Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 7

ഇന്നേക്ക് ഏഴാം നാൾ - 7

5 mins 217 5 mins 217

"വഴി തെറ്റിയോ എന്തോ? ആറുമാസം മുൻപ് ഈ റോഡിന്റെ ഇരുസൈഡും നിരവധി വാഹനങ്ങളാൽ തിങ്ങി നിറഞ്ഞു കിടക്കുകയായിരുന്നു. "കബീർ സംശയത്തോടെ കാർ മെയിൻ റോഡിൽ നിന്നു ഇടത്തേക്ക് തിരിച്ചു ടാറിട്ടൊരു ഇടറോഡിലേക്ക് ഓടിച്ചിറക്കി. വിജനമായ ആ പാതയിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയതും കബീറിന്റെ മിഴികൾ കുറച്ചകലെയായി സ്ഥാപിച്ചിരുന്നൊരു ബോർഡിൽ പതിഞ്ഞു."ഏദൻ തോട്ടം "


Yes... അതാണ്... അവിടെ തന്നെ... കബീർ ഉത്സാഹത്തോടെ ആക്സിലേറ്ററിൽ കാലമർത്തി. ഏദൻ തോട്ടത്തിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. കബീർ കാർ അകത്തേക്ക് ഓടിച്ചു കയറ്റി. വിശാലമായ വളപ്പിനുള്ളിൽ പാർക്ക്‌ ചെയ്തിരുന്ന ചുവപ്പ് നിറത്തിലുള്ള ഒരു വിദേശനിർമ്മിതമായ suv മോഡൽ കാറിനരുകിലായി കബീർ തന്റെ കാർ പാർക്ക് ചെയ്തു. 


ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും അയാൾക്ക് മുന്നിലായി കാണപ്പെട്ട ആ ഇരുനിലമാളികയുടെ അകത്തു നിന്ന് മുപ്പത്തിയഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരൻ സംശയത്തോടെ തന്നെ നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്നത് കബീർ കണ്ടു. "ഒരു പക്ഷേ എന്റെ കാറിന്റെ ശബ്ദം കേട്ടായിരിക്കാം. അത് അലോഷിയല്ലേ? അതേ അലോഷി തന്നെയാണ്. മൂന്നാലു തവണ കണ്ടിട്ടുണ്ട്. ഒരാളെ ഒരു തവണ കണ്ടാൽ പിന്നെ ഒരിക്കലും ഞാൻ മറക്കാറില്ല. " വല്ലാത്തൊരു തരം ഓർമ്മ ശക്തി തന്നെയാണ് കബീറിന് പക്ഷേ ഞാൻ പറയാറുള്ള കാര്യങ്ങളിൽ ഒന്നും ഈ കഴിവ് നിങ്ങൾ കാണിക്കുന്നില്ലലോ? ബാങ്കിൽ ഇരുന്നു ആകെ വട്ടാകുകയാണ് ഞാൻ" എന്ന് ഖദീജ പലപ്പോഴും എന്നെ കളിയാക്കി പറയും. സിൻഡിക്കേറ്റ് ബാങ്കിന്റെ ചെമ്പുമുക്ക് ബ്രാഞ്ചിന്റെ മാനേജറാണ് എന്റെ ബീവി ഖദീജ. അവൾ പറഞ്ഞത് സത്യമാണ്. എന്റെ തലച്ചോറിന്റെ ഇന്റേണൽ മെമ്മറിയിൽ നിന്ന് ആർക്കും ഡിലീറ്റ് ചെയ്യാൻ കഴിയാത്ത വിധം പലതും, പലരും പതിഞ്ഞു തുടങ്ങിയത് എന്നു മുതൽക്കേന്ന് എനിക്കറിയില്ല. ഒരുപക്ഷെ കുറേ മാസങ്ങളായി എന്റെ മനസ്സിനെ കുഴപ്പത്തിലാക്കിയ ചില ചോദ്യങ്ങൾക്ക് ഉത്തരമേകാൻ അലോഷിക്ക് കഴിയുമായിരിക്കുമെന്നു കബീർ ചിന്തിച്ചു. കബീറിന്റെ അരികിലേക്ക് അടുത്ത് വരും തോറും അലോഷിയുടെ മുഖത്തെ അപരിചിതഭാവം മാറി പുഞ്ചിരി തെളിയാൻ തുടങ്ങിയിരുന്നു. കബീർ അയാൾക്ക് നേരെ നടന്നു.


"കബീർ മുഹമ്മദ്‌ അല്ലേ? " കബീർ തലകുലുക്കി ചിരിച്ചു കൊണ്ടു അലോഷിക്ക് നേരെ വലതു കൈ സൗഹാർദ്ദത്തിൽ നീട്ടി. അലോഷി ആ കരം ഗ്രഹിച്ചു പരിചയം പുതുക്കി. 


"സാർ... ഇങ്ങോട്ട് വരുന്നുണ്ടെന്ന് അമ്മ വിളിച്ചു പറഞ്ഞിരുന്നു. ഞാൻ വിശ്വസിച്ചില്ല. "


അലോഷി സൗമ്യതയോടെ എന്നോട് പറഞ്ഞു. ഇവിടേക്ക് ഒന്നു വരണമെന്ന് ഒരു പാട് നാളായി ഞാൻ ആഗ്രഹിക്കുന്നെന്നുള്ള സത്യം മറച്ചു പിടിച്ചു കബീർ ചിരിയോടെ മുന്നോട്ട് നടന്നു കൊണ്ടു ചുറ്റുമൊന്നു കണ്ണോടിച്ചു. പറഞ്ഞറിയിക്കാനാകാത്ത ഒരു ശാന്തത ആ വീടിനും വളപ്പിന് ചുറ്റുപാടും വലയം ചെയ്തിട്ടുണ്ടെന്ന് കബീർ ഓർത്തു. ആ വീടിന്റെ ഇടതു ഭാഗത്തായി കാണപ്പെട്ട വിശാലമായൊരു പൂന്തോട്ടത്തിലേക്ക് കബീറിന്റെ ദൃഷ്‌ടി പൊടുന്നനെ പതിഞ്ഞു. വയലറ്റ് നിറമുള്ള വാടാമല്ലിയുടെ പൂക്കളും വെള്ള നിറത്തിലുള്ള ബെന്തിയും, മഞ്ഞയും ഓറഞ്ചും നിറവും മാറി മാറി മിന്നി തിളങ്ങുന്ന ജമന്തി പൂക്കളും, കാല്പനികതയും പ്രണയവും വിളിച്ചോതുന്ന ചുവന്ന പനിനീർപ്പൂക്കളും തിങ്ങി നിറഞ്ഞു നിൽക്കുന്നൊരു പൂന്തോട്ടം. 


"വീടായാല്‍ ഒരു പൂന്തോട്ടം നമ്മള്‍ മലയാളികള്‍ക്ക് നിര്‍ബന്ധമാണ് അല്ലേ? "


"റബേക്കയ്ക്ക് വാടാമല്ലിപൂക്കളോട് വല്ലാത്തൊരു പ്രണയമായിരുന്നു. വർധന് അവളോടും. എന്നാൽ ക്രിസ്റ്റിക്ക് പൂക്കളോടും കാറ്റിനോടും മഴയോടും മാത്രമല്ല റബേക്കയ്ക്ക് ഇഷ്ടമായിരുന്ന, അവൾ സ്നേഹിച്ചിരുന്ന, അവളെ സ്നേഹിച്ചിരുന്ന ഓരോന്നിനോടും പ്രണയമായിരുന്നു. "


പൂന്തോട്ടത്തിനു അരികിലായി തായ്ത്തടി വളഞ്ഞു നിൽക്കുന്നൊരു ചെമ്പകമരത്തിനു സമീപത്തായി കാണപ്പെട്ട കല്ലറകളിലേക്ക് നോക്കി അലോഷി ആരെയോ തിരഞ്ഞു. അപ്പോഴാണ് കബീറിന്റെ ദൃഷ്ടി ആ രണ്ടു കല്ലറകളിലേക്കും അവയുടെ സമീപത്തായി വെള്ളമാർബിളിൽ പണിതീർത്തിരുന്ന അസ്ഥിത്തറയിലേക്കും പതിഞ്ഞത്. 


"ആ അസ്ഥിത്തറ ആരുടെയാണ്?" കബീർ അതിശയിച്ചു നിന്നുപോയി. 


"അതേ ... നമ്മുടെ വർധനെ എത്ര അകലേക്ക്‌ ഞങ്ങൾ പറഞ്ഞ് വിട്ടാലും പോയ അതേ സ്പീഡിൽ അവൻ ഇവർക്ക് അരികിലേക്ക് തിരിച്ചു വരും. അതറിയാവുന്ന കൊണ്ടു അവനും ഞങ്ങൾ ഇവിടെ തന്നേ, അവർക്ക് അരികിലായി താമസം ശരിയാക്കി. 


ഈ മണ്ണിൽ റബേക്കയുടെ കല്ലറയ്ക്ക് അരികിലായി വർധനായി അസ്ഥിത്തറ കെട്ടിയപ്പോൾ എതിർപ്പുകളുമായി ഒരുപാട് നാവുകൾ ഉയർന്നിരുന്നു. വാസുദേവൻ അങ്കിൾ മനഃപൂർവ്വമാണ് ഇവിടെ അവനു വേണ്ടി ഒരു അസ്ഥിത്തറ പണികഴിപ്പിച്ചത്. കണ്ടോത് തരകൻ മാപ്പിളയോട് ഉള്ള വാശി. ഏദൻ തോട്ടം വർധന് ക്രിസ്റ്റി വിറ്റിരുന്നുവെന്നു ആർക്കും അറിയില്ലായിരുന്നു. അവസാനം കേസ് കോടതിയിൽ എത്തി. പിന്നെ എങ്ങനെയോ എല്ലാം കെട്ടടങ്ങി. എനിക്കറിയാം... വർധനും ക്രിസ്റ്റിയും ഈ ഏദൻ തോട്ടത്തിൽ റബേക്കയുടെ അരികിൽ ചുറ്റിപറ്റിയുണ്ടെന്ന്. എല്ലാ ആഴ്ചയിലും ഇവിടേക്ക് ഞാനും വരും. ഇവിടെ ഈ ഏദൻ തോട്ടത്തിൽ ചിരിച്ചു ചിറകടിച്ചു ഉല്ലസിക്കുന്ന ആ ഇണപ്രാവുകളുടെ സന്തോഷത്തിൽ പങ്കു ചേരാൻ. എന്നാൽ ആര് ആർക്കാണ് ഇണയെന്നു മാത്രം അറിയില്ല. "


അലോഷിയുടെ ശബ്ദം ദുർബലമായി. ഞാൻ തിരിഞ്ഞ് എന്തോ പറയാനൊരുങ്ങി, അപ്പോഴാണ് ഖദീജ എന്നെ ഫോണിൽ വിളിച്ചത്. അവളുടെ സ്വരം ആ നിമിഷം കാതോരം മുഴങ്ങി കേട്ടപ്പോൾ ഞാനാകെ പരവശനായി. പുഞ്ചിരിയോടെ അവളോട് സംസാരിച്ചു കൊണ്ടു ഞാൻ ആ പൂന്തോട്ടത്തിന്റെ അരികിലേക്ക് നടന്നു. അലോഷി തനിക്ക് എതിരെ ഇടതൂർന്നു നിൽക്കുന്ന മൈലാഞ്ചി ചെടിയുടെ തണലിലേക്ക് മാറി നിന്ന് കബീറിനെ നോക്കി. 


വളെരെ പെട്ടെന്ന് തന്നെ സംസാരം അവസാനിപ്പിച്ചു ഞാൻ അലസമായി അരികിൽ പൂവിട്ടു നിന്നിരുന്ന ജമന്തിപൂക്കളിൽ ഒരെണ്ണം ഇറുത്തെടുക്കുന്ന ഭാവേന എന്റെ മൊബൈലിൽ ആ കല്ലറകളുടെയും ചുറ്റുപാടും ഉള്ള സ്ഥലങ്ങളുടെയും നിരവധി ചിത്രങ്ങൾ എടുത്തു. അലോഷിയുടെ നോട്ടം എന്നിലേക്ക് എത്തും മുൻപേ ഞാൻ മൊബൈൽ ഷർട്ടിന്റെ പോക്കറ്റിലേക്ക് തിരികെ ഇട്ടു. 


തുടർന്ന് ആ പൂന്തോട്ടത്തിൽ പൂത്തു നിന്നിരുന്ന വാടാമല്ലിയുടെ പൂക്കൾ ഒരു കൈ നിറയെ ഇറുത്തു കൂട്ടി എടുത്തു ആ പ്രണയകുടീരങ്ങളുടെ അരികിലേക്ക് നടന്നു. റബേക്കയുടെ കല്ലറയുടെ വലതു ഭാഗത്തായി നിലകൊണ്ടിരുന്ന വർധന്റെ അസ്ഥിത്തറയുടെ മുൻപിലായി വെളുത്ത ലില്ലിപ്പൂവും സൗരഭ്യം പരത്തുന്ന മുല്ലപ്പൂക്കളും ചിതറി കിടന്നിരുന്നു. കബീർ ഒരു നിമിഷം മൗനമായി നിന്നു. 


മൈസൂറിലെ കാവേരി ഹോസ്പിറ്റലിലേ മോർച്ചറിയുടെ മുന്നിലേ തണുപ്പു തങ്ങി നിന്നിരുന്ന ഇടനാഴിയിൽ ഭിത്തിയോട് ചാരി ആകെ തകർന്നു നിന്നൊരു പുരുഷന്റെ രൂപം, ഗോവർധന്റെ രൂപം, അയാളുടെ നിറഞ്ഞ കണ്ണുകൾ, എന്തായിരുന്നു അയാളുടെ മനസ്സിൽ അന്നേരം നടമാടിയിരുന്ന സംഘർഷം. റബേക്കയ്ക്ക് നേരെ തിരയുതിർത്ത ആ കൊലയാളിയെ ഗോവർധൻ തിരിച്ചറിഞ്ഞിരുന്നുവോ? അറിയില്ല... കബീർ ഒന്നു നെടുവീർപ്പിട്ടു. കൈനിവർത്തി മൂന്നാലു ബെന്തിപ്പൂക്കൾ മെല്ലെ ആ അസ്ഥിത്തറയിലേക്ക് ആദരവോടെ അയാൾ സമർപ്പിച്ചു.


 പിന്നീട് രണ്ടു ചുവടുകൾ തിരിഞ്ഞു നടന്നു, ചേർന്നു കിടക്കുന്ന ആ രണ്ടു കല്ലറകൾക്ക് മുന്നിലേക്ക് നീങ്ങി നിന്നു. ക്രിസ്റ്റഫർ മാത്തൻ തര്യന്റെ കല്ലറയുടെ നേരെ മിഴികൾ പായിച്ചപ്പോൾ അയാൾക്കെന്തോ അപരിചിത്വം അനുഭവപെട്ടു. ഇതുവരെ കേൾക്കാത്ത ഒരു പേര്. കാണാത്തൊരു മുഖം. കാണാൻ ആള് സുന്ദരനാണ് പക്ഷേ നിഗൂഢമായ മിഴികൾ... എന്റെ കണ്ണുകൾ ക്രിസ്റ്റഫറിന്റെ ചിത്രത്തിൽ നിന്നും തെന്നിമാറി തൊട്ടടുത്ത കല്ലറയുടെ മീതെയുള്ള മാർബിൾ ഫലകത്തിൽ പുഞ്ചിരിക്കുന്ന റബേക്കയുടെ ചിത്രത്തിന് താഴെയായി സുവർണ്ണ അക്ഷരങ്ങളിൽ കൊത്തിവച്ചിരുന്ന ആ വാക്യങ്ങളിലേക്ക് നീണ്ടു.


"ക്രിസ്റ്റഫറിന്റെ മണവാട്ടി ഇവിടെ ശാന്തയായി ഉറങ്ങുന്നു... ആരും അവളെ ശല്യപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല... ഗോവർധൻ... "


"Strange "... ഗോവർധൻ ഓരോ നിമിഷവും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു. "


ഞാൻ സഹതാപത്തോടെ ഗോവർധന്റെ അസ്ഥിത്തറയിലേക്ക് നോക്കി. പിന്നീട് എന്റെ കയ്യിൽ ബാക്കിയിരുന്ന വയലറ്റ് നിറമുള്ള വാടാമല്ലിയുടെ പൂക്കൾ ഒന്നാകെ റബേക്കയുടെയും ക്രിസ്റ്റിയുടെയും കല്ലറയിലേക്ക് വർഷിച്ചു. 


തെളിഞ്ഞു നിന്ന മാനം അടുത്ത നിമിഷം കറുത്ത് കാറ്റു വീശി തുടങ്ങി. മഴപെയ്യുമോ എന്തോ? അതോ ഇവർ മൂന്നു പേരും എന്നോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുവോ? ചിലപ്പോൾ ഈ മഴയും കാറ്റും എനിക്കുള്ള സൂചനകളാണോ? ഞാൻ മുഖം ചെരിച്ചു അലോഷി നിൽക്കുന്നിടത്തേക്ക് നോക്കി. കാറ്റിൽ പറന്നു നടക്കുന്ന മൈലാഞ്ചി പൂക്കൾ പിടിച്ചെടുത്തു ആകാശത്തേക്ക് തിരികെ എറിഞ്ഞു കളിച്ചു കൊണ്ടു അയാളുടെ കാറിൽ ചാരി അലോഷി ആകാശത്തിലേക്ക് ഉറ്റു നോക്കി നിൽക്കുന്നു. 


കാതടിപ്പിക്കുന്നൊരു ഇടിനാദം ആകാശത്തു മുഴങ്ങിയതും ഞാൻ ധൃതിയിൽ തിരിഞ്ഞു നടക്കാൻ ഒരുങ്ങി. പോകുന്ന പോക്കിൽ അരികിൽ നിന്ന വാടാമല്ലിയുടെ പൂക്കൾ വലതു കൈ കൊണ്ടു കൂട്ടിപറിച്ചെടുത്തു വലത് പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി. ആകാശത്തു വീണ്ടും ഇടി കുലുങ്ങികരയുന്ന പോലെ, മഴ ഇരച്ചെത്തുന്ന സ്വരം ഞാൻ കേട്ടു.അന്തരീക്ഷം ഇരുണ്ടു മൂടി. മഴ ആർത്തലച്ചു പെയ്‌തു വീണു. 


അലോഷി പെട്ടെന്ന് തന്റെ കാറിന്റെ ബാക്ക്സീറ്റിലെ ഡോർ തുറന്നു സീറ്റിനടിയിൽ കിടന്നിരുന്ന ഒരു കാലൻ കുടയെടുത്തു തുറന്നു പിടിച്ചു കൊണ്ടു കബീറിന് അരികിലേക്ക് വേഗത്തിൽ നടന്നു. ഞാൻ ഓടിചെന്നു അലോഷിക്കൊപ്പം കുടയിലേക്ക് കയറി നടന്നു. 


"ഇന്നെന്തായാലും അവർ മൂന്നുപേർക്കും സന്തോഷമാകും, തുലാമഴ തകർത്തല്ലേ പെയ്യുന്നത്. "


അലോഷി കാറിനരുകിലേക്ക് നടക്കുന്നതിനിടയിൽ ആത്മഗതമെന്നോണം പറഞ്ഞു. 


കബീർ ആകെ നിരാശയിലായിരുന്നു. അലോഷിയോട് റബേക്കയും ഗോവർധനുമായുള്ള പിണക്കത്തെ പറ്റി സംസാരിക്കണം എന്നിരുന്നതാണ്. മഴ ചതിച്ചു. സമയം ഉണ്ടല്ലോ. ഇങ്ങോട്ടേക്ക് തന്നെയല്ലേ ഞാൻ വരുന്നതും. അലോഷി കബീറിനെ മഴ നനയാതെ അയാളുടെ കാറിനരുകിലേക്ക് കൊണ്ടു പോയി. കബീർ അപ്പോഴാണ് അലോഷിയെ ശ്രദ്ധിച്ചത്. ആറടി പൊക്കമുള്ള സുമുഖനായൊരു പുരുഷൻ, വെളുത്തു മെലിഞ്ഞ മുഖത്ത് തിരിച്ചറിയാൻ കഴിയാത്തൊരു ഭാവവും കണ്ണുകളിൽ വിഷാദഛായയും. ഗോവർധന്റെ മരണം അയാൾക്ക് കനത്തൊരു ആഘാതമാണ് ഏൽപ്പിച്ചതെന്നു സുധാദേവി പറഞ്ഞത് കബീർ ഓർത്തു. ഇതുവരെയും അയാൾ ആ ദുരന്തങ്ങൾ ഏൽപ്പിച്ച ദുഖങ്ങളിൽ നിന്ന് വിമോചിതനായിട്ടില്ല എന്നു കബീർ ഊഹിച്ചു. 


കബീർ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു. ഡോറടച്ചു. പവർ ബട്ടൺ പ്രെസ്സ് ചെയ്തു ഗ്ലാസ്സ് നീക്കി. വലതുകൈ പുറത്തേക്ക് നീട്ടി അലോഷിയുടെ നനഞ്ഞു മൃദുവായ കൈത്തലം കവർന്നു ഇനിയൊരിക്കൽ വീണ്ടും വരാമെന്നു ഉപചാരവാക്കു പറഞ്ഞു കബീർ കാർ സ്റ്റാർട്ട്‌ ചെയ്തു ആ ഏദൻ തോട്ടത്തിന്റെ പുറത്തേക്ക് ഡ്രൈവ് ചെയ്തു. കാറിനു പുറത്തേക്ക് മഴ പെയ്‌തു വീണുകൊണ്ടേയിരുന്നു. കാറിന്റെ മുന്നിലെ ഗ്ലാസിൽ ജലത്തുള്ളികൾ പറ്റിപ്പിടിക്കുന്നത് കണ്ടു ഞാൻ എ സി ഓൺ ചെയ്തു. വെന്റുകളിലൂടെ തണുത്ത വായു തള്ളിവന്നു എന്നെ പൊതിഞ്ഞു. 


ഏദൻ തോട്ടത്തിന്റെ ഗേറ്റ് കടന്നു കാർ പുറത്തേക്ക് ഇറങ്ങിയതും ഞാൻ റിയർ വ്യൂ മിറർ അഡ്ജസ്റ്റ് ചെയ്‌ത്‌ അലോഷിയെ തിരഞ്ഞു. ഇടതു കൈത്തലത്താൽ കുടയുടെ അരികിലൂടെ ഊറി വന്ന മഴത്തുള്ളികളെ തട്ടിതെറിപ്പിച്ചു കൊണ്ട് ഏദൻ തോട്ടത്തിന്റെ പൂമുഖത്തേക്ക് നടക്കുന്ന അലോഷിയെ ഞാൻ കണ്ടു. 


കുറെ നാളുകളായി ഉറക്കം കളഞ്ഞ ചില ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം തേടിയെത്തിയപ്പോൾ കാത്തിരുന്നത് ഒരായിരം കടങ്കഥകൾ... ഞാൻ ഇനിയും വരും റബേക്ക... നിന്നെ തേടി.... എന്റെ ചോദ്യങ്ങൾക്ക് ഉളള ഉത്തരം തേടി... 


കബീർ കാർ റോഡിലേക്ക് വേഗത്തിൽ ഓടിച്ചു. കബീറിന്റെ കാർ കണ്ണിൽ നിന്ന് മറഞ്ഞതും അലോഷി മഴയിൽ നനഞ്ഞു കുതിർന്നിരുന്ന തന്റെ ഇടത് കയ്യിന്റെ തള്ളവിരൽ കൊണ്ട് പുരികത്തിൽ മൃദുവായി തലോടി. മുഖമല്പം തിരിച്ചു ഗേറ്റിലേക്ക് നോക്കി. അതേ വേഗത്തിൽ ഏദൻ തോട്ടത്തിന്റെ പൂമുഖവാതിലിലേക്കും. "തുറന്നു കിടന്നിരുന്ന ചില്ല് ജനാലയുടെ മറവിൽ നിഴൽ അനങ്ങിയോ? അലോഷി ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചു നിന്നു. പിന്നെ മെല്ലെ ചിരിച്ചു...


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance