Beena Melazhi

Children Stories Comedy Children

4.0  

Beena Melazhi

Children Stories Comedy Children

നാടോടികഥയുടെ പുനരാഖ്യാനം പണിക്കരും കൊഴുക്കട്ടയും

നാടോടികഥയുടെ പുനരാഖ്യാനം പണിക്കരും കൊഴുക്കട്ടയും

1 min
142


 


ഒരിടത്തൊരു ജോത്സ്യനുണ്ടായിരുന്നു. പണിക്കർ എന്നാണ് എല്ലാവരും വിളിക്കുന്നത്. ഒരു ദിവസം ദൂര സ്ഥലത്ത് രാശി വെക്കാൻ പോയി. അതിരാവിലെ തന്നെ പുറപ്പെട്ടു. ആ വീട്ടിൽ എത്തിയതും അവർ ആദ്യം തന്നെ ചായ കുടിക്കാൻ വിളിച്ചു, പണിക്കർക്ക് ചായയും പലഹാരവും കൊടുത്തു. പണിക്കർക്ക് പലഹാരo വളരെ ഇഷ്ടപ്പെട്ടു. വീണ്ടും വീണ്ടും കഴിച്ചു. 


രാശി വെക്കലൊക്കെ കഴിഞ്ഞ് മടങ്ങുമ്പോൾ വീട്ടുകാരോട് പണിക്കർ പലഹാരത്തിന്റെ പേര് ചോദിച്ചു. കൊഴുക്കട്ടയാണെന്ന് പറഞ്ഞു കൊടുത്തു. പണിക്കർ പേര് മനസ്സിൽ ഓർത്തുവെച്ചു. മറക്കാതിരിക്കാൻ "കൊഴുക്കട്ടപ്പം കൊഴുക്കട്ടപ്പം " എന്നു വഴി നീളെ പറഞ്ഞു കൊണ്ടിരുന്നു. 


വഴിയിൽ ഒരു തോട് ചാടിക്കടക്കാനുണ്ട്. പണിക്കർ തോട് ചാടുമ്പോൾ "തിത്തൈ " എന്നു പറഞ്ഞു പോയി. പിന്നെ അപ്പത്തിന്റെ പേര് മാറി "കൊഴുക്കട്ടപ്പം " എന്നത് "തിത്തൈതപ്പം " എന്നു പറഞ്ഞാണ് വീട്ടിൽ വന്നത്. വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു. " ഇന്ന് പോയ വീട്ടിലെ പലഹാരം നല്ല സ്വാദായിരുന്നു .തിത്തൈതപ്പം. വേഗം അടുക്കളയിൽ പോയി തിത്തൈതപ്പം ഉണ്ടാക്ക് " . 


ഭാര്യ അന്തം വിട്ടു പോയി. "എന്താണ് നിങ്ങൾ പറയുന്നത്.തിത്തൈതപ്പോ. ഞാൻ കേട്ടിട്ടുപോലുമില്ല." പണിക്കർക്ക് ദേഷ്യം വന്നു."നിനക്ക് പറഞ്ഞാൽ കേൾക്കാൻ വയ്യാലേ." എന്നു പറഞ്ഞ് വലിയ മുട്ടൻ വടിയെടുത്ത് ഭാര്യയെ അടിക്കാൻ തുടങ്ങി. അടി കൊണ്ട് അവശയായി ഭാര്യ. ഒരു വിധം പണിക്കർക്കും കലിയടങ്ങി. കരഞ്ഞ് മുഖം വീർപ്പിച്ച് ഭാര്യയും ഇരുന്നു. 


പിന്നെ പണിക്കർ പറഞ്ഞു: " തോട് കടന്നപ്പൊ വെളളത്തിൽ പോയി തോന്നുണു. " 


" എന്നാ പോയി നോക്കെന്ന് ഭാര്യയും ". 


പണിക്കർ തോട്ടിൽ പോയി വെള്ളം വാർത്തു വറ്റിച്ചു. എന്നിട്ടും പേര് കിട്ടീല്ല. 


കുറെ നേരം കഴിഞ്ഞ് മടങ്ങി വന്ന പണിക്കരോട് ഭാര്യ "മനുഷ്യാ നിങ്ങടിച്ച ഭാഗങ്ങളൊക്കെ കൊഴുക്കട്ടപ്പം പോലെയായി " ഇത് കേട്ടതും പണിക്കർ തുള്ളിച്ചാടി. "എടി കിട്ടി കിട്ടി. കൊഴുക്കട്ടപ്പം ". "നിങ്ങക്കിത് നേരത്തെ വായ തുറന്ന് പറഞ്ഞൂടെ " എന്നും പറഞ്ഞ് ഭാര്യ ദേഷ്യത്തോടെ ഒരു നോട്ടവുമായി അകത്തേക്ക് പോകുന്നതും നോക്കി ഇളിഭ്യനായി പണിക്കർ നിന്നു.



Rate this content
Log in