Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Sabitha Riyas

Romance Crime Thriller


3  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 28

ഇന്നേക്ക് ഏഴാം നാൾ - 28

7 mins 244 7 mins 244

ക്രിസ്റ്റിയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന തിളക്കത്തിന് എന്ത് പേര് നൽകി വിളിക്കുമെന്നോർത്തവൾ ഒരു നൊടി അമ്പരന്ന് നിന്നുപോയി. മെല്ലെ റബേക്കയുടെ അധരങ്ങളിലും നേർത്തൊരു പുഞ്ചിരി പടർന്നു. ആ ചിരി കാൺകെ ക്രിസ്റ്റിയുടെ മിഴികളുടെ തിളക്കം ഏറി വന്നു. തന്റെ അരികിലേക്ക് ആൻസി വന്നു നിന്നത് അറിഞ്ഞതും അയാളുടെ മുഖം വീണ്ടും മുറുകി. ആൻസി ക്രിസ്റ്റിയുടെ നേർക്ക് ഒരു സ്വർണ്ണമാല നീട്ടിപ്പിടിച്ചു. പരിസരം മറന്നു അവനെ നോക്കി ചിരിതൂകി നിന്നിരുന്ന റബേക്കയുടെ നേരെ ആൻസി കണ്ണുകൾ നീട്ടി. ക്രിസ്റ്റി മറുത്തൊന്നും പറയാതെ ആ മാല വാങ്ങി റബേക്കയുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു. റബേക്കയുടെ മിഴികളിൽ നാണം നിറഞ്ഞു. അവൾ സന്തോഷത്തോടെ അവനെ നോക്കി. ക്രിസ്റ്റിയുടെ മുഖം വല്ലാതെ ഇരുണ്ടു കാണപ്പെട്ടതും അവളുടെ മനസ്സ് ശൂന്യമായി...


വിവാഹചടങ്ങുകൾ തീർന്നതും ക്രിസ്റ്റിയുടെ അരികിലേക്ക് അതിഥികൾ ഓരോരുത്തരായി തിക്കി തിരക്കിവരാൻ തുടങ്ങി. എന്തിനാണ് റബേക്കയ്ക്ക് മിന്നു ചാർത്താൻ അവൻ വിസമ്മതിച്ചത് എന്ന് ചോദിച്ചറിയാനായി. ആളുകൾ തനിക്കു ചുറ്റിനും വന്നു നിന്ന് ചോദിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നേ റബേക്ക കേൾക്കുണ്ടായിരുന്നില്ല. അവളുടെ മിഴികൾ ക്രിസ്റ്റിയുടെ മുഖത്തായിരുന്നു.


ഈ രംഗങ്ങൾ എല്ലാം കണ്ടു നിശബ്ദയായി നിന്നിരുന്ന തെരേസയുടെ മിഴികൾ അന്നേരം തരകൻ ജോർജ്ജിനെ തേടി. അയാളെ പള്ളിയുടെ അകത്തെങ്ങും കാണാനെ ഇല്ലായിരുന്നു. ചതിയൻ... അവരുടെ അന്തരംഗം അവരോട് മന്ത്രിച്ചു..., "ക്രിസ്റ്റിയുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം. റബേക്കയേ ഏത് വിധേനയും എനിക്ക് ഒപ്പം ഏദൻ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയേ പറ്റു. ക്രിസ്റ്റി ഇടഞ്ഞാൽ ഇതുവരെയും കൂട്ടിച്ചേർത്ത കണ്ണികൾ എല്ലാം ഓരോന്നായി അഴിച്ചെടുക്കേണ്ടി വരും. അവന്റെ മനസ്സ് ഇസബെല്ലയിൽ തങ്ങി നിൽക്കുകയാണ്." അവർ ദീർഘമായി ഒന്ന് നിശ്വസിച്ചു. ഇസ്‌ബെല്ല ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് വിമ്മിഷ്ടപ്പെടുന്ന ക്രിസ്റ്റിയുടെ അരികിലേക്ക് ചെന്നു അയാളുടെ വലതു കരം ഗ്രഹിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങുന്നത് കണ്ടതും തെരേസയുടെ നെഞ്ചിൽ തീയാളി. "ഈ റബേക്ക എന്താണ് മിണ്ടാതെ നിൽക്കുന്നത്?" അവരുടെ മനസ്സ് ആകുലപ്പെട്ടു.


ക്രിസ്റ്റി ഇസബെല്ലയ്ക്കൊപ്പം പോകാൻ തുനിഞ്ഞതും റബേക്ക അയാളുടെ ഇടതുകൈത്തണ്ടയിൽ ചുറ്റിപ്പിടിച്ചു. അയാൾ ഒരു നൊടി അമ്പരന്ന് പോയി. അവളുടെ കൈകൾ വിയർത്തിരുന്നു, വിറയ്ക്കുന്നുണ്ടായിരുന്നു. മിഴികളിൽ ഒരു പിടപ്പ് തുടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അറിയാതെ തന്നെ ചോദ്യഭാവത്തിൽ ക്രിസ്റ്റി റബേക്കയ്ക്ക് നേരെ ഇരുപുരികങ്ങളും ചുളിച്ചു ഉയർത്തി. എന്നാൽ മറുപടി പറയാതെ റബേക്ക മുഖം താഴ്ത്തി നിന്നു. ക്രിസ്റ്റിയുടെ അരികിലേക്ക് വന്നു നിന്ന ആരോ അയാളെ റബേക്കയുടെ അരികിലേക്ക് തള്ളി നീക്കി. ഇസബെല്ലയുടെ കൈത്തലം അയാളുടെ കൈയ്യിൽ നിന്നും അകന്നു മാറി. ആ നിമിഷം ക്രിസ്റ്റിയുടെ കണ്ണിൽ റബേക്ക മാത്രമാണ് നിറഞ്ഞു നിന്നിരുന്നത്. റബേക്ക പതിയെ മുഖം ഉയർത്തി അയാളെ നോക്കി. തിരക്കിനിടയിൽ ഒറ്റപെട്ടു നിന്നിരുന്ന റബേക്കയുടെ അരികിലേക്ക് അൽപ്പം കൂടെ ചേർന്നു നിന്ന് കണ്ണുകൾ ചിമ്മി ചിമ്മി എന്താണ് എന്ന് ക്രിസ്റ്റി ചോദിച്ചു. അവളൊന്നും മിണ്ടിയില്ല. ക്രിസ്റ്റി തന്റെ കൈത്തണ്ടയിൽ ചുറ്റിയിരുന്ന റബേക്കയുടെ കൈകൾ ബലമായി അഴിച്ചെടുത്തു മാറ്റി. അവൾ അധീരയായി. അയാൾ ഒന്നും മിണ്ടാതെ അവളെ ഉറ്റു നോക്കി നിന്നു. ആ സമയം ആളുകളുടെ തിക്കിനും തിരക്കിനുമിടയിൽ പെട്ടുപോയ ഇസബെല്ലയെ ആൻസി കൈപ്പിടിച്ചു പുറത്തേക്ക് നടത്തി.


റബേക്കയ്ക്കും ക്രിസ്റ്റിക്കും തങ്ങൾ ഇരുവരും മാത്രമാണ് ആ നിമിഷം ആ പള്ളിയുടെ അകത്ത് നിൽക്കുന്നത് എന്ന തോന്നൽ ഉണ്ടായി. ക്രിസ്റ്റി സ്നേഹത്തോടെ അവളെ നോക്കിയൊന്നു ചിരിച്ചു. റബേക്ക ക്രിസ്റ്റിയുടെ അടുത്തേക്ക് ചേർന്നു നിന്ന് പിറകിലേക്ക് ചുരുട്ടിപ്പിടിച്ചിരുന്ന തന്റെ ഇടതു കരം അവന് മുന്നിൽ നിവർത്തിപ്പിടിച്ചു വിഷമത്തോടെ മുഖം താഴ്ത്തി നിന്നു. ക്രിസ്റ്റിയുടെ മിഴികൾ അവളുടെ നിവർന്ന ഇടതു കൈവെള്ളയിൽ പതിഞ്ഞു. ചെറിയൊരു ഹിയറിങ്ങ് എയ്ഡും ബഡ്സുമായിരുന്നു അവളുടെ കൈവെള്ളയിൽ ഇരുന്നത്. റബേക്കയുടെ മിഴികൾ നിറഞ്ഞിരുന്നു. ക്രിസ്റ്റിക്ക് നെഞ്ച് വേദനിക്കാൻ തുടങ്ങി. നൊടിയിടയിൽ അയാൾ അവളുടെ കൈത്തലം കവർന്നു അവയെല്ലാം ഒന്നാകെ വാരിയെടുത്ത് ചുരുട്ടികൂട്ടി തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടു. പിന്നീട് അവളുടെ മുഖത്തേക്ക് നോക്കാതെ റബേക്കയുടെ പുറത്തു കൂടെ തന്റെ വലതു കൈ ചുറ്റി അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു തിക്കിനും തിരക്കിനുമിടയിൽ അവൾ തട്ടി വീഴാതെ സൂക്ഷിച്ചു മുന്നോട്ട് നടത്തിച്ചു.


ചോദ്യശരങ്ങളുമായി ക്രിസ്റ്റിയേ സമീപിച്ച പലരും ആ കാഴ്ച കണ്ടു അമ്പരന്ന് നിന്നു. പള്ളിയുടെ പടികൾ ഓരോന്നായി അവളെ ചേർത്തടക്കി  ക്രിസ്റ്റി താഴേക്ക് ഇറങ്ങി വരുന്ന കാഴ്ച കണ്ടു താഴെ മണവാട്ടിക്കും മണവാളനും പോകാനായി അലങ്കരിച്ച കാറിനരുകിൽ നിന്നിരുന്ന ഇസബെല്ലയും തരകൻ ജോർജും നിന്ന നിൽപ്പിൽ എരിഞ്ഞു പോയി. അവർ ഇരുവരും ഇടവകയിലെ വലിയച്ചനുമായി സംസാരിച്ചു കൊണ്ട് നിന്നിരുന്ന തെരെസയേ നോക്കി. ഇസബെല്ലയുടെ നോട്ടം പോകുന്ന ദിക്കിലേക്ക് പള്ളിയുടെ പടികൾ ഇറങ്ങിക്കൊണ്ടിരുന്ന ക്രിസ്റ്റിയുടെ നോട്ടം ചെന്നെത്തി. ആ നൊടി അയാൾ തര്യത്തെ ക്രിസ്റ്റഫർ മാത്തനായി മാറി. ചുറ്റുപാടും നടക്കുന്നത് എന്തെന്ന് അറിയാതെ ഒരു സ്വപ്നത്തിൽ ഒഴുകി നടക്കുന്ന പോലെ പടികൾ ഇറങ്ങിയിരുന്ന റബേക്കയേ ചുറ്റിപ്പിടിച്ചിരുന്ന തന്റെ കൈകൾ വിടർത്തി എടുത്ത് ക്രിസ്റ്റി റബേക്കയെ ബലമായി മുന്നോട്ട് തള്ളിയിട്ടു എന്നിട്ട് തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നു.


തനിക്കു സംഭവിച്ചത് എന്തെന്ന് അറിയാതെ റബേക്ക പിടിവിട്ട് നില തെറ്റി താഴേക്ക് ഉരുണ്ടു വീണു. അവൾക്ക് പിന്നാലെ ഭക്ഷണം കഴിക്കാനായി ഇറങ്ങി വന്ന ആളുകളിൽ ചിലർ നിലവിളിച്ചു കൊണ്ട് വേഗത്തിൽ റബേക്കയെ പിടിച്ചെഴുന്നേൽപ്പിക്കാനായി മുന്നോട്ട് ഓടി. എന്നാൽ അവൾ വേഗത്തിൽ താഴേക്ക് ഉരുണ്ടു ചെന്നു അവസാനത്തെ പടിയുടെ കൈവരിയുടെ വിലുമ്പിൽ ചെന്നു തലയിടിച്ചു പിടിച്ചിരുന്നു. ആളുകളുടെ അലർച്ച കേട്ടതും ഇസബെല്ലയുടെയും തരകന്റെയും ശ്രദ്ധ തെരെസയിൽ നിന്ന് തെന്നി മാറി റബേക്കയുടെ നേരെ ചെന്നെത്തി.


വലിയച്ചനും തെരേസയും ശബ്ദകോലാഹലങ്ങൾ കേട്ട് പള്ളിയുടെ പ്രധാന കവാടത്തിനു അരികിലേക്ക് ഓടിച്ചെന്നു. റബേക്കയുടെ ചുറ്റിനും ആളുകൾ കൂടി നിന്നിരുന്നു. അവരെയെല്ലാം വകഞ്ഞു മാറ്റിക്കൊണ്ട് ക്രിസ്റ്റി വേഗത്തിൽ പുറത്തേക്ക് നടന്നു. തന്റെ മണവാട്ടിക്കായി അലങ്കരിച്ച കാറിനരുകിലേക്ക് അവന്റെ പാദങ്ങൾ അതിവേഗം ചലിച്ചു. ക്രിസ്റ്റിയുടെ മുഖം അരിശത്താൽ വലിഞ്ഞു മുറുകിയിരുന്നത് കണ്ട ഇസബെല്ല തരകനെയും കൂട്ടി കാറിനരുകിൽ നിന്നും മാറി റബേക്കയുടെ അടുത്തേക്ക് പോയി. തന്റെ കൺകോണിൽ നിന്നും അവർ ഇരുവരും മറഞ്ഞതും ക്രിസ്റ്റി കാറിന്റെ ഡോർ വലിച്ചു തുറന്നു അകത്തേക്ക് കയറിയിരുന്നു കാർ സ്റ്റാർട്ട്‌ ചെയ്തു പള്ളിയുടെ പുറത്തേക്ക് ഓടിച്ച് ഇറക്കി. ദിശയും ദിക്കും അറിയാതെ ക്രിസ്റ്റി കാർ അതിവേഗത്തിൽ റോഡിലൂടെ പായിച്ചു.


അവന്റെ മിഴികൾ നിറഞ്ഞിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം വേദന നെഞ്ചിനുള്ളിൽ വിങ്ങി നിറഞ്ഞതും ക്രിസ്റ്റി കാർ സഡൻ ബ്രേക്കിട്ട് നിർത്തി. ടയർ റോഡിലുരഞ്ഞു പൊടി പറത്തി നിന്നു. ക്രിസ്റ്റി പാന്റിന്റെ പോക്കറ്റിൽ നിന്നും റബേക്ക തന്നെ ഏൽപ്പിച്ച ആ ഹിയറിങ് എയ്ഡ് പുറത്തേക്ക് എടുത്തു നോക്കി. അയാൾ വെമ്പലോടെ കുറച്ചു നേരം ആ ഹിയറിങ് എയ്ഡിലേക്ക് നോക്കിയിരുന്നു. സ്വബോധം നഷ്ടപ്പെട്ടവനെ പോലെ. അടുത്ത നൊടിയിൽ അയാൾ ഉറക്കെ അലറിക്കരഞ്ഞു.

"നിന്നെ വേദനിപ്പിക്കാൻ മാത്രമേ എനിക്ക് കഴിയൂ ബീ, സ്നേഹിക്കാൻ കഴിയില്ല. നിന്നെ സ്നേഹിക്കാൻ എന്നെ നീ പ്രേരിപ്പിക്കരുത് ..."

കാറിനു പുറത്തേക്ക് ക്രിസ്റ്റിയുടെ കരച്ചിലിന്റെ അലയോലികൾമുഴങ്ങിക്കേട്ടു...


~~~


സന്ധ്യമയങ്ങിയിരുന്നു, തര്യത്തെ മൂത്ത മരുമകൾ ആളും അകമ്പടിയും ഇല്ലാതെ മിന്നു കെട്ടിയവന്റെ കൈപ്പിടിക്കാതെ അവൻ നൽകിയ മന്ത്രകോടിയും ധരിച്ചു തന്റെ വസ്ത്രങ്ങൾ അടങ്ങിയ ചെറിയ ബാഗുമേന്തി വലതു കാലെടുത്തു വച്ചു ഏദൻ തോട്ടം എന്ന ആ വീടിന്റെ പടികൾ ഒന്നൊന്നായി കയറി. സിറ്റ്ഔട്ടിൽ എൽദോസ് അവളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. "തര്യത്തെ കുടുംബവീട്ടിലേക്ക് തനിക്കു പ്രവേശനം ക്രിസ്റ്റിക്ക് ഒപ്പം മാത്രമാണ്" എന്ന് തെരെസമ്മ ഇങ്ങോട്ട് വന്ന വഴിയിൽ തന്നോട് പറഞ്ഞത് പോലെ റബേക്കയ്ക്ക് തോന്നി. ആ ഹിയറിങ്ങ് എയ്ഡ് ഉണ്ടായിരുന്നുവെങ്കിൽ എന്താണ് അവരൊക്കെ പറയുന്നത് എന്ന് മനസിലാക്കാമായിരുന്നു. ക്രിസ്റ്റി എവിടെയാണോ? എന്തിനാണ് എന്നെ കൊല്ലാൻ നോക്കിയത്? ആളുകൾ ഓരോന്നെല്ലാം പറയുന്നു, ഇസയുടെ മുഖത്ത് സന്തോഷമായിരുന്നു. റബേക്കയ്ക്ക് തലയുടെ പുറകു വശം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. അവൾക്ക് എന്തോ വല്ലാത്ത അപരിചിതത്വം തോന്നി ആ ചുറ്റുപാടിനോടും തനിക്കു നേരെ ചിരി തൂകി നിൽക്കുന്ന എൽദോസ് എന്ന മനുഷ്യനോടും.


റബേക്ക പൂമുഖ വാതിൽ കടന്നു ആ വീടിന്റെ അകത്തേക്ക് കയറി. പെട്ടന്ന് തെരേസ അവൾക്ക് അരികിലേക്ക് വന്നു റബേക്കയെ പുണർന്നു നെറുകയിൽ ചുംബിച്ചു. തുടർന്ന് അവളുടെ മുഖം ഉയർത്തി തന്റെ മുഖത്തിനു നേരെ പിടിച്ചു ഉറക്കെ നിർത്തി നിർത്തി സാവകാശം പറഞ്ഞു,

" നിന്റെ അമ്മച്ചിയോടു ഞാൻ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമായി ഇത്രയൊക്കെ മാത്രമേ എനിക്ക് നിനക്കായ്‌ ഇപ്പോൾ ചെയ്യാൻ കഴിയു. അവന്റെ മണവാട്ടിയായി തര്യത്തെക്ക്‌ നിന്നെ കൈപിടിച്ച് കയറ്റണമെന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ട്. പക്ഷേ നിന്റെ അപ്പൻ, ഇസ... അവരൊന്നും സമ്മതിക്കില്ല. ഇനിയെല്ലാം നിന്റെ കയ്യിലാണ്... ക്രിസ്റ്റി ചാർത്തിയ ഈ മിന്നിന്റെ കാലാവധി തീരുമാനിക്കുന്നതും നീട്ടിതരുന്നതും അവനാണ്. ഈ കെട്ടുകല്യാണം പോലും അവന്റെ സമ്മതത്തോടെയല്ല... എനിക്ക് സുഖമില്ല എന്ന് നിനക്ക് അറിയാമല്ലോ? തര്യത്തെ വീടിന്റെ പടികൾ ഇനി നീ കയറി വരേണ്ടത് ക്രിസ്റ്റിയുടെ കൈപിടിച്ചായിരിക്കണം അല്ലാത്ത പക്ഷം നീ കയറി വരുന്നപോലെ പുറത്തേക്ക് വലിച്ചെറിയപ്പെടും. ഒരുപക്ഷെ അവന്റെ കയ്യാൽ തന്നെ..."


തെരേസ പറഞ്ഞ വാക്കുകൾ ഓരോന്നും ശ്രദ്ധയോടെ അവരുടെ ചുണ്ടുകളുടെ ചലനം നോക്കി റബേക്ക മനസിലാക്കിയെടുത്തു. കൂട്ടിവായിച്ചെടുക്കാൻ പ്രയാസമാണ് ഓരോ വരികളുമെന്നു അവൾ തിരിച്ചറിഞ്ഞു. അവളുടെ ആ ഭാവം തെരേസ കരുണയോടെ നോക്കി നിന്നു. റബേക്കയെ ഏദൻ തോട്ടത്തിൽ കൊണ്ട് ചെന്നാക്കാൻ തെരെസയ്ക്ക് ഒപ്പം കൂട്ടു വന്നിരുന്ന ആൻസി റബേക്കയെ കൂട്ടിക്കൊണ്ട് അകത്തെ മുറിയിലേക്ക് നടന്നു. അവൾ ചൂണ്ടിക്കാണിച്ച മുറിയുടെ അകത്തേക്ക് കയറാൻ മടിച്ചു നിന്ന റബേക്കയുടെ അരികിലേക്ക് എൽദോസ് ചെന്നു. റബേക്കയുടെ കയ്യിലിരുന്ന ബാഗ് ബലമായി പിടിച്ചു വാങ്ങി അയാൾ ആ മുറിയുടെ അകത്ത് കിടന്നിരുന്ന ബെഡിലേക്ക് എടുത്ത് വച്ചു. റബേക്ക മടിച്ചു നിന്നതും ആൻസി അവളെ ആ മുറിക്ക് ഉള്ളിലേക്ക് കൈപിടിച്ച് കൊണ്ട് പോയി ബെഡിലേക്ക് ഇരുത്തി. അവർക്ക് പിന്നാലെ തെരേസ ആ മുറിയിലേക്ക് കടന്നു വന്നതും എൽദോസ് പുറത്തേക്ക് ഇറങ്ങി പോയി. തെരേസ റബേക്കയുടെ കവിളിൽ മെല്ലെ തഴുകി. ഈറനാർന്ന അവളുടെ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് അവർ ഒതുക്കി വച്ചു. കുറച്ചു നേരം തെരേസ അവൾക്കൊപ്പം അവിടെ ഇരുന്നു ഓരോ കാര്യങ്ങൾ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.


സമയം എട്ടു മണി കഴിഞ്ഞതും അവർ ഇരുവരും റബേക്കയോട് യാത്ര പറഞ്ഞു പോകാനൊരുങ്ങി. പൊടുന്നനെ എന്തോ ഓർമ്മ വന്നപോലെ റബേക്ക തെരേസയുടെ കയ്യിൽ കടന്നു പിടിച്ചു തന്റെ നേർക്ക് അവരെ തിരിച്ചു പിടിച്ചു നിർത്തി ഉറക്കെ ചോദിച്ചു.

"ഇന്ന് രാവിലേ പള്ളിയിൽ വച്ചു മിന്നു കെട്ടിന് മുൻപായി അമ്മച്ചിടെ മോൻ എന്താ പറഞ്ഞത്? എന്നോട് കുറേപ്പേര് വന്നു ചോദിച്ചു..."

തെരേസയുടെ മുഖം വിളറി. അവർ എന്തോ പറയാൻ ഒരുങ്ങിയതും ക്രിസ്റ്റിയുടെ കാർ ഹോൺ മുഴക്കി ഏദൻ തോട്ടത്തിന് അകത്തേക്ക് കയറിവന്നു. ധൃതിയിൽ അവർ പുറത്തേക്ക് നോക്കി കൊണ്ട് ഉറക്കെ പറഞ്ഞു,

"അവനൊരു പൊട്ടിയെ കെട്ടാൻ ഇഷ്ടമല്ല, നിന്നെയല്ല നിന്റെ അനിയത്തി ഇസയെയാണ് അവനു ഇഷ്ടമെന്ന്. സത്യങ്ങൾ എല്ലാം നീ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അന്നേ ഞാൻ പറഞ്ഞില്ലേ നിന്നോട്, ഇസ എന്നും നിന്റെ ജീവിതം തട്ടിപ്പറിച്ചെടുക്കാൻ ശ്രമിക്കുകയാണ് എന്ന്. അവളുടെ അമ്മ നിന്റെ അമ്മച്ചിയുടെ പകരക്കാരിയായി മാറിയപോലെ. നോക്ക് റബേക്ക, അവൻ ചിലപ്പോൾ ഇന്ന് രാത്രിയിൽ നിന്നെ തല്ലിയെന്നു വരാം. തുടർന്നുള്ള ഓരോ പകലിലും രാത്രിയിലും ആവർത്തിക്കുകയും ചെയ്യും. എന്തെങ്കിലും ഒക്കെ മോശമായി പറഞ്ഞെന്നും വരും... പക്ഷേ അവൻ നിന്റെ ഭർത്താവാണ്, നിന്റെ മാത്രം... ആ ഓർമ്മ ഉണ്ടാകാൻ ചെവി കേൾക്കണം എന്നില്ല... ക്രിസ്റ്റി ഇവിടുന്ന് പടിയിറക്കി വിട്ടാൽ പിന്നെ നിന്റെ സ്ഥാനം ആ തെരുവിലാണ്, അല്ലെങ്കിൽ നിന്റെ അമ്മച്ചിയെ പോലെ നീയും തോറ്റു കൊടുക്കണം..."


ദയയെതുമില്ലാതെ അവർ പറഞ്ഞ ഓരോ വാക്കുകളും കേട്ടു റബേക്ക നിന്നാടി പോയി. ക്രിസ്റ്റി എത്തിയ കാര്യം അവരെ മൂവരെയും അറിയിക്കാനായി അകത്തേക്ക് കയറി വന്ന എൽദോസ് ഈ സ്ത്രീ ഇനിയും മാറിയില്ലേ എന്നോർത്തു സഹതപിച്ചു കൊണ്ട് വാതിക്കൽ തന്നേ തറഞ്ഞു നിന്നു. ക്രിസ്റ്റിയുടെ കാർ ഉറക്കെ ഹോൺ മുഴക്കി കൊണ്ടേയിരുന്നു. ആ ശബ്ദം തനിക്കുള്ള മുന്നറിയിപ്പ് ആണ് എന്ന് തെരേസ ഓർത്തു. ഏദൻ തോട്ടത്തിൽ എനിക്കും ജോർദാനും മാത്രം പ്രവേശനമില്ല, ഇനി എനിക്ക് വരേണ്ടി വന്നാൽ ഞാൻ പോയി എന്നുറപ്പായ ശേഷമേ അവൻ അകത്തേക്ക് കയറി വരു. തെരേസ ഓർത്തു. വ്യഗ്രതയോടെ റബേക്കയുടെ തോളിൽ തട്ടിക്കൊണ്ട് അവർ പുറത്തേക്ക് നടന്നു.


റബേക്കയ്ക്ക് ശരിക്കും ഒന്നും മനസ്സിലായില്ല. ജനിച്ച നാൾ മുതൽ ഈ നിമിഷം വരെയും ഞാനൊരു പൊട്ടി തന്നെയാണ് എന്നവൾ ആ നിമിഷം ഉറപ്പിച്ചു. കുറച്ചു നേരം അവൾ അങ്ങനെ തന്നേ അനങ്ങാതെ നിന്നു. റബേക്കയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി. അവൾ ആ ബെഡിലേക്ക് ഇരുന്നു കട്ടിൽപ്പടിയിൽ തല ചാരിവച്ചു. പതിയെ അവളുടെ മിഴികൾ അടഞ്ഞു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരോ തന്റെ അരികിൽ വന്നിരുന്നതുപോലെ അവൾക്ക് തോന്നി. ഒരുപക്ഷെ സ്വപ്നമാകാം. തന്റെ കാതോരം ആരുടെയോ സ്പർശം ഏറ്റതും റബേക്ക കണ്ണുകൾ വലിച്ചു തുറന്നു നോക്കി. അരികിൽ ക്രിസ്റ്റി ഇരിക്കുന്നു. തന്റെ ഇരു ചെവികളിലും ഹിയറിങ് ബഡ്സ് തിരുകി വച്ചിരുന്നു. ഫാൻ കറങ്ങുന്ന സ്വരം കേൾക്കാം. തനിക്കു ഇപ്പോൾ എല്ലാ ശബ്ദവും കേൾക്കാം. ക്രിസ്റ്റിയുടെ നിശ്വാസം പോലും. ക്രിസ്റ്റിയുടെ മുഖം ശാന്തമായിരുന്നു. റബേക്കയ്ക്ക് എന്തോ അന്നേരം അയാളെ തൊട്ടരുകിൽ കണ്ടപ്പോൾ പേടി തോന്നിയില്ല. തെരേസമ്മ പറഞ്ഞ കാര്യങ്ങൾ കള്ളമാകാം എന്നവൾക്ക് തോന്നി. അവളുടെ മിഴികൾ അവന്റെ മുഖത്താകമാനം ഓടി നടന്നു. റബേക്ക അയാളെ നോക്കിക്കാണുകയായിരുന്നു. എന്നാൽ ക്രിസ്റ്റി അവളെ പാടെ അവഗണിച്ചു കൊണ്ട് റബേക്ക ധരിച്ചിരുന്ന താൻ നൽകിയ മന്ത്രകോടിയുടെ മുന്താണിയിൽ മൃദുവായി തലോടിക്കൊണ്ട് അവളോടായി ഉറക്കെ ഇങ്ങനെ ചോദിച്ചു.


"നിന്റെ പേര് റബേക്ക എന്നല്ലേ?"

അവൾ അതേ എന്നർത്ഥത്തിൽ തലയാട്ടി.

"പിന്നെ എന്തിനാ അന്ന് എന്നോട് ബീ എന്ന് പറഞ്ഞത്...?"

റബേക്കയുടെ കലുഷിതമാർന്ന മനസ്സ് ഒരു നൊടി ശാന്തമായി.

"ഞാൻ റബേക്ക എന്ന് തന്നെയാണ് പറഞ്ഞത് ചിലപ്പോൾ കേട്ടത് തെറ്റിയതാകാം."

അവൾ ഉറക്കെ പറഞ്ഞു. ക്രിസ്റ്റി ഒരു നിമിഷം ആലോചിച്ചു നിന്നു.

"അതേ, ശരിയായിരിക്കും. ഞാൻ കേട്ടത് ബീ എന്നാണ്... റ ബീ ക്കാ..."

അയാൾ ഓരോ വാക്കുകളായി എടുത്ത് പറഞ്ഞു...

"ബീ അല്ല ബ... റബേക്ക..."

അവൾ അയാളെ തിരുത്തി. ക്രിസ്റ്റിയുടെ മുഖം തെളിഞ്ഞു. റബേക്കയുടെയും. ക്രിസ്റ്റി അവൾ ധരിച്ചിരുന്ന മന്ത്രകോടിയുടെ മുന്താണി ഞൊറിഞ്ഞെടുത്തു ബെഡിലേക്ക് നിവർത്തിയിട്ടു പിന്നീട് ആ മുന്താണിയിൽ പിടിപ്പിച്ചിരുന്ന വെള്ളക്കല്ലുകൾക്ക് മീതെ വിരലോടിച്ചു കൊണ്ട് അവളോട്‌ ഉറക്കെ ചോദിച്ചു.


"ബീ... ഈ നിമിഷം വരേയ്ക്കും നീ എന്നെ അല്ലാതെ മറ്റാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? നിന്റെ മനസ്സിൽ ഈ ഞാനല്ലാതെ മറ്റാരെങ്കിലും ഉണ്ടോ?നിന്റെ ഉത്തരം അതേ എന്നാണ് എങ്കിൽ ഈ രാത്രിയിൽ ഈ നിമിഷം തന്നേ നിന്നെ ഞാൻ കൊല്ലും... ബീ..."

റബേക്കയ്ക്ക് വീണ്ടും ഒന്നും കേൾക്കാൻ കഴിയുന്നില്ല എന്ന് തോന്നി.


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance