Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 25

ഇന്നേക്ക് ഏഴാം നാൾ - 25

7 mins 148 7 mins 148

വർധന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കുന്ന റബേക്കയുടെ നിറഞ്ഞ  മിഴികൾ തന്നോടൊരായിരം ചോദ്യങ്ങൾ ആരായുന്നുവെന്നു മനസ്സിലായതും വർധൻ ഒന്നും മിണ്ടാതെ അവളിൽ നിന്ന് അകന്നു മാറിച്ചെന്ന് കാറിന്റെ ഡോർ അടച്ചു ലോക്ക് ചെയ്തു. ശേഷം റബേക്കയെ കടന്നു ആ ദേവാലയത്തിന്റെ പ്രധാനവാതിലിനു നേരെ അവളെ ശ്രദ്ധിക്കാതെ അയാൾ ചുവടുകൾ വച്ചു. ആ നൊടി വിങ്ങി വിങ്ങി പതഞ്ഞു പൊന്തുന്നൊരു തിര പോലെ റബേക്ക അലയടിക്കാൻ തുടങ്ങി,

"ഓയ്... ഓയ്...."


അവളുടെ വെമ്പാലോടെയുള്ള ആ വിളി കേട്ടതും വർധൻ നടത്തം നിർത്തി തലചെരിച്ചു നോക്കി. തുടർന്നു പുഞ്ചിരിയോടെ വലതു കരം റബേക്കയുടെ നേരെ നീട്ടിപ്പിടിച്ചു, അവൾക്ക് പെട്ടന്നൊരു തളർച്ച തോന്നി. തലച്ചോറിനുള്ളിൽ ചിതറിത്തെറിച്ചു വീണു കിടന്നിരുന്ന മറക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ചില ഓർമ്മകളുടെ അവശിഷ്ടങ്ങൾ, പേടിസ്വപ്നങ്ങൾ എല്ലാം വീണ്ടുമൊരിക്കൽക്കൂടി പുനർജനിച്ചു ഉണർന്നു കൂടിചേർന്നു കണ്മുന്നിൽ വന്നപോലെ റബേക്കയ്ക്ക് തോന്നി. ഒരിക്കൽ ഇതുപോലെയൊരു ദേവാലയത്തിന്റെ ഉയർന്ന പടിക്കെട്ടിൽ തനിക്ക് നേരെ വലതു കരം നീട്ടിപ്പിടിച്ചു ചിരിയോടെ നിന്നിരുന്ന  ക്രിസ്റ്റഫറിന്റെ രൂപം അവൾക്ക് ഓർമ്മ വന്നു, ആ ഓർമ്മകളിൽ റബേക്ക പൊള്ളിപ്പിടയാൻ തുടങ്ങി, അവൾ ഒരു നിമിഷത്തേക്ക് ഇരു മിഴികളും അടച്ചു പിടിച്ചു.


"അതൊരു ഓർമ്മയാണ്, ഒരു ദുസ്വപനമാണ്‌, കാലങ്ങളോളം നീണ്ടുപോകുന്നൊരു ദുസ്വപ്നം... ഇപ്പോൾ നിന്റെ മുന്നിൽ കാണുന്ന കാഴ്ചയാണ് സത്യം... " അവളുടെ അന്തരംഗം റബേക്കയെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി, അവൾ പതിയെ കണ്ണുകൾ തുറന്നു, അരികിൽ ചിരിതൂകി നിൽക്കുന്ന വർധന്റെ മുഖം അവൾക്കൊരു പ്രത്യാശയായിരുന്നു. അയാൾ റബേക്കയുടെ നെറുകയിൽ തഴുകി ഓമനിച്ചു, റബേക്ക ഇടതു കരം ഉയർത്തി കൈത്തലം നിവർത്തി വർധന്റെ കവിളിൽ ചേർത്തു വച്ചുറക്കെ പറഞ്ഞു,

"എനിക്ക് ശ്രവണശേഷി പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല, പതിയെ സംസാരിക്കാനും അറിയില്ല... ഉറക്കെ പറഞ്ഞു ശീലിച്ചു പോയി, എങ്ങനെ പറയണം, എന്ത് സംസാരിക്കണം എന്നെനിക്ക് അറിയില്ല... ഞാനൊരു ബാധ്യതയാണ് നിങ്ങൾക്ക്, എനിക്കറിയാം."

തുടർന്നു പറയാനാകാതെ വേദനയോടെ അവൾ നിന്നു വിക്കാൻ തുടങ്ങി, റബേക്കയുടെ മനസ്സറിഞ്ഞ പോലെ വർധൻ വലതു കരം അവളുടെ ചുമലിൽ ചേർത്തു വച്ചു പള്ളിയുടെ നേരെ തിരിഞ്ഞു നിന്ന് അവളുടെ തോളിലേക്ക് തന്റെ മുഖം ചെരിച്ചു ചായ്ച്ചു വച്ചു ശബ്ദം താഴ്ത്തി പറഞ്ഞു,

" നീ എന്നോട് പറയാൻ മടിക്കുന്നതും ഞാൻ നിന്നിൽ നിന്ന് കേൾക്കാൻ കൊതിക്കുന്നതും ഒന്നാണ് ബീ... നീയില്ലാതെ ഞാൻ... എന്ത്... ഞാൻ നിന്റെ ആരാണ്...? അല്ലേ? 

ചിലരുടെ അധരങ്ങൾ ഇതേ വാക്കുകൾ , ഇതേ വികാരം നിറച്ചു പലവുരു എന്നോട് കള്ളം പറഞ്ഞിട്ടുണ്ട്... അതൊന്നും എന്റെ ഓർമ്മയിൽ പോലുമില്ല... എന്റെ ചിന്തകളിൽ അവരാരുമില്ല... പക്ഷേ നിന്റെയീ കഥ പറയുന്ന മിഴികളോട് ഒരു യുദ്ധം നടത്താനാണ് എനിക്ക് കുറേ നാളുകളായി താല്പര്യം, എന്റെ സ്വപ്നത്തിൽ അല്ല ഹൃദയത്തിലാണ് നീ ചേക്കേറിയത്, എന്റെ ഹൃദയതാളമായി നീ മാറിക്കഴിഞ്ഞിട്ടുണ്ട്, ഓർമ്മിക്കാൻ ഒരായിരം മുഖങ്ങൾ ഒന്നും എന്റെ മനസ്സിൽ  ഇല്ല ബീ..., പക്ഷേ എന്തായാലും  ഇന്ന് മുതൽ നീയെന്നും എന്റെയുള്ളിൽ ജീവനോടെ കാണും. ഒരിക്കലും ഞാനൊരു നായകനല്ല, വില്ലനുമല്ല, പക്ഷേ നിനക്ക് മുന്നിൽ മാത്രം ഞാൻ നായകനും നിന്റെ മാത്രം വില്ലനുമാകാൻ ആഗ്രഹിക്കുന്നു, ഒരു കാര്യത്തിലെ എനിക്കൊരു വാശിയുള്ളു ബീ.. ഞാൻ നിന്നെ സ്നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി നീ എന്നെ തിരിച്ചു സ്നേഹിച്ചിരിക്കണം. നിന്റെ പരാതിയും പിണക്കവും തീർന്നു എങ്കിൽ വരാൻ നോക്ക്, നമ്മുടെ കാര്യത്തിന് എന്തായാലും ഇന്നൊരു തീരുമാനമായി, ഇനി ബാക്കിയുള്ള കഥകൾ ഓരോന്നും നമ്മുക്ക് മാരാത്ത് പോയിരുന്നു സമാധാനത്തിൽ പറഞ്ഞു തീർക്കാം."


റബേക്ക ഒന്നും മനസിലാകാത്ത പോലെ നെറ്റി ചുളിച്ചു പുരികം വളച്ചു അയാളെ ഒന്ന് നോക്കി.

"ഇനിയും ഞാൻ ഉറക്കെ ഒന്നൂടെ ഈ പറഞ്ഞതെല്ലാം പറയണോ? കേൾക്കണോ നിനക്ക് ?"

വർധന്റെ സ്വരം ശാന്തമായിരുന്നു. അവൾ പൊട്ടിക്കരയുമോ എന്നയാൾ ഭയന്നു,പക്ഷേ റബേക്ക കരഞ്ഞില്ല, യാതൊരു ഭാവഭേദവും കൂടാതെ തന്റെ മിഴികളാൽ അവന്റെ മിഴികളുമായി കൊമ്പ് കോർത്തു നിന്നു, ആ നോട്ടത്തെ തന്റെ വലതു കണ്ണിറുക്കിക്കൊണ്ട് കുറുമ്പ് നിറഞ്ഞൊരു ചിരിയോടെ വർധൻ സ്വീകരിച്ചു. റബേക്ക അയാളുടെ കൈത്തണ്ടയിൽ ചുറ്റിപ്പിടിച്ചു ആ ദേവാലയത്തിന്റെ തുറന്നു കിടന്ന വാതിലിനു നേരെ തന്റെ മുഖം നീട്ടി പറഞ്ഞു,


"ഓയ്... ഈ പള്ളിയുടെ ആ തുറന്നു കിടക്കുന്ന വാതിലിനു മുൻപിൽ എനിക്ക് ചുറ്റും നടക്കുന്നത് എന്തെന്ന് മനസിലാകാതെ ഒരുപാട് തവണ ഞാൻ നിറമിഴികളോടെ നിന്നിട്ടുണ്ട്, എന്നാൽ എനിക്ക് തീരാവേദന തന്ന രണ്ട് അവസരങ്ങൾ എന്റെ ഓർമ്മയിൽ മായാതെ കിടപ്പുണ്ട് , എന്റെ ഓർമ്മകളിൽ മിഴിവോടെ എന്റെ മരണം വരേയ്ക്കും നിലനിൽക്കുന്നവയാണ് അവ. എന്റെ അമ്മച്ചിക്ക് അന്ത്യചുംബനം നൽകാൻ ആരെങ്കിലും എന്നെ തേടിപ്പിടിച്ചു വിളിച്ചു കൊണ്ടു പോകാൻ വരുന്നതും കാത്ത് ഒരിക്കൽ ഒരു രാവും പകലും ഞാൻ അവിടെ തനിച്ചു നിലകൊണ്ടു... ആരും വന്നില്ല, ആരും എന്നെ വിളിച്ചത് എന്റെ ചെവിയിൽ കേട്ടിലായിരിക്കും... പിന്നീട് കാലം കടന്നു പോയപ്പോൾ തരകൻ ജോർജിന്റെ ഇളയമകൾ ഇസബെല്ലിന്റെ മനസമ്മതത്തിനു മറ്റാരുടെയും കണ്ണിൽ പെടാതെ ആ വാതിൽ പാളികൾ ഒന്നിന്റെ  മറവിൽ ഞാൻ ഒളിച്ചു നിന്നിട്ടുണ്ട്, അവളുടെ മണവാളനെ കാണാൻ, എനിക്ക് മിന്നുകെട്ടിയ എന്റെ ഭർത്താവിനെ ഒരു നോക്ക് കാണാൻ... എന്താ ഞാൻ അയാളോട് ചെയ്ത തെറ്റ്...? ഇന്നും എനിക്കതറിയില്ല... ഞാൻ അർഹിച്ചതിലും ആഗ്രഹിച്ചതിലും കൂടുതൽ സ്നേഹം... പരിഗണന... എല്ലാം എനിക്ക് ക്രിസ്റ്റി തന്നു... പക്ഷേ ആ സ്നേഹത്തിന് എന്നും ഒരു മറയുണ്ടായിരുന്നു... ഇതുപോലെ ഈ പകൽവെളിച്ചത്തിൽ റബേക്കയുടെ കൈപിടിക്കാൻ ക്രിസ്റ്റിക്ക് മടിയായിരുന്നോ? അതോ ഭയമായിരുന്നോ? മറക്കാൻ കഴിയുന്നില്ല... എന്റെ നെഞ്ചിൽ ഇന്നുമൊരു പിടപ്പാണ് ആ മനുഷ്യന്റെ സ്നേഹം തിരിച്ചറിയുമ്പോൾ... അഭിനയമല്ല... എന്നാലും നാട്യം നിറഞ്ഞിരുന്നു... "


വർധൻ അമ്പരപ്പോടെ അവളെ നോക്കി, ആ നോട്ടം അവഗണിച്ചു റബേക്ക അയാളുടെ കൈകളിൽ മുറുക്കിപ്പിടിച്ചു, വേദനയോടെ. വർധന് കോപം ഇരമ്പിയാർത്തു വരുന്നുണ്ടായിരുന്നു, എന്നാൽ അവളോട് അത്‌ പ്രകടിപ്പിക്കാൻ അയാൾക്ക് കഴിയുന്നുമില്ലായിരുന്നു.

"അന്ന് ആ ദിവസം എല്ലാരുടെയും കണ്ണിൽ നിന്ന് ഈ പൊട്ടി മാഞ്ഞു പോയിരുന്നു ... ഒരാളുടെ ഒഴികെ, എന്റെ ഇച്ചായന്റെ... അല്ല ക്രിസ്റ്റിയുടെ... എന്റെ പഴയ ഭർത്താവിന്റെ... ആളും തിരക്കും ഒഴിഞ്ഞ നേരം മാതാവിന്റെ തിരുരൂപത്തിനു മുൻപിൽ വച്ചു ഇസബെല്ലിനെ തന്നോട് ചേർത്തു നിർത്തി അയാൾ എന്നോട് ഒരു ചോദ്യം ചോദിച്ചു .

"ഈ പള്ളിയിൽ കുടികൊള്ളുന്ന മാതാവിനെ സാക്ഷി നിർത്തി നിന്നെ പോലെയൊരു പൊട്ടിയുടെ കൈപ്പിടിക്കാൻ ഞാൻ അല്ലാതെ  ഏതെങ്കിലുമൊരുത്തൻ തയ്യാറാകുമോ, അറ്റ്ലീസ്റ്റ് ഒരു പൊട്ടൻ എങ്കിലുമെന്ന്?"

അയാൾ അന്ന് പറഞ്ഞത് കുറച്ചേ എനിക്ക് മനസിലായുള്ളു, എന്റെ ഹിയറിങ് എയ്ഡ് ഇസബെല്ലാ അയാളുടെ മുൻപിൽ വച്ചു എന്നോ പൊട്ടിച്ചു കളഞ്ഞിരുന്നു... പുതിയത് ഒരെണ്ണം, ആരും വാങ്ങിത്തന്നില്ല , തരാൻ മിനക്കെട്ടില്ല... ക്രിസ്റ്റി പോലും... അതാണ് സത്യം, ആര് വാങ്ങാനാണ് അല്ലെങ്കിൽ തന്നെ...? വാങ്ങി തന്നിട്ട് എന്ത് കേൾക്കാനാണ് ഞാൻ...? ശാപമോ, വഴക്കോ, അപമാനമോ?"


റബേക്ക പറഞ്ഞു കരഞ്ഞു തുടങ്ങിയതും വർധൻ അരിശത്തിൽ  അവളുടെ കൈത്തണ്ടയിൽ പിടിച്ചു വലിച്ചു കൊണ്ട് ആ ദേവാലയത്തിന്റെ പടികൾ അതിവേഗത്തിൽ കയറാൻ തുടങ്ങിയിരുന്നു, തന്റെ മിഴികൾ എന്തിനോ വേണ്ടി ആർത്തലച്ചു പെയ്യുന്നുവെന്നു അവൻ തിരിച്ചറിഞ്ഞു. പടികൾ ഓരോന്നായി പിന്നിടുമ്പോളും അവളെന്തൊക്കെയോ ഉറക്കെ പറയുന്നുണ്ടായിരുന്നു, അവൾ വല്ലാതെ തളർന്നു പോയി എന്ന് തോന്നിയപോൾ വർധൻ അവളുടെ വിരലുകളിൽ ഒന്ന് സ്നേഹത്തോടെ തൊട്ടു, ആ സ്പർശത്തിൽ നിറഞ്ഞിരുന്ന സ്നേഹം തിരിച്ചറിഞ്ഞതോടെ അവളാകെ പരവശയായി. ദേവാലയത്തിന്റെ വാതിക്കൽ എത്തിയതും വർധൻ അവളുടെ ചെവിയിൽ നിന്ന് ആ ഹിയറിങ് എയ്ഡ് അടർത്തി മാറ്റി അവളുടെ കഴുത്തിലേക്ക് നീട്ടി ഇട്ടു, അവൾ ഒന്നും പറഞ്ഞില്ല, പ്രതികരിച്ചുമില്ല, ആ ഭാവം അയാളുടെ മുഖത്ത് വീണ്ടും ക്ഷോഭം പടർത്തി. സ്വയം നിയന്ത്രിച്ചു കൊണ്ട് അകലെ അൾത്താരയുടെ നേരെ റബേക്കയെ തിരിച്ചു നിർത്തിയ ശേഷം അവളുടെ മുഖത്തോട് തന്റെ മുഖം ചേർത്ത് വച്ചു വർധൻ പറഞ്ഞു,


"ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. ഒരു നിമിഷം കൊണ്ട് ഒരായുസ്സ് ജീവിച്ചു തീർക്കാമെന്ന് എന്നെ പഠിപ്പിച്ചൊരു സുന്ദരമായ സ്വപ്നമാണ് നീ, അന്ന് നിന്റെയൊപ്പം ഞാൻ നനഞ്ഞ ആ ചാറ്റൽ മഴ എന്നെ നീയുമായി പ്രണയം എന്നൊരു ബന്ധനത്തിലാക്കി. ഞാനൊരു കൃഷ്ണനുമല്ല രാമനുമല്ല, നീ പറയാറുളള പോലെയുള്ള ഒരു കാട്ടാളൻ തന്നെയാണ്. ദാ നോക്കിയേ ആ അൾത്താരയിൽ നിന്ന് നമ്മളെ നോക്കി നിൽക്കുന്ന മാതാവിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു ഞാൻ ഇഷ്ടപെട്ടതും സ്നേഹിച്ചതും റബേക്ക എന്ന പേരുള്ള ഈ പെണ്ണിനെ മാത്രമാണ്, അല്ലാതെ നിന്റെ കുറവുകളെ അല്ല... എന്റെ മുന്നിൽ നീ ബധിരയല്ല... ഞാൻ പറയുന്നത് നിനക്കും നീ പറയുന്നത് എനിക്കും മാത്രം  മനസ്സിലായാൽ മതി ?ഇനി എന്നെ കൊണ്ട് ഇതാവർത്തിച്ചു പറഞ്ഞു നീ വെറുതെ എന്റെ ഈ നല്ല സ്വഭാവം മാറ്റിക്കരുത്, കഴിഞ്ഞ കുറേ നാളുകളായി എന്നെ ഇട്ടു വട്ടു പിടിക്കുന്നൊരു കുറുമ്പ് പിടിച്ച മിന്നാമിന്നിയേ പോലെയാണ് നിന്റെ ഓർമ്മകൾ... രാത്രിയിൽ എന്നെ ഉറങ്ങാനും സമ്മതിക്കില്ല, എനിക്ക് നിന്നെ അടിച്ചോടിക്കാനും കഴിയില്ല, കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായോ?"

വർധൻ പറഞ്ഞു നിർത്തി അവളെ നോക്കി, റബേക്ക അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.


'വല്ലോം കത്തിയോ?" 

തല ചെരിച്ചു ഇളക്കിക്കൊണ്ട് അയാൾ ചുറ്റിനും ഒന്ന് കണ്ണോടിച്ചു,

"എനിക്ക് ചെവി കേൾക്കാൻ കഴിയില്ല വർധൻ...അത് മറന്നോ?"

അവളുടെ വേദന മനസ്സിലായതും വർധൻ റബേക്കയുടെ തോളിൽ കൈ ചുറ്റിയിട്ട് പതിയെ അവളെയും കൂട്ടി അൾത്താരയുടെ നേരെ നടന്നു,

"പറ്റിക്കപെടുന്നതും പറ്റിക്കുന്നതുമൊന്നുമല്ല ജീവിതവും സ്നേഹവുമെന്ന് ഇവളെ ഒന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കണേ മാതാവേ?" 

"ഓയ്... എന്തേലും പറഞ്ഞായിരുന്നുവോ? എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല, എന്തോ ചെറിയ മൂളല് പോലെ. ഒരുപാട് അകലെ നിന്ന് ആരോ എന്തോ പിറുപിറുക്കുന്ന  പോലെ... വ്യക്തമല്ല... ഈ പറഞ്ഞത് എല്ലാം എന്റെ മുഖത്തുനോക്കി പറയുമോ? അല്ലെങ്കിൽ എഴുതികാണിക്ക്, ഞാൻ വായിച്ചിട്ട് മറുപടി പറയാം. അല്ലാതെ ഞാൻ എന്താ കാട്ടാനാ കാട്ടാളാ... "


അവളുടെ പരിഭവം കേട്ട് താൻ പള്ളിയുടെ അകത്താണ് നിൽക്കുന്നത് എന്ന് പോലും ഓർക്കാതെ റബേക്കയുടെ തോളിൽ ചുറ്റിയിരുന്ന കയ്യെടുത്തു വർധൻ തന്റെ മുഖം പൊതിഞ്ഞു പിടിച്ചു ഉറക്കെ ചിരിച്ചു, ആ നിമിഷം റബേക്കയുടെ കൈകൾ വർധന്റെ ഉടലിനെ വലയം ചെയ്തു, അവളുടെ ചുവടുകൾ വേച്ചു വീഴാൻ പോകുന്നത് പോലെയും ദേഹം വിറകൊള്ളുന്നത് അറിഞ്ഞതും വർദ്ധൻ  മുഖം മറച്ചിരുന്ന കൈത്തലം അകറ്റിമാറ്റി അവളെ നോക്കി, പേടിച്ചു ഭയന്ന അവളുടെ മിഴികൾ ദർശിച്ചതും വർധൻ എന്തെന്ന് മുഖമിളക്കി റബേക്കയോട് ചോദിച്ചു. അവൾ മിഴികൾ അൾത്താരയുടെ നേരെ പായിച്ചു, ആ നോട്ടം പിന്തുടർന്നു ചെന്ന വർധന്റെ ഇമകൾ തീക്ഷണതയേറിയ ഒരു ജോഡി കണ്ണുകളുള്ള ഒരു ആജാനുബാഹുവുമായി കൂട്ടിമുട്ടി, ആ ആജാനുബാഹു അരികിലേക്ക് അടിവച്ചു നടന്നു തുടങ്ങിയതും റബേക്ക പേടിച്ചു വിറച്ചു മുഖം വർധന്റെ മാറിലേക്ക് പൂഴ്ത്തിവച്ചു. ആ വ്യക്തി അവർ ഇരുവർക്കും അരികിലേക്ക് കടന്നു വന്നു ശാന്തനായി  നിന്നു, വർധൻ തലയുയർത്തി പിടിച്ചു തന്നെ നിന്നു, റബേക്ക ഇത്രമാത്രം ഭയപ്പെടുന്ന ഇയാൾ ആരാണ് എന്ന് ആലോചിച്ചു അയാൾ നിൽക്കെ അവൾ വർധന്റെ നെഞ്ചിൽ പൂഴ്ത്തി വച്ചിരുന്ന മുഖം ഉയർത്തി വെഗ്രതയോടെ തന്റെ ഹിയറിങ് എയ്ഡ് ഓൺ ചെയ്തു ചെവിയിലേക്ക് തിരുകി വച്ചു. ആ വ്യക്തി അവർ ഇരുവരെയും ഒന്ന് മാറി മാറി നോക്കി, പിന്നീട് ശാന്തത കൈവരിച്ചു കൊണ്ട് വർധനു നേരെ വലതു കൈത്തലം നീട്ടിപ്പിടിച്ചു പറഞ്ഞു,


"തരകൻ ജോർജ്ജ്, കണ്ടോത്ത് തരകൻ ജോർജ്ജ്, ഇവളുടെ അപ്പൻ..."

അയാളുടെ കനത്ത സ്വരം കേട്ട് റബേക്കയ്ക്ക് ശ്വാസംമുട്ടുന്നത് പോലെ തോന്നി. വർധൻ സമചിത്തതയോടെ റബേക്കയെ ദേഹത്തേക്ക് ഒന്നൂടെ ചേർത്തുവച്ച ശേഷം അയാളുടെ കൈ കവർന്നു കൊണ്ട് ഉറപ്പോടെ പറഞ്ഞു

"വർധൻ...  അഡ്വക്കേറ്റ് ഗോവർധൻ മാരാർ ... ഇവളുടെ മാപ്പിള."

റബേക്ക പൊടുന്നനെ അവളുടെ കണ്ണീരും സങ്കടവും മറന്നു, അവളുടെ ഹൃദയം നിറഞ്ഞു, കണ്ണുകളിൽ നനവ് പൊടിഞ്ഞു. തരകൻ ജോർജ്ജ് ഞെട്ടിത്തരിച്ചു നിൽക്കെ വർധൻ ഭാവഭേദമന്യേ റബേക്കയെ ചേർത്തു പിടിച്ചു അൾത്താരയുടെ നേരെ നടന്നു... കണ്ടോത്ത് ഷെവലിയാർ തരകൻ ജോർജ് എന്ന കരപ്രമാണി തന്റെ ജീവിതത്തിൽ ആദ്യമായി എലിസബത്തിന്റെ മകൾ റബേക്കയ്ക്ക് മുൻപിൽ തലകുനിച്ചു നിന്നു, അതിനു കാരണഹേതുവായത് ആലത്തൂർ മംഗലത്ത് ഗോവർദ്ധൻ മാരാർ എന്ന തെമ്മാടിയും താന്തോന്നിയുമായ കേസില്ലാ വക്കീലും. തലയുയർത്തിപ്പിടിച്ചു വർധൻ തനിക്ക് നേരെ പറഞ്ഞിട്ട് പോയ ഓരോ വാചകങ്ങളും തരകൻ ജോർജ്ജിന് ദാഹിച്ചില്ല, അയാൾക്ക് തിരിച്ചു എന്തെങ്കിലും മറുപടി പറയാൻ അവസരം കിട്ടുന്നതിന് മുൻപായി റബേക്കയുടെ കയ്യും പിടിച്ചു വർധൻ അൾത്താരയുടെ നേരെ നടന്നു നീങ്ങിയിരുന്നു. അവൾക്ക് മേൽ അവകാശം ഇനി മുതൽ തനിക്ക് മാത്രം എന്നുറക്കെ തന്നോട് പ്രഖ്യാപിച്ച പോലെയുള്ള വർധന്റെ ആ പെരുമാറ്റം അയാളിൽ അമർഷം ഉളവാക്കി, തരകൻ ജോർജ്ജ് പല്ലുകടിച്ചു അടിമുടി വിറപൂണ്ടു നിന്നു. 

റബേക്ക എന്ന ആ മകളെ സ്നേഹിക്കാനോ, ശാസിക്കാനോ, ഉപദേശിക്കാനോ അവകാശമില്ലാത്ത ഒരപ്പനാണ് താൻ എന്ന ബോധം അയാളെ യാതാർഥ്യത്തിലേക്ക് മടങ്ങി വരാൻ സഹായിച്ചു.


ഒരിക്കൽ ഇതേ പള്ളിമേടയിൽ വച്ചു എലിസബത്തിന്റെ മകളുടെ ഭർത്താവിന്റെ കരം പിടിച്ചു തന്റെ മകളുടെ കൈകൾക്ക് ഉള്ളിലേക്ക് ചേർത്തുവച്ചപ്പോൾ ഈ പള്ളിവക സെമിത്തേരിയുടെ വടക്കേ സൈഡിൽ ഒറ്റപ്പെട്ടു കാണപ്പെട്ടൊരു കല്ലറയിൽ നിന്ന് വീശിയടിച്ചൊരു നേർത്ത കാറ്റിന്റെ തണുപ്പ് ഒരു പരിഭവം പറയുന്ന പോലെ തന്നെ തഴുകി തലോടി കടന്നു പോയിരുന്നു. എലിസബത്തിന്റെ ശാപം തന്നെയാകും ഒരുപക്ഷെ കുറേ നാളുകളായി തന്നെയും തന്റെ കുടുംബത്തെയും വിടാതെ പിന്തുടരുന്നത്. അപ്പൻ എന്ന വാക്കിന്റെ അർത്ഥവും, ന്യായവും, സ്നേഹവും ആധിയുമെല്ലാം തര്യത്തെ തെരേസയുടെ പിടിവാശിയിൽ അലിഞ്ഞു ചേർന്നു റബേക്ക എന്ന ആ മകളുടെ മുൻപിൽ എന്നും തന്നെയൊരു മൗനിയായി തീർത്തിരുന്നു. എല്ലാം അറിഞ്ഞു കൊണ്ട് ഒരു അറവുമാടിനെ ചന്തയിൽ വിലപേശി വിൽക്കുന്ന ലാഘവത്തോടെ കണക്ക് പറഞ്ഞു കരാർ ഉറപ്പിച്ചു തനിക്കു റബേക്കയെ  വിൽക്കേണ്ടി വന്നു, തര്യത്തെ ക്രിസ്റ്റഫറിന്. തന്റെ ആവശ്യം കഴിഞ്ഞാൽ അവൻ അവളെ തെരുവിലേക്ക് വലിച്ചെറിയുമെന്നുള്ളത് ഉറപ്പാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, തര്യത്തെ തെരെസയുടെ  മുൻപിൽ താൻ നിസ്സഹായനായിരുന്നു. അന്ന് അമ്മയാണ് എങ്കിൽ ഇന്ന് മകനാണ് കളത്തിൽ ...തര്യത്തെ പുതിയ മണവാട്ടി എന്ന് സമൂഹം റബേക്കയേ വിളിച്ചു,  എന്നാൽ തന്റെ രണ്ടാം ഭാര്യയും ഇളയമകളും കണ്ടോത്തെയും തര്യത്തെയും  കുറച്ചു സിൽബന്ദികളും ഉൾപ്പെടുന്നവർ അവളേ ഡോക്ടർ ക്രിസ്റ്റഫർ  മാത്തൻ തര്യന്റെ വെപ്പാട്ടിയെന്നു വിളിച്ചു അടച്ചാക്ഷേപിച്ചു. അവൾക്ക് മിന്നുകെട്ടിയവൻ പോലും അവർക്കൊപ്പം കൂടെ കൂടിച്ചേർന്നു റബേക്കയ്ക്ക് നേരെ പരിഹാസം വർഷം മുഴക്കിയിരുന്നു, എന്നാൽ പരമപിതാവിന്റെ വിധിന്യായം തന്നെയാണ് ഏറ്റവും ക്രൂരമായ തമാശ. താൻ ഒരിക്കൽ തല്ലിപ്പുറത്താക്കിയവൾക്കായി അവൻ സ്വന്തം കൂടപ്പിറപ്പിന്റെ ജീവനെടുക്കാൻ ശ്രമിച്ചു. അവളെ തിരികെ നേടാനായി തര്യത്തെ പരമാധികാരിയായിരുന്ന  തെരെസയെ ക്രിസ്റ്റഫർ  തള്ളിപ്പറഞ്ഞു. റബേക്കയ്ക്ക് ഒരിക്കൽ  മിന്നുകെട്ടിയവൻ, ഇന്നും അവളുടെ ഭർത്താവ് ആണ് താനെന്നു അവകാശം ഉന്നയിക്കുന്നവൻ  ജയിലിന്റെ ഇരുട്ടിൽ പുറം ലോകം കാണാനായി നാളെണ്ണി കഴിയുന്നു. ഏഴ് ദിവസം ഏഴ് യുഗങ്ങൾ ആണ് അവനെന്നു ഇന്നലെ കൂടെജയിലിൽ നിന്നും ഫോൺ വിളിച്ചു ഇസബെല്ലിനേ ഭീഷണിപ്പെടുത്തിയപ്പോൾ ക്രിസ്റ്റി എടുത്ത് പറഞ്ഞിരുന്നു. റബേക്ക ഇതൊക്കെ അറിയുന്നില്ലായിരിക്കും. അവൾ ഇന്ന് മറ്റൊരുത്തന്റെ മണവാട്ടിയല്ലേ?


ക്രിസ്റ്റി ഇതറിഞ്ഞാൽ ആലത്തൂർ ഗോവർദ്ധൻ ഒരോർമ്മയായി മാറും, മൂന്നു തരം, റബേക്ക ഒരു വിധവയും. റബേക്ക എലിസബത്തിന്റെ മറ്റൊരു പകർപ്പാണ്, അമ്മയും മകളും തനിക്കു നേരെ വച്ചു നീട്ടിയ ദാനം എന്റെ ജീവനാണ്, എന്നാൽ അവൻ ആ ക്രിസ്റ്റി ഒരു സാത്താനും. ക്രിസ്റ്റിയുടെ ഓർമ്മയിൽ അയാളൊന്ന് പിടഞ്ഞു പോയി. ബാംഗ്ലൂർ ഉള്ള തര്യത്ത് മാത്തൻ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പടിവാതിൽ കടന്നു പോലീസ് ജീപ്പിലേക്ക് കയറും മുൻപേ ജോർദാന്റെ നിണമണിഞ്ഞ തന്റെ വലതു കൈ ഇസബെല്ലിനു നേരെ ഉയർത്തിപിടിച്ചു ക്രിസ്റ്റി അലറി പറഞ്ഞ വാക്കുകൾ തരകന്റെ കാതിൽ ഇടിമുഴക്കം പോലെ ആ നൊടിയിൽ പ്രതിധ്വനിക്കാൻ തുടങ്ങി, 

" ടീ... നീ ഓർത്തു വച്ചോ ഈ ക്രിസ്റ്റഫറിന്റെ അപ്പന്റെ പേര് മാത്തൻ തര്യൻ എന്നാണ്, തര്യത്ത് കുടുംബത്തിന് ഒരാവകാശി മാത്രമേയുള്ളു എന്റെ മണവാട്ടി, അവൾ എന്റെ ബീ... എനിക്ക് മാത്രം സ്വന്തമായ പെണ്ണ്, അവളെ വേദനിപ്പിക്കാനോ സ്വന്തമാക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ കാലൻ ഈ ക്രിസ്റ്റഫർ ആയിരിക്കും, ഒന്നും ഞാൻ മറന്നിട്ടില്ല... ഇപ്പോൾ  നീയും നിന്റെ അപ്പനും... സമാധാനമായിട്ട് ജീവിച്ചോടീ . ഞാൻ തിരികെ വന്നോട്ടെ."

 

പള്ളി മണി ഉറക്കെ മുഴങ്ങിയതും തരകൻ മാപ്പിള ഭീതിയുണർത്തുന്ന ആ ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നു, 

"അവിടുത്തേക്ക് എന്നെ ശിക്ഷിച്ചു ഇനിയും മതിയായില്ലേ മാതാവേ? ഈ യാഗവേദിയിൽ എന്നെ തന്നെ ബലിയർപ്പിക്കാൻ ഞാൻ ഇപ്പോൾ തയ്യാറല്ല ... എനിക്ക് എന്റെ ഇസ്യ്ക്കായി കുറച്ചു നാൾ കൂടെ ജീവിക്കണം... അനുവദിക്കണം..."

തരകൻ ജോർജിന്റെ മിഴികൾ ഉണ്ണിയേശുവിനെയും കയ്യിലേന്തി നിൽക്കുന്ന അൾത്താര ഫലകങ്ങൾ ഒന്നിലേക്ക് മുഖം ഉയർത്തി നോക്കുന്ന വർദ്ധനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന റബേക്കയിൽ പതിഞ്ഞു.


"ഇനിയെങ്കിലും അവളുടെ ജീവിതത്തിന് ഒരു വെളിച്ചം, ഒരാശ്രയം നീ നല്കീടണമേ ... എന്റെ എലിസബത്തിനെ പോലെ അവളെയും കൊല്ലാൻ എനിക്ക് കഴിയില്ല... സ്വീകരിച്ചില്ല എങ്കിലും അവളെന്റെ മകൾ തന്നെയാണ്... ഇസ സന്തോഷമായി ജീവിക്കണം എങ്കിൽ റബേക്ക ജീവനോടെ ഇരിക്കണം."

ആവലാതികൾ പൂർത്തിയാക്കാൻ കഴിയാതെ അയാൾ നിന്നു കിതച്ചു, തരകൻ ജോർജ്ജ് ഒരു നിമിഷം ആകെ തകർന്നു പോയി. അയാൾക്ക് എലിസബത്തിന്റെ അരികിലേക്ക് ഒന്നു പോകണമെന്ന് തോന്നി, തന്റെ കൈകാലുകൾക്ക് ബലം നഷ്ടപ്പെടുന്നുവെന്ന് മനസ്സിലായതും തരകൻ ജോർജ്ജ് പള്ളിയുടെ അകത്തു തനിക്ക് ചുറ്റും നിരനിരയായി അടുക്കിയിട്ടിരുന്ന കസേരകളിൽ താങ്ങി പിടിച്ചു പതിയെ മുന്നോട്ട് നടന്നു, സെമിത്തേരിയെ ലക്ഷ്യം വച്ചു. എലിസബത്ത് തരകൻ എന്ന തന്റെ കുഞ്ഞിപെണ്ണിന്റെ കല്ലറയെ ലക്ഷ്യം വച്ചു...


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance