Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 22

ഇന്നേക്ക് ഏഴാം നാൾ - 22

9 mins 163 9 mins 163

എൽദോസ് പറയുന്ന ഓരോ വാക്കുകളും തീർക്കുന്ന മായാലോകത്ത് കാഴ്ചകൾ കണ്ടു നിന്നിരുന്ന താൻ പെട്ടന്ന് ഒറ്റപെട്ട പോലെ കബീറിന് തോന്നി. ക്രിസ്റ്റിയെപോലെ. അതേ ക്രിസ്റ്റിയെപോലെ താനും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തിനെന്നു അറിയാതെ നെഞ്ച് നീറുന്നു... എന്റെ ഖദുവിനരികിൽ മറ്റൊരു പുരുഷന്റെയും നിഴൽ പോലും പതിയുന്നത് കണ്ടു നിൽക്കാൻ എനിക്ക് കഴിയില്ല അപ്പോൾ ക്രിസ്റ്റിയോ... 


കബീറിന്റെ ചിന്തകൾ സഞ്ചരിച്ച അതേ പാതയിൽക്കൂടി മറ്റൊരാളും ഈ സമയം അയാൾക്ക് കൂട്ടിനായി വന്നിരുന്നു... വർധൻ സൗഹാർദ്ദത്തിൽ നനുത്തു നേർത്തൊരു പുഞ്ചിരി അയാൾക്ക് നൽകികൊണ്ട് തന്റെ വലതു കൈത്തലം ക്രിസ്റ്റഫറിന് നേരെ നീട്ടി. അയാൾ വർധന്റെ കരം കവർന്നു അവനെ ആഞ്ഞുപുൽകി. മുഖം വർധന്റെ ചുമലിൽ ചേർത്തു വച്ചു വാതിലിനു സമീപം നിന്നിരുന്ന റബേക്കയുടെ നേരെ ദൃഷ്‌ടി പായിച്ചു ക്രിസ്റ്റി പതിയെ വർധന്റെ കാതിൽ പറഞ്ഞു, 


"അവൾ ഇത്ര പെട്ടെന്ന് എന്നെ മറന്നു പോകാനായി നീ എന്ത് മാജിക്കാണെടാ പ്രയോഗിച്ചത്? അവിടെ നിൽക്കുന്ന ബീ യുടെ മിഴികൾ നിന്റെ നേർക്കാണ് നീളുന്നത്, എന്നെ അവൾ കാണുന്നു കൂടിയില്ല. എന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടതാണ് വർധൻ. അവൾ ഒരിക്കലും ആ സത്യങ്ങൾ ഒന്നും ഇനി അറിയരുത്, എന്നെ വെറുത്തോട്ടെ, ഞാൻ ആ വെറുപ്പ് അർഹിക്കുന്നവനാണ്. നീ എല്ലാ അർത്ഥത്തിലും ഭാഗ്യവാനാണ് വർധൻ. രൂപത്തിലോ ഭംഗിയിലോ പഠിപ്പിലോ അല്ല കാര്യം. ജീവിതമാകുന്ന വീഥിയിൽ നമ്മളൊന്ന് തിരിഞ്ഞു നോക്കുമ്പോൾ നമ്മളെ തേടി കാത്തു നിൽക്കാൻ ഒരാള് വേണം, എനിക്ക് കർത്താവ് തന്ന ആ ഒരാളാണ് ഇന്ന് എനിക്ക് പകരം നിന്നെ തേടി ആ വാതിലിനു സമീപത്ത് വെപ്രാളംപിടിച്ചു നിൽക്കുന്നത്. നമുക്കൊന്നു കാണണ്ടേ, കണ്ടോത് തരകന്റെ കണക്ക് കൂട്ടി കുറച്ചു തുക ടാലിയാക്കണം, വേണ്ടേ?" 


വർധൻ മൃദുവായി ചിരിച്ചു, ക്രിസ്റ്റഫറിന്റെ ചുമലിൽ തഴുകി പറഞ്ഞു, 


"വേണം, കണക്കുകൾ ഓരോന്നോരോന്നായി തീർക്കണം. നിന്റെ അമ്മച്ചി എന്നു പറഞ്ഞാൽ എനിക്കും അമ്മ തന്നെയാണ്,നമ്മുക്ക് അങ്ങനെ വേർതിരിവ് ഉണ്ടോടാ? റബേക്കയുടെ മിഴികൾ ഒരുകാലത്തു നിനക്ക് നേരെ മാത്രമായിരുന്നു തിരിഞ്ഞിരുന്നത്, പക്ഷെ അന്നൊക്കെ നീയവളെ മനസ്സുകൊണ്ടായിരം വട്ടം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു, അവൾക്ക് വേണ്ടി തന്നെയായിരുന്നു എന്നൊരു ന്യായവും പറഞ്ഞു. അതവൾക്ക് എന്നല്ല ഒരു പെണ്ണിനും അംഗീകരിക്കാൻ കഴിയില്ല, എന്നിട്ടും അവൾ നിനക്കായി കാത്തിരുന്നു, പിന്നീട് നടന്നതൊക്കെ അറിയാമല്ലോ നിനക്ക്? ഒരായിരം ആവർത്തി നിന്നോട് ഞാൻ ചോദിച്ചു ഇത് ശരിയാകുമോ എന്ന്. പിന്നീട് ഒരിക്കലും അവളെ തിരികെ ചോദിക്കരുത് എന്ന്... ഓർമ്മയുണ്ടല്ലോ...? അമ്മാളു സാക്ഷിയാണ്..." 


ക്രിസ്റ്റഫർ പിന്നെ ഒന്നും സംസാരിച്ചില്ല, അയാൾ വർധന്റെ ദേഹത്ത് നിന്ന് അകന്നു മാറിനിന്നു. വർധൻ ഒരു നൊടി ആലോചിച്ചു, പിന്നീട് തന്റെ പോക്കറ്റിൽ കിടന്ന സിഗരറ്റ് പായ്ക്കറ്റ് പുറത്തേക്ക് എടുത്തു അലസമായി സോഫയിലേക്ക് എറിഞ്ഞു കൊണ്ടു അർത്ഥവത്തായൊരു നോട്ടം ക്രിസ്റ്റഫറിന് കൈമാറി. സാവധാനം തിരിഞ്ഞു റബേക്കയുടെ അരികിലേക്ക് നടന്നു. അയാൾ തന്നരുകിലേക്ക് തിരികെ വരുന്നത് കണ്ടു റബേക്ക പുറത്തേക്ക് ഇറങ്ങി നടന്നു. അവർ ഇരുവരും പുറത്തേക്ക് ഇറങ്ങിയതും സോഫയിൽ വർധൻ എറിഞ്ഞിട്ട് പോയ സിഗരറ്റ് പാക്കറ്റ് കൈനീട്ടിയെടുത്തു തുറന്നു നോക്കിയ ശേഷം ക്രിസ്റ്റഫർ ആ സിഗരറ്റ് പായ്ക്കറ്റ് പാന്റിന്റെ പോക്കറ്റിലേക്ക് തിരുകിവച്ചു. ഇസബെൽ വലിച്ചടച്ച വാതിലിനു നേർക്ക് നോട്ടം പായിച്ചു കൊണ്ടയാൾ മെല്ലെ പൂമുഖത്തേക്ക് നടന്നു. 


ഗേറ്റിങ്കലേക്ക് പരസ്പരം വഴക്കിട്ട് പൊട്ടിച്ചിരിച്ചു നടന്നു പോകുന്ന വർധന്റെയും റബേക്കയുടെയും ലോകത്തിലേക്ക് കടന്നു ചെല്ലാൻ അയാൾക്ക് അതിയായ ആഗ്രഹം തോന്നി. ഗേറ്റിനു സമീപം പാർക്ക്‌ ചെയ്തിരുന്ന തന്റെ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു അവളെ അകത്ത് കയറ്റി ഇരുത്തിയ ശേഷം വർധൻ അവളോട് എന്തൊക്കെയോ ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു. റബേക്ക വളെരെയധികം സന്തോഷവതിയുമായി കാണപ്പെട്ടത് ക്രിസ്റ്റഫർ എന്ന ഭർത്താവിനെ അസൂയാലുവാക്കി. ഒരിക്കൽ ആരുമറിയാതെ കുറച്ചു നാൾ താൻ അവൾക്കൊപ്പം കഴിഞ്ഞിരുന്നു, അന്നവൾ ഇതുപോലെ മനോഹരമായി പുഞ്ചിരിക്കുമായിരുന്നു, തനിക്ക് മാത്രമേ ആ ചിരിയുടെ അർത്ഥവും ആഴവും മനസിലാക്കാൻ കഴിയുമായിരുന്നുള്ളൂ. ഭൂതകാലത്തിലേക്ക് തിരിച്ചൊരു യാത്ര പോകാൻ ഭാഗ്യം ഉണ്ടായിരുന്നുവെങ്കിൽ റബേക്ക എന്നും ഈ ക്രിസ്റ്റഫർ മാത്തന്റെ മാത്രമായേനെ, ആകണം, അവളെന്നും എന്റെ മാത്രം സ്വന്തമാകണം; അയാളുടെ ഉള്ളിൽ അൽപ സമയം മുൻപ് വരെയും ഉറങ്ങികിടന്നിരുന്ന റബേക്കയോടുളള പ്രണയത്താൽ ഭ്രാന്ത്‌ പിടിച്ച ഡോക്ടർ ക്രിസ്റ്റഫർ പൊടുന്നനെ സടകുടെഞ്ഞെഴുന്നേറ്റു. വർധൻ കാറിന്റെ മറുവശത്തേക്ക് ചെന്നു ഡോർ തുറന്നു അകത്തേക്ക് കയറി, കാർ സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് ഓടിച്ചു പോകുന്നത് ദുർബലനായി, അരിഷത്താൽ ചുവന്ന മുഖത്തോടെ ക്രിസ്റ്റഫർ നോക്കി നിന്നു. തന്റെ മിഴികൾ നീരണിഞ്ഞു ഈറനായി ആ കാഴ്ച മങ്ങിയതറിഞ്ഞതും അയാളുടെ നെഞ്ചിലെവിടെയോ ഒരു വിങ്ങൽ തോന്നി, ആരോടെന്നില്ലാത്ത ദേക്ഷ്യവും, അയാളുടെ ഹൃദയം നീറുകയായിരുന്നു. എത്ര എളുപ്പത്തിലാണ് വർധൻ കാര്യങ്ങൾ തീർപ്പാക്കി റബേക്കയെ തന്നോട് ചേർത്തു പിടിച്ചത്, അവളുടെ നിറഞ്ഞ മിഴികളുടെ ഓർമ്മയിൽ അവന്റെ മനസ്സ് പുകഞ്ഞു. 


"ഇസാ... അവൾ, അവളെങ്ങനെ, ഇവിടെ, ഈ സമയത്തു?"


ക്രിസ്റ്റഫറിന്റെ മിഴികൾ കുറുകി, ക്ഷോഭം കൊണ്ടവൻ വിറച്ചു, 


"എല്ലാം നീ വിചാരിച്ചപോലെ അത്ര എളുപ്പത്തിൽ തീരുമെന്ന് കരുതിയോ? റബേക്കയ്ക്ക് ചുറ്റും ഇന്ന് വർധന്റെ കാവലുണ്ട്, കഴിഞ്ഞ ഇരുപതു വർഷങ്ങളായി ഞാൻ എന്റെ ഹൃദയത്തിൽ രാകിമൂർച്ചകൂട്ടിയിരുന്ന കഠാരയാൽ നിന്റെയും അവന്റെയും ചങ്കു പിളർക്കുന്ന കാലമായി ഇസബെൽ." 


ക്രിസ്റ്റഫർ ഷർട്ടിന്റെ കൈ ചുരുട്ടിക്കയറ്റിക്കൊണ്ട് പൂമുഖവാതിൽ ആഞ്ഞടച്ചു തിരിഞ്ഞു, അപ്പോഴാണ് മുഖത്തുണ്ടായ മുറിവ് ഡ്രസ്സ്‌ ചെയ്തുകൊണ്ടു തന്റെ അരികിലേക്ക് കടന്നു വരുന്ന ഇസബേലിനെ ക്രിസ്റ്റഫർ കണ്ടത്. 


"ആരോട് അനുവാദം ചോടിച്ചിട്ടാണെടീ നീ ഈ വീടിനകത്തേക്ക് കയറിയത്, എന്ത് കാഴ്ച കാണാൻ വേണ്ടിയാണു മഹാറാണി ഇപ്പോൾ ഇങ്ങോട്ടേക്ക് എഴുന്നെള്ളിയത്, ഞാൻ തോൽക്കുന്നത് കാണാനോ? കൊല്ലും നിന്നെ ഞാൻ... "


ക്രിസ്റ്റഫർ ഗർജ്ജിച്ചു കൊണ്ട് അവൾക്ക് അരികിലേക്ക് നീങ്ങി, എന്നാൽ ഭയമേതുമില്ലാതെ ഡോക്ടർ ഇസബെൽ തരകൻ ക്രിസ്റ്റഫറിന്റെ അടുത്തേക്ക് ചേർന്നു നിന്നു പരിഹാസത്തോടെ പറഞ്ഞു, 


"സത്യം എത്ര ആഴത്തിൽ മൂടി വച്ചാലും ഒരു കാര്യവുമില്ല, ആരെയാണ് ക്രിസ്റ്റി ചതിക്കാൻ നോക്കുന്നത് എന്നെയാണോ? അതോ എന്റെ അപ്പനെയോ? എന്നാൽ ഓർത്തോ, തര്യത്തെ മാത്തന്റെ പ്രിയപത്നിയുടെ കല്ലറ വലിയപള്ളിയുടെ സെമിത്തേരിയിൽ നിന്നു ഉടനെ തെമ്മാടിക്കുഴിയിലേക്ക് മാറ്റേണ്ടി വരും. റബേക്കയല്ല ഈ ഇസബെൽ, പാതി ചത്ത ജോർദാൻ എന്ന ശവത്തിന് ജീവൻ നൽകാനും അവനെ ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി ഈ നിമിഷം പറഞ്ഞു വിടാനും ഈ വിരലൊന്നു ഞൊടിച്ചാൽ മാത്രം മതിയെനിക്ക്... പിന്നെ അവൻ ആ വർധൻ എനിക്ക് തന്ന ഈ മുറിവിനു അവന്റെ ജീവനെടുത്തു കൊണ്ട് ഞാൻ മറുപടി നൽകിയിരിക്കും."


അവളുടെ അഹങ്കാരം തുളുമ്പുന്ന വാക്കുകൾ ക്രിസ്റ്റഫറിന്റെ മുഖത്തോരു നിറപകർച്ച സൃഷ്ടിച്ചു. അയാളുടെ മുഖത്ത് അപമാനം നിറഞ്ഞു, കുഴഞ്ഞു വീഴുമെന്നു തോന്നിയതും ആ ഭാവം മറച്ചു പുച്ഛത്തോടെ ചിരിച്ചുകൊണ്ട് തന്റെ അരികിൽ നിന്ന ഇസബെല്ലിന്റെ ചുമലുകളെ തന്റെ കൈത്തലം ഉയർത്തി ഞെരിച്ചുകൊണ്ടു ക്രിസ്റ്റഫർ പറഞ്ഞു, 


"എന്റെ അമ്മച്ചിയുടെ കല്ലറ പൊളിക്കാൻ നീ തുടങ്ങുന്നതിനു മുൻപ് ഞാൻ ഈ വീടിനുള്ളിൽ മറ്റൊരു കല്ലറ പണിയും നിന്നെ ജീവനോടെ കുഴിച്ചു മൂടാനായി, പോടീ... നിന്റെ ഭീഷണിക്ക് വഴങ്ങിയിരുന്ന ആ പഴയ ക്രിസ്റ്റി എന്നേ മരിച്ചുമണ്ണടിഞ്ഞു, നിന്റെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ പുതിയൊരു മനുഷ്യനാണ്, എന്റെ മുന്നിൽ ഇപ്പോൾ പക മാത്രമേയുള്ളൂ, പോടീ... പോയി നിന്റെ അപ്പനോട് പറഞ്ഞേക്ക് എലിസബത്ത് തരകന്റെ കുഴിമാടത്തിൽ നിന്ന് ഞാനൊരു യാത്ര തുടങ്ങുകയാണെന്ന്. ഓലപാമ്പ് കാട്ടി അപ്പനും മോളും കൂടി നാട്ടുകാരെ പറ്റിച്ചാൽ മതി. എന്നോട് നടക്കില്ല, ഇറങ്ങിപോടീ എന്റെ വീട്ടിൽ നിന്ന്." ഇസബെലിനെ ശക്തിയായി പിടിച്ചു തള്ളി നീക്കിക്കൊണ്ട് ക്രിസ്റ്റി ഹാളിലേക്ക് തിരിഞ്ഞു. ആദ്യത്തെ നടുക്കം വിട്ടപ്പോൾ ഇസബെൽ നിയന്ത്രണം വിട്ട് അയാൾക്ക് മുന്നിലേക്ക് ചാടിക്കയറി വഴി തടഞ്ഞു നിന്നു. 


"അവൻ... ആ വർധൻ ... അവൻ മരിച്ചാലോ? അവൾ വീണ്ടും ഈ വീട്ടിൽ നിങ്ങളുടെ വെപ്പാട്ടിയായി തന്നെ കഴിയും, ഇല്ലെങ്കിൽ ഞാൻ അവളെ വലിച്ചിഴച്ചു ഇവിടെ കൊണ്ടുവരും."


ക്രിസ്റ്റഫർ ഭ്രാന്തെടുത്ത പോലെ ഇസബെല്ലിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു വലിച്ചു നീക്കി താഴേക്ക് വലിച്ചെറിഞ്ഞു. അവൾക്ക് പ്രതികരിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവളുടെ കാലിൽ പിടിച്ചു വലിച്ചു നീക്കി ഇഴച്ചു അടഞ്ഞു കിടന്ന പാതി ചാരിയാ പൂമുഖവാതിൽ തുറന്നു അവളെ പുറത്തേക്ക് വലിച്ചിട്ടു. ഏദൻതോട്ടം എന്ന ആ വീട്ടിൽ ക്രിസ്റ്റഫറിന്റെ സ്വരം വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മുഴങ്ങി, ഇത്തവണ അത് ആക്രോശമോ, പൊട്ടിക്കരച്ചിലോ അല്ലായിരുന്നു, പൊട്ടിച്ചിരിയായിരുന്നു.


"ക്രിസ്റ്റിയല്ല ഗോവർദ്ധനെന്നു നിനക്ക് വഴിയേ മനസിലാകും, പിന്നെ റബേക്ക ഇനി ഈ പടി ചവിട്ടുന്നുണ്ടെങ്കിൽ അത് ക്രിസ്റ്റഫർ മാത്തന്റെ മണവാട്ടിയായി തന്നെയായിരിക്കും. വെപ്പാട്ടിയുടെ മകൾക്ക് ആ ഒരു ഭാഷ മാത്രമല്ലേ നാവിൽ വഴങ്ങു."


ഇസബെലിനു കഴുത്തിനു താഴേക്ക് ദേഹം മരവിക്കുന്നത് പോലെ തോന്നി. ക്രിസ്റ്റഫറിന്റെ വാക്കുകൾ ചാട്ടൂളി പോലെ അവളുടെ ദേഹത്തെ വരഞ്ഞു മുറിവേൽപ്പിക്കാൻ തുടങ്ങി, അയാൾക്ക് മുൻപിൽ തോറ്റു കൊടുക്കാൻ മനസ്സില്ലാതെ വാശിയോടെ അവൾ ചുവരിൽ പിടിച്ചു എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചതും ക്രിസ്റ്റഫർ വലതു കാൽ ഉയർത്തി അവളെ ആഞ്ഞു ചവിട്ടി തെറിപ്പിച്ചു. പകയിൽ അന്ധയായ ഇസബെൽ സിറ്റ്ഔട്ടിൽ തൂക്കിയിട്ടിരുന്ന പൂച്ചെട്ടികളിൽ ഒരെണ്ണം വലിച്ചെടുത്തു ക്രിസ്റ്റഫറിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു, പെട്ടന്നുള്ള പ്രത്യാക്രമണമായതിനാൽ ഒരു നിമിഷം അയാൾ ഒന്ന് പതറിപ്പോയി. ആ അവസരം മുതലെടുത്തു ഇസബെൽ അവിടെ കിടന്നൊരു തടിയുടെ ചെറിയ ടീപ്പോ എടുത്തു തലങ്ങും വിലങ്ങും ക്രിസ്റ്റഫറിനെ തല്ലാൻ ആരംഭിച്ചു, അയാൾ നില തെറ്റി താഴേക്ക് വീണു. അയാളുടെ അടിപതറിയെന്നു മനസ്സിലായതും ഒടിഞ്ഞു തൂങ്ങിയ ടീപ്പോ വീണ്ടും ഉയർത്തി ഒരു ഭ്രാന്തിയെപോലെ ക്രിസ്റ്റഫറിനേ പ്രഹരിക്കാൻ ഒരുങ്ങിയ ഇസബെലിനു പെട്ടെന്ന് തന്റെ തലയിൽ ആരോ ശക്തമായി ആഞ്ഞടിച്ചത് പോലെ തോന്നി. ഒരു നിമിഷം അവളുടെ കണ്ണിനു കാഴ്ചശക്തിനഷ്ടപ്പെട്ടു, ചെവിക്കുള്ളിൽ നിന്ന് മൂളലുകൾ ഉറക്കെ ഉയർന്നു കേട്ടു, കൈകൾക്ക് ശക്തിനഷ്ടപ്പെട്ടു അവളുടെ കയ്യിലിരുന്ന ടീപ്പോ താഴേക്ക് വീണു. ഇസബെൽ ആകെയാടി ഉലഞ്ഞു താഴേക്ക് കുഴഞ്ഞു വീണു, എന്താണ് സംഭവിച്ചതെന്നറിയാൻ വേണ്ടി ദേഹം ശക്തിയായി കുടഞ്ഞെറിഞ്ഞു എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ച ക്രിസ്റ്റഫറും തനിക്ക് എന്താണ് സംഭവിച്ചത് എന്നറിയാനായി അടിയേറ്റ തന്റെ ശിരസ്സും തടവി മുഖമുയർത്തി നോക്കിയ ഇസബെലും മുൻപിൽ കയ്യിലൊരു പൂച്ചെട്ടിയുമേന്തി കോപാകുലയായി നിൽക്കുന്ന റബേക്കയെ കണ്ടു അമ്പരന്നു പോയി, അവൾക്ക് പിന്നിലായി ഈ കൃത്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല എന്ന ഭാവത്തിൽ സിറ്റ്ഔട്ടിന്റെ സൈഡിൽ നഖവും കടിച്ചു തുപ്പി നിൽക്കുന്ന വർധന്റെ രൂപം ക്രിസ്റ്റഫറിൽ ആകുലതയും ചിരിയും ഒരുപോലെ ഉളവാക്കി. "ഇനി ഇവൻ ഈ വട്ടു ചെക്കൻ എന്തെങ്കിലും അവളോട്‌ പറഞ്ഞു കാണുമോ? എന്നാൽ എല്ലാം പാളിപ്പോകും? , ഇസബേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ തന്റെ ദേഹത്തെ മുറിവുകളെ അലസമായി നോക്കിക്കൊണ്ട് ക്രിസ്റ്റഫർ വെപ്രാളത്തോടെ ചാടിയെഴുനേൽക്കാൻ ശ്രമിച്ചു, ബാലൻസ് കിട്ടാതെ കാലിടറിയ അയാളെ റബേക്ക താങ്ങിപിടിച്ചു അടുത്ത് കണ്ടൊരു കസേരയിലേക്ക് ഇരുത്തി. വർധൻ ഗൗരവത്തിന്റെ മേലാട എടുത്തണിഞ്ഞു സിറ്റ് ഔട്ടിലേക്ക് കയറി വന്നു നിലത്തു കുഴഞ്ഞിരിക്കുന്ന ഇസബെല്ലിനെ പിടിച്ചുയർത്തി ചുവരിലേക്ക് ചേർത്തു നിർത്തി. 


"കഥ തുടങ്ങിയില്ല അതിനു മുൻപേ നീ എനിക്ക് കൊട്ടേഷൻ തരുമല്ലേടീ കാട്ടുപന്നി? എന്റെയൊരു സ്വഭാവം വച്ചു പെണ്ണുങ്ങളോടുള്ള എന്റെ ഡീലിംഗസ് അത്ര പോരാ, സംശയം വല്ലതുമുണ്ടെങ്കിൽ നീ നിന്റെ ചേച്ചിയോട് ചോദിച്ചാൽ മതി. തൽക്കാലം മോൾ എന്റെ കൂടെ വാ, കുറച്ചു നാളായി ഞാൻ കോടതിയുടെ പടികൾ കയറിയിട്ട്, നമ്മുക്ക് ഒരുമിച്ചു പോയി ഒരു ഒന്നൊന്നര അറ്റന്റൻസ് വച്ചു വരാം, വാ... വന്നേ... ഡോക്ടറമ്മ, അവര് പഴയ ഭാര്യയും ഭർത്താവും എന്തെങ്കിലും കൊച്ചു വർത്തമാനം പറഞ്ഞിരിക്കട്ടെ അവിടെ , വാ ... വാടീ... ഇങ്ങോട്ട്..."  


വർധൻ ക്രുദ്ധനായി ഇസബേലിന്റെ കൈത്തണ്ടയിൽ കടന്നു പിടിച്ചു മുന്നോട്ട് വലിച്ചു, തന്റെ കൈകൾക്ക് മേൽ പതിഞ്ഞിരിക്കുന്ന കൈത്തണ്ടയുടെ ബലം മനസ്സിലായതും ഇസബേലിന്റെ ഉള്ളു നടുങ്ങി. ഈ സമയമെല്ലാം വർധന്റെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു റബേക്ക, പെട്ടന്നൊരാവേശത്തിൽ വർധനെ പിന്നോക്കം തള്ളി നീക്കിക്കൊണ്ട് ഇസബെൽ പുറത്തേക്ക് ഓടിയിറങ്ങി. അയാൾ താഴേക്ക് തെന്നി വീഴാൻ ആഞ്ഞതും റബേക്ക ക്രിസ്റ്റഫറിന് അരികിൽ നിന്ന് ഓടിച്ചെന്നു അയാളെ താങ്ങി നിർത്തി, ക്രിസ്റ്റിക്ക് താൻ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിനു എവിടയൊക്കെയോ മങ്ങൽ ഏറ്റപോലെ അനുഭവപെട്ടു. വർധൻ റബേക്കയുടെ ചെവിയിൽ നിന്ന് ഹിയറിങ് എയ്ഡ് ഓഫ്‌ ചെയ്തു ബഡ്‌സ് എടുത്തു മാറ്റിയ ശേഷം ക്രിസ്റ്റഫറിന് നേരെ മുഖം തിരിച്ചു പറഞ്ഞു, 


"എനിക്ക് എന്നേക്കാൾ വിശ്വാസമാണ് ഇവളെയും നിന്നെയും, എന്തിന്റെ പേരിലായാലും എന്നെ മറന്നു നിന്നിലേക്ക് ഇനിയൊരു മടങ്ങിപ്പോക്ക് അവളുടെ ജീവിതത്തിൽ ഇന്ന് അവശേഷിക്കുന്നില്ല എന്നെനിക്ക് നന്നായി അറിയാം, നിനക്ക് അത് സഹിക്കാൻ കഴിയില്ല എന്നെനിക്ക് അറിയാം. അവളെ മനസിലാക്കാൻ, അവളുടെ മനസ്സറിയാൻ എനിക്ക് നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ ക്രിസ്റ്റി, ഒരിക്കൽ നിന്നോട് ഞാൻ അനുവാദം ചോദിച്ചത് ക്രിസ്റ്റഫർ മാത്തന്റെ മുൻഭാര്യേ പ്രണയിച്ചോട്ടെ എന്നല്ല ഡോക്ടർ ക്രിസ്റ്റിയുടെ ബീയെ എന്റെ സ്വന്തമാക്കിക്കോട്ടെ എന്നാണ്. ഇന്നും നിയമപരമായി റബേക്ക നിന്റെ ഭാര്യ തന്നെയാണെന്ന്, അവളുടെ കഴുത്തിൽ ഞാനാ താലി ചാർത്തിയത് അവളുടെ ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ, ആരുമില്ല അവൾക്കെന്നുള്ള തോന്നൽ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ്. ഞാൻ കെട്ടിയ ആ താലി ഇന്നലെ വലിച്ചെറിഞ്ഞു പൊട്ടിച്ചതും അവളുടെ മനസ്സിൽ എന്താണ് എന്നറിയാനാണ്, ഇന്നത്തെ ഈ ദിവസം റബേക്കയെ ഞാൻ നിന്നെ ഏൽപ്പിച്ചു മടങ്ങുകയാണ്..."


"Wait... Wait... താലി ചാർത്തിയെന്നോ? ആര്... ആരാണത് പൊട്ടിച്ചത്...?"


എൽദോസിനെ തടഞ്ഞു കൊണ്ട് കബീർ ആവേശത്തോടെ ചോദിച്ചു...


"വർധൻ....!!"


മറുപടി പറഞ്ഞത് അലോഷിയായിരുന്നു. കബീർ തരിച്ചിരുന്നു. അലോഷി നിർവികാരനായി തുടർന്നു പറഞ്ഞു.


"റബേക്കയ്ക്ക് വളെരെ പെട്ടന്നാണ് മനസ്സിന്റെ നിയന്ത്രണം കൈവിട്ട് പോകുന്നത്. ക്രിസ്റ്റി അവൾക്ക് നൽകിയ ഓരോ മുറിവും അവളെ വളരെയധികം വേദനിപ്പിച്ചിരുന്നു. ആ നോവ് എടുത്തു കാട്ടി അവൾ വർദ്ധനോട് പരാതി പറയാൻ തുടങ്ങിയപ്പോൾ, അവന്റെ അകൽച്ച അവൾക്ക് സഹിക്കാൻ കഴിയില്ല എന്ന് മനസിലായപ്പോൾ, കണ്ടോതെ തരകന്റെ മുന്നിൽ അവൾ തോൽക്കാതിരിക്കാൻ വർധൻ റബേക്കയ്ക്ക് ഒരു താലി വാങ്ങി കെട്ടികൊടുത്തു. അതിന് അവർ ഇരുവരും ഒരു അർത്ഥം നൽകിയിരുന്നു. സമൂഹം എന്ത് കരുതിയാലും അവർക്ക് അതൊരു പ്രശ്നം അല്ലായിരുന്നു... പലരും സമൂഹം എന്ത് പറയുന്നു എങ്ങനെ നോക്കുന്നു എന്ന് കരുതിയാണ് ജീവിക്കുന്നത്... ആ ഒരു തോന്നൽ എത്ര പേരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട് എന്ന് ആരും തിരക്കാറില്ല... ഓർക്കാറില്ല..."


അയാളുടെ വാക്കുകൾ ഇടറിയിരുന്നു. കബീർ ഒരു നിമിഷം അലോഷിയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. അലോഷിയുടെ മുഖത്തൊരു കടുപ്പം നിറഞ്ഞിരുന്നു. കബീർ വിക്കി വിക്കി ചിരിക്കാൻ തുടങ്ങി. അയാൾക്ക് ചുറ്റുമിരുന്നവർ അത്ഭുതം കൂറി... ചന്ദ്രജിത്ത് ഒഴികെയുള്ള ബാക്കിയുള്ളവർ അമ്പരപ്പോടെ കബീറിനെ തന്നെ നോക്കിയിരുന്നു. കബീർ ചിരി നിർത്തി ടേബിളിൽ ഒന്ന് തല്ലിക്കൊണ്ട്‌ ചാടി എഴുന്നേറ്റ് അലോഷിയുടെ അരികിൽ കിടന്നിരുന്ന കസേരയിലേക്ക് ചെന്നിരുന്നു.


"വർധന്റെ ആത്മമിത്രത്തിന് അറിയാത്ത കാര്യങ്ങൾ എൽദോസിനോട് ചോദിച്ചു സമയം കളഞ്ഞ ഞാൻ ഒരു മണ്ടൻ തന്നെയാണ്, അല്ലേ അലോഷി...? താലി കെട്ടിയത് അവിടെ നിൽക്കട്ടെ. അന്ന് അവിടെ നടന്ന ബാക്കി കാര്യങ്ങൾ എൽദോസിനോട് ഞാൻ വിശദമായി ചോദിക്കട്ടെ, എന്നിട്ട് അലോഷിയിലേക്ക് വരാം. പറയു എൽദോസ്, പിന്നെ എന്ത് നടന്നു അവിടെ? പെട്ടെന്ന് പറഞ്ഞാൽ പെട്ടെന്ന് പോകാം. ഇന്ന് ഞാനും കുറച്ചു തിരക്കിലാണ്, നല്ല മഴയുണ്ട് പുറത്ത്..."


കബീർ ചിരിയോടെ പറഞ്ഞ വാക്കുകൾ കേട്ടതും അലോഷിയും എൽദോസും ചിരിച്ചു.


ജലത്തുള്ളികൾ ഓടിനു മീതേക്ക് ചിതറി വീഴുന്ന സ്വരം കേട്ടു അയാൾ ഓർമ്മകളിൽ നിന്നുണർന്നു. അരികിൽ സുധദേവിയെ കണ്ടതും അയാളൊന്ന് തരളിതനായി. വിറയാർന്ന തന്റെ കൈത്തലത്താൽ അയാളുടെ നെറുകയിൽ തലോടിക്കൊണ്ട് അവർ പതുക്കെ പറഞ്ഞു.


"നീ വേഗം പൊയ്ക്കോള്ളു കുട്ട്യേ... നിന്നെ അവിടെ കണ്ടില്ല എങ്കിൽ അവന് സംശയം തോന്നും. അമ്മാളു വരും നിനക്ക് ഒപ്പം... നീ പോയി വാ മോനെ ... ഞാൻ കാത്തിരിക്കാം. ഇന്നത്തോടെ എന്റെ കാത്തിരിപ്പിന് ഒരു അവസാനമാകുമല്ലോ ..."


പറഞ്ഞു നിർത്തിയതും അവർ വിങ്ങിക്കരയാൻ തുടങ്ങി. അയാൾ വികാരധീനനായി അവരെ കെട്ടിപ്പിടിച്ചു ഉറക്കെ പൊട്ടിക്കരഞ്ഞു. പെട്ടെന്ന് ആ മുറിയുടെ വാതിക്കലേക്ക് അമ്മാളു വന്നു നിന്നത് അവർ ഇരുവരും കണ്ടു... അലോഷിയും എൽദോസും പറഞ്ഞ കാര്യങ്ങൾ ഓരോന്നും കേട്ടിരുന്ന കബീറിന്റെയും ചന്ദ്രജിത്തിന്റെയും മിഴികൾ പരസ്പരം പലതവണ കോർത്തു നിന്നു... അൽപ സമയം ആരും ഒന്നും പറഞ്ഞില്ല. നിശബ്ദത നിറഞ്ഞു നിന്ന ആ അന്തരീക്ഷത്തിലേക്ക് കബീറിന്റെ പൗരുഷമാർന്ന സ്വരം വീണ്ടും ജീവൻ വയ്പിച്ചു.


“അഴിക്കും തോറും കുരുകുന്നൊരു കുരുക്കാണ് റബേക്ക എലിസബത്ത് തരകനും ക്രിസ്റ്റിയും. എന്തായാലും എന്റെ തലയാകെ വട്ടു പിടിച്ചു ഇരിക്കുകയാണ്. നിങ്ങൾ രണ്ടുപേരും ഒന്നു സൂക്ഷിക്കണം, കേട്ടോ? എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാൻ മടിക്കരുത്. തരകൻ ജോർജ്ജിന്റെ ശത്രുക്കൾ ചിലപ്പോൾ നിങ്ങളെയും തേടി വന്നേക്കാം. ചന്ദ്രജിത്ത് ഇവരുടെ മൊഴി എടുത്തു സൈൻ ചെയ്തു വാങ്ങി പറഞ്ഞു വിട്ടേക്ക്. നമ്മുക്ക് ഇനിവേണം ആ ഫൈനാൻസ്കാരന്മാരെ പൊക്കാൻ."


കബീർ മേശപ്പുറത്തിരുന്ന മൊബൈൽ എടുത്തു പുറത്തേക്ക് പോകാൻ ഒരുങ്ങി.


അലോഷിയും എൽദോസും ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു. എൽദോസ് ആകെ അവശനായ പോലെ കബീറിന് തോന്നി. അയാൾ അലോഷിക്ക് നേരെ തന്റെ കരം നീട്ടി പറഞ്ഞു,

"സമയം പോലെ ഞാൻ ഏദൻ തോട്ടത്തിലേക്ക് ഒന്നൂടെ ഇറങ്ങാം അലോഷി. ഈസംഭവങ്ങൾ എല്ലാം കൂടി ഒന്നു ചേർത്ത് കൂട്ടിയിണക്കണ്ടേ?"


അലോഷി ചിരിയോടെ അയാളുടെ കരം കവർന്നു തലയാട്ടി. കബീർ ചന്ദ്രജിത്തിന് നേരെ അലസമായി നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. പോകുന്ന വഴിയിൽ അമർഷത്തിൽ കൈ ചുരുട്ടി അയാൾ ഭിത്തിയിൽ ആഞ്ഞിടിച്ചു പലവട്ടം. പുറത്ത് മഴശക്തിയായി തന്നെ പെയ്യുകയായിരുന്നു.


ഉച്ച തൊട്ട് കബീർ തിരക്കിലായിരുന്നു. ക്രിസ്റ്റഫറിന്റെയും ജോർദാന്റെയും പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഡീറ്റെയിൽസ് ചന്ദ്രജിത്ത് കളക്റ്റ് ചെയ്തു നൽകിയത് കബീർ വിശദമായി വായിച്ചു. റബേക്കയുടെ വില്പത്രത്തിന്റെ കോപ്പി അയാൾക്ക് വാസുദേവ മാരാർ മെയിൽ ചെയ്തിരുന്നു. മൈസൂറിൽ തനിക്ക് ഉള്ള കോൺടാക്ട് വച്ചു

ക്രിസ്റ്റിയുടെ ജയിൽ റെക്കോർഡ്സ് അയാൾ പരിശോധിച്ചു. അവസാനം കബീർ ഒരു തീരുമാനത്തിലെത്തി. അവസാന തീരുമാനം... 


സമയം കടന്നു പൊയ്ക്കൊണ്ടേ ഇരിക്കുന്നു. ഇന്നാണ് ആ ഏഴാം നാൾ. ഇത്തവണ ആരായിരിക്കും അയാളുടെ ലക്ഷ്യം? കബീർ തലപുകഞ്ഞു

ആലോചിച്ചു. ഖദീജയ്ക്ക് ഒരു വാക്ക് കൊടുത്തിരുന്നു നാളെ അവിടെ എത്തുമെന്ന്.


"റബ്ബേ, നീ തന്നെ തുണ. നീതി നേടിക്കൊടുക്കുന്നത് ആ നീതി അർഹിക്കുന്നവന് തന്നെയാണ്... കാത്തോളണേ എന്നെ..."


സന്ധ്യക്ക് ഏഴ് മണിയോടെ കബീറും ടീമും തരകൻ ജോർജിന്റെ വീട്ടിലെത്തി.


ഇസബെല്ലാ ഭയന്നുപോയി, കാര്യങ്ങൾ എല്ലാം സൂസന്നയെ അറിയിച്ചിരുന്നു. അവരുടെ അഭ്യർത്ഥന മാനിച്ചു വൻ പോലീസ് സന്നാഹമായിരുന്നു കണ്ടോത്ത് വീട്ടിൽ നിലയുറപ്പിച്ചത്. പ്രമാണിയായ തരകന്റെ വീട്ടിൽ പോലീസ് ഇതു പോലെ തമ്പടിക്കുന്നത് സ്ഥിരമായ ഒരു കാഴ്ച ആയതിനാൽ നാട്ടുകാർ ആരും ഗൗനിച്ചില്ല. സമയം ഇഴഞ്ഞു നീങ്ങി. മഴപെയ്തു തോർന്നില്ലായിരുന്നു.


ഏദൻ തോട്ടം ഇരുൾ മൂടി കിടന്നിരുന്നു. ശക്തമായ ഇടിയും മിന്നലിലും ആ ഭാഗത്തെ കറന്റ് പോയിരുന്നു. അലോഷി മൊബൈലിൽ സമയം നോക്കി. കുറെ നേരമായി അമ്മാളു വിളിക്കുന്നു. അവൾ ഉച്ചയ്ക്ക് ഇങ്ങോട്ട് വന്ന സമയത്ത് താൻ ക്രൈംബ്രാഞ്ച് ഓഫീസിലും. ഈ മഴയിൽ എങ്ങനെ പോകും? ജനറേറ്റർ വർക്ക്‌ ആകുന്നുമില്ല. എന്തോ ലക്ഷണം കെട്ട ദിവസമാണ് ഇന്ന്. ആലത്തൂർക്ക് പോകാതിരുന്നാൽ ചിലപ്പോൾ അമ്മാളു ഇങ്ങോട്ടേക്കു വരും. വാശിക്കാരിയാണ്. വർദ്ധനെക്കാൾ വാശിയുള്ള പെണ്ണ്... ഓരോന്ന് ആലോചിച്ചു കൊണ്ട് ചിരിച്ചും ദേക്ഷ്യം പിടിച്ചും അയാൾ നിൽക്കെ റബേക്കയുടെ കല്ലറയുടെ അരികിൽ ആരോ ഇരിക്കുന്നത് അലോഷി കണ്ടു. അലോഷി മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു പൂന്തോട്ടത്തിന്റെ നേരെ നീട്ടി. ആരോ ഒരാൾ അവിടെ ഇരിപ്പുണ്ട്. അലോഷി ഇരുട്ടിനെയും മഴയെയും വക വയ്ക്കാതെ പതിയെ അങ്ങോട്ടേക്ക് നടന്നു.


റബേക്കയുടെ കല്ലറയുടെ മുകളിൽ ഇരുന്നിരുന്ന ആ രൂപത്തിന്റെ മുഖത്തേക്ക് ഫ്ലാഷ് ലൈറ്റ് മിന്നിച്ചു കൊണ്ടു അയാൾ പറഞ്ഞു,

"നീയെന്ത് വിഡ്ഢിത്തം ആണ് ക്രിസ്റ്റി ഈ കാണിക്കുന്നത്? ആ ACP ക്ക് എന്തോ സംശയം തോന്നിയിട്ടുണ്ട്, അയാൾ നിന്നെ തിരക്കി നടക്കുകയാണ് എന്ന് തോന്നുന്നു. ഇന്ന് ഇസബെല്ലയെ തേടി പോകണ്ട..."


മുഖത്തേക്ക് പതിച്ച ഫ്ലാഷ് ലൈറ്റ് വലതു കൈത്തലം ഉയർത്തി മറച്ചു കൊണ്ടു ഡോക്ടർ ക്രിസ്റ്റഫർ മാത്തൻ തര്യൻ ചാടിയെഴുന്നേറ്റു.

"മരിച്ചു മണ്ണടിഞ്ഞവന് ആരെ പേടിക്കണം അലോഷി? അവളുടെ തന്തയെ കൊന്നപോലെ അവളെയും ഞാൻ അവസാനിപ്പിക്കും. മൂന്നേ മൂന്നു ബുള്ളറ്റുകൾ മാത്രമേ എനിക്ക് വേണ്ടി വന്നുള്ളൂ. നിന്റെ സഹായം ഇല്ലായിരുന്നു എങ്കിൽ ഞാൻ എന്നേ പിടിക്കപ്പെട്ടേനെ അലോഷി..."


തുടരും... 


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance