Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Sabitha Riyas

Romance Crime Thriller


4  

Sabitha Riyas

Romance Crime Thriller


ഇന്നേക്ക് ഏഴാം നാൾ - 16

ഇന്നേക്ക് ഏഴാം നാൾ - 16

9 mins 217 9 mins 217

മനസ്സൊന്നു തണുത്ത പോലെ കബീറിന് തോന്നി, പെട്ടന്നൊരു ഉൾവിളി തോന്നിയപോലെ അയാൾ തിരിഞ്ഞു കിടന്നു ലാപ്ടോപ് നേരെ നിവർത്തി വച്ചു ആകാംക്ഷയോടെ അടുത്ത പേജ് ക്ലിക്ക് ചെയ്തു.


"നിലയ്ക്കാത്ത സ്നേഹ പ്രകടനങ്ങൾ അല്ല നിശബ്ദമായ കരുതലായിരുന്നു എനിക്ക് നിന്നോടുള്ള പ്രണയം... ഒരൊറ്റ പെണ്ണിനോട് മാത്രം തോന്നിയൊരു വികാരം. നിന്റെ ജീവിതത്തിൽ ഞാൻ ഇല്ലായിരുന്നുവെങ്കിലും എന്റെ ഹൃദയത്തിൽ മുഴുവനും നീയായിരുന്നു. നിന്നോട് എനിക്ക് തോന്നിയ പ്രണയത്തെ ഒരു വാക്കിലൊതുക്കി തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... അവനിലൂടെ ഞാൻ ജീവിക്കുന്നു. ഒരിക്കൽ നീ എന്നെ തേടി വരും... എന്റെ പ്രണയം സത്യമാണെങ്കിൽ... സ്വാർത്ഥനായിരുന്നില്ല ഞാൻ പക്ഷേ സ്വാർത്ഥനായി... നിന്റെ തീവ്രതയേറിയ നോട്ടത്താൽ എന്നിലെ കാമുകനെ കത്തിജ്വലിപ്പിച്ച പ്രണയമെന്ന വാക്കാണ് നീ ബീ ....ക്രിസ്റ്റി ... "


അഴിയുന്നു എന്ന് തോന്നുന്ന ഓരോ നിമിഷവും തന്നെ മറ്റൊരു കുരിക്കിലേക്ക് നീട്ടിയിടുന്ന വരികളാണ് കണ്ണിൽ തെളിയുന്നത് എന്ന് കബീർ ഓർത്തു. മറ്റൊന്നും ചിന്തിക്കാതെ അയാൾ തുടർന്നു വായിച്ചു.


"അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരകത്തിന് അടുത്തുള്ള "സ്വരം" എന്ന ഹിയറിങ് എയ്ഡ് സെന്ററിൽ നിന്ന് റബേക്കയ്ക്ക് പുതിയൊരു ഹിയറിങ് എയ്ഡ് വർധൻ വാങ്ങിക്കൊടുത്തു. ശബ്ദത്തിന്റെ ലോകത്തേക്ക് തനിക്ക് വീണ്ടുമൊരു തിരിച്ചു വരവ് സാധ്യമാക്കി തന്നതിൽ അവളുടെ മിഴികൾ അവനോട് അകമഴിഞ്ഞു നന്ദി പറഞ്ഞു കൊണ്ടേയിരുന്നു. അവൾ ഹിയറിങ് എയ്ഡ് ഓൺ ചെയ്തു ബഡ്‌സ് ചെവിയിലേക്ക് തിരുകി വച്ചു. നഷ്ടമായ വിലപ്പെട്ട എന്തോ ഒന്ന് തീരെ പ്രതീക്ഷിക്കാതെ തിരിച്ചു കിട്ടിയപോലെ ഉള്ള അവളുടെ സന്തോഷപ്രകടനങ്ങൾ ദർശിച്ചു മതിമറന്നു കൊണ്ടു വർധൻ റബേക്കയെ ഉറ്റുനോക്കി തന്റെ താടിക്ക് കയ്യും കൊടുത്തിരുന്നു. 


ആ നിമിഷം ആദ്യമായി തന്റെ മുന്നിലേക്ക് നിഷ്ക്കളങ്കയായ ഈ പെണ്ണ് കടന്നു വന്ന ആ സുദിനം വർധന്റെ മനതാരിൽ മിഴിവോടെ തെളിഞ്ഞു. അച്ഛന്റെ നിർദേശപ്രകാരം സ്കൂളിന്റെയും കോളേജിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും വർധന് കുറച്ചു ദിവസങ്ങൾ കൊണ്ടു ആ ചുറ്റുപാട് മടുത്തു തുടങ്ങിയിരുന്നു. ആരോടേലും രണ്ടു തല്ലും വഴക്കും ഉണ്ടാക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല. എങ്കിലും അമ്മയുടെ ശാസന ഭയന്നും, അലോഷിയുടെ നിർബന്ധം കൊണ്ടും, "കോളേജ് അല്ലേ ഏട്ട, കിളികൾ ഒരുപാട് കാണും അവിടെ ഈ മുതലാളിക്കായി കൂടും കൂട്ടി വച്ചുകൊണ്ട്, അതുകൊണ്ട് മച്ചമ്പി ധൈര്യമായിട്ട് പോയി മേഞ്ഞോ, ഇല്ലെങ്കിൽ നമുക്ക് സ്കൂളിൽ പോയി എൽകെജി തൊട്ട് ഒരു റൗണ്ട് വയ്ക്കാം, എന്തായാലും നേരെ ചൊവ്വേ ഒരു കല്യാണം നിങ്ങൾക്ക് നടക്കില്ല, എടോ മനുഷ്യാ തനിക്ക് പ്രായം കൂടി കൂടി വരുകയാണ്, എനിക്കും അത് മറക്കരുത്, അവിടെ എവിടുന്നേലും ഏതേലും ഒന്നിനെ തരത്തില് കിട്ടിയാൽ ആ സെക്കന്റ് അവളേം വിളിച്ചോണ്ട് ഈ നാട്ടിൽ നിന്ന് ഒളിച്ചോടിക്കോ, ഈ മാരാരേ ഞാൻ ഒതുക്കാം, അല്ലാതെ ഇവിടെ വായിനോക്കി ഇരുന്നിട്ട് ഒരു കാര്യമില്ല മോനെ അല്ല ഏട്ടാ..." എന്നുള്ള അമ്മാളുവിന്റെ സിനിമയെ വെല്ലുന്ന ഡയലോഗ് കൂടി കേട്ടതോടെ കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം മനസിലായ ഗോവർധൻ കുറച്ചു കാലം കൂടി അവിടെ പോയി ഹാജർ വയ്ക്കാം എന്ന് ഉറപ്പിച്ചു. 


സ്കൂളിലും കോളേജിലുമായി ഹാജർ വച്ചും അറ്റൻഡൻസ് എടുത്തും ആഴ്ചകൾ കടന്നു പോകാൻ തുടങ്ങി. കോളേജിലും സ്കൂളിലുമായി ധാരാളം പഞ്ചവർണ്ണക്കിളികൾ സുന്ദരനായ ഗോവർധന് ചുറ്റും വട്ടമിട്ടു പറന്നു നടന്നുവെങ്കിലും അയാളുടെ ഹൃദയത്തിലേക്ക് പ്രവേശനം നേടാൻ കഴിവുള്ളൊരു പേടമാനെ വർധന്റെ കണ്ണുകൾ അവിടെയെങ്ങും കണ്ടെത്തിയിരുന്നില്ല.


"ഒരു പെണ്ണിന്റെ സൗന്ദര്യത്തിൽ മയങ്ങിയെന്ന് സമ്മതിക്കാതെ പിന്നീട് ആ വികാരത്തിന് പ്രണയമെന്ന പേര് നൽകി കാലക്രമേണ അനുരാഗത്തിലേക്ക് വീണു പോകുന്ന ചിലരെ അപേക്ഷിച്ചു നോക്കുമ്പോൾ വർധൻ അവരിൽ നിന്നെല്ലാം വളെരെ വ്യത്യസ്തനായൊരു യുവാവ് ആയിരുന്നു. അയാളുടെ ചിന്താഗതിയും നിലപാടും പുതിയതായിരുന്നു, നിറവും രൂപവും നോക്കി പ്രണയിച്ചാൽ പലർക്കും എന്നും വേദനകൾ മാത്രമേ സ്വന്തമാകൂ എന്നാണ് വർധന്റെ അഭിപ്രായം. ഒരു പെണ്ണിന്റെ പുറമേ കാണുന്ന സൗന്ദര്യം അവരുടെ ഹൃദയത്തിൽ

ഇല്ലെന്നുള്ളതാണ് പൊതുവെ സ്ത്രീകളെ പറ്റി അയാളുടെ അഭിപ്രായം, വർധന്റെ ആ തിരിച്ചറിവിനു കാരണവും അയാൾ പരിചയപെട്ട കുറച്ചു പെണ്ണുങ്ങൾ തന്നെ ആയിരുന്നു.


ലോ കോളേജിലെ പഠനകാലത്ത് വർധൻ സ്വന്തം മേനിയഴകിൽ അഹങ്കരിച്ചിരുന്ന തന്റെ കാമുകിയോട്

"നോക്കി കണ്ണിറുക്കാൻ എന്നെപോലെ ഒരാണില്ല എങ്കിൽ നിന്റെ ഈ തൊലിവെളുപ്പും മുഴുപ്പും നിറഞ്ഞ ഈ രൂപസൗന്ദര്യം എന്നത് വെറും മൂന്നക്ഷരം മാത്രമാണെന്ന്" പറഞ്ഞു മുണ്ടും മടക്കി കുത്തി നല്ല സ്റ്റൈലിൽ തന്നെ തേക്കാനായി കച്ചകെട്ടി വന്നവളെ തേച്ചുമടക്കി വാർത്തു ഭിത്തിയിൽ ഒട്ടിച്ചു അവൻ കടന്നു പോയി. അതിനു ശേഷം അന്ന് തൊട്ട് ഇന്ന് വരെയും വർധൻ മറ്റൊരു ബന്ധത്തിലും ചെന്നു തല വച്ചു കൊടുത്തിട്ടില്ല. അയാൾ എന്നും തേടിയിരുന്ന സൗന്ദര്യം, തനിക്കു മാത്രം സ്വന്തമാകുന്ന, തന്റെ മാത്രം സ്വന്തമാകുന്ന, തന്നെ സ്വന്തമാക്കുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു. അയാളുടെ ചില ചിന്തകൾ വിപ്ലവം നിറഞ്ഞതായിരുന്നു. സുന്ദരനായ ഒരാണിനെ പെണ്ണിന് മോഹിക്കാം ഒരു പ്രശ്നവും ഇല്ല എന്നാൽ മറിച്ചു സുന്ദരിയായ ഒരു പെണ്ണിനെ ആണൊരുത്തൻ നോക്കിപോയാൽ ഉടനെ അവനെ കോഴി, പൂവാലൻ, കുറുക്കൻ, വായിനോക്കി എന്ന് വേണ്ട ഒരു നൂറു പേരുകൾ സമൂഹം ചാർത്തി തരും ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ല. പുരുഷകമ്മീഷൻ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു കടന്നു പോകുന്നു വർധന്റെ ചിന്താസരണി. അയാളുടെ കാഴ്ചപ്പാടിൽ നാണത്താൽ കുനിഞ്ഞ ശിരസ്സല്ല അഭിമാനത്തോടെ തലഉയർത്തി നിൽക്കുന്നതാണ് ഒരു പെണ്ണിന്റെ സൗന്ദര്യം. താൻ തേടുന്നത് ഒരു പെണ്ണിനെയാണ്, അവളുടെ മനസിനെയാണ് അല്ലാതെ ലോകസുന്ദരിയെയല്ല എന്നാണ് അയാളുടെ പക്ഷം. തനിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പഞ്ചവർണ്ണക്കിളികൾക്ക് ഇടയിൽ ഒളിച്ചിരിക്കുന്ന ആ പേടമാനെ തേടി അന്നു മുതൽ വർധൻ അലയാൻ തുടങ്ങി. 


രണ്ടുമാസം കടന്നുപോയി. ഇക്കാലയളവിൽ അത്യാവശ്യം ഹാജർ വച്ചും അറ്റൻഡൻസ് എടുത്തും വർധൻ മുഷിഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം അവിചാരിതമായി പെയ്തൊരു ചെറിയ ചാറ്റൽ മഴ നനഞ്ഞു കൊണ്ടു സ്കൂളിലെ പാർക്കിങ് യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന തന്റെ കാറിനു അരികിലേക്ക്, മൊബൈലിൽ ഋതു വാട്സ്ആപ്പിൽ അയച്ചു കൊടുത്ത അച്ഛന്റെ ഓഫീസിൽ തനിക്ക് എതിരെ പരാതികളുമായി കടന്നു വന്ന കക്ഷികളുടെ ഫോട്ടോസ് നോക്കിക്കൊണ്ട് വേഗത്തിൽ നടന്നു പോകുന്ന വഴിയിൽ വർധൻ ആരെയോ തട്ടി തടഞ്ഞു താഴേക്കു വീഴാൻ പോയി.


അയാളുടെ കയ്യിലിരുന്ന മൊബൈൽ കൂട്ടിയിടിയുടെ ശക്തിയിൽ താഴേക്ക് തെറിച്ചു വീണു. അയാൾ അരിശത്തിൽ മുന്നോട്ടാഞ്ഞതും വർധന്റെ മേലേക്ക് ഒരു പെൺകുട്ടി ചാഞ്ഞു വീണു. അവന്റെ മുഖത്തേക്ക് അവളുടെ ഈറനായ മുടിയിഴകൾ വന്നുപൊതിഞ്ഞു. ചെമ്പകപ്പൂവിന്റെ മണം അവന്റെ നാസാരന്ധ്രങ്ങളെ തഴുകി തലോടി. ബാലൻസ് കിട്ടാതെ വർധൻ അടുത്തുള്ള സിമന്റ് ബെഞ്ചിലേക്ക് ചെരിഞ്ഞു വീണു, ഒന്നു രണ്ടു നിമിഷം കഴിഞ്ഞതും ഒരു പിടച്ചിലോടെ ആ പെൺകുട്ടി അവനെ പിന്നോക്കം തള്ളി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു. ആ പെൺകുട്ടിവർധന്റെ നെഞ്ചിൽ തന്റെ ഇരുകൈകളും കുത്തി പതിയെ നിവർന്നു നിൽക്കാൻ ശ്രമിച്ചു. അവന്റെ ഷർട്ടിന്റെ ബട്ടണുകൾക്ക് ഇടയിൽ കുരുങ്ങിയിരുന്ന മുടിയിഴകൾ അവൾ ബലമായി പിടിച്ചു വലിച്ചൂരാൻ ശ്രമിച്ചതും ബട്ടൺ പൊട്ടിയടർന്നു താഴേക്ക് ഊർന്നു വീണു, ആ നിമിഷം വർധൻ മുഖം ഉയർത്തി അവളെ അടിമുടി നോക്കി. കാഴ്ചയിൽ സാധുവായൊരു പെണ്ണ്. അവളുടെ മഷിയെഴുതിയ കറുത്ത കണ്ണുകൾ തന്നെ അരിശത്തോടെ നോക്കുന്നു. ചുവപ്പുരാശിയുള്ള അധരങ്ങൾ തന്നോട് എന്തോ മന്ത്രിക്കുന്നത് വർധൻ അറിഞ്ഞു. ഇടതൂർന്നു നീളമുള്ള തഴച്ച മുടി കാറ്റിൽ ഉയർന്നു പറക്കുന്നു, മഴത്തുള്ളികൾ അവളുടെ നാസികത്തുമ്പിൽ മുത്തുകൾ പോലെ തിളങ്ങി നിൽക്കുന്നു. ഞാൻ തേടി നടന്ന ആ പെണ്ണ് ഇവൾ തന്നെയാണ് എന്ന് വർധൻ ആ നിമിഷം ഉറപ്പിച്ചു.


അതിസുന്ദരിയൊന്നുമല്ല എങ്കിലും സുന്ദരമാണ് ഇവളുടെ മിഴിയും ചിരിയുമെന്നു അയാൾ ഓർത്തു. അവളുടെ കത്തുന്ന കണ്ണുകളിലേക്ക് നോക്കിയതും വർധന്റെ മുഖത്തൊരു ചെറുചിരി ഉദിച്ചു മാഞ്ഞു. അവളുടെ കൂർത്ത നോട്ടം തന്റെ മുഖത്തേക്ക് തന്നെയാണ് ഇപ്പോഴും എന്ന് കണ്ടതും അതുവരെയുള്ള വർധന്റെ ഭാവം മാറി.


ഒരു നിമിഷം കൊണ്ടു തന്റെ ഹൃദയത്തിൽ താമസമായ ആ പെണ്ണിന്റെ മുന്നിൽ തീർത്തും അന്യനായ ഒരാളുടെ ഭാവം വർധൻ എടുത്തണിഞ്ഞു. അവൻ അവളെ ദേഹത്തു നിന്ന് ആ സിമന്റ് ബെഞ്ചിന്റെ സൈഡിലേക്ക് നീക്കിയിരുത്തിയ ശേഷം പതിയെ എഴുന്നേറ്റ് നിന്ന് കേറുവോടെ അവളെ നോക്കി കണ്ണുരുട്ടി. പിന്നീട് തിരിഞ്ഞു താഴെ വീണു കിടന്ന തന്റെ മൊബൈൽ തേടിയെടുത്തു അതിൽ പറ്റിപിടിച്ചിരുന്ന മണ്ണും വെള്ളവും തുടച്ചു നീക്കിക്കൊണ്ട് നിൽക്കുന്ന സമയം വർധന്റെ കാതോരം അവളുടെ സ്വരം മുഴങ്ങി. അവളുടെ നിശ്വാസം അവന്റെ കവിളിൽ തട്ടി.


"ഓയ്... ഓയ്, അതെന്റെ മൊബൈലാണ്." വർധൻ പെട്ടെന്ന് മുഖം തിരിച്ചു അവളെ നോക്കി. അരികിൽ നിൽക്കുന്ന അവളുടെ നോട്ടം തന്റെ കയ്യിലിരിക്കുന്ന ഫോണിൽ ആണെന്ന് കണ്ടതും അയാൾ കയ്യിലിരുന്ന ഫോണിലേക്ക് ഒന്നു ശ്രദ്ധിച്ചു. 


"ശരിയാണല്ലോ, ഇത് എന്റെ അല്ല. എന്റെ ഫോൺ എവിടെ പോയി ഇനി?"


അവൻ ആലോചിച്ചു നിന്ന സമയം അവൾ വർധന്റെ കയ്യിലിരുന്ന മൊബൈൽഫോൺ തട്ടിപ്പറിച്ചു വാങ്ങിച്ച ശേഷം അയാളുടെ കൈത്തലം പിടിച്ചു നിവർത്തി കൈവെള്ളയിലേക്ക് അടർന്നു വീണ ഷർട്ടിന്റെ ബട്ടൻസ് വച്ചുതന്നു കൊണ്ടു ധൃതിയിൽ മുഖം തിരിച്ചു നടക്കാൻ തുടങ്ങി.വർധൻ ആ ബട്ടൺസിലേക്ക് ചിരിയോടെ ഒന്ന് നോക്കി. പിന്നെ മുഖം ഉയർത്തി മുന്നിൽ കൂടി നടന്നു പോകുന്ന അവളെയും.


"ബീ... ബീ... "


സ്കൂൾ ഗേറ്റിന്റെ അരികിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിലിരുന്ന് അവളുടെ നേരെ കൈവീശി കാണിക്കുന്ന അലോഷിയെ വർധൻ കണ്ടു. അവന്റെ നേരെ തന്റെ കൈ ഉയർത്തി വീശി കാണിക്കുന്ന അവളിലേക്കും അയാളുടെ നോട്ടം പോയി. ഒരു നിമിഷം വർധൻ മ്ലാനതയിൽ ആണ്ടു പോയി. പൊടുന്നനെ ആലീസിന്റെ മുഖം ഓർമ്മയിൽ വന്നതും വർധൻ ഊറിച്ചിരിക്കാൻ തുടങ്ങി.


"ബീ ...!!!"


അവന്റെ അധരങ്ങൾ അവളുടെ പേര് ഒരു മന്ത്രം ഉരുവിടുന്ന പവിത്രതയോടെ ഏറ്റുപറഞ്ഞു. അലോഷിയുമായി ചിരിച്ചു സംസാരിക്കുന്ന അവളെ ശ്രദ്ധിച്ചു കൊണ്ടു വർധൻ കാറിനരുകിലേക്ക് തിരിഞ്ഞു നടന്നു പോയി. അവന്റെ മനസ്സിൽ ആ നിമിഷം അലോഷിയോ, ആ സ്കൂളോ, ഗ്രൗണ്ടോ ഒന്നും തന്നെ ഇല്ലായിരുന്നു. അവൾ മാത്രമാണ്. ബീ മാത്രമാണ് നിറഞ്ഞു നിന്നത്. അൽപ്പം മുൻപ് തന്റെ നെഞ്ചോടു ചേർന്നു നിന്ന ആ ചെമ്പകപൂവിനെ സ്വന്തമാക്കാൻ അവളുടെ സ്വന്തമായി മാറാൻ വർധൻ അതിയായി ആഗ്രഹിച്ചു.


അന്നത്തെ ആ രാത്രി അയാൾക്ക് ശിവരാത്രിയായിരുന്നു. പിറ്റേന്ന് രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപേ തന്നെ വർധൻ സ്ഥലത്തെത്തി അവൾക്കായി കാത്തു നിന്നു. അവൾക്കായി കാത്തു നിൽക്കുന്ന നിമിഷങ്ങൾക്ക് യുഗങ്ങളുടെ കാലതാമസം എന്നവന് തോന്നി. പത്തുമണിയായിട്ടും ആ സ്കൂളിലിന്റെ പടികടന്നു മറ്റെല്ലാവരും എത്തിയിട്ടും അവളെ മാത്രം അവൻ കണ്ടില്ല. സമയം ഇഴഞ്ഞു നീങ്ങി. തന്റെ ക്യാബിനിൽ വെരുകിനെ പോലെ എരിപൊരി സഞ്ചാരം നടത്തിയിരുന്ന വർധന്റെ മുന്നിലേക്ക് ബീ എന്ന് അടുത്ത് പരിചയമുള്ളവർ സ്നേഹത്തോടെ വിളിക്കുന്ന റബേക്ക എലിസബത്ത് തരകൻ അറ്റൻഡൻസ് രജിസ്റ്ററിൽ സൈൻ ചെയ്യാനായി കടന്നു വന്നു. ഇരുവരും തമ്മിൽ അന്ന് തുടങ്ങിയ ശീതസമരത്തിനാണ് ഇന്നൊരു പരിഹാരമായത്.


"ഓയ് ...ഓയ് ... ഇപ്പോൾ പറയന്നെ, എന്താണ് നേരത്തെ എന്നോട് പറഞ്ഞത്? "


റബേക്ക വർധന്റെ ചുമലിൽ തട്ടി വിളിച്ചു കൊണ്ടു ഉറക്കെ ചോദിച്ചു. അയാൾ അവളുടെ ഓർമ്മകളിൽ നിന്നു വിമുക്തനായി തന്റെ മുൻപിൽ ആകുലമായ മനസ്സോടെ തന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി. 


"എന്താണ് എന്നോട് പറഞ്ഞത്... ഇപ്പോൾ ഒന്നുടെ പറയന്നെ? "


അവൾ ഉറക്കെ ചോദ്യം വീണ്ടും ആവർത്തിച്ചു. വർധൻ ചിരിയോടെ എഴുന്നേറ്റ് നിന്ന് അവളുടെ വലതു കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു ആ ഷോപ്പിന്റെ പുറത്തേക്ക് നടന്നു. അവൾ വഴിനീളെ തന്റെ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു. അവരെ കടന്നു പോകുന്ന ആളുകൾ എല്ലാം അവളെ ഒരു അത്ഭുതജീവിയെ പോലെ നോക്കുന്നത് കണ്ടു വർധൻ റബേക്കയെ അരികിലേക്ക് ചേർത്തു പിടിച്ചു നടന്നു. പാർകിങ്ങിൽ ചെന്നു കാറിന്റെ ഫ്രണ്ട് സീറ്റ് തുറന്നു അവൾക്ക് നേരെ അവൻ നീട്ടിപിടിച്ചു.


"എന്താ പറഞ്ഞത് എന്ന് പറയാതെ ഞാൻ വരില്ല, എനിക്കറിയണം, അപ്പോൾ കേൾക്കാൻ കഴിയാത്ത കൊണ്ടല്ലേ ഞാൻ ഇങ്ങനെ വീണ്ടും വീണ്ടും ചോദിക്കുന്നത്?"


"നിനക്ക് കേൾക്കണോ ഇനിയും ഞാൻ പറഞ്ഞതൊക്കെ ഒന്നുകൂടി ?


അയാൾ വാചാലനായി. റബേക്ക അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് തലയാട്ടി. വർധൻ അവളെ സീറ്റിലേക്ക് പിടിച്ചിരുത്തി സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്ത ശേഷം ഡോറടച്ചു മറുഭാഗത്തേക്ക് ചെന്നു ഡോർ തുറന്നു ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു. അവൾ അയാളുടെ നേരെ തിരിഞ്ഞു വീണ്ടും ചോദ്യം ആവർത്തിക്കാൻ പോകുന്നതിനു മുൻപ് തന്റെ ചൂണ്ടു വിരലാൽ അവളുടെ അധരങ്ങളെ മുദ്ര വച്ചു റബേക്കയുടെ മുഖത്തോടു തന്റെ മുഖം ചേർത്തു വച്ചു മിഴികൾ അടച്ചു വർധൻ പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു . 


"വാക്കുകളാലോ ഭാവങ്ങളാലോ ഞാനും നീയും തമ്മിൽ ഒരിക്കലും പ്രണയിച്ചിരുന്നില്ല. പക്ഷേ നമ്മുടെ ഹൃദയങ്ങൾ തമ്മിൽ കണ്ടനാൾ മുതൽ എന്നും പ്രണയത്തിലായിരുന്നു ബീ... ആദ്യമായി നിന്നെ കണ്ട അന്നത്തെ രാത്രി മുതൽ നീയൊരു നനുത്ത ചാറ്റല്‍ മഴയായ് എന്നും എന്‍റെ ജാലക വാതിലില്‍ കടന്നു വന്നു മുട്ടിവിളിച്ചിരുന്നു. നിന്നെയൊന്നു തൊടാനായി ഞാൻ ജനല്‍പാളികള്‍ തുറക്കുമ്പോഴേക്കും നീയൊരു പെരുമഴയായ്‌ പെയ്തു തുടങ്ങുമായിരുന്നു. നീയാകുന്ന ആ പ്രണയമഴയില്‍ നനഞ്ഞു നിന്നോട് അലിഞ്ഞു ചേരാന്‍ ഞാന്‍ ഓടിയെത്തുമ്പോഴേക്കും 

എന്റെ മനസ്സില്‍ പുതു മണ്ണിന്‍റെ ഗന്ധം മാത്രം ബാക്കിയാക്കി നീ മറഞ്ഞു പോയിക്കഴിഞ്ഞിട്ടുണ്ടാവും. എനിക്ക് നിന്നോടുള്ള സ്നേഹം അതെന്റെ ഈ ജീവിതം തന്നെയാണ്. ഞാൻ സ്നേഹിച്ചതും ദാ ഇതുപോലെ എന്റെ നെഞ്ചോട് അടക്കിപിടിച്ചതും ഈ നിന്നെ മാത്രമാണ്. നിന്റെ ശരീരത്തിൽ നിന്ന് എനിക്ക് ആവശ്യമുള്ള ഒരേയൊരു അവയവം നിന്റെ ഹൃദയം മാത്രമാണ്. എന്റെ ചങ്കിനുള്ളിലെ മിടിപ്പിന് വേഗം കൂട്ടുന്ന നിന്റെ ഹൃദയം. അത് കവർന്നെടുക്കാൻ എനിക്ക് നിന്നോട് സ്നേഹം അഭിനയിക്കേണ്ട കാര്യമില്ല. എന്തെന്നാൽ വർധന് അറിയാം റബേക്കയുടെ ഹൃദയത്തിൽ ഈ ഞാൻ മാത്രമേയുള്ളെന്ന്. അത് നീ ഉറക്കെ വിളിച്ചു പറയില്ല. സ്വന്തം മനസാക്ഷിയോട് പോലും സമ്മതിക്കില്ല എന്നറിയാവുന്ന കൊണ്ടാണ് ഞാൻ ഇന്നെന്റെ മനസ്സ് നിന്റെ മുന്നിൽ അടിയറ വച്ചത്."


വർധൻ പറഞ്ഞു നിർത്തുന്നതിനു മുൻപ് റബേക്കയുടെ ദേഹം ഒരു അപസ്മാരബാധിതയെ പോലെ വെട്ടി വിറയ്ക്കാൻ തുടങ്ങി. അവൻ പറഞ്ഞ ഓരോ വാക്കുകളും ചെവിയിൽ അലയടിച്ചപ്പോൾ ഹൃദയം പെരുമ്പറയുടെ താളത്തിൽ മിടിച്ചു തുടങ്ങിയത് റബേക്കയറിഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയത് അവളറിഞ്ഞില്ല. ധാര ധാരയായി ഒഴുകി ഇറങ്ങിയ അവളുടെ മിഴിനീർ വർധന്റെ കൈത്തലം നനച്ചു തുടങ്ങിയതും അയാൾ മിഴികൾ തുറന്നു. കണ്മുൻപിൽ ആ നിമിഷം ആനാവൃതമായ അവളുടെ ആ ഭാവം അയാൾക്ക് പുതിയത് ആയിരുന്നു. അരികിൽ ഇരുന്ന വർധന്റെ വലതു കയ്യിൽ ഇറുകെ പിടിച്ചു കൊണ്ടവൾ ഉറക്കെ പറഞ്ഞു.


"ക്രിസ്റ്റി ... ക്രിസ്റ്റി ..."


അവളുടെ സ്വരം ഇടറാൻ തുടങ്ങി. ആ പേര് കേട്ടതും ഞാൻ ഒന്നു നടങ്ങിപ്പോയി. ആ പേജ് വായിച്ചു കൊണ്ടിരുന്ന കബീറും ഒരു നടുക്കത്തിലാഴ്ന്നു പോയി. അയാൾ ആ വരികൾ തന്റെ ഓർമ്മയിൽ അടയാളപ്പെടുത്തി. ഹൃദയത്തിൽ വല്ലാത്തൊരു വേദന പോലെ കബീറിന് തോന്നി. അടുത്ത പേജ് ക്ലിക്ക് ചെയ്തു കബീർ തുടർന്ന് വായിക്കാൻ തുടങ്ങി. 


"നീയെന്നുമൊരു പൊട്ടിയാണ് റബേക്ക... ഒരിക്കലും എന്നെ മനസിലാക്കാൻ ശ്രമിക്കാത്തൊരു പൊട്ടിപെണ്ണ്... മരിക്കാൻ ഒരുപാട് മാർഗങ്ങൾ ഉണ്ട്... ഞാൻ പറഞ്ഞു തരട്ടെ...?"


റബേക്കയുടെ മിഴികൾക്ക് മുന്നിൽ അവഞ്ജയോട് കൂടി തന്റെ നേർക്ക് പൊട്ടിത്തെറിക്കുന്ന ക്രിസ്റ്റഫറിന്റെ മുഖം ഒരു സിനിമ പോലെ മാറി മറിഞ്ഞു ചലിക്കാൻ തുടങ്ങി.


"ഈ ബീ ഇവൾ എന്നും എന്റെ മാത്രമാണ്. ഇവളെ സ്വന്തമാക്കാനോ വേദനിപ്പിക്കാനോ ആര് ശ്രമിച്ചാലും അവന്റെ കാലൻ ഞാനാണ്. ഓർത്തു വച്ചോ നിങ്ങൾ ഓരോത്തരും..."


റബേക്ക രണ്ടു കയ്യുംകൊണ്ട് മുഖം പൊത്തി ഉറക്കെ പൊട്ടിക്കരഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ വർധൻ അമ്പരപ്പോടെ അവളെ നോക്കിയിരുന്നു. കബീർ ആ സ്‌ക്രീനിൽ തെളിഞ്ഞിരുന്ന ആ ചിത്രം സൂം ചെയ്തു ആ വരികളിലൂടെ പലവട്ടം കണ്ണോടിച്ചു. ഈ ഡോക്യുമെന്റ് ആരുടെയെങ്കിലും ഓർമ്മകൾ ആണോ അതോ എനിക്കുള്ള എന്തെങ്കിലും സൂചനകളോ? വായിച്ചു തീരുന്ന ഓരോ പേജും തനിക്ക് മുന്നിൽ ഒന്നിലധികം ചോദ്യങ്ങൾ ഉയർത്തുന്നുവെന്നു കബീർ അറിഞ്ഞു. അയാൾക്ക് തല പെരുക്കുന്നത് പോലെ തോന്നി. വർധനെ പോലെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ എനിക്കും കഴിയുന്നില്ല. ക്രിസ്റ്റഫർ എന്തിനാണ് റബേക്കയെ കൊല്ലുന്നത്. തുടർന്ന് അവരുടെ ജീവിതത്തിൽ എന്ത്‌ സംഭവിച്ചു എന്നറിയാൻ അയാൾക്ക് ആകാംക്ഷയേറി. കബീർ അടുത്ത പേജ് ക്ലിക്ക് ചെയ്തു.


 "നീ ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്... ക്രിസ്റ്റി... "


കബീർ കണ്ണുചിമ്മി ആ വാക്കുകൾ പലവുരു വായിച്ചു. ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ. അയാളുടെ മൊബൈൽ പെട്ടെന്ന് നീട്ടി പാടാൻ തുടങ്ങി. ഈരടി കേട്ടപ്പോൾ തന്നെ ഖദീജയുടെ കാൾ ആണെന്ന് കബീറിന് മനസിലായി. ആ കാൾ അറ്റൻഡ് ചെയ്യാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. കബീർ കട്ടിലിൽ കിടന്ന് മെഹ്ദി ഹസ്സന്റെ ഗസൽ മൂളിക്കൊണ്ടിരുന്ന മൊബൈൽ കൈയെത്തിയെടുത്തു ഫ്ലൈറ്റ് മോഡിലാക്കി മടിയിലേക്ക് ഇട്ടു. അക്ഷമനായി കട്ടിൽപ്പടിയിലേക്ക് ചാരിക്കിടന്നു ലാപ്ടോപ് നിവർത്തി വച്ചു ആ ഡോക്യുമെന്റ് വീണ്ടും വായിക്കാൻ തുടങ്ങി. 


വർധൻ സ്തബ്ധനായി റബേക്കയുടെ ഈ ഭാവപ്പകർച്ച എന്തിനെന്നു ആലോചിച്ചു ഇരിക്കെ അവൾ ഈറനായ മുഖം പൊതിഞ്ഞു പിടിച്ചു വച്ചിരുന്ന കൈത്തലം അകറ്റി മാറ്റി അവളെ ഉറ്റുനോക്കിയിരുന്ന അവന്റെ മിഴികളിലേക്ക് ഒരു നോട്ടം പായിച്ചു. റബേക്കയുടെ വിതുമ്പുന്ന അധരങ്ങളും നിറമിഴികളും വർധന്റെ ഹൃദയത്തിൽ വേലിയേറ്റം സൃഷ്ടിച്ചു. അയാളുടെ ഹൃദയത്തടത്തെ ആകെമൊത്തത്തിൽ ഒരു കഠാരമുനയാൽ തുളച്ചിറക്കിയൊരു നോട്ടമായിരുന്നു അവൾ ആ നിമിഷം നേർക്ക് തൊടുത്തു വിട്ടത്. ഒരുനിമിഷം നേരം കൊണ്ടവൾ വെഗ്രതയോടെ കയ്യുയർത്തി ഇടതു ചെവിയിലിരുന്ന ഹിയറിങ് എയ്ഡ് വലിച്ചൂരി കയ്യിൽ ചുരുട്ടി പിടിച്ചിരുന്നു കിതച്ചു. അവളേതോ ഓർമ്മകളുടെ നിലയില്ലാക്കയത്തിൽ പെട്ടപോലെ ഉലയുകയായിരുന്നു അന്നേരം. വർധൻ അവൾക്ക് അരികിലേക്ക് നീങ്ങി ചെന്നതും റബേക്ക ഭീതിയോടെ സീറ്റിന് പിന്നിലേക്ക് ചെരിഞ്ഞു, അയാൾ അവളുടെ ചുമലിൽ പിടിച്ചു തന്റെ ദേഹത്തേക്ക് റബേക്കയെ ചാരിയിരുത്തി. അവളുടെ നിറമിഴികൾ തന്റെ കൈവിരൽ തുമ്പാൽ വർധൻ തുടച്ചു നീക്കി.


"എന്താ ബീ എന്ത് പറ്റി?"


അവന്റെ ചോദ്യം ശ്രദ്ധിക്കാതെ ചുമലിലേക്ക് തല ചേർത്തു വച്ചു വിങ്ങിപ്പൊട്ടിക്കരയുന്ന അവളോട് ദേക്ഷ്യപ്പെടാൻ ഈ നിമിഷം വർദ്ധന് എന്നല്ല മറ്റാർക്കും കഴിയില്ല. അവളെ അടുത്തറിയാൻ ഒരിക്കലും ഞങ്ങൾക്ക് അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല എന്നാൽ ലഭിച്ചപ്പോൾ ഞാനും അവനും അവളോട് ജന്മാന്തരബന്ധനത്തിൽ ബന്ധനസ്ഥരായികഴിഞ്ഞിരുന്നു. ചുറ്റും നടക്കുന്നത് എന്തെന്ന് പോലും മനസിലാക്കാൻ കഴിയാത്തൊരു മിണ്ടാപ്രാണി അതായിരുന്നു എന്റെ ബീ. വർധൻ മനസ്സ് വച്ചാൽ ഒരു പക്ഷേ ഈ സമൂഹം ചൂഴിഞ്ഞു നോക്കി വിലയിരുത്തുന്ന, സമാസമം തനിക്കു ഒപ്പം നിൽക്കാൻ കഴിയുന്നൊരു പെണ്ണിനെ സ്വന്തമാക്കാമായിരുന്നു, പക്ഷേ വർധന് ആഗ്രഹം അവളുടെ, എന്റെ ബീയുടെ ഹൃദയത്തുടിപ്പായി മാറാനായിരുന്നു... ഞാൻ തോറ്റു അവൻ ജയിച്ചു... 


കബീറിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അയാൾ കലികയറി മടിയിലിരുന്ന ആ ലാപ്ടോപ് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. അയാളുടെ മനസ്സ് പെട്ടെന്ന് മ്ലാനമായി. റബേക്ക എന്ന രഹസ്യം ചുരുളഴിയ്ക്കാൻ ഓർക്കാപ്പുറത്ത് പടച്ചവൻ ഒരു വഴി തുറന്നു തന്നതാണ് ഈ പെൻഡ്രൈവ് എന്നു കരുതിയ ഞാൻ വിഡ്ഢി. ആരോ എന്തോ എന്നോട് പറയാൻ ആഗ്രഹിക്കുന്നു അല്ലെങ്കിൽ എന്നെ വഴി തിരിച്ചു വിടാൻ ശ്രമിക്കുന്നു. കബീർ ബെഡിൽ നിന്ന് എഴുന്നേറ്റു ഏറെനേരം ആ മുറിയിൽ തലങ്ങും വിലങ്ങും ഉലാത്തി. മനസ്സ് ശാന്തമാകുന്നില്ല. പെട്ടെന്ന് എന്തോ ഓർത്തപോലെ കബീർ താൻ വലിച്ചെറിഞ്ഞ ലാപ്ടോപിന് അരികിലേക്ക് ചെന്നു. എന്റെ വരവ് പ്രതീക്ഷിച്ച പോലെ നിവർന്നു കിടക്കുന്നുണ്ട് ലാപ്ടോപ് . കബീർ പതിയെ ആ ലാപ്ടോപ് കയ്യിലെടുത്തു. ഭാഗ്യത്തിന് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. ഹാങ്ങ്‌ ആയി എന്നു തോന്നുന്നു. കബീർ ലാപ്ടോപ് റീസ്റ്റാർട്ട് ചെയ്തു വീണ്ടും പെൻഡ്രൈവ് കണക്റ്റ് ചെയ്തു ആ ഫോൾഡർ ഓപ്പൺ ചെയ്തു വായിച്ച പേജുകൾ പിറകോട്ടു മറിച്ചു. അയാളുടെ മിഴികൾ ഒരു പേജിൽ ഉണ്ടായിരുന്ന എഴുതിച്ചേർത്തിരുന്ന ചില വരികളിൽ ഉടക്കി ... 


 "എന്റെ ഇണയായി നീയും നിനക്ക് തുണയായി ഞാനും കൂടെയുള്ളിടത്തോളം കാലം നമ്മൾ ഒരുമിച്ചു തന്നെ ഈ ലോകത്ത് ജീവിക്കും. എന്നിൽ നിന്നും നിന്നെ അടർത്തി മാറ്റാൻ കഴിവുള്ളൊരു കഴുകൻ ഈ ഭൂമിയിൽ ജനിച്ചിട്ടില്ല..."


കഴുകൻ... ഇണ... തുണ... ഈ ലോകം... കബീറിന്റെ തലച്ചോറിലെ ഇരുണ്ട ഭാഗത്തു വെളിച്ചം വീശാൻ തുടങ്ങി. പതിയെ ചിരിച്ചു കൊണ്ടു കബീർ ബെഡിനു അരികിലേക്ക് മടങ്ങി ചെന്നു വായിച്ചു നിർത്തിയ പേജിലെത്തി ഒരാവർത്തി കൂടി വായിച്ചു ... ആ പേജ് വായിച്ചു കഴിഞ്ഞതും കബീർ ചിന്തിക്കാൻ തുടങ്ങി... ഓരോ വരികൾക്കും ഓരോ സംഭവവുമായി ബന്ധമുണ്ട്. ഓരോത്തർക്കും ഓരോ ലക്ഷ്യമുണ്ട്... കബീർ ഏതാനും നിമിഷം എന്തോ ചിന്തിച്ചു നിന്നു. വീണ്ടും ആ പേജിലെ ഫോട്ടോയിൽ കണ്ട വരികൾ സൂം ചെയ്തു വായന ആരംഭിച്ചു... 


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Romance