു അരികിലായി അന്ത്യോപചാരങ്ങൾ ഏറ്റുവാങ്ങി വൻജനാവലിയുടെ സാന്നിധ്യത്തിൽ ഗോവർധന്റെ ബീയും ... ക്രിസ്റ്റഫറിന്റെ മണവാട്ടിയുമായ റബേക്ക... ഉറങ്ങാനായി കിടന്നു . അവസാനമായി ഒരു പിടി മണ്ണ് വാരി അവളുടെ കുഴിമാടത്തിലേക്ക് വിതറിയിട്ട നേരം സങ്കടം സഹിക്കാൻ കഴിയാതെ ഗോവർധൻ അലോഷിയുടെ ചുമലിലേക്ക് വീണു പൊട്ടിക്കരഞ്ഞു. മരണത്തിൽ പോലും വിപ്ലവം സൃഷ്ടിച്ച ക്രിസ്റ്റഫർ മാത്തൻ തര്യൻ എന്ന കറയറ്റ കമ്മ്യൂണിസ്റ്റിന്റെ അരികിൽ അയാൾക്ക് മാത്രമായി ഒരിക്കൽ തുടിച്ചുകൊണ്ടിരുന്ന റബേക്കയുടെ ഹൃദയം ഒരിക്കലും ഉണരാത്തൊരു ഗാഢമായ ഉറക്കത്തിലേക്ക് ആഴ്ന്നു... 


ഈ രംഗങ്ങൾ എല്ലാം വീക്ഷിച്ചു കൊണ്ടു ആൾക്കൂട്ടത്തിനിടയിൽ എസ്. പി കബീർ മുഹമ്മദ്‌ നിശബ്ദനായി നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ മിഴികൾ അവിടെ തിങ്ങി കൂടി നിന്നിരുന്ന ആളുകൾക്ക് ഇടയിൽ ആരെയോക്കെയോ തിരയുന്നുണ്ടായിരുന്നു...


തുടരും... 


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance