Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Drama Romance Tragedy


3  

Sabitha Riyas

Drama Romance Tragedy


ഇന്നേക്ക് ഏഴാം നാൾ - 26

ഇന്നേക്ക് ഏഴാം നാൾ - 26

11 mins 203 11 mins 203

ആയിരം മെഴുകുതിരികൾ ഒന്നിച്ചു തെളിഞ്ഞു നിൽക്കുന്ന മാതാവിന്റെ തിരുരൂപത്തിനു മുൻപിൽ കൈകൾ കൂപ്പി നമ്രശിരസ്ക്കയായി മിഴികൾ അടച്ചു പിടിച്ചു ധ്യാനത്തിൽ എന്നപോലെ പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന റബേക്കയെ വർധൻ കണ്ണിമവെട്ടാതെ നോക്കി നിന്നു.


"നിമിഷനേരം കൊണ്ടാണ് ഇവളുടെ ഭാവം മാറി മറിയുന്നത്. എന്തൊക്കെയോ എന്നോട് പറയണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്... പക്ഷേ എന്റെ കാര്യം ചോദിച്ചാൽ അവന്റെ കാര്യം പറയും, അവന്റെ കാര്യം ചോദിക്കാമെന്ന് വച്ചാൽ ഇവൾ പൊട്ടിയാണ് എന്ന് പറഞ്ഞു തുടങ്ങും... ശരിക്കും ഞാൻ ഒരു പൊട്ടനായി മാറുകയാണ്. പറഞ്ഞിട്ട് കാര്യമില്ല ചില സമയം അല്ലെങ്കിലും ഞാനൊരു ട്യൂബ് ലൈറ്റ് തന്നെയാണ്."


അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു, റബേക്കമിഴികൾ തുറന്നു അവനെ നോക്കി,വർധൻ കുസൃതിയോടെ അവളുടെ കാതോരം തന്റെ മുഖം താഴ്ത്തി മെല്ലെ പറഞ്ഞു,

"ഇന്ന് ഈ പള്ളിയിൽ കളറുകൾ വളരെ കുറവാണല്ലോ മാടപ്രാവേ? കളക്ഷൻ കുറവുള്ള ടൈമിൽ ആണോ നീ ഈ കാട്ടാളനെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരുന്നത്? സാധാരണ ഞാൻ ഈ അമ്പലം, ഉത്സവം, പള്ളി, പെരുന്നാളൊക്കെ കാണാൻ പോകുന്നത് തന്നെ ഒരു പൂരത്തിനുപോകുന്ന സന്തോഷത്തോടെയാണ്, ഇതിപ്പോൾ ഇവിടെ ആകെപോകെ നീ ഒരു കിളിയും നിന്റെ അപ്പൻ ആ കിളവന് വായിനോക്കാൻ പറ്റിയ ടൈപ്പിലുള്ള കുറേ തൈക്കിളവികളുമുണ്ട്... ഞാൻ എങ്ങനെ വായിനോക്കും , ഇത് ശരിയാകില്ല..."


റബേക്ക മറുപടിയൊന്നും പറയാതെ വിളറിയ ഒരു ചിരി ചിരിച്ചു. വർധന്റെ കൈവിരലുകൾക്ക് ഇടയിലൂടെ തന്റെ നീണ്ടു നേർത്ത വിരലുകൾ കോർത്തുപിടിച്ചു മാതാവിന്റെ തിരുരൂപത്തിനു നേരെ നോക്കി എന്തോ വിതുമ്പിപറയാൻ തുടങ്ങിയതും അവളുടെ മനസ്സ് മനസിലായത് പോലെ വർധൻ  മാതാവിന്റെ രൂപത്തിലേക്ക് നോക്കി ചാടിക്കേറി പറഞ്ഞു,

"ഹൃദ്യപരാമർത്ഥത ഇല്ലാത്തവൻ പരാജയപ്പെടും, എന്റെ ഹൃദയത്തിൽ ഇപ്പോൾ ഇവൾ മാത്രമേയുള്ളൂ, ആദ്യമായി കണ്ടുമുട്ടിയ ആ നൊടിയിൽ തന്നെ എന്റെ ഹൃദത്തിനുള്ളിൽ എവിടെയോ ആരുമറിയാതെ മിന്നി നിന്നിരുന്നൊരു സ്നേഹതീപ്പൊരിയെ ഊതിയൂതി തെളിയിച്ചു കാട്ടുതീയാക്കി രൂപമാറ്റം കൊടുത്തുകഴിഞ്ഞ ഇവളാണ് എന്റെ കണ്ണിൽ ഈ നിമിഷം നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി വെളുപ്പാൻകാലത്തു എനിക്ക് അവിടുന്ന് കാട്ടി തന്നൊരു സ്വപ്നമാണ് ഈ റബേക്ക, ഞാൻ ഒരിക്കലും ഇവളെ തനിച്ചാക്കി കടന്നു പോകില്ല. ഇനി ഇവൾക്ക് വേണ്ടി ഞാൻ കേൾക്കും, സംസാരിക്കും, അവിടുത്തോട് ഞാൻ പ്രാർത്ഥിക്കും, അവിടുന്ന് സ്വീകരിച്ചു അനുഗ്രഹിക്കണം..."


റബേക്ക അയാളുടെ പ്രാർത്ഥന കേട്ട് അമ്പരപ്പിലായി പോയി, മറുപടിയൊന്നുമില്ലാതെ അവൾ കുറച്ചു നേരം മൗനമാചരിച്ചു. അയാളോട് എന്തെങ്കിലും പറയാൻ അവളുടെ അധരങ്ങൾ വിമുഖത കാട്ടി, അവളെയെന്തോ അലട്ടുന്നുവെന്നു മനസ്സിലായതും വർധൻ റബേക്കയെയും കൂട്ടി പള്ളിക്ക് പുറത്തേക്ക് നടന്നു. പള്ളിമേടയുടെ പ്രധാന വാതിലിനു സമീപം എത്തിയതും റബേക്ക അയാൾക്ക് നേരെ തിരിഞ്ഞു നിന്ന് ഉറക്കെ ചോദിച്ചു,

"നാളെ ഒരിക്കൽ പൊടുന്നനെ ഞാൻ മരിച്ചു പോയാൽ എന്നെ മറന്നു പോകുമോ വർധൻ ? എന്തൊരു മണ്ടൻ ചോദ്യമാണ് അല്ലേ? നമ്മൾ തമ്മിൽ അല്ലെങ്കിൽ തന്നെ എന്ത് ബന്ധമാണ് ഇപ്പോൾ ഉള്ളത്? മറക്കും... എനിക്കറിയാം. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ് ഞാൻ ഈ വട്ടൊക്കെ. ഇപ്പോൾ പറഞ്ഞ ഈ വാക്കുകൾ വാഗ്ദാനങ്ങൾ എല്ലാം നിങ്ങൾ മറക്കും, എന്റെ അപ്പൻ അമ്മയെ മറന്നു, എന്നെ മറന്നു. "അമ്മയെ എത്ര പെട്ടന്ന് മറന്നുവല്ലോ അപ്പായെ?" എന്നുള്ള എന്റെ ചോദ്യത്തിന് തരകൻ മാപ്പിള പറഞ്ഞ മറുപടി, "ഞാനൊരു പുരുഷനായിപോയി" എന്നാണ്... പുരുഷന് ഒരു പെണ്ണിനെ മറക്കാൻ എളുപ്പവും സ്ത്രീകൾക്ക് അതിനു സാധിക്കുകയും ചെയ്യുന്നില്ല. എന്ത് കൊണ്ടാണ്കു? റെ വർഷങ്ങളായി എന്റെ ഉറക്കം കെടുത്തുന്ന ഒരു ചോദ്യമാണത്. ഒരു പെണ്ണിനോട് തനിക്ക് തോന്നുന്നത് പ്രേമമാണോ, സ്നേഹമാണോ, കാമമാണോ അതോ ഇഷ്ടമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു തരം ഭ്രാന്ത് ആണ് ചില സമയങ്ങളിൽ ഒരു പുരുഷന്റെ വികാരം... പകൽ വെളിച്ചത്തിൽ ഒരു ആണിന്റെ കൈപിടിച്ച് ഒരു പെണ്ണ് ഒപ്പം നടക്കുന്ന കണ്ടാൽ ആളുകളുടെ കണ്ണ് അവളുടെ കഴുത്തിൽ താലിയുണ്ടോ എന്ന് പരതി നടക്കും. നെറ്റിയിൽ എഴുതി വച്ചിട്ട് നടക്കേണ്ടി വരും ഇതെന്റെ ഭർത്താവാണ് അല്ലെങ്കിൽ കാമുകനാണ്... സുഹൃത്താണ്... അല്ലെങ്കിൽ... വേണ്ട... ഞാൻ ഇതൊക്കെ എന്തിനാണ് വർദ്ധനോട് പറയുന്നത്...? എന്റെ ആരാണ് വർധൻ...? ആരുമല്ല..."


അവൾ ഹതാശയായി പുലമ്പി, വർധൻ ഒന്നു ചിരിച്ചു... തന്റെ കൈകൾക്കുള്ളിൽ ഇരിക്കുന്ന അവളുടെ വിരലുകൾ വല്ലാതെ തണുത്തിരിക്കുന്നുവെന്നു അയാൾക്ക് തോന്നി, അവളുടെ കൈകൾക്ക് ഉള്ളിൽ നിന്ന് തന്റെ കൈത്തലം അടർത്തി മാറ്റിക്കൊണ്ട് അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം ഒന്നും നൽകാതെ വർധൻ ആ പള്ളിമേടയുടെ പടികൾ വേഗത്തിൽ ചാടിയിറങ്ങി നടന്നു, അവളെ തനിക്ക് ഒപ്പം കൂട്ടാതെ. റബേക്ക വർധന്റെ ആ ഭാവമാറ്റം കണ്ടു നടുങ്ങി പോയി.

"ഓയ്... ഓയ്... നിൽക്കു... ഞാനും വരുന്നു..."


അവൾ ഉറക്കെ വിളിച്ചു കൂവി, വർധൻ തിരിഞ്ഞു നോക്കാതെ അവളെ ശ്രദ്ധിക്കാതെ താഴേക്ക് നടന്നിറങ്ങി, അയാളുടെ അവഗണനയിൽ തന്റെ ഹൃദയം നീറിപ്പുകയുന്ന പോലെ റബേക്കയ്ക്ക് അനുഭവപെട്ടു. അവളുടെ മിഴിനീർ തുള്ളികൾ നിയന്ത്രണമില്ലാതെ പെയ്യ്തു തുടങ്ങി,വ ർധൻ ഭാവഭേദമൊന്നുമില്ലാതെ താഴെ നിർത്തിയിട്ടിരുന്ന തന്റെ കാറിനരികിലേക്ക് ചെന്നു നിന്നു ലോക്ക് മാറ്റി ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു. തുടർന്നു കാർ സ്റ്റാർട്ട് ചെയ്തു റിവേഴ്സ് എടുത്തു. റബേക്ക അയാൾക്ക് അരികിലേക്ക് പോകാനായി പടികൾ ഇറങ്ങാൻ തുടങ്ങിയതും വർധൻ കാർ പള്ളിയുടെ പുറത്തേക്ക് ഓടിച്ചു പോയി. കാർ കണ്ണിൽ നിന്നും അകന്ന് മറഞ്ഞതും എന്താണ് ഇപ്പോൾ ഇവിടെ സംഭവിച്ചത് എന്നറിയാതെ റബേക്ക ആകെ തളർന്നു പോയി. താൻ പറഞ്ഞ ഏത് വാക്കാണ് അയാളെ നോവിച്ചത് എന്ന് അവൾ ആലോചിച്ചു, ഇതു വരെയും താൻ കണ്ടിട്ടുള്ള പകൽ സ്വപ്നങ്ങളിൽ ഒന്നാണ് വർധനും എന്നോർത്ത് പരിതപിച്ചു കൊണ്ട് അവൾ ആ പള്ളിയുടെ പ്രധാനകവാടത്തിന്റെ പടിക്കെട്ടിലേക്ക് തളർന്ന് ഇരുന്നു. നെഞ്ചിൽ ഉറഞ്ഞു കൂടിയ വേദന അടക്കാൻ കഴിയാതെ അൾത്താരയിൽ കുടികൊള്ളുന്ന മാതാവിന്റെ രൂപത്തിന് നേരെ ഒരു മാത്ര തിരിഞ്ഞിരുന്നു നോക്കിയ ശേഷം റബേക്ക  ഉറക്കെ വിങ്ങിപ്പൊട്ടികരയാൻ തുടങ്ങി, എന്നത്തേയും പോലെ താൻ വീണ്ടും ഈ ലോകത്ത് തനിച്ചായി എന്നവൾ ഉറപ്പിച്ചു, എന്നെ ആർക്കും കേൾക്കാൻ കഴിയില്ല... കേൾക്കാൻ ശ്രമിച്ചവർ പാതിവഴിയിൽ ഉപേക്ഷിച്ചു കടന്നു പോകുന്നു. അവൾ പരിസരം മറന്നു പൊട്ടിക്കരയാൻ തുടങ്ങി. അവളുടെ കരച്ചിലിന് കൂട്ടായി തണുത്തൊരു തുലാമഴ ആ നൊടിയിൽ ആ പള്ളിയുടെ അങ്കണത്തെയും അവളെയും വന്നു പൊതിഞ്ഞു. റബേക്ക ഹൃദയം നുറുങ്ങുന്ന വേദനയിൽ നീറി നീറി വിതുമ്പിക്കരഞ്ഞു. ക്രിസ്റ്റിയും മറ്റുള്ളവരും നിന്നോട് കാണിച്ച അവഗണനയും അപമാനവും ഒന്നുമല്ല. വർധന്റെ  മൗനമാണ് നിന്നെ നൊമ്പരപെടുത്തുന്നത് എന്നവളുടെ മനസ്സ് റബേക്കയോട് അലറി കേഴുന്നുണ്ടായിരുന്നു, മറക്കാൻ ശ്രമിച്ച വേദനകൾ ഓരോന്നായി അവൾ ആ പടിക്കെട്ടിൽ ഇരുന്നു കരഞ്ഞു തീർത്തു, ക്രിസ്റ്റിയും വർധനും തനിക്കൊരു സ്വപ്നം മാത്രമാണ് എന്നവൾ തന്റെ അന്തരംഗത്തെ പറഞ്ഞു പഠിപ്പിച്ചു, മഴ നനഞ്ഞു കുതിർന്ന ദേഹവുമായി തണുത്തുവിറച്ചു കരഞ്ഞു തളർന്ന റബേക്ക മിഴികൾ ചേർത്തടച്ചു പിടിച്ചു ആ പടികളുടെ കൈവരിയിലേക്ക് ചാരിയിരുന്നു.


സമയം കടന്നു പോയി, മഴ പെയ്തു തോർന്നു, എന്നാൽ സാധുവായ ആ പെണ്ണിന്റെ മിഴികൾ തോർന്നിരുന്നില്ല. തന്റെ കഴുത്തിൽ ആരുടെയോ സ്പർശം തിരിച്ചറിഞ്ഞു അവൾ വെമ്പലോടെ മിഴികൾ വലിച്ചു തുറന്നു ചുറ്റും നോക്കി, തന്റെ കഴുത്തിൽ നേർത്തൊരു മഞ്ഞച്ചരടിൽ കോർത്ത ഇരട്ടതാലി മുറുക്കി കെട്ടുന്ന വർധനെ അവൾ കണ്ടു. പരിഭവത്തോടെ, അരിശത്തോടെ തന്റെ കൈ നീട്ടി റബേക്ക അയാളുടെ കരണത്ത് ആഞ്ഞടിച്ചു. വർധൻ മറുത്തൊന്നും പറയാതെ ആ താലി ഉയർത്തി റബേക്കയുടെ മുഖത്തിനു നേരെ പിടിച്ചു, അവൾ ഏങ്ങലോടെ അവന്റെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു.


"ഓയ്... ഇങ്ങനെ പെരുവഴിയിൽ ഉപേക്ഷിച്ചു പോകുന്നതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതല്ലേ? ഞാൻ ചോദിച്ച ചോദ്യം താൻ ജീവനെ പോലെ സ്നേഹിക്കുന്ന പുരുഷനോട് ഒരിക്കലെങ്കിലും ഏതൊരു പെണ്ണും ചോദിക്കുന്ന ഒന്നാണ്, ഏതെങ്കിലും ഒരു നൊടിയിൽ പറയാതെ അറിയാതെ ഞാൻ നിങ്ങളെ വിട്ട് പിരിഞ്ഞാൽ എന്നെ വളെരെ പെട്ടന്ന് മറക്കുമോ എന്ന്, അത് നിങ്ങളിൽ വിശ്വാസം ഇല്ലാത്ത കൊണ്ടല്ല... ഭയമാണ്, സ്നേഹിക്കുന്നവൻ തന്റെ ജീവൻ ഈ ഭൂമിയിൽ നിന്ന് യാത്ര പറഞ്ഞു പോയാൽ തന്നോട് പറഞ്ഞ വാക്കുകൾ, തനിക്ക് മാത്രം പകർന്നു തന്ന സ്നേഹം, അധികാരം, അവകാശമെല്ലാം വളെരെ പെട്ടന്ന് മറ്റൊരുവളിലേക്ക് പകർന്നു നൽകുമോ എന്നുള്ള ഭയം, അസൂയ... 

ഞാൻ പറഞ്ഞത് ഇഷ്ടമായില്ല എങ്കിൽ എന്റെ പൊട്ടത്തരം ആണെന്ന് കരുതി എന്നോട് ക്ഷമിക്കാമായിരുന്നു അല്ലാതെ ഇവിടെ... തിരിഞ്ഞു ഒന്നു നോക്കുക പോലും ചെയ്യാതെ എന്നെ എന്നെ..."


റബേക്ക മാനസികവിക്ഷോഭത്താൽ വിക്കാൻ തുടങ്ങി, വർധൻ സ്നേഹപൂർവ്വം അവളെ തന്റെ മാറോടണച്ചു ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു,

"ഇനി എന്റെ കൈപിടിച്ച് നടക്കുമ്പോൾ നിന്റെ കഴുത്തിലേക്ക് താലി തിരയുന്നവർക്ക് കണ്ണിന് ഉത്സവമായി എന്നും ഈ താലി ഇവിടെ കിടന്നോട്ടെ... പിന്നെ നിനക്ക് തോന്നുന്ന ആ അസൂയ ഒരു പുരുഷനും തോന്നും. അവനും മരിക്കില്ലേ?നിന്നോടുള്ള എന്റെ സ്നേഹം ഒരിക്കലും മരിക്കില്ല പെണ്ണേ, നീ എന്നെ വിട്ടിട്ട് പോകുന്നിടത്ത്  ഞാനും ഉണ്ടാകും നിനക്ക് ഒപ്പം. നമ്മുക്ക് സ്നേഹിക്കാൻ ഈ നിബന്ധനകളും, നിയമങ്ങളും ആവശ്യമുണ്ടോ? എനിക്ക് നീയും നിനക്ക് ഈ ഞാനും, അത് പോരെ... നോക്ക് എന്റെ ജീവൻ പോയാൽ നിന്റെ ഈ മിഴികൾ നിറയുമെന്നു എനിക്ക് ഇന്ന് ഉറപ്പായി പക്ഷേ നിന്റെ ഈ മിഴികൾ ദാ ഇതുപോലെ ഇങ്ങനെ തോരാതെ പെയ്യുന്നത് കാണുമ്പോൾ എന്റെ ജീവൻ എന്നെ വിട്ടുപിരിയുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. കാത്തിരിക്കാൻ ഞാൻ പഠിച്ചത് നിന്നെ കണ്ടതിനു ശേഷമാണ് ബീ, പൊന്നുപോലെ നോക്കിക്കൊള്ളാം എന്നുള്ള ഭംഗി വാക്ക് ഒന്നും ഞാൻ പറയില്ല, പക്ഷേ ഒരു ഉറപ്പ് തരാം നിഴലായും നിലാവായും നിന്റെയൊപ്പം എന്നും ഞാൻ കാണും... അതിനി ഈ ലോകത്തായാലും പരലോകത്തായാലും വർധനു കൂട്ട് ഈ റബേക്കയാണ്,  എന്റെ ജീവന്റെ തിരിനാളം അണയുന്ന ആ നിമിഷത്തിലും, എന്റെ ചങ്ക് തുടിക്കുന്ന അവസാന തുടിപ്പിലും എനിക്ക് മുൻപിൽ നിന്റെ ഈ മുഖം മാത്രമേ കാണൂ... "


റബേക്കയുടെ തേങ്ങലുകൾക്ക് ശക്തി കൂടി, വർധൻ അവളുടെ മുഖം തന്റെ നേരെ പിടിച്ചു ഉയർത്തി വച്ചു അവളുടെ ഇരുകവിളുകളിലും നുള്ളി ഓമനിച്ചു. പള്ളിയുടെ താഴെ അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന കറുത്ത നിറമുള്ള ഒരു വലിയ കാറിന്റെ ഉള്ളിൽ ഇരുന്ന ഇസബേൽ ഈ രംഗങ്ങൾ എല്ലാം  തന്റെ ക്യാമറയിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. എന്തിനെന്നോ? റബേക്കയുടെ മാത്രം സ്വന്തമായ ആ കാലന്റെ വരവ് കുറച്ചു കൂടി നേരത്തേയാക്കാനായി.

 

മഴ തോർന്നു മാനം തെളിഞ്ഞു നിന്നു... വർധൻ സൂര്യനെ പോലെ പ്രഭ ചൊരിയുന്ന ആ പെണ്ണിനെയും ചേർത്തു പിടിച്ചു കൊണ്ട് പള്ളിമേടയുടെ പടികൾ മെല്ലെ ഇറങ്ങാൻ തുടങ്ങി. വർധൻ തന്നോട് ഇതുവരെയും പറഞ്ഞ വാക്കുകൾ ഓരോന്നും സത്യമാണ് എന്ന് റബേക്കയ്ക്ക്  മനസിലായി, വാക്കുകളാലോ ഭാവങ്ങളാലോ പരസ്പരം തങ്ങളുടെ മനോവികാരങ്ങളെ ഇരുവരും പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല പക്ഷെ തനിക്കൊരു തണലായി വർധൻ ഇനി മുതൽ ഒപ്പമുണ്ടാകും എന്നൊരു ബോധ്യം ആദ്യമായി അയാളെ കണ്ട നാളിൽ തന്നെ തന്റെ  മനസ്സിൽ ഉറച്ചിരുന്നു. സന്തോഷവതിയായി ചിരിച്ചു ഉല്ലസിച്ചു ഒരു പൂമ്പാറ്റയെ പോലെ തന്റെ കൈപിടിച്ചു ആ പള്ളിമേടയുടെ പടികൾ ഇറങ്ങുന്ന അവളെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് വർധൻ  നന്ദിയോടെ ആരെയോ ഓർത്തു മന്ദഹസിച്ചു. പടികൾ ഒന്നൊന്നായി ഇറങ്ങി താഴെ അങ്കണത്തിൽ പാർക്ക്‌ ചെയ്തിട്ടിരുന്ന വർധന്റെ കാറിനു സമീപത്തേക്ക് നടക്കുന്ന സമയം അവളുടെ ദൃഷ്‌ടി ഒരുമാത്ര സെമിത്തേരിയുടെ കവാടത്തിനു നേർക്ക് നീണ്ടു ചെന്നു, വർധന്റെ കൈകൾക്കുള്ളിൽ ഇരുന്ന റബേക്കയുടെ വിരലുകൾ വിറകൊള്ളാൻ തുടങ്ങി, അമ്മയെ ചെന്നു കാണാൻ സമയം ഇനിയും ആയിട്ടില്ലായെന്നു അവളുടെ മനസ്സ് ഇടതടവില്ലാതെ മന്ത്രിക്കാൻ തുടങ്ങി, വർധൻ മുഖം തിരിച്ചു അവളെയൊന്നു നോക്കി. 


"ഇനി നിന്നെയും കൂട്ടി ഉടനെ ഞാൻ എങ്ങോട്ടേക്കുമില്ല." 

റബേക്ക അയാളുടെ കൈവിരലിൽ മുറുകെ പിടിച്ചു ചുഴറ്റി ഉറക്കെ ചോദിച്ചു, 

"അതെന്താ ഞാൻ ശല്യമാണോ?"

"ഹേയ് ശല്യമൊന്നുമല്ല, നിന്നെ എവിടെയേങ്കിലും കൂടെ കൊണ്ട് പോയാൽ അവിടെ നിർത്തിയിട്ട് കുറച്ചു നേരം എനിക്ക് എങ്ങോട്ടേക്കും മാറി നിൽക്കാൻ കഴിയില്ലല്ലോ, നീ കരഞ്ഞു നിലവിളിച്ചു സീനാക്കില്ലേ? ഇപ്പോൾ , ഈ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ, എനിക്ക് തോന്നിത്തുടങ്ങി, അല്ല ഉറപ്പായി, ഒരു നൊടി പോലും എന്നെ പിരിഞ്ഞിരിക്കാൻ ഇനി നിനക്ക് കഴിയില്ലായെന്നു..."


അയാൾ പറഞ്ഞ വാക്കുകളുടെ അർത്ഥം ചികഞ്ഞുകൊണ്ട് അവൾ അവിടെ തന്നെ അമ്പരന്ന് നിൽക്കെ വർധൻ അവളെ കടന്നു മുന്നോട്ട് നടന്നു, റിമോട്ട് കീ ഉപയോഗിച്ച് തന്റെ കാറിന്റെ ലോക്ക് മാറ്റിയ ശേഷം ഫ്രണ്ട് ഡോർ അവൾക്കായി തുറന്നു നീട്ടിപ്പിടിച്ചു. സമയം ഉച്ചതിരിഞ്ഞിരുന്നു, റബേക്ക ചിന്തകളിൽ ഉലഞ്ഞു അയാൾക്ക് അരികിലേക്ക് ചെന്നു നിന്നു, വർധൻ അവളെ നോക്കി മന്ദഹസിച്ചു. അവൾ മറുപടിയൊന്നും പറയാതെ ഒരു നിമിഷം ആലോചിച്ചു നിന്നു, പിന്നീട് കാറിനകത്തേക്ക് കയറിയിരുന്നു. അയാൾ ഡോർ ലോക്ക് ചെയ്ത ശേഷം കാറിന്റെ മറുവശത്തേക്ക് നടന്നു ചെന്നു ഡോർ തുറന്നു അകത്തേക്ക് കയറി കാർ സ്റ്റാർട്ട്‌ ചെയ്തു റിവേഴ്‌സ് എടുത്തു ഗിയർ മാറ്റിയിട്ട് മുൻപോട്ട് ഓടിച്ചു പോയി. ആ കാർ പള്ളിയുടെ ഗേറ്റ് കടന്നു പുറത്തെക്ക് മറഞ്ഞതും താഴെ അങ്കണത്തിൽ പാർക്ക്‌ ചെയ്തിട്ടിരുന്ന വിദേശനിർമ്മിതമായൊരു കറുപ്പ് നിറമുള്ള കാറിന്റെ ഡോർ തുറന്നു ഇസബേൽ പുറത്തെക്ക് ഇറങ്ങി, തന്റെ കയ്യിലിരുന്ന ക്യാമറയിലെ സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന വർധന്റെ സുന്ദരമായ ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് അവൾ മുരണ്ടു...

 

"നീ ആരായിരുന്നാലും എനിക്ക് നിന്നോട് ഒരു കനിവും തോന്നുന്നില്ല, എന്തുകൊണ്ടെന്നോ? ആ പൊട്ടിക്ക് നീ നൽകുന്ന ദയ, സഹാനുഭൂതി, സ്നേഹം, അധികാരം, അവകാശം, അംഗീകാരം ഇവയെല്ലാം വീണ്ടുമൊരിക്കൽക്കൂടി എന്നിലെ അസൂയാലുവായ പെണ്ണിനെ ഭ്രാന്ത് പിടിപ്പിക്കുന്നു, അവൾ കാരണം ഈ സ്ഥാനങ്ങൾ എല്ലാം നഷ്ടപ്പെട്ടു തെരുവിൽ നിൽക്കുകയാണ് ഞാൻ... നിന്റെ കാലൻ ആരാണ് എന്ന് എനിക്കറിയില്ല പക്ഷെ ഒരു കാര്യം വ്യക്തമായി ഞാൻ പറയുന്നു, അവളുടെ കാലൻ അതെന്റെ ക്രിസ്റ്റിയായിരിക്കും. രണ്ടുപേർക്കും കൂടി പരലോകത്തു ചെന്ന് ഇനി ഒരുമിച്ചു കഴിയാം...

അവളൊരു ഗൂഢസ്മിതത്തോടെ വർധനെ നോക്കി ചിരിക്കുന്ന റബേക്കയുടെ ചിത്രത്തിലേക്ക് നോക്കി പകയോടെ പിറുപിറുത്തു...

 

~~~


"എന്തോ ഇത്രയൊക്കെ പറഞ്ഞിട്ടും എനിക്ക് ഇയാളോടാണ് ക്രിസ്റ്റി പ്രിയം."

കബീർ വർധന്റെ അസ്ഥിത്തറയുടെ നേരെ മിഴികൾ നാട്ടി ചിരിയോടെ പറഞ്ഞു. ക്രിസ്റ്റഫറിന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു... ഏദൻ തോട്ടത്തിന്റെ പൂമുഖവാതിൽ കടന്നു അമ്മാളു ഒരു ട്രെയിൽ ലേമനൈഡ് നിറഞ്ഞു പതയുന്ന ഗ്ലാസുകളുമേന്തി കടന്നു വരുന്നത് ക്രിസ്റ്റി കണ്ടു. അവൾ അവർ ഇരുവർക്കും അരികിലെത്തി. ട്രെ അമ്മാളു ക്രിസ്റ്റിയുടെ നേർക്ക് നീട്ടിപ്പിടിച്ചു. അയാൾ രണ്ടു ഗ്ലാസ്സ് എടുത്തു ഒരെണ്ണം കബീറിന് നൽകി. അമ്മാളു ട്രേയുമായി ഖദീജയുടെ അരികിലേക്ക് നടന്നു. അവൾ കടന്നു പോയതും ക്രിസ്റ്റി കയ്യിലിരുന്ന ഗ്ലാസ്സിലെ പാനീയം ആർത്തിയോടെ കുടിച്ചിറക്കി. കബീർ അയാളെ ഉറ്റു നോക്കിക്കൊണ്ട് പതിയെ സിപ്പ് ചെയ്തു... ഖദീജയുടെ അരികിൽ നിന്നും തിരികെ വന്ന അമ്മാളു ക്രിസ്റ്റി കുടിച്ച ഗ്ലാസ്സും എടുത്ത് കബീറിനു നേരെ ആയിരം അർഥങ്ങൾ നിറഞ്ഞൊരു നോട്ടം കൈമാറിക്കൊണ്ട് തിരികെ നടന്നു. അവൾ നടന്നു മറഞ്ഞതും ക്രിസ്റ്റി കബീറിന് നേരെ തിരിഞ്ഞിരുന്നു പറഞ്ഞു.


"കബീർ അവൾ... എന്റെ സ്വന്തമാണ്, അല്ലെങ്കിൽ ഞാൻ എന്ന പുരുഷൻ, വ്യക്തി അവളുടെ മാത്രമാണ്. എന്നിൽ പൂർണ്ണ അധികാരം അവൾക്കാണ് എന്ന് ഒരാണ് ഉറക്കെ ധൈര്യമായി ഈ സമൂഹത്തോട് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് അയാൾക്ക് ഒപ്പം തോളോട് തോൾ ചേർന്നു നിൽക്കുന്ന പെണ്ണിനെ നമ്മുടെ സമൂഹം പോലും മതിക്കുന്നത്... ഒരു പെണ്ണിന്റെ മാനത്തിന് വിലപറയാൻ എന്നെപോലെ വർധന് ഒരിക്കലും കഴിയില്ല കാരണം അവന്റെ അച്ഛന്റെ പേര് ആലത്തൂർ വാസുദേവ മാരാർ എന്നാണ്..."

"ആ താലി ചാർത്തിയ സംഭവം അപ്പോൾ ഇത്രയെ ഉള്ളൂ അല്ലേ?

ക്രിസ്റ്റിയും കബീറും നോട്ടങ്ങൾ കൈമാറി പരസ്പരം പൊട്ടിച്ചിരിച്ചു

"അല്ല... ഇനിയും കുറച്ചു കൂടെ ബാക്കിയുണ്ട്... എന്താ കേൾക്കണോ?"

ഇരുവരും ചിരി തുടർന്നു.

"താൻ പറഞ്ഞാൽ ഞാൻ കേൾക്കാം..."


"ആദർശിനെ കാണാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ കാരണം ഒന്നുമില്ലാതെ റബേക്കയെ ഉപദ്രവിച്ച ആദർശിന്റെ അമ്മയ്ക്കിട്ട് ബന്ധം പോലും മറന്നു ഒരെണ്ണം പൊട്ടിച്ചു വർധൻ തിരികെ വീട്ടിൽ എത്തിയപ്പോഴേക്കും സാക്ഷാൽ തരകൻ മാപ്പിള പടയുമായി ആലത്തൂർ തമ്പടിച്ചിരുന്നു. ആ സമയം അമ്മ എന്റെ കാര്യം എടുത്തിട്ടു. ആലത്തൂർ വീടിന്റെ പടി അവൾ വർദ്ധനൊപ്പം കയറുന്നത് ഒന്നുകിൽ അവന്റെ ഭാര്യ ആയോ അല്ലെങ്കിൽ വർധന്റെ സ്നേഹിതന്റെ ഭാര്യ എന്ന ലേബലിൽ ആകണെമെന്ന് അമ്മ ശഠിച്ചു. തരകനെ കണ്ടു വർധനും കളമോന്നു മാറ്റി ചവിട്ടി. ഞാനും അവനും തമ്മിൽ എന്താണ് ബന്ധം എന്നറിയാതെ പകച്ചു നിന്ന റബേക്കയുടെ കഴുത്തിൽ അന്നത്തെ പകലിൽ താൻ കെട്ടിയ താലി വർധൻ ബലമായി വലിച്ചു പൊട്ടിച്ചെറിഞ്ഞു. സമനില തെറ്റി കയ്യിൽ തടഞ്ഞത് എന്തോ എടുത്തു റബേക്ക അവന്റെ തല തല്ലിപൊട്ടിച്ചെന്നാണ് അമ്മാളു എന്നോട് പറഞ്ഞത്. പക്ഷേ അന്ന് രാത്രിയിൽ തന്നെ അവർ ഇരുവരും കോംപ്രമൈസ് ആയി. പിറ്റേന്ന് ഞാൻ തിരികെ വന്നില്ലേ... അവനോട് പറയാതെ അവൾ എന്നെ തേടി വന്നു..."

"അതെനിക്കറിയാം... വർധൻ പോയതിനു ശേഷം എന്താണ് നടന്നത്? നിങ്ങളുടെ മരണം... ആ മരണത്തെ നേരിട്ട അനുഭവം റബേക്ക എന്നെങ്കിലും പറഞ്ഞിരുന്നോ ഇയാളോട്? ക്രിസ്റ്റി എന്തിന് റബേക്കയെ ഉപേക്ഷിച്ചു...? അലോഷിയിലെ വില്ലനെ നിങ്ങൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു, എന്നിട്ടും അയാളെ സംരക്ഷിച്ചു, ആർക്കു വേണ്ടി ...?"

ക്രിസ്റ്റി ആ സിമെന്റ് ബെഞ്ചിലേക്ക് ചാരിയിരുന്നു, മുഖം ആകാശത്തേക്ക് ഉയർത്തി. ആകാശം ഇരുണ്ട് തുടങ്ങി... തന്റെ മനസ്സും...


"മരിച്ചപോലെ മയങ്ങിക്കിടന്ന എന്റെ അരികിൽ അവൾ ഇരുന്ന് കരഞ്ഞ ആ നിമിഷങ്ങൾ എല്ലാം ഞാൻ ശരിക്കുമൊരു ജഡമായി മാറിയിരുന്നു കബീർ. ചെവികേൾക്കാൻ കഴിയാത്ത ആ പെണ്ണിന് എന്റെ ഹൃദയമിടിപ്പ് എങ്ങനെ അറിയാനാണ്... ഞാൻ ഒരുപാട് ദുഷ്ടൻ ആണല്ലേ കബീർ...?"

കബീർ തന്നെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയത് കൊണ്ടാകാം ക്രിസ്റ്റി മുഖം ഉയർത്തി അയാളെ നോക്കി. അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. ക്രിസ്റ്റിയുടെ മിഴികൾക്ക് ഉള്ളിൽ ആ തണുത്ത മോർച്ചറിറൂം തെളിഞ്ഞു വരുന്നത് കബീർ തന്റെ കണ്ണിൽ കണ്ടു. അവിടെ ആ മുറിയിൽ ക്രിസ്റ്റിയുടെ അരികിലിരുന്ന് കരയുന്നത് റബേക്ക അല്ലേ... അതേ റബേക്കയാണ്...


റബേക്കയ്ക്ക് തന്റെ ഹൃദയത്തിലേക്ക് ആരോ മൂർച്ചയുള്ളൊരു മരകുരിശ് ആഴത്തിൽ കുത്തിയിറക്കുന്നത് പോലെ തോന്നി, വിറയാർന്ന വിരലുകളാൽ അവൾ ക്രിസ്റ്റഫറിന്റെ നെറുകയിലൊന്നു തലോടി,

"നീ എന്നെ അല്ലാതെ മറ്റാരെങ്കിലും പ്രണയിച്ചിട്ടുണ്ടോ ബീ ? ... ഉണ്ടെന്നാണ് നിന്റെ മറുപടി എങ്കിൽ ഞാൻ നിന്നെ ഈ രാത്രിയിൽ തന്നെ കൊല്ലും...?"


ആദ്യരാത്രിയിൽ താൻ ധരിച്ചിരുന്ന മന്ത്രകോടിയുടെ മുന്താണിയിൽ മെല്ലെ തഴുകി കൊണ്ടു ക്രിസ്റ്റഫർ ചോദിച്ച ചോദ്യം തന്റെ അരികിൽ ഇരുന്നു അയാൾ ഈ നിമിഷം വീണ്ടും തന്നോട് ചോദിക്കുന്ന പോലെ അവൾക്ക് തോന്നി, ക്രിസ്റ്റഫറിന്റെ  ജീവനില്ലാത്ത, തണുത്തു മരവിച്ചു വിറങ്ങലിച്ചു കിടന്നിരുന്ന ആ ദേഹത്തിലേക്ക്, അവന്റെ നെഞ്ചിലേക്ക്, അവൾ തന്റെ മുഖം താഴ്ത്തി വച്ചു, ഇല്ല ശബ്ദം ഒന്നും കേൾക്കുന്നില്ല... റബേക്ക തന്റെ ചെവി അയാളുടെ നെഞ്ചോട് അമർത്തി ചേർത്തു വച്ചു. ക്രിസ്റ്റഫറിന്റെ മുഖം ഇപ്പോൾ കണ്ടാൽ ജീവനില്ല എന്നു ആർക്കും തോന്നില്ല.

കരയാനും പറയാനും കേൾക്കാനും പോലും ത്രാണിയില്ലാത്ത എന്നെ എന്തിനാണ് ഇവിടെ ഒറ്റയ്ക്കാക്കി പോയതെന്ന് അവളുടെ അന്തരംഗം അയാളോട് കേഴുന്നുണ്ടായിരുന്നു, പൊട്ടിക്കരഞ്ഞു തീർക്കാൻ കഴിയാത്ത അത്രയും വേദന അവളുടെ നെഞ്ചിൽ വന്നു തിങ്ങി നിന്നു.

"കുറച്ചു സമയം കൂടി കഴിഞ്ഞാൽ ഇനി തമ്മിൽ ഇതുപോലെ അടുത്തു കാണാൻ കഴിയില്ല, ഇനി നമ്മൾ എന്നാണ് ഇച്ചായാ ഒന്ന് കാണുക, ഒന്നു സംസാരിക്കുക, ഇതുപോലെ  ഈ  നെഞ്ചിൽ തലവച്ചു കിടന്നു എനിക്ക് ഒരായിരം കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്, ചോദിക്കാനുണ്ട്... കേൾക്കുന്നുണ്ടോ ഞാൻ ഈ പറയുന്നത്, എന്നെ എങ്ങനെ വേദനിപ്പിച്ചു മതിയായില്ലേ ഇച്ചായാ ?"

റബേക്കയുടെ കരങ്ങൾ ക്രിസ്റ്റഫറിന്റെ ജീവനില്ലാത്ത ഉടലിനെ വലയം ചെയ്തു, അയാളുടെ നെഞ്ചിൽ തന്റെ ശിരസ്സ് തല്ലി അവൾ ഉറക്കെ എന്തൊക്കെയോ പറഞ്ഞു  കരയാൻ തുടങ്ങി.


"എനിക്കാരുമില്ല ഇച്ചായ , എന്നെ ഇങ്ങനെ പാതിവഴിയിൽ വീണ്ടും ഉപേക്ഷിച്ചു കടന്നു പോയത് എന്തിനാണ്, ചിലർ നമുക്കായി ചതിയുടെ ലോകം തീർത്തു എന്നറിഞ്ഞു കൊണ്ടു ആ ലോകത്ത് എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയത് എന്തിനാണ്? ആർക്കു വേണ്ടിയാണ്? എനിക്ക് ചെവി നല്ലോലെ കേൾക്കാൻ കഴിയില്ല, സംസാരിക്കാൻ ഭയമാണ്, ഒരു വാക്ക് പറയാമായിരുന്നു, കാത്തിരിക്കുമായിരുന്നില്ലേ ഞാൻ? ഇനിയൊരു പുനർജ്ജന്മം നമ്മുക്ക് ഉണ്ടാകുമോ? നമ്മൾ ഇനിയും ഇതുപോലെ കാണുമോ? എന്നോട് എന്തെങ്കിലും ഒരു വാക്ക് പറയുമോ? എന്നെ വേദനിപ്പിച്ചാൽ നിങ്ങൾക്ക് എന്ത് സന്തോഷം ആണ് ലഭിക്കുക...? എന്നും ദൂരെ നിന്നെങ്കിലും ഇച്ചായനേ ഞാൻ കാണുമായിരുന്നു. ഇനിയെങ്ങനെയാണ് ഞാൻ കാണുന്നത്? ഒന്നുകിൽ സ്നേഹിക്കണം... അല്ലെങ്കിൽ എന്നെ പൂർണ്ണമായും വെറുക്കണമായിരുന്നു... ഇച്ചായൻ എന്നെ ഒരുപാട് സ്നേഹിച്ചു... ഒരുപാട് വെറുത്തു... എന്തിനായിരുന്നു...? ഒന്നൂടെ ബീ എന്ന് എന്നെ ഒന്ന് വിളിക്കുമോ...? എനിക്ക് കേൾക്കാൻ കഴിയില്ല... പക്ഷേ ഇച്ചായൻ വിളിക്കുന്നത് എനിക്ക് കേൾക്കാം... പോകണ്ട ഇച്ചായ... എന്നെ വിട്ടിട്ട് പോകണ്ട."  

റബേക്ക പിടഞ്ഞു നീറുന്ന മനസോടെ മുഖമുയർത്തി വിറയാർന്ന അധരങ്ങളാൽ ക്രിസ്റ്റിയുടെ നെറുകയിലും, അടഞ്ഞ കൺപോളകളിലും, രക്തം ഉണങ്ങിപിടിച്ചിരിക്കുന്ന കപോലങ്ങളിലും ആവർത്തിച്ചു അമർത്തി ചുംബിച്ചു, ഒരു ഭ്രാന്തിയെ പോലെ.

 

തനിക്കും അയാൾക്കും മനസിലാകുന്ന ഭാഷയിൽ അവളെന്തൊക്കെയൊ പറഞ്ഞു വിലപിച്ചു കൊണ്ടേയിരുന്നു, പതിയെ അയാളുടെ നെഞ്ചിൽ തല ചേർത്തു വച്ചു അവളുറങ്ങാൻ തുടങ്ങി. അതേ സമയം ആ മുറിയുടെ വാതിലിൽ തുടരെ തുടരെ ശക്തമായി ആരോ റബേക്കയുടെ  പേര് പറഞ്ഞു ഉറക്കെ തട്ടിവിളിക്കുന്നുണ്ടായിരുന്നു. അലോഷിയുടെ  സ്വരമാണ് പുറത്ത് മുഴങ്ങിയത് എന്ന് മരിച്ചപോലെ കിടന്നിരുന്ന ക്രിസ്റ്റി അറിഞ്ഞു, എന്നാൽ റബേക്ക  ഇതൊന്നും അറിയുന്നില്ലായിരുന്നു.


സമയം ഏറെ കടന്നു പോയത് പോലും അവളറിഞ്ഞില്ലായിരുന്നു, പെട്ടന്ന് അവളൊന്നു ഞെട്ടിയുണർന്നു. അയാളുടെ ദേഹം വല്ലാതെ തണുത്തിരിക്കുന്നത് പോലെ അവൾക്ക് തോന്നി.  സാവകാശം എഴുന്നേറ്റ് നിന്ന്, ക്രിസ്റ്റിയുടെ ദേഹത്തേക്ക് അയാളെ പുതപ്പിച്ചിരുന്ന വെള്ളതുണി താഴെ വീണു കിടന്നത് കുനിഞ്ഞു എടുത്തു നീട്ടിപുതപ്പിച്ച ശേഷം റബേക്ക  തന്റെ ഇരു കൈത്തലങ്ങൾ നിവർത്തി ക്രിസ്റ്റിയുടെ കവിളിൽ ചേർത്തു പിടിച്ചു വിങ്ങിപ്പൊട്ടി,

"ഇനിയെന്നാണ് ഇച്ചായാ  ഞാൻ ... ഞാൻ... ഈ മുഖമൊന്നു കാണുന്നത്, എന്നോട് എന്തെങ്കിലും ഒരു വാക്ക് പറഞ്ഞു കൂടെ, പോകുവാന്നു പോലും പറയാതെ, ഒന്നും മിണ്ടാതെ എന്നത്തേയും പോലെ എന്നെ ഉപേക്ഷിച്ചു പോയി, എന്തിനാണ് നമ്മുക്ക് ഇടയിലേക്ക് വർധനെ കൂടി വലിച്ചിട്ടത്, വർധൻ ...!!"


റബേക്കയുടെ  കണ്ണുകൾക്ക് മുൻപിൽ വർധന്റെ ചിരിക്കുന്ന രൂപം തെളിഞ്ഞു, പെടുന്നനെ ആ മുറിയുടെ ഡോർ തകർത്തു അലോഷിയും വാസുദേവ മാരാരും അകത്തേക്ക് കയറി വന്നു. റബേക്ക അവർ വന്നത് പോലും അറിഞ്ഞില്ല, അവൾ ആ ലോകത്തെ ഇല്ലായിരുന്നു, അവളുടെ ആ  അവസ്ഥ കണ്ടു മുറിയിലേക്ക് കടന്നു വന്നവരെല്ലാം അവളെ സഹതാപത്തോടെ നോക്കി. അലോഷി അവളുടെ അരികിലേക്ക് നീങ്ങി ചെന്നു. ക്രിസ്റ്റിയുടെ കവിളിൽ തന്റെ കൈത്തലം അർപ്പിച്ചു പൊട്ടിക്കരയുന്ന റബേക്കയെ  ബലമായി അയാളുടെ അരികിൽ നിന്നു മോചിപ്പിച്ചു കൊണ്ടു അലോഷി അവളുടെ മുഖം തന്റെ മുഖത്തിന്‌ നേരെ തിരിച്ചു വച്ചു ഉറക്കെ പറഞ്ഞു,

"ഇപ്പോൾ പൊട്ടിക്കരഞ്ഞു പറഞ്ഞാൽ അവൻ എങ്ങനെ കേൾക്കാനാണ് ബീ? അവനൊരവസരം നിനക്ക്  നൽകാമായിരുന്നു, ഒരിക്കലും നൽകിയില്ല നീ. ആക്‌സിഡന്റ് ആയിരുന്നു, വർധന്റെ ജീവന് പകരമായി ക്രിസ്റ്റി നൽകിയത് അവന്റെ ജീവനാണ്നി. നക്ക് വേണ്ടി, നീ സന്തോഷമായി ജീവിക്കാനായി."

 

റബേക്ക  അയാൾ പറഞ്ഞത് ഒന്നും മനസിലാകാത്ത പോലെ അയാളുടെ  അധരങ്ങളുടെ ചലനങ്ങൾ ശ്രദ്ധിച്ചു.

"വർധൻ ആയിരുന്നു അവരുടെ ലക്ഷ്യം, അവൻ കാരണമല്ലേ ക്രിസ്റ്റി പുറത്തിറങ്ങിയത്? വർധൻ ക്രിസ്റ്റിയെം കൂട്ടി രെജിസ്റ്റർ ഓഫീസിൽ എത്തുന്നതിനു തൊട്ടു മുൻപാണ് ആക്‌സിഡന്റ് നടന്നത്, ബീ ... നീ ... അവനെ ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കുക. വർധൻ എന്ന കാവൽ നിനക്ക് നേരെ വച്ചു നീട്ടിയിട്ടാണ് ക്രിസ്റ്റി പോയത്, ഇല്ല അവൻ പോയിട്ടില്ല സത്യത്തിൽ മരിച്ചത് ക്രിസ്റ്റിയല്ല വർധനാണ്. നിനക്ക് വേണ്ടി മാത്രം തുടിച്ചിരുന്ന ക്രിസ്റ്റിയുടെ ഹൃദയം ഇന്ന് തുടിക്കുന്നത് വർധന്റെ  നെഞ്ചിലാണ്, ഇനി പറയൂ ആരാണ് മരിച്ചത് വർധനോ അതോ ക്രിസ്റ്റിയോ?"

റബേക്കയ്ക്ക്  അയാൾ പറഞ്ഞത് എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസിലായില്ല, എന്നാൽ വർധൻ ... എന്ന പേര്  ജീവനില്ലാത്ത ബീയിലെ  റബേക്കയ്ക്ക്  ജീവനേകി. അലോഷിയെ തള്ളിമാറ്റിക്കൊണ്ട് അവൾ ആ മുറിയിൽ നിന്ന് ഒരു ഭ്രാന്തിയെ പോലെ പുറത്തേക്ക് ഇറങ്ങി ഓടി. ഇത്രയും സമയം ക്രിസ്റ്റഫറിന്റെ ശരീരത്തിന് അരികിൽ ഇരുന്ന് റബേക്കയുടെ സ്നേഹം ഏറ്റുവാങ്ങിയ അയാളുടെ ആത്മാവിന് വർദ്ധനോട് അസൂയ തോന്നി, പക തോന്നി. ഡോക്ടർ  ക്രിസ്റ്റഫർ മാത്തനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന റബേക്കയെ തന്റെ ബീയെ വർധന്റെ മാത്രം സ്വന്തമായ റബേക്കയാക്കി തീർത്തതിന്...


കബീറിന്റെ മിഴികൾ നിറഞ്ഞൊഴുകി. അയാൾ ചാടിയേഴുന്നേറ്റ് അന്തലോടെ ചുറ്റിനും ഖദീജയേ തിരഞ്ഞു...

"തന്റെ ബീഗം എന്റെ മണവാട്ടിയുടെ അരികിൽ തന്നെയുണ്ട് കബീർ പേടിക്കണ്ട. കുറച്ചു നേരം ഖദീജയേ കാണാതെ താൻ എത്രത്തോളം വേദനിച്ചു... അപ്പോൾ ഞാനോ...? ഇരുപതു വർഷം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചൊരു കിനാവാണ് റബേക്ക ... ഇത്രയും കേട്ടിട്ട് തനിക്കു എന്താ തോന്നുന്നേ ഞാനൊരു ദുഷ്ടനാണ് എന്ന് അല്ലേ? ജീവിച്ചിരുന്നിട്ടും മരിച്ചെന്നു പറഞ്ഞു ഒരു പാവം പെണ്ണിനെ കൊല്ലാകൊല ചെയ്ത പാതകി. സ്വാർത്ഥതയായിരുന്നു എന്റെ മരണം, അവളെ എത്രത്തോളം ഉലയ്ക്കും എന്നറിയാൻ ഉള്ള ആഗ്രഹം..."

ക്രിസ്റ്റി വാക്കുകൾക്കായി പരതുന്ന പോലെ കബീറിന് തോന്നി... അയാൾ ക്രിസ്റ്റിയുടെ അരികിലേക്ക് ചേർന്നിരുന്നു ചോദിച്ചു.


"അന്ന് വർധൻ റബേക്കയെ നിങ്ങളുടെ അരികിൽ തനിച്ചാക്കി പോയപ്പോൾ സത്യങ്ങൾ എല്ലാം അവളോട്‌ പറഞ്ഞിരുന്നോ?"

"ചത്ത കുഞ്ഞിന്റെ ജാതകം നോക്കണ്ട എന്ന് എനിക്ക് തോന്നി കബീർ..."

ക്രിസ്റ്റിയുടെ മനസ്സ് ഒരു നിമിഷം കൊണ്ടു ഭൂതകാലത്തിലേക്ക് ഊളിയിട്ടു...


"ഇന്നത്തെ ഈ ദിവസം റബേക്കയെ ഞാൻ നിന്നെ ഏൽപ്പിച്ചു മടങ്ങുകയാണ് ക്രിസ്റ്റി..."

ക്രിസ്റ്റഫർ വർധന്റെ വാക്കുകൾ കേട്ട് തറഞ്ഞിരുന്നു പോയി, ഉത്കണ്ഠയോടെ അയാൾ വർധനെ തടഞ്ഞു കൊണ്ടു പറഞ്ഞു

"ടാ നീ പോകരുത്  ഞാൻ പറയട്ടെ. നിൽക്കേടാ..."

"വേണ്ട നീ ഇപ്പോൾ ഞാൻ പറയുന്നത് കേട്ടാൽ മതി. അവളറിയാത്ത ഒരു കഥ നിന്റെയുള്ളിൽ വർഷങ്ങളായി മറഞ്ഞു കിടപ്പുണ്ട്, ഇതാണ് ആ അവസരം അവളോട് ആ കഥ പറയാനായി, അതിനു ശേഷം അവൾ പറയുന്ന തീരുമാനം അനുസരിച്ചു നിനക്ക് ആ ഡിവോഴ്സ് ഡോക്യുമെന്റിൽ സൈൻ ചെയ്യാം. ഇന്ന് സന്ധ്യ മയങ്ങുമ്പോൾ ഞാൻ വരും, തിരിച്ചു പോകുമ്പോൾ എന്റെയൊപ്പം റബേക്കയും കാണും, ആലത്തൂർ മംഗലത്തെ വർധന്റെ പെണ്ണായ പെണ്ണ്, ഞാൻ വിളിച്ചാൽ യാതൊരു മടിയും കൂടാതെ എനിക്കൊപ്പം ഇറങ്ങി വരുന്ന എന്റെ പെണ്ണ്."

 

ക്രിസ്റ്റഫർ അന്ധാളിച്ചു നിൽക്കെ വർധൻ തിരിഞ്ഞു തന്റെ പിന്നിൽ നിന്നിരുന്ന റബേക്കയെ നോക്കി, അവർ ഇരുവരും പറഞ്ഞതൊന്നും കേൾക്കാനോ കാണാനോ കഴിയാത്തതിനാൽ അവളുടെ മുഖത്തൊരു അങ്കലാപ്പ് നിറഞ്ഞു നിന്നിരുന്നു. അയാൾ സ്നേഹപൂർവ്വം അവളുടെ മുടിയിഴകൾക്ക് ഇടയിലൂടെ വിരലോടിച്ചു കൊണ്ടു മൃദുവായി ചിരിച്ചു, 

"എൽദോസ് അച്ചായൻ ഇവിടെയില്ല കുഞ്ഞേ, ഇയാളെ ഈ അവസ്ഥയിൽ ഇവിടെ ഇട്ടിട്ട് പോയാൽ നാളെ എന്റെ തലയിൽ കൊലക്കുറ്റം വരും. നിന്റെ അനിയത്തി ആ കള്ളിയങ്കാട്ടു നീലി ഓടിപ്പാഞ്ഞു പോയിരിക്കുന്നത് ആളെ വിളിച്ചു കൂട്ടി വരാനായിരിക്കും. ഞാൻ പോയിട്ട് വൈകുന്നേരം വരാം, നീ പേടിക്കണ്ട ക്രിസ്റ്റി നിന്നെ ഒന്നും ചെയ്യില്ല, എന്തേലും ചെയ്യാൻ വന്നാൽ ഇന്നലെ രാത്രിയിൽ എന്റെ മേൽ പ്രയോഗിച്ച അതേ കളരിമുറകൾ എല്ലാം ഇടംവലം നോക്കാതെ അവനിട്ടു ചാർത്തിക്കോ? ഞാൻ പോയിട്ട് ഓടി വരാം."


വർധൻ അൽപം ഉറക്കെ തന്നെയായിരുന്നു പറഞ്ഞത്, എന്തുകൊണ്ടെന്നാൽ അയാൾ റബേയുടെ ഹിയറിങ് എയ്ഡ് ഓഫ്‌ ചെയ്തിരിക്കുകയായിരുന്നു. വർധന്റെ അധരങ്ങളുടെ ചലനങ്ങളുടെ സംഗ്രഹം മനസിലാക്കുമ്പോൾ അവളുടെ മുഖത്ത് മാറി മറിഞ്ഞു തിളങ്ങി മങ്ങുന്ന ഭാവങ്ങൾ ക്രിസ്റ്റഫർ നോക്കിയിരുന്നു. അവളുടെ സമ്മതം ചോദിക്കാതെ വർധൻ പോകാൻ തുനിഞ്ഞതും റബേക്ക അയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു ഉറക്കെ ചോദിച്ചു,

"ഓയ് എപ്പോൾ വരും?" 

"ഉടനെ വരും... "

വർധൻ അവൾക്ക് മുഖം കൊടുക്കാതെ മറുപടി പറഞ്ഞു.

"ഓയ് എപ്പോൾ വരുമെന്ന്, എന്നെ കൂട്ടിക്കൊണ്ട് പോകാൻ?" 

അവൾ അവന്റെ ഷർട്ട് ഉലച്ചുകൊണ്ടു വീണ്ടും ആവർത്തിച്ചു, അയാൾ അവൾക്ക് നേരെ തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു...

"മൂന്നു മണിക്കൂർ രാത്രി..." 

"എന്ത്...? "

'മൂന്നു മണി കഴിഞ്ഞു രാത്രിയാകുന്നതിനു മുൻപ് ഞാൻ വരുമെന്ന്... നിന്നെയും കൂട്ടി ഒളിച്ചോടാൻ... "


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Drama