വി റ്റി എസ്

Children Stories Drama Others

3  

വി റ്റി എസ്

Children Stories Drama Others

സിനിമാഭ്രാന്ത്

സിനിമാഭ്രാന്ത്

2 mins
173


സിനിമ ഭ്രാന്ത് 


(ഓർമ്മകളിൽ നിന്ന് )


.സമയം വൈകുന്നേരം അഞ്ചരമണി. 


ഗീതൂ...വേഗം വാ സിനിമ ഇപ്പോ തുടങ്ങും വാ എനിക്ക് ആദ്യം തൊട്ടുകാണണം 


രാധു മുറ്റത്തിറങ്ങിനിന്ന് ധൃതി കൂട്ടി.


നിക്കെടീ...വിളക്ക് തെളിക്കട്ടെ ..ഗീതു പറഞ്ഞു. 


എടീ അച്ഛൻ വന്നില്ലല്ലോ.. ചോദിക്കാതെ എങ്ങനെ പോകും. ..

ഗീതു വിഷമത്തോടെ പറഞ്ഞു.


പിന്നെ എന്നുവെച്ചാൽ നമ്മൾ തീയേറ്ററിൽ അല്ലെ പോകുന്നെ... തൊട്ടടുത്ത വീട്ടിൽ ടിവിയിൽ സിനിമ കാണാനാ പോകുന്നെ .രാധു ഇഷ്ടപ്പെടാത്ത രീതിയിൽ പറഞ്ഞു.


കഴിഞ്ഞ ആഴ്ച അച്ഛൻ വഴക്കുപറഞ്ഞതല്ലെ. കുറച്ചു നേരം നോക്കാം എന്നിട്ടും വന്നില്ലേൽ നമുക്ക് പോകാം. 


ഉംം ശരി..വേഗം വിളക്ക് വെക്ക്..

എന്തോ ഗീതു പറഞ്ഞത് രാധു സമ്മതിച്ചു. 


 ഗീതുവിൻ്റെ നേരെ ഇളയവളാണ് രാധു.

ഗീതു എട്ടിലും രാധു ആറിലും. ഇളയവളാണെങ്കിലും രാധൂന് ചേച്ചീടെ ഭാവമാണ്. പെട്ടെന്ന് അരിശം വരും നിർബന്ധ ബുദ്ധിക്കാരിയാണെങ്കിലും ഏതുകാര്യവും വരുന്നിടത്തുവെച്ചുകാണാം എന്ന മനോഭാവം ആവോളമുണ്ടുതാനും.


പതിനഞ്ചു മിനിറ്റ് പതിനഞ്ചു മണിക്കൂർ പോലെ കടന്നു പോയി. വഴിയിൽ കണ്ണുംനട്ടിരുന്ന രാധു എണീറ്റു. 


നീ വരുന്നോ ഇല്ലയോ... ഞാൻ പോവാ..

അമ്മേ..ഞങ്ങൾ സിനിമ കാണാൻ പോവാ...രാധു വിളിച്ചു പറഞ്ഞു. 


അച്ഛൻ വന്നിട്ട് പോ മക്കളെ .അങ്ങേരു വരുമ്പോൾ നിങ്ങളെ കണ്ടില്ലേൽ എന്നെ വഴക്കു പറയും. സുജാത പറഞ്ഞു. 


ഇല്ലമ്മെ..അതിനൊക്കെ വഴിയുണ്ട്. മമ്മൂട്ടിയുടെ സിനിമയാ... ഞങ്ങൾ പൊക്കോട്ടെ അമ്മെ...രാധു ചിണുങ്ങി


എന്നാ പോ. അവളുടെ ഒരു മമ്മൂട്ടി.. സുജാത അടുക്കളയിലേയ്ക്ക് പോയി. 


വാടീ...രാധു ഓടി പിറകെ ഗീതുവും. 


തൊട്ടടുത്ത വീടാണെങ്കിലും ഇത്തിരിദൂരം ഉണ്ട്. അവർചെല്ലുമ്പോൾ പടം തുടങ്ങിയിരുന്നു. 


ശ്ശെ പടം തുടങ്ങി. രാധു പിണക്കത്തോടെ പറഞ്ഞു. 

എഴുതികാണിക്കുന്നതല്ലെ ഉള്ളൂ..ഗീതു സമാധാനിപ്പിച്ചു. 


വരാന്തയിൽ ചുറ്റുവട്ടത്തുള്ള എല്ലാവരും ഉണ്ട്. 


രാധു തൂണിൽ ചാരിയിരുന്നു. 


നിങ്ങൾ എന്നാ താമസിച്ചെ..റീത്താമ്മചേച്ചി ചോദിച്ചു. 


അച്ഛനെ നോക്കിയിരുന്നതാ. ഗീതു പറഞ്ഞു


മിണ്ടാതിരിക്ക് പിള്ളേരെ.. ഗിരിജേച്ചി പോലീസ്മുറയിൽ പറഞ്ഞു. മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.  


അരമണിക്കൂർ ആയിക്കാണും എല്ലാവരും സിനിമയിൽ മുഴുകിയിരുന്നു.


ഗീതൂ...രാധൂ.... 

 അച്ഛൻ്റെ ശബ്ദം രാധു കേട്ടു.


എടീ അച്ഛൻ വന്നു. രാധു ഗീതുവിൻ്റെ ചെവിയിൽ പതുക്കെ പറഞ്ഞു. 


നീയിവിടെ ഇരുന്നോ ഞാനിപ്പോൾ വരാം .രാധു എണീറ്റ് മുറ്റത്തിറങ്ങിനിന്ന് നോക്കി. അച്ഛൻ മുറ്റത്ത് നിൽപ്പുണ്ട്.  


 എങ്ങനെ അച്ഛൻ കാണാതെ ചെല്ലും . നേരെ ചെല്ലാൻ പറ്റില്ല . എന്തുചെയ്യും. .രാധു അകത്തിരിക്കുന്നവർ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നുനോക്കി. ഇല്ല എല്ലാവരും സിനിമയിൽ ലയിച്ചിരിക്കയാണ്. 

പിന്നെ ഒട്ടും മടിച്ചില്ല. വീടിന്റെ പിറകിൽ കൂടി ഒറ്റ ഓട്ടം കാപ്പിയാണ് അവിടെ . റബ്ബർ ഷീറ്റ് അടിക്കുന്ന ഒരു മെഷീൻ പുരയും ഉണ്ട് . ഇടയ്ക്ക് ഞങ്ങൾ ഇവിടുത്തെ ടാപ്പിൽ നിന്നും വെള്ളം പിടിക്കാറുണ്ട്. നല്ലൊരു വഴിയും ഉണ്ട്. അച്ഛൻ്റെ മുന്നിൽ പെടാതെ ചെല്ലാം. രാധു ഓടി .അടുക്കളയിൽ എത്തി. 


 ഒന്നും അറിയാത്ത പോലെ നേരെ തിണ്ണയിൽ ചെന്നു. അച്ഛൻ ഷർട്ടൂരി തിണ്ണയിലെ അഴയിൽ ഇടുന്നതെ ഉള്ളൂ. രാധുവിൻ്റെ ശ്വാസം നേരെ വീണു. 


അച്ഛൻ വിളിച്ചോ...പാവം രാധു സ്നേഹത്തോടെ ചോദിച്ചു. 


ആ വിളിച്ചു ഗീതു എവിടെ ..?


ഞങ്ങൾ കറിവേപ്പില എടുക്കാൻ പോയതാ  അച്ഛൻ വിളിച്ചത് കേട്ട് ഞാൻ ഓടി വന്നതാ .ഗീതു താഴെ നിൽപ്പുണ്ട്. 

രാധു പതറാതെ പറഞ്ഞു. 


രാധു പറയുന്നത് കേട്ട സുജാത അന്തിച്ചു നിന്നു.


അമ്പടീ...കൊള്ളാലോ സുജാത മനസ്സിൽ പറഞ്ഞു.


 അച്ഛാ....


എന്താടീ...

ഞങ്ങൾ സിനിമയ്ക്ക് പൊക്കോട്ടെ..


നാമം ചൊല്ലിയൊ...


ആം ചൊല്ലി ..


സുജേ..നേരാണോ ഇവൾ പറയുന്നത്.. അച്ഛൻ അമ്മയോട് ചോദിച്ചു. 


രണ്ടുപേരും കുടി വേഗത്തിൽ ചൊല്ലിത്തീർത്തു. തൃപ്തിയില്ലാത്ത രീതിയിൽ സുജാത പറഞ്ഞു.


ശരി പൊക്കോ ..


കേട്ടപാതി കേൾക്കാത്തപാതി. രാധു ഒറ്റ ഓട്ടം. എല്ലാം കൂടി അഞ്ചു മിനിറ്റ്.

അതും പരസ്യത്തിൻ്റെ സമയം. .


ബ്രേക്ക് കഴിഞ്ഞു പടം തുടങ്ങിയതും രാധു ഗീതുവിനടുത്തെത്തി ഇരുന്നു. 


എടീ അച്ഛൻ...? 


അച്ഛൻ സമ്മതിച്ചു. പോകുമ്പോൾ കറിവേപ്പില എടുക്കാൻ മറക്കരുത് അത്രെ ഉള്ളൂ.. 


ങേ...


ഗീതുവിന് കാര്യം പിടികിട്ടിയില്ല. 


ബാക്കി കാര്യങ്ങൾ ഗീതുവിനു വിട്ട്. രാധു ടിവിയിൽ മിഴി നട്ടു. 


ബാല്യം മനോഹരം . 



Rate this content
Log in