വൈഗ വസുദേവ്

Drama Romance

4  

വൈഗ വസുദേവ്

Drama Romance

വൈഗ - ഭാഗം പതിനേഴ്

വൈഗ - ഭാഗം പതിനേഴ്

3 mins
338


രാഘവന് ഗീത പറഞ്ഞത് പെട്ടെന്ന് പിടികിട്ടിയില്ല. താൻ കേട്ടതിൻ്റെ കുഴപ്പമോ...?

"നീ... നീയെന്നാ പറഞ്ഞേ...?"

"രാഘവേട്ടന് അയാളുടെ ചെപ്പക്കുറ്റിക്ക് ഒന്നു കൊടുക്കായിരുന്നില്ലേ...? എന്നെ സഹോദരിയായിട്ടാണ് കണുന്നത് എന്ന് പറയുന്നതല്ലേ...? എൻ്റെ നേരാങ്ങള ആയിരുന്നെങ്കിൽ ആ നിമിഷം അയാളുടെ ചെകിട് അടിച്ചു പൊട്ടിച്ചേനെ..." ഗീതയുടെ ശബ്ദം ഇടറി..


"അവനിട്ട് അടി കൊടുത്തില്ലെന്നു കരുതി നീയെൻ്റെ സഹോദരി അല്ലാതാവുമോ...?"

"ഗീതെ... നീയിങ്ങനെ കരഞ്ഞാൽ കുട്ടികൾ ചോദിക്കില്ലേ... അമ്മ എന്തിനാ കരയുന്നതെന്ന്...? അവർ ചെറിയകുട്ടികൾ അല്ലേ? അവരുടെ മനസ്സിൽ അച്ഛനെപ്പറ്റി മോശമായ ഒന്നും ഉണ്ടാവരുത്."

"എങ്ങനെ... എങ്ങനെ രാഘവേട്ടാ ഞാൻ...?" കുറച്ചു നേരത്തേയ്ക്ക് രണ്ടു പേരും മിണ്ടാതിരുന്നു.


"രാഘവേട്ടനോട് അയാൾ മിണ്ടിയോ...?" ഗീത ചോദിച്ചു.

"ഉംം... അവൻ വന്ന് എൻ്റെ രണ്ടു കയ്യിലും പിടിച്ചു."


"രാഘവാ... എടാ... നീ... ഇവിടെ...?"

"നീയെന്താ... ഇവിടെ...?"

"ഞാനിപ്പോൾ ഇവിടെ ആണ്." ഭാർഗ്ഗവൻ തിരിഞ്ഞു നോക്കി. ഷീല കുറച്ചു ദൂരെ തങ്ങളെ നോക്കി നിൽപ്പുണ്ട്.

"നീ ആരെയാ തിരിഞ്ഞു നോക്കുന്നത്?" രാഘവൻ ഒന്നുമറിയാത്തവനെപ്പോലെ ചോദിച്ചു.


"അത്... നിനക്കറിയാലോ... ഷീലയെ...അവൾ അപ്പുറത്ത് നിൽപ്പുണ്ട്."

"ഓഹോ... നീ അതു വിട്ടില്ലേ...? എങ്ങനെ തോന്നിയെടാ നിനക്ക് ഗീഥയേയും മക്കളേയും മറന്ന് അവൾക്കൊപ്പം ജീവിക്കാൻ...? നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു ഈ ബന്ധം വേണ്ടെന്ന്?"

"ഞാൻ ശ്രമിച്ചു... പക്ഷെ, പറ്റില്ല രാഘവാ... നിനക്ക് വേണേൽ എന്നെ അടിക്കാം... എന്നാലും അവളെ ഉപേക്ഷിക്കാൻ ആവില്ലെടാ..."


"ഭാർഗ്ഗവാ... ഗീത ഇതറിയുമ്പോൾ എന്താവും കാട്ടിക്കൂട്ടുക എന്ന് നീ ചിന്തിച്ചിട്ടുണ്ടോ...?"

"എനിക്കറിയില്ല രാഘവാ... അവൾ എന്നോട് ക്ഷമിക്കട്ടെ... ഞാൻ പോകുന്നു." രാഘവൻ അവൾക്കൊപ്പം പോകുന്നത് നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ...

"രാഘവേട്ടാ... എനിക്ക് അയാളെ കാണണം. ഒരു തവണ... രാഘവേട്ടൻ എന്നെ ഒന്നു കൊണ്ടു പോണം..."

"ശരി..."


ദിവങ്ങൾ മാസങ്ങളായി.


ഗീത സാഹചര്യവുമായി ഇണങ്ങി. ആകെ ഉള്ള സ്ഥലത്ത് വേണ്ടുന്നതൊക്കെ നട്ടുപിടിപ്പിച്ചു. അടുത്തുള്ള വലിയ വീടുകളിൽ പണിക്കു പോയി. ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ഭാർഗ്ഗവനെ കാണുന്ന കാര്യം ഓർക്കാതെയായി.


വാശി അവളെ കരുത്തുള്ളവളാക്കി. മക്കൾ അച്ഛനെവിടെ എന്നു ചോദിക്കുമ്പോൾ ദൂരെ ജോലിയാണ്, താമസിയാതെ വരും എന്നു പറഞ്ഞ് ആശ്വസിപ്പിക്കും .


ഒരു ദിവസം


"ഗീതേ... ഗീതേ..." മുറ്റത്തു നിന്ന് രാഘവൻ വിളിച്ചു.

"അമ്മേ..." രാഘവമ്മാവൻ വിളിക്കുന്നു. രാഹുൽ അടുക്കളയിൽ പണിയിലായിരുന്ന ഗീതയോട് ചെന്നു പറഞ്ഞു.

"ദാ... ഇപ്പോൾ വരാം രാഘവേട്ടാ..." അവൾ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.

അല്പനേരത്തിനകം ഗീത തിണ്ണയിൽ എത്തി.


"എന്താ രാഘവേട്ടാ...?"

"നിന്നോടൊരു കാര്യം പറയാനുണ്ട്... പക്ഷേ..." രാഘവൻ അടുത്ത് നിൽക്കുന്ന രാഹുലിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു.

"രാഹുൽ, മോൻ അകത്ത് കേറിപ്പോ... ദീപയെവിടെ എന്നു നോക്ക്..." കാര്യം മനസിലായ ഗീത രാഹുലിനെ അകത്തേക്ക് പറഞ്ഞു വിട്ടു.


"എന്താ രാഘവേട്ടാ...?"

"നിനക്ക് അവനെ കാണണം എന്നു പറഞ്ഞിട്ട്...? ഇന്ന് പോയി കാണാം... അരമണിക്കൂറിനകം ഞാൻ വരാം. നീ റെഡിയായിക്കോ...?"

"ഉംം..." അയാളെ നേരിട്ടു കണ്ടാൽ താൻ എങ്ങനെ പ്രതികരിക്കും...

രാഘവൻ പോയിട്ടും ഗീത മുറ്റത്തു തന്നെ നിന്നു പോയി. 


"അമ്മേ... എന്തിനാ എന്നെ വിളിച്ചേ...? ദീപയുടെ ചോദ്യമാണ് ഗീതയെ ചിന്തയിൽ നിന്നും ഉണർത്തിയത്.

"ഒന്നുമില്ല... അമ്മ ഒരിടംവരെ പോയിട്ട് വേഗം വരാം, മക്കൾ കതകടച്ചു കുറ്റിയിട്ട് അകത്തിരുന്നോണം. അമ്മ വന്നു വിളിക്കാതെ കതകുതുറക്കരുത് കേട്ടോ...?"

"കേട്ടു... അമ്മ എവിടെ പോവാ...?" രാഹുൽ ചോദിച്ചു.

"അമ്മ പോയി വന്നിട്ടു പറയാം... വേഗം വരും... രാഹുൽ മോളോട് വഴക്കുണ്ടാക്കരുത്."

"ഇല്ലമ്മേ..."


 ............    ............     .............


മുണ്ടക്കയത്ത് സ്റ്റാൻഡിൽ ബസിറങ്ങി റോഡ് ക്രോസ് ചെയ്ത് ഗീതയും രാഘവനും നടന്നു വരുന്നത് ഭാർഗ്ഗവൻ കാണുന്നുണ്ടായിരുന്നു. ഗീത കാണാതിരിക്കാൻ ഭാർഗ്ഗവൻ തൂണിനു മറഞ്ഞു നിന്നു. കുറച്ചുള്ളിലേയ്ക്ക് മാറിയുള്ള കൂൾബാറിൽ ഗീതയേയും കൂട്ടി രാഘവൻ എത്തി.


"നീ ഇവിടിരിക്ക് ഞാനിപ്പോൾ വരാം..." രാഘവൻ പറഞ്ഞു.

"രാഘവേട്ടാ... വേഗം വരണേ... എനിക്ക് ഇവിടൊന്നും പരിചയം ഇല്ല."

"നീ പേടിക്കാതെ. ഞാനിതാ എത്തി. രാഘവൻ ധൃതിയിൽ പുറത്തേക്ക് പോയി."


"ചേച്ചീ... കുടിക്കാൻ...?" ഒരു പയ്യൻ വന്നു ചോദിച്ചു.

"കുറച്ചു കഴിയട്ടെ, ഒരാൾ വരാനുണ്ട്..."

"ശരി..."

ഗീതയുടെ ശരീരത്തിന് ചൂടുകൂടി. ഒരു വിറയലും... കയ്യിലിരുന്ന തൂവാല കൊണ്ട് പലതവണ മുഖം തുടച്ചു. അധികം താമസിച്ചില്ല, രാഘവൻ കൂൾബാറിലെത്തി. 


ഗീതയുടെ കണ്ണുകൾ തിരഞ്ഞത് രാഘവൻ്റെ പുറകിലായി വന്ന ഭാർഗവനെ. മടിച്ചു മടിച്ച് ഭാർഗ്ഗവൻ ഗീതയ്ക്കടുത്തെത്തി. ഗീത കണ്ണുചിമ്മാതെ ഭാർഗ്ഗവൻ്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു. ഇരുന്നിടത്തു നിന്ന് ഒന്നനങ്ങാൻ പോലും ഗീതയ്ക്കായില്ല. അവൾ അവിടെ ഭാർഗ്ഗവനെ അല്ലാതെ മറ്റാരേയും കണ്ടില്ല.


"ഗീതേ..." ഭാർഗ്ഗവൻ മെല്ലെ വിളിച്ചു.

"ഉംം..." ഗീത അറിയാതെ മൂളി.

"നിനക്ക് എന്തോ എന്നോട് ചോദിക്കാൻ ഉണ്ടെന്ന് രാഘവൻ പറഞ്ഞു."

"ങേ... നിങ്ങളോ...?" ഗീതയ്ക്ക് അപ്പോളാണ് സ്ഥലകാലബോധം വന്നത്.

"ഗീതേ... നിനക്ക് ചോദിക്കാനുള്ളത് ചോദിക്ക്. ഇവിടെ നമ്മൾ മാത്രമല്ല. അതോർമ്മ വേണം..." രാഘവൻ ഓർമ്മപ്പെടുത്തി.

"നമുക്ക് പോകാം രാഘവേട്ടാ... കണ്ടു, അതുമതി..."


"ഗീതേ... നിനക്ക് എന്നോടൊന്നും പറയാനും ചോദിക്കാനുമില്ലേ...?" ഭാർഗ്ഗവൻ ഇടറിയ ശബ്ദത്തിൽ ചോദിച്ചു.

"ഉണ്ട്... ഒരുപാട് പറയാനും ചോദിക്കാനുമുണ്ട്. അതിനുള്ള ഉത്തരം ഉണ്ടാവില്ല."

"വാ രാഘവേട്ടാ, നമുക്ക് പോകാം..."

"ഗീതേ... എന്തെങ്കിലും ഒന്നു പറഞ്ഞിട്ടു പോ... മക്കൾ എന്നെ അന്വേഷിക്കുന്നുണ്ടോ...? ഗീതേ..." ഭാർഗ്ഗവൻ മനസ്സിൻ്റെ പിടിവിട്ടു ചോദിച്ചു പോയി.


"അവർ ചെറിയ കുട്ടികൾ ആണ്, അമ്മ പറയുന്നത് അവർ വിശ്വസിക്കും..." ഗീത കനപ്പിച്ചു പറഞ്ഞു. "ഒരു കാര്യമേ എനിക്ക് പറയാനും ചോദിക്കാനും ഉണ്ടായിരുന്നുള്ളൂ..."

"എന്താണേലും പറയൂ... എൻ്റെ മനസിൻ്റെ സമാധാനത്തിന്..."

"ശരിയാ, നിങ്ങളുടെ മാത്രമല്ല എൻ്റെ മനസ്സമാധാനത്തിനും കൂടി പറയുന്നു." 


 രാഘവനും ഭാർഗ്ഗവനും ഗീത പറയുന്നതെന്തെന്നറിയാൻ കാത്തു.

"തിരിച്ചു വരണം എന്നുണ്ടെങ്കിൽ വരാം. ഒരു തിരിച്ചു പോക്കുണ്ടാവില്ല എന്നുറപ്പിച്ചിട്ടു മാത്രം. വീണ്ടും പോകാനാണെങ്കിൽ മൂന്നു ശവങ്ങൾ അവിടെ നിങ്ങളെ കാത്തുണ്ടാവും... ആലോചിച്ചു തീരുമാനം എടുക്കുക... രാഘവേട്ടാ... പോകാം..." ഗീത ആദ്യം ഇറങ്ങി നടന്നു.


ഭാർഗ്ഗവന് ഗീത പറഞ്ഞത് ഉൾക്കൊള്ളാൻ അല്പ സമയം എടുത്തു. കാര്യം മനസിലായ ഭാർഗ്ഗവൻ നോക്കുമ്പോൾ ഗീതയും രാഘവനും റോഡ് ക്രോസ് ചെയ്തു ബസ്സ്റ്റാൻഡിൽ എത്തിയിരുന്നു.


 .............    ..............   ............


"മക്കളെ..." ഗീത കതകിൽ തട്ടി വിളിച്ചു.

ഗീതയുടെ ശബ്ദം കേട്ടിട്ടാവാം കതക് വേഗം തുറന്നു.

"ഗീതമ്മേ... എന്താ കൊണ്ടു വന്നെ...? ദീപ ഗീതയുടെ കയ്യിലിരുന്ന പായ്ക്കറ്റ് വാങ്ങി.

"അമ്മ എവിടെ പോയതാ...?" രാഹുലിന് അറിയേണ്ടത് അതായിരുന്നു.


"അമ്മ അച്ഛനെ കാണാൻ പോയതാ. അച്ഛന് തിരക്കാ. ഈ പലഹാരം അച്ഛൻ വാങ്ങി തന്നതാ, മക്കൾക്ക് തരാൻ..." ഗീത അത്രയും പറഞ്ഞിട്ട് അടുക്കളയിലേക്കു നടന്നു.

"ദീപ മോളെ... അച്ഛൻ നമുക്കു വേണ്ടി കൊടുത്തയച്ചതാ... എനിക്ക് അച്ഛനെ കാണാൻ കൊതിയാവുന്നു..."


"എനിക്ക് അച്ഛനെ കെട്ടിപിടിച്ചുറങ്ങണം ചേട്ടായി... ദീപ ബേക്കറി കവർ പൊട്ടിച്ചു. ചേട്ടായീ... ജിലേബി... ഇന്നാ ചേട്ടായിക്ക്... ദീപ കവറിൽ നിന്നും ഒരു ജിലേബിയെടുത്ത് രാഹുലിനു നീട്ടി."

അവരുടെ സംസാരം കേട്ട ഗീതയ്ക്ക് നെഞ്ചുപൊട്ടിപ്പോകുന്ന പോലെ തോന്നി. ഗീത നെഞ്ചിൽ അമർത്തിപ്പിടിച്ചു.


............    ...............    ...............


ഗീത കണ്ണു തുറക്കാൻ ശ്രമിച്ചു. കൺപോളകൾക്ക് നല്ല കനം. ആരുടെയൊക്കെയോ സംസാരം കേൾക്കുന്നുണ്ട്... ആരാണെന്നറിയാൻ കണ്ണുവലിച്ചു തുറന്നു.


ആദ്യം ഒരു മങ്ങൽ, കണ്ണുതിരുമാൻ കയ്യെടുത്തപ്പോൾ ആരോ കയ്യിൽ ബലമായി പിടിച്ചു. രണ്ടുമൂന്നു തവണ അടച്ചു തുറന്നപോൾ നന്നായി കാണാറായി. ആദ്യം കണ്ണിൽപെട്ടത് ഫാനാണ്...


"ങേ... ഞാനെവിടാണ്...?" ഗീത ചോദിച്ചു എങ്കിലും ശബ്ദം നേർത്തു പോയിരുന്നു.

"മക്കളേ... ദീപമോളെ... രാഹുൽ..."

"ഗീതേ... അവർ വീട്ടിൽ ഉണ്ട്..."

"ഈ ശബ്ദം..." ഗീത വിശ്വാസം വരാതെ ശബ്ദം കേട്ടിടത്തേക്ക് നോക്കി.  


തുടരും...


Rate this content
Log in

Similar malayalam story from Drama