Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Romance


3  

Sabitha Riyas

Romance


മറിയം

മറിയം

9 mins 157 9 mins 157

കുരുത്തോലയും കയ്യിലെന്തി "ദാവീതിന്റെ പുത്രന് ഓശാന" എന്ന് ആർത്തു പാടിക്കൊണ്ട് ഇടവക പള്ളിയിലെ തിരുരൂപത്തിന് മുൻപിൽ പ്രദക്ഷിണം വയ്ക്കുന്ന നേരം മറിയം തനിക്ക് എതിരെ വന്ന ആളെ കൂട്ടിയിടിച്ചു വീഴാൻ പോയി. അടുക്കും ചിട്ടയോടെ നിരനിരയായി നടന്നു പോയിക്കൊണ്ടിരുന്ന ആളുകളുടെ വഴി തെറ്റിച്ചു, താഴേക്ക് തെന്നി വീഴാൻ തുടങ്ങിയ അവളെ മെലിഞ്ഞതും എന്നാൽ ബലിഷ്ഠവുമായ രണ്ടു കരങ്ങൾ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. ഇടതു കയ്യിലിരുന്ന കുരുത്തോലയുടെ മറ നീക്കി മറിയം തന്റെ രക്ഷകന്റെ മുഖത്തേക്ക് നോക്കി. "തോമസ്സ് സാർ..." മറിയത്തിന് പൊടുന്നനെ എന്തെന്ന് തിരിച്ചറിയാത്ത തരമൊരു ലജ്ജ തോന്നി... മറിയത്തിന് അന്ന് പ്രായം പതിനാല്...


കരിമണ്ണൂർ ചെറിയ പള്ളിയുടെ അരികിലായ് ആറാം ക്ലാസ്സ്‌ മുതൽക്കേ മറിയം ട്യൂഷന് പോകുന്ന ട്യൂഷൻ സെന്ററിലേ അധ്യാപകനായിരുന്നു തോമസ്സ്‌. ആ സ്ഥാപനത്തിലേ പ്ലസ്ടു വിഭാഗം വിദ്യാർഥികൾക്ക് ചരിത്രവും ഭൂമിശാസ്ത്രവും ട്യൂഷനെടുക്കുന്നത് തോമസ്സാണ്... ആ സ്ഥാപനത്തിലെ പെൺപട മൊത്തത്തിൽ സുന്ദരനായ തോമസ്സിന്റെ പിന്നാലെയായിരുന്നു. പ്ലാന്തോട്ടത്തിലേ വർഗീസ് മാപ്പിളയുടെ ഇളയ മകനായിരുന്നു തൊമ്മിക്കുഞ്ഞ് എന്ന ചെല്ലപ്പേരുള്ള തോമസ്സ്‌. ട്യൂഷൻ കഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിന്റെ അകത്തിരിക്കുന്ന തോമസ്സിന്റെ ചുറ്റും കൂടി നിന്ന് കൊഞ്ചി കുഴയുന്ന ചില പ്ലസ്‌ടു ചേച്ചിമാരെ തിരിഞ്ഞു നോക്കി മറിയവും സഹപാഠികളും മെല്ലെ നടക്കും.


"ടീ മാക്രി, അവളുമാരെ പോലെ തൊമ്മി സാറിന്റെ ക്ലാസ്സിൽ ഇരുന്നു അങ്ങേരെ വായി നോക്കണം എങ്കിൽ നമ്മളും പത്താം ക്ലാസ്സ് ജയിച്ചു കയറണ"മെന്ന് അശ്വതി ഇതുപോലെയുള്ള രംഗങ്ങൾ കാണുമ്പോൾ മറിയത്തോട് ഇടയ്ക്കിടക്ക് കളിയായി പറയാറുണ്ട്.


തൊടുപുഴ ടൗണിൽ ചെറിയൊരു പലചരക്കു കട നടത്തുന്ന ലാസറിനും ഭാര്യ അന്നകുട്ടിക്കും പെൺകുട്ടികൾ നാല്. ലിസി, സിമ്മി, സിജി, മറിയം. ഏറ്റവും ഇളയകുട്ടി ആയതിനാൽ എല്ലാവരും മറിയത്തെ കൊഞ്ചിച്ചു വഷളാക്കിയിരുന്നു... മൂത്ത സഹോദരിമാർ വിവാഹം കഴിഞ്ഞും, ബിരുദപഠനത്തിനുമായി കൊച്ചിയിലേക്ക് യാത്ര പറഞ്ഞു പോയ നാൾ തൊട്ട് മറിയം ആ വീട്ടിൽ ഒറ്റയ്ക്കാണ്.


പ്ലസ്ടു കഴിഞ്ഞാൽ നിന്നെ മുന്നോട്ട് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല മഠത്തിൽ ചേർക്കാനാണ് എന്ന് അമ്മച്ചി കൂടെ കൂടെ അവളെ ഓർമ്മിപ്പിക്കുമായിരുന്നു... മനസ്സിൽ പാറി പറന്നു നടന്നിരുന്ന വിവിധ തരം വർണ്ണശലഭങ്ങളെ ഒന്നാകെ ദിശ തിരിച്ചു പറത്തി വിടാൻ മറിയം അന്ന് മുതൽ പഠിച്ചു തുടങ്ങി.


ഞായറാഴ്ചകളിൽ അമ്മച്ചിക്ക് ഒപ്പം മറിയം ഇടവക പള്ളിയിലേക്ക് കുർബാന കൂടാൻ പോകുന്നത് പ്ലാന്തോട്ടത്തുകാരുടെ പറമ്പിൽ കൂടെ ആയിരുന്നു... തോമസ്സ്‌ സാറിനെ ഇതിനു മുൻപ് പലപ്പോഴും ആ വീടിന്റെ സമീപത്തു വച്ചും, ട്യൂഷൻ സെന്ററിൽ വച്ചും നിരവധി തവണ കണ്ടിട്ട് ഉണ്ടെങ്കിലും ഇന്ന് ഈ നിമിഷം തോന്നിയ പോലൊരു നാണം മറിയത്തിന് ഇതിനു മുൻപ് ഒരിക്കലും തോന്നിയിരുന്നില്ല. അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. കാലിടറി വീഴാൻ പോയ നേരം അവളുടെ തലയിൽ നിന്നും തെന്നി മാറിയ ഷാൾ പിടിച്ചു നിവർത്തി മറിയത്തിന്റെ കഴുത്തിനിടയിലേക്ക് ചേർത്ത് വച്ചു തോമസ്സ്‌ പറഞ്ഞു,


""തറയിൽ കാലുറപ്പിച്ചു നടക്കാൻ പഠിക്ക് കൊച്ചേ ... ഇവിടെ എങ്ങാനും മറിഞ്ഞു വീണിരുന്നേ ഇപ്പോൾ കാണ്മായിരുന്നു... ഈ ചിരിയൊക്കെ ചുമന്നേനെ... ആ ഷാൾ പിടിച്ചു നേരെയിട്, എന്നിട്ട് പോകാൻ നോക്ക്... വരി അങ്ങ് എത്താറായി ..."


 താൻ പറയുന്നത് എല്ലാം കേട്ടിട്ടും ചിരിച്ചു കൊണ്ടു നിൽക്കുന്ന മറിയത്തിന്റെ കയ്യിലേക്ക് തന്റെ കൈവശം ഇരുന്ന കുരുത്തോലകൾ കൂടെ നൽകിയിട്ട് തോമസ്സ്‌ പള്ളിയുടെ പുറത്തേക്ക് നടന്നു... മറിയത്തിന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല... കാഴ്ചകൾ എല്ലാം മങ്ങുന്ന പോലെ... അവൾ കരഞ്ഞു തുടങ്ങി... ഇതുവരെയും ശാന്തമായി കിടന്നിരുന്ന അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ കടലിരമ്പം ആ നൊടി മുതൽ മുഴങ്ങി തുടങ്ങി...


അന്നത്തെ ഓശാനയ്ക്ക് ശേഷം മറിയം കർത്താവിന്റെയല്ല തോമസ്സിന്റെ മണവാട്ടിയാകാൻ കൊതിച്ചു. ഒരിക്കലും നടക്കാത്തൊരു സ്വപ്നമാണ് തോമസ്സ്‌ എന്ന് അവളുടെ മനസ്സ് മറിയത്തെ പറഞ്ഞു തിരുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു...


പള്ളിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയ മറിയം മറ്റൊരാളായി മാറിയിരുന്നു. അവൾക്ക് അന്നത്തെ രാത്രിയിൽ ഉറങ്ങാനേ കഴിഞ്ഞില്ല. അന്നത്തെ രാത്രി എന്നല്ല തുടർന്നുള്ള ഓരോ രാത്രിയിലും നിദ്ര അവളുടെ മിഴികളെ തേടി വന്നില്ല. കഴിഞ്ഞ രാത്രി വരെയും കുഞ്ചാക്കോ ബോബനും പ്രിത്വിരാജും നായകന്മാരായി നിറഞ്ഞു നിന്നിരുന്ന അവളുടെ സ്വപ്നങ്ങളിൽ അന്നത്തെ രാത്രി മുതൽ തോമസ്സ്‌ സാറിന്റെ മുഖം തെളിഞ്ഞു. സൂര്യൻ നാളെ എപ്പോൾ ഉദിക്കും എന്നോർത്ത് മറിയം കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു...


വീട്ടിൽ ഇരുന്നിട്ട് സമാധാനം കിട്ടാതെ പിറ്റേന്ന് വെളുപ്പിനെ തന്നെ അവൾ തോമസ്സിന്റെ വീടിന്റെ അതിരിൽ താമസിക്കുന്ന സഹപാഠി അശ്വതിയുടെ വീട്ടിലേക്ക് ചെന്നു... കാര്യം ഒന്നും പറയാതെ അശ്വതിയെയും കൂട്ടി മറിയം  തോമസ്സിന്റെ വീടിനു ചുറ്റുമായി കാണപ്പെട്ടിരുന്ന റബ്ബർ തോട്ടത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ നടക്കാൻ തുടങ്ങി.


"ഇവൾക്കിത് എന്നാത്തിന്റെ  ഏനക്കെടാ?" എന്നോർത്തു അശ്വതി തല പുകച്ചു... പെട്ടന്ന് അവർ ഇരുവർക്കും മുന്നിലേക്ക് തോമസ്സ്‌ കടന്നു വന്നു. മറിയത്തിന് പേര് പറയാൻ കഴിയാതൊരു തരം വെപ്രാളം ദേഹമാകെ പടർന്നു പിടിക്കാൻ തുടങ്ങി... തോമസ്സിന്റെ മുഖത്തേക്ക് നോക്കാതെ താഴെ നിലത്തു നോക്കി നിന്ന് മുൻപോട്ടും പിന്നോട്ടും ആടുന്ന മറിയത്തെ നോക്കി തോമസ്സും അശ്വതിയും ഒരുപോലെ ആശയക്കുഴപ്പത്തിലായി.


മറിയത്തിന്റെ പ്രകടനത്തിൽ എന്തോ പന്തികേട് തോന്നിയ അശ്വതി വെള്ളില താളി പൊട്ടിച്ചെടുക്കാൻ പറമ്പിലേക്ക് വന്നതാണ് എന്ന് തോമസ്സിനോട് തിടുക്കത്തിൽ പറഞ്ഞിട്ട് മറിയത്തെയും കൂട്ടി പോകുന്നു... എന്നാൽ പോകുന്ന വഴിയിൽ തന്റെ നേർക്ക് നീണ്ടു നീണ്ടു വരുന്ന മറിയത്തിന്റെ മിഴികളുടെ തിളക്കം തോമസ്സിന് പുതുതായിരുന്നു.


പിന്നീട് അങ്ങോട്ടുള്ള ഓരോ ദിനവും വഴിയരികിലും ട്യൂഷൻ സെന്ററിൽ വച്ചും, പ്ലാന്തോട്ടത്തെ റബ്ബർ തോട്ടത്തിന്റെ അതിരിലും തനിക്ക് പിന്നാലെ വരുന്ന മറിയത്തിന്റെ മിഴികളുടെ തീവ്രത തോമസ്സ്‌ തിരിച്ചറിഞ്ഞു... അവളുടെ പ്രായത്തിന്റെ ചാപല്യം എന്ന് കരുതി അവൻ മറിയത്തെ അവഗണിച്ചു... മറിയത്തിന് പോലും അറിയില്ലായിരുന്നു തനിക്ക് തോമസ്സിനോട് തോന്നുന്ന ഈ വികാരത്തിന്റെ പേര് എന്താണെന്ന്...


ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ദ്രുതഗതിയിൽ കടന്നു പോയി. അവസാനം മറിയം പത്താം ക്ലാസ്സ്‌ എന്ന കടമ്പ ചാടി കടന്നു തോമസ്സിന്റെ ക്ലാസ്സിലേക്ക് എത്തി. പത്താം ക്ലാസ്സിൽ നല്ല മാർക്ക് ഉണ്ടായിരുന്നിട്ടും ചേച്ചിമാരെ പോലെ പ്ലസ്ടു വിന് സയൻസ് ഗ്രൂപ്പ്‌ തിരഞ്ഞെടുക്കാതെ മറിയം തോമസ്സിനെ തിരഞ്ഞെടുക്കുന്നു. സ്വന്തം വീടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കാൻ മനസ്സ് കാണിക്കാത്ത മറിയം പിന്നീട് അങ്ങോട്ട് ഉറക്കം കളഞ്ഞു കുത്തിയിരുന്ന് ചരിത്രം പഠിക്കാൻ തുടങ്ങി.


വടിവോത്ത പുരികങ്ങൾ, ചെറിയതും വിടർന്നതുമായ കറുത്ത കണ്ണുകൾ, നീണ്ട മൂക്ക്, തവിട്ട് നിറമാർന്ന അധരങ്ങൾ, ഷേവ് ചെയ്യാത്തതിനാൽ കുറ്റിരോമങ്ങൾ നിറഞ്ഞു നിൽക്കുന്ന കവിളുകൾ ... മറിയത്തിന്റെ ശ്രദ്ധ മുഴുവനും തോമസ്സിന്റെ ചരിത്രം പഠിച്ചെടുക്കുന്നതിലായിരുന്നു. തോമസ്സ്‌ ക്ലാസ്സിൽ താനൊഴികെയുള്ള ഏതൊക്കെ പെൺകുട്ടികളോട് മിണ്ടുന്നു, തന്നെയല്ലാതെ മറ്റാരെങ്കിലും നോക്കുന്നുണ്ടോ, ചിരിക്കുന്നുണ്ടോ, എന്ന് തുടങ്ങി തോമസിന്റെ അടിമുടി ചലന ചരിത്രം പഠിച്ചു കൊണ്ടവൾ തോമസ്സിന്റെ ക്ലാസ്സിൽ അവനെ സ്വപ്നം കണ്ടിരുന്നു ...


ഒന്നാം വർഷം ഏകദേശം തീരാറായി. ഇതിനിടയിൽ  കണ്ണിമ ചിമ്മാതെ തന്നെ നോക്കിയിരുന്നു ദിവാസ്വപ്നം കാണുന്ന മറിയത്തെ തോമസ്സും പതിയെ ശ്രദ്ധിച്ചു തുടങ്ങി... കാലം അവളുടെ ഉടലിൽ തുന്നി ചേർത്ത മിനുക്കുപണികൾ മറിയത്തിന്റെ പ്രണയത്തിനു മാറ്റ് കൂട്ടുന്നത് ആയിരുന്നു... തോമസ്സിന്റെ ക്ഷോഭം നിറഞ്ഞ ഒരു നോട്ടത്തിന് പകരമായി പ്രണയം നിറഞ്ഞ ഒരായിരം മറു നോട്ടങ്ങൾ പകരമായി നൽകി മറിയം സന്തോഷം പൂണ്ടു...


ഒരു ദിവസം പതിവ് പോലെ ക്ലാസ്സെടുക്കുന്ന നേരം തന്നെ നോക്കി ചിരിക്കുന്ന മറിയത്തിന്റെ കണ്ണുകളുമായി തോമസ്സിന്റെ മിഴികൾ കൂട്ടി മുട്ടി. മറിയത്തിന്റെ മിഴികളിൽ നിറഞ്ഞിരുന്ന പ്രണയത്തിന്റെ ആഴക്കടലിലേക്ക് തോമസ്സ്‌ അറിയാതെ വഴുതി വീഴാൻ പോയി... കാര്യം കൈവിട്ട് പോകുന്നു എന്ന് മനസ്സിലാക്കിയ തോമസ്സ്‌ അന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു തന്നെ കണ്ടിട്ട് വീട്ടിൽ പോയാൽ മതി എന്ന് മറിയത്തോട് പറയുന്നു.


മറിയത്തിന്റെ നെഞ്ചിൽ പഞ്ചാരി മേളം തുടങ്ങി. ക്ലാസ്സ്‌ തീരാനായി അവൾ അക്ഷമയോടെ കാത്തിരുന്നു. അവസാനം ആ അവസരം ആഗതമായി. മറിയത്തിന്റെ മൂന്നു വർഷത്തെ കാത്തിരിപ്പിന് അന്നത്തെ സായംസന്ധ്യയിൽ സമാപന സമ്മേളനമായി..


ക്ലാസ്സ്‌ തീർന്നതും കുട്ടികൾ ഓരോരുത്തരായി പോകാൻ തുടങ്ങി. അവസാനം ക്ലാസ്സിൽ അവളും തോമസ്സും മാത്രം അവശേഷിച്ചു... തോമസ്സിന്റെ മുഖത്തേക്ക് പതറി പതറി നോട്ടം പായിച്ചു കൊണ്ടു മറിയം വിറയലോടെ നിന്നു. തോമസ്സ്‌ അന്നാദ്യമായി അവളെ അടുത്തു കാണുകയായിരുന്നു. വളെരെ അടുത്ത്...


"എന്റെ മാതാവേ, കാര്യങ്ങൾക്ക് എല്ലാം നീ ഇന്നൊരു നീക്കു പോക്ക് ഉണ്ടാക്കി തരണേ... ഒരു 25... അല്ല മുപ്പത് മെഴുകുതിരി കുരിശ്ശടിയിൽ കൊളുത്താമേ ഞാൻ ..."


തോമസ്സിന്റെ കണ്ണുകൾ അവളുടെ മുഖത്ത് ഒഴുകി നടന്നു. ഈ സമയം എല്ലാം മറിയം മാതാവിനോട് ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു, തോമസ്സിനോട് തന്റെ മനസ്സിന്റെ വെമ്പൽ അറിയിക്കാൻ ധൈര്യം നൽകണേ എന്ന്. അവൾ പതിയെ മുഖം ഉയർത്തി... തോമസ്സ് പറയുന്നതും ഒന്നും തനിക്ക് കേൾക്കാൻ താല്പര്യമില്ല എന്ന മട്ടിൽ മറിയം ലാസർ എന്ന മറിയാമ്മ തന്റെ ഹിസ്റ്ററി അധ്യാപകന്റെ മുഖത്തേക്ക് നോക്കി നിന്നു സ്വപ്നം കാണാൻ തുടങ്ങി. തോമസ്സ്‌ കുറച്ചു നേരം ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു. പിന്നീട് എന്തോ ആലോചിച്ചു ഉറപ്പിച്ചത് പോലെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന മറിയത്തോട് പറഞ്ഞു.


"മറിയം... നീ പതിനേഴ് വയസ്സ് മാത്രം പ്രായമുള്ളൊരു ചെറിയ പെൺകുട്ടിയാണ് ... എനിക്ക് വയസ്സ് ഇരുപത്തിയേഴും... എല്ലാത്തിനും ഉപരി ഞാൻ നിന്റെ അധ്യാപകനാണ് ... നിനക്ക് ആ ബോധം ഇല്ലെങ്കിലും എനിക്ക് അത് വേണ്ടേ മറിയം...???എന്തെങ്കിലും പൊട്ടത്തരം നിന്റെ മനസ്സിൽ മൊട്ടിട്ട് ഉണ്ടെങ്കിൽ നീ അതെല്ലാം മറന്നു നാലക്ഷരം പഠിക്കാൻ നോക്ക്... ഇനി... എന്റെ ക്ലാസ്സിൽ തുടർന്ന് ഇരിക്കണം എങ്കിൽ നീ എന്റെ മുഖത്തേക്ക് നോക്കാനേ പാടില്ല... എനിക്ക് ബുദ്ധിമുട്ടാണ് നിന്റെ പ്രെസെൻസ്... ഇത്രയ്ക്ക് ഒന്നും വിശദീകരിക്കേണ്ട കാര്യമില്ല... ഞാൻ പറഞ്ഞുവെന്നേ ഉള്ളൂ... മോളുടെ ഇത്തരം വട്ടുകളെ പറ്റി നിന്റെ അപ്പനോട് ഞാൻ പറയെട്ടെ ...??? ഇനി തൊട്ട് മര്യാദക്ക് അടങ്ങി ഒതുങ്ങി എന്റെ ക്ലാസ്സിൽ ഇരുന്നോളണം നീ... അല്ലെങ്കിൽ നിന്റെ ഈ ട്യൂഷൻ വരവ് ഞാൻ അങ്ങ് നിർത്തിക്കും..." മറിയത്തിന്റെ മുഖത്ത് ജ്വലിച്ചു നിന്നിരുന്ന പ്രകാശം പൊടുന്നനെ കെട്ടു.


"പറയരുത്... ഇനി... ഇനി... ഒന്നും പറയരുത്... എനിക്ക് നെഞ്ച് വേദന എടുക്കുന്ന പോലെ... "


മറിയം അറിയാതെ വിതുമ്പി പോയി. അടക്കി പിടിച്ച വിങ്ങൽ അത്രയും കണ്ണീരായി അണപ്പൊട്ടി ഒഴുകി. അവളുടെ മിഴികളിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികൾ തന്നെ തളർത്തുന്നുവെന്നു തോമസ്സ്‌ മനസ്സിലാക്കി. പക്ഷേ എന്തിന് എന്ന് മാത്രം അവന് മനസ്സിലായില്ല. അവന്റെ കണ്ണുകളിൽ അകാരണമായൊരു കുറ്റബോധവും ദേക്ഷ്യവും ഉടലെടുത്തു.


"ഞാൻ നിന്നെ മറ്റൊരു കണ്ണിലൂടെ കണ്ടിട്ടില്ല മറിയം... ഞാൻ നിന്നെ ശ്രദ്ധിച്ചു ഒന്ന് നോക്കുന്നത് പോലും ഇപ്പോഴാണ്... നിനക്ക് പതിനെട്ടു വയസ്സ് ഒന്ന് കഴിഞ്ഞോട്ടെ, നിന്റെ അപ്പനോട് പറഞ്ഞു നല്ലൊരു മാപ്പിളയെ ഞാൻ തന്നെ കണ്ടു പിടിച്ചു തരാം... എന്നോട് നിനക്ക് ഇപ്പോൾ തോന്നുന്ന ഈ അടുപ്പം ഒരു തരം ആകർഷണം മാത്രമാണ്..."


തല കുനിച്ചു കുറ്റവാളിയെ പോലെ നിൽക്കുന്ന മറിയത്തെ സമാധാനിപ്പിക്കാൻ എന്ന പോലെ തോമസ്സ്‌ അലസമായി പറഞ്ഞു. വാർന്നോഴുകുന്ന മിഴികൾ തുടച്ചു മറിയം ബാഗ് നെഞ്ചോട് അമർത്തി ചേർത്ത് പിടിച്ചു നിന്നു. തോമസ്സിന് അവളോട് ആ നൊടി എന്തെന്നില്ലാത്ത വാത്സല്യം തോന്നി. അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. മറിയം ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി. പെട്ടന്ന് തോമസ്സ്‌ അവളുടെ കയ്യിൽ പിടിച്ചു തന്റെ അടുത്തേക്ക് മറിയത്തെ ചേർത്തു നിർത്തി. കഴിഞ്ഞ നൊടിയിൽ നെഞ്ചിൽ കുഴിച്ചു മൂടിയ പ്രണയം വീണ്ടും മുളപൊട്ടി നാമ്പിടുന്നത് അവൾ അറിഞ്ഞു. തോമസ്സിന്റെ നിശ്വാസത്തിന്റെ ചൂട് കഴുത്തിൽ തട്ടിയതും അവന്റെ മാറിലേക്ക് ചാഞ്ഞു വീണു പൊട്ടിക്കരയാനാണ് മറിയത്തിന് തോന്നിയത്. ഇനി ഈ ജന്മം ആ ഒരു ഭാഗ്യം തനിക്ക് ഇല്ലെങ്കിലോ എന്ന് ഓർത്ത് അവൾ നൊമ്പരപ്പെട്ടു. മറിയത്തിന്റെ മിഴിനീർ തന്റെ മാറിനെ നനച്ചു തുടങ്ങിയതും തോമസ്സ്‌ അസ്വസ്ഥനായി.


"എനിക്ക്... മാപ്പിളയേ... തേടി സാർ... അ...അപ്പനെ കാണണ്ട... ഞാൻ... ഞാൻ... ഇനി... സാറിനെ നോക്കില്ല... അടുത്ത വർഷം... കൂ... കൂടെ കഴിഞ്ഞാൽ അപ്പൻ എന്റെ പഠിപ്പ് നിർത്തും... ഞാനേ മഠത്തിൽ  ചേരാൻ പോകുവാണ്... എല്ലാം... എന്റെ...മാത്രം തെറ്റാണ്... ഞാൻ... സാറിനോട്... ഒന്നും... ഒന്നും...പറഞ്ഞിട്ടില്ലാലോ... ദയവ് ചെയ്തു അപ്പനോട് ഒന്നും പറയരുത്... ഞാൻ... ഞാൻ...ഇനി തൊട്ട്... ക്ലാസ്സിൽ സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല... കർത്താവാണേ സത്യം... എന്നെ... എന്നെ... തിരിച്ചു സ്നേഹിക്കാൻ, ഇഷ്ടപ്പെടാൻ... സാറിനോട് ഞാൻ പറഞ്ഞില്ലാലോ... പിന്നെ എന്തിനാ... ഇങ്ങനെ...?? മരിക്കുന്നത് വരെയും സാറിനെ ഓർക്കാൻ എനിക്കും എന്തെങ്കിലും ഒക്കെ വേണ്ടേ... അത് കൊണ്ടാണ് സാറിനെ ഞാൻ നോക്കിയിരിക്കുന്നത് ... ഒന്നും പറയാതെ തന്നെ ഞാൻ സാറിന് ശല്യമായി മാറി തുടങ്ങിയത് എപ്പോഴാണ് എന്ന് എനിക്കറീല... കുറച്ചു നാൾ കൂടെ... ഞാൻ... ഇങ്ങനെ... ഇത്രയും... അടുത്ത്  സാറിനെ... കണ്ടോട്ടെ... വേണ്ട... എന്ന് മാത്രം... പറയരുത്... എനിക്ക് ഭ്രാന്ത്‌ വരും... "


തന്റെ മാറിൽ മുഖം ചേർത്തു വച്ചു മറിയം പറഞ്ഞ വാക്കുകൾ ഓരോന്നും തോമസ്സ്‌ ഞെട്ടലോടെയാണ് കേട്ടു നിന്നത്. ഒന്നും മിണ്ടാതെ അവനിൽ നിന്നും അകന്നു മാറി മറിയം തിരിഞ്ഞു നടക്കുമ്പോൾ തോമസ്സിന്റെ ശ്വാസഗതി താളം തെറ്റിയിരുന്നു. അവന്റെ സമാധാനം നഷ്ടപ്പെട്ടു. കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. മറിയത്തിന്റെ രൂപം തോമസ്സിന്റെ കണ്ണീരിനുള്ളിൽ അലിഞ്ഞു ചേർന്നു... ഇടറിയ അവളുടെ സ്വരത്തിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹം അവനെ വേദനിപ്പിച്ചു.


ആദ്യമായി മറിയത്തെ ഒന്നുടെ അടുത്ത് കാണാൻ തോമസ്സ്‌ ആഗ്രഹിച്ചു. തോമസ്സ്‌ തിടുക്കത്തിൽ ക്ലാസിനു പുറത്തേക്ക് ഇറങ്ങി ചുറ്റിനും നോക്കി. ആരുമില്ല... ട്യൂഷൻ സെന്ററിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിലുട നീളം തോമസിന്റെ മനസ്സ് കലുഷിതമായിരുന്നു. അന്ന് രാത്രിയിൽ അവന്റെ ഉറക്കം നഷ്ടപ്പെട്ടു. മറിയത്തെ താൻ എന്നാണ് ആദ്യമായി കണ്ടതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു തോമസ്സ്‌ ഉറക്കം നഷ്ടപ്പെട്ട് കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. നാല്, അഞ്ച്, ആറ് എന്ന് പറഞ്ഞു ചുവരിലെ ക്ലോക്കിന്റെ സൂചികൾക്ക് ഒപ്പം സമയം എണ്ണി തിട്ടപെടുത്തി തോമസ്സ്‌ നേരം പുലരാൻ കാത്തിരുന്നു.


പിറ്റേന്ന് രാവിലെ ട്യൂഷൻ സെന്ററിൽ എത്തിയ അവന്റെ മിഴികൾ മറിയത്തെ തേടി നടന്നു. ക്ലാസ്സിന്റെ ഒഴിഞ്ഞൊരു മൂലയിൽ ബുക്കിൽ എന്തോ കുത്തികുറിച്ചു കൊണ്ടിരുന്ന മറിയത്തിന്റെ രൂപം കണ്ണിൽ പതിഞ്ഞതും തോമസ്സിന്റെ ഹൃദയതാളം അലയടിച്ചു ഉയർന്നു. തന്നിൽ ഉടലെടുത്ത മാറ്റം അവന്റെ ചുണ്ടിൽ പുഞ്ചിരിയായി വിരിഞ്ഞു. തുടർന്നുള്ള ഓരോ ദിവസങ്ങളും മറിയത്തിന് പിന്നാലെ തോമസ്സിന്റെ മിഴികൾ യാത്ര ചെയ്തു. എന്നാൽ അന്നത്തെ സംഭവത്തിന് ശേഷം മറിയം പിന്നീട് ഒരിക്കൽ പോലും തോമസ്സിന് നേർക്ക് തന്റെ മിഴികൾ പതിപ്പിച്ചിരുന്നില്ല. അവളോട് സംസാരിക്കാൻ തോമസ്സിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ മറിയം ആ ആഗ്രഹം പാടെ അവഗണിച്ചു ഒഴിഞ്ഞു മാറി.


അവധി ദിവസങ്ങളിൽ മറിയത്തെ ഒരു നോക്ക് കാണാനായി തോമസ്സ്‌ അവളുടെ വീടിന് സമീപത്തുള്ള തങ്ങളുടെ കൃഷിയിടത്തിൽ സ്ഥിരമായി സന്ദർശനം നടത്തി. മറിയം തോമസ്സിന്റെ ഈ മാറ്റങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു. എന്നാൽ തന്റെ വിധി എന്താണ് എന്ന് അറിയാവുന്നതിനാൽ അവൾ അവനിൽ നിന്നും അകന്നു മാറി നിന്നു. പ്ലസ്ടു പരീക്ഷയുടെ റിസൾട് വന്ന ദിവസം അവസാനമായി മറിയം തോമസ്സിനെ തേടി പ്ലാന്തോട്ടത്തിൽ വീടിന്റെ സമീപത്തായി വന്നു നിന്നു. ഇടവകപള്ളിയിലേക്ക് പ്രാർത്ഥിക്കാൻ പോകുകയാണ് എന്ന് അമ്മച്ചിയോടു കള്ളം പറഞ്ഞിട്ട് ആണ് അവൾ അവനെ കാണാൻ ചെന്നത്. ആളൊഴിഞ്ഞ റബ്ബർ പുരയുടെ മറവിൽ തന്റെ അരികിൽ നിന്ന് ഒരായിരം നോട്ടങ്ങളാൽ തനിക്ക് സ്നേഹ വിരുന്നൊരുക്കാൻ വിമ്മിഷ്ടപെടുന്ന മറിയത്തോട് തോമസ്സ്‌ ചോദിച്ചു,


"മറിയം... അടുത്ത മാസം ആദ്യം വലിയ പള്ളിയിൽ വച്ചു എന്റെ മിന്നു കെട്ടാണ്... നീ വരുമോ...???"


തോമസ്സിന്റെ ചോദ്യം മറിയത്തിന്റെ ഹൃദയത്തിൽ ഒരു വെള്ളിടി പോലെ പാഞ്ഞു പോയി. അവനോട് പറയാനായി കരുതി വന്നതെല്ലാം മറന്നു പോയ പോലെ മറിയം തല കുമ്പിട്ടു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിറയാർന്ന ഇരു കൈത്തലങ്ങൾ ചുരിദാറിന്റെ ടോപ്പിൽ ചുരുട്ടി പിടിച്ചു മറിയം കണ്ണീരിനിടയിലും പുഞ്ചിരിച്ചു. അവളുടെ ചുവടുകൾ ഇടറുന്നുണ്ടായിരുന്നു.


"ഞാൻ... ഞാൻ... അടുത്താഴ്ച... കാഞ്ഞിരപ്പള്ളിയിലേക്ക് പോവാ... ഇനി... ഇനി... വരുമ്പോൾ ചിലപ്പോൾ കാണാൻ കഴിഞ്ഞില്ല എന്ന് വരും... അന്ന് അങ്ങനെ പറഞ്ഞതിൽ പിന്നെ ഞാൻ ഒരിക്കലും സാറിനെ ശ... ശല്യായിട്ടില്ല... അവസാനമായിട്ട് ഞാൻ... ഞാൻ... ഒന്ന് കെട്ടിപ്പിടിച്ചോട്ടെ... എനിക്ക്... മരണം വരെയും... ഓർക്കാനായിട്ട്... ഇങ്ങനെ ഒരാളെ ഞാൻ എന്നോ ഒന്നും അറിയാത്ത പ്രായത്തിൽ സ്നേഹിച്ചിരുന്നു എന്ന് ഓർക്കാൻ.... ഇഷ്ടം തോന്നിയ നാൾ തൊട്ട് ഈ നിമിഷം വരെയും... ഞാൻ... ഞാൻ... ജീവിക്കുക ആയിരുന്നു... എനിക്ക് ഇത് മതി..."

തോമസ്സിന് നെഞ്ച് വേദനിച്ചു...


"സമ്മതം ചോദിച്ചിട്ട് ആണോടീ നീ എന്നെ സ്നേഹിച്ചത്...???"

"അ ... അ ല്ല... "

കൈകൾ കൂട്ടിപ്പിടിച്ചു വിരലുകൾ നിവർത്തിയും മടക്കിയും പതം പറഞ്ഞു കരയുന്നതിനിടയിൽ അവൾ ഇടറി പറഞ്ഞു.

"പിന്നെ എന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം നീ എന്തിനാ എന്റെ സമ്മതം ചോദിക്കുന്നെ...??? ഞാൻ നിന്റെയല്ലേ...?"


പിടിച്ചു കെട്ടിയ പോലെ മറിയത്തിന്റെ കരച്ചിൽ നിന്നു. അവൾ പിടച്ചിലോടെ മുഖം ഉയർത്തി അവനെ നോക്കി. അവളുടെ മനസ്സ് വായിച്ചെടുത്ത പോലെ നൊടിയിടയിൽ തോമസ്സ്‌ മറിയത്തെ തന്റെ മേലേക്ക് വലിച്ചു ചേർത്തു. ആദ്യമായി അവർ ഇരുവരുടെയും ശ്വാസഗതി ഒരുപോലെ ഉയർന്നു. മിഴികൾ തമ്മിൽ ഇടഞ്ഞു. ഇതുപോലെ ആദ്യമായിരുന്നു. മറിയത്തിന്റെ അരക്കെട്ടിൽ അവന്റെ കൈകൾ മുറുകി. തന്റെ നെഞ്ചോട് അവളെ ചേർത്തു പിടിച്ചു തോമസ്സ്‌ പറഞ്ഞു...


"ഞാൻ അന്ന് അങ്ങനെ പറഞ്ഞുവെന്ന് കരുതി പിന്നീട് എന്റെ മുഖത്തേക്ക് നോക്കാതെ നടക്കാൻ നിനക്ക് എങ്ങനെ മനസ്സ് വന്നെടീ...??? എന്നോട് ചോദിക്കാതെ എന്നെ ഇഷ്ടപ്പെട്ടു അവസാനം എന്നെ ഇട്ടിട്ട് പോകാനായി യാത്ര പറയാൻ ഒരുങ്ങി വന്നിരിക്കുന്നു... നിന്നെ പറഞ്ഞു വിടാനായിരുന്നു എങ്കിൽ ഈ ഒന്നര വർഷം നിന്നെ മാത്രം ഓർത്തു ഞാൻ കാത്തിരിക്കുമായിരുന്നോടീ... മറിയാമ്മേ...???"


മറിയം തോമസ്സ്‌ പറഞ്ഞത് ഒന്നും വിശ്വസിക്കാൻ കഴിയാത്ത പോലെ തന്റെ മുഖം ഉയർത്തി അവന്റെ താടിയോട് ചേർത്തു വച്ചു വിതുമ്പി. തോമസ്സിന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞു. സ്നേഹ ചുംബനം...


"മിന്നു കെ... കെട്ടാണ് എന്ന് പ... പറഞ്ഞിട്ട്...???" അവൾ എങ്ങലടിച്ചു കൊണ്ടവനോട് ചോദിച്ചു.

"അതേ എന്റെ മിന്നുകെട്ടാണ്... നിന്നെ ഞാൻ മിന്നു കെട്ടി എന്റെ മണവാട്ടിയാക്കാൻ പോകുന്നു... കർത്താവിനു നമ്മളെ മനസ്സിലാകും... എനിക്ക് നീയല്ലാതെ ഇനി ഒരു മണവാട്ടി വേണ്ട... "


"ഉള്ളതാണോ...? എന്നെ പറ്റിക്കരുത്.... മനസ്സോടെ മഠത്തിൽ ചേരാൻ എനിക്ക് ഒരിക്കലും കഴിയില്ലായിരുന്നു... മറ്റൊരാളുടെ കൈ പിടിച്ചു... സാ... സാർ... പോകുന്ന കണ്ടു നിൽക്കാൻ എനിക്ക് കഴിയില്ല... എവിടായിരുന്നാലും എന്നും എന്റെ മനസ്സിൽ നിങ്ങൾ എന്നും ഉണ്ടാകുമായിരുന്നു... സാ... സാർ  മാത്രം..."

തോമസ്സ്‌ വിതുമ്പിക്കരയുന്ന മറിയത്തിന്റെ മുഖം പിടിച്ചു ഉയർത്തി അവളുടെ നിറഞ്ഞ മിഴികൾക്ക് മീതേ അമർത്തി ചുംബിച്ചു പറഞ്ഞു...


"പറയരുത്... ഇനി... ഇനി... ഒന്നും പറയരുത്... എനിക്ക് നെഞ്ച് വേദന എടുക്കുന്ന പോലെ... നീയില്ല എങ്കിൽ എനിക്ക് ഭ്രാന്ത്‌ വരും... മറിയം... ഈ... ഈ... നിമിഷമാണ്... പറുദീസ... നിന്നോട് അന്ന് എന്നെ നോക്കരുത് എന്ന് ഞാൻ പറഞ്ഞു... എന്നാൽ ആ വാക്കുകൾ പറഞ്ഞ തൊട്ടടുത്ത നിമിഷം തൊട്ട് എനിക്ക് കണ്ണാടിയിൽ എന്നെ കാണുമ്പോൾ നിന്നെയും കാണാം പെണ്ണേ... നിന്റെ ഒറ്റപ്പെടലിന്റെ ഭാഷ ഞാനാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ നീ എന്റെ സ്വന്തമായിരുന്നു..."


മറിയം ഉറക്കെ പൊട്ടിക്കരഞ്ഞു കൊണ്ടു തോമസിന്റെ മാറിലേക്ക് ചാഞ്ഞു കിടന്നു... ആ നിമിഷം തോമസ്സിന്റെ ലോകം മറിയം എന്ന ആ പെണ്ണിലേക്ക് മാത്രമായി ഒതുങ്ങി...


തുടർക്കഥ എഴുതാൻ ഇരുന്നപ്പോൾ മനസ്സിലേക്ക് കടന്നു വന്നൊരു ചെറുകഥ... ഇഷ്ടം ആയെങ്കിൽ അഭിപ്രായം പറയുക... സ്നേഹത്തോടെ...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance